NINGALKKU EE BLOG VAYIKKAN KAZHIYUNNILLEE PLEACE DOWNLOAD THIS FONTS

Font Banner

Saturday, August 20, 2011

മണ്ഡോവി

ഈ പുഴയെന്താണിങ്ങനെ എന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. എത്രയോ പേർ വ്യഭിചരിക്കുന്ന ഒരു വേശ്യയെപ്പോലെ  ദിവസവും എത്ര പേരെ ചുമക്കുന്നു.  എന്നിട്ടും   എന്തൊരു സുന്ദരിയാണു നീ മണ്ഡോവീ.നിന്നെ ഞാൻ ഏറെ സ്നേഹിക്കുന്നു.
           നാട്ടിൽ നിന്നും പോന്നേപ്പിന്നെ ഇന്നേവരെ തിരിച്ചു വിളിച്ചിട്ടില്ല  പാടവും, പുഴയും, പഴയ സൌഹൃദങ്ങളും ഒന്നും.  ഒഴുക്കിനൊപ്പം നീന്തിതുടങ്ങിയിരിക്കുന്നു.  ബാക്കി വന്ന കടല കൈയ്യിലേക്കു തട്ടിയെടുത്ത് പാത്രം കാലിയാക്കി രഘുവിനൊപ്പം ബാറുവിട്ടിറങ്ങുമ്പോഴായിരുന്നു അവൻ ലക്ഷ്മിയെ കുറിച്ച് ഓർമ്മിപ്പിച്ചത്.  ആർത്തിയോടെ അഭിരമിച്ചപ്പോൾ പാവം തളർച്ചയുടെ ആലസ്യത്തിൽ ഒരു താലിച്ചരടും, കെട്ടി മേളവും ഒക്കെ സ്വപ്നം കണ്ടിരിക്കാം. അവളേ കുറിച്ച് പറഞ്ഞ് രഘു നിർത്താതെ ചിരിക്കുന്നുണ്ടായിരുന്നു എനിക്കെന്തോ ചിരി വന്നില്ല. വഞ്ചനയാണോ ..? അതോ വേർതിരിച്ചറിയാനാകാ‍ത്ത  ഏതോ ഒരു തരം കുറ്റബോധമോ..?  എന്തോ ഒന്ന് എന്നെ വല്ലപ്പോഴും വേട്ടയാടിയിരുന്നു എന്നത് സത്യം .   വഞ്ചിക്കാൻ ഞാനവൾക്ക് വാക്കൊന്നും കൊടുത്തിട്ടുണ്ടായിരുന്നില്ലല്ലോ.  ഒക്കെ മറന്നതാണ് അവനാണ് വീണ്ടും ഓർമ്മിപ്പിച്ചത്.  മണ്ഡോവിയുടെ മാറിനു കുറുകെ  പണിത പാലത്തിലൂടെ  നടന്നപ്പോ  ഒരു ചെറിയ കാറ്റു വീശി.  താഴെ ബോട്ടിൽ രഘുവിന്റെ കാമുകി ഉണ്ട് .  കാമുകി എന്നൊന്നും പറയാൻ പറ്റില്ല കാശടിച്ചു മാറ്റാൻ വിരുതിയാണവൾ ഗ്ലോറി, കൊങ്ങിണി ചന്തത്തിൽ വിരിഞ്ഞ ഒരു ചെമ്പരത്തി.  അപ്പൻ ഗോൺസാൽ വസിന്റെയും, അമ്മ മാർഗി ഗോൺസാൽ വസിന്റെയും രാത്രി ഭക്ഷണത്തിന്നു ഗോവൻ ഫെനിയുടെ ലഹരി പതപ്പിക്കാൻ മാനം വിൽക്കുന്നവൾ . മുട്ടോളം ഇറുകിയ ഒരു കൊച്ചു പാവാടയും പൂക്കൾ വിതറിയ ചിത്രപ്പണികളുള്ള ഒരു കുർത്തയും  ആണവളുടെ വേഷം. ബോട്ടിന്റെ ബാൽക്കണിയിൽ നിന്നും അവളുടെ നീളമുള്ള ചെമ്പൻ മുടി മണ്ഡോവിയിലെ ഓളങ്ങൾ പോലെ കാറ്റിൽ ഇളകുന്നുണ്ടായിരുന്നു. രഘു എന്നും പറയാറുള്ള ആ ചെമ്പൻ മുടി.  നദിയുടെ  ഓളങ്ങളിൽ പൊങ്ങിയും താണും, അവർ ഒന്നാകുമ്പോൾ ഗ്ലോറിയുടെ മുടിയിഴകൾ വഹിക്കാറുള്ള പങ്ക്  “അതപാരം” എന്നാണ് രഘുവിന്റെ വാദം. ഞാൻ ഇന്നേവരെ ഒരു ഗോവൻ പെണ്ണിന്റെ രുചിയറിഞ്ഞിട്ടില്ല. അതു കൊണ്ടു  തന്നെ ഇത്തരം മണങ്ങളെ കുറിച്ച് വല്ല്യ പിടിയും ഇല്ല.   ഇതൊക്കെ  രഘു പറയുമ്പോൾ അവനോടു പലപ്പോഴും പുച്ഛം തോന്നാറുണ്ട്.

         രിക്കൽ ഡോണ പോളയിൽ വച്ച് ഒരു സുന്ദരിയെ പരിചയപ്പെട്ടിരുന്നു. അവൾ വിരുന്നിനും ക്ഷണിച്ചിരുന്നതുമാണ്.  പക്ഷേ ....!  ചങ്ങനാശ്ശേരിക്കാരൻ എൽദോച്ചായനു പണ്ടെങ്ങാണ്ട് പറ്റിയ അമളി  ഓർത്തപ്പോ ആ വിരുന്നു സ്നേഹ പൂർവ്വം നിരസിച്ചു. പിന്നൊരിക്കലാവാമെന്നും തിരക്കുണ്ട് എന്നും അഭിനയിച്ച് അവിടെ നിന്നും മുങ്ങുകയായിരുന്നു. എൽദോച്ചായൻ പണ്ട് വയനാ ബീച്ചിൽ മസാജ് ചെയ്യാൻ പോയപ്പോൾ  ഒരുവൾ അയാളേ  പാട്ടിലാക്കി വീട്ടിൽ കൊണ്ടു പോയി  വിരുന്നൊരുക്കി കാശടിച്ചെടുത്ത കഥ രഘു തന്നെയാണ് എന്നോടു പറഞ്ഞിട്ടുള്ളത്.  അതുപോലെങ്ങാനാണോ എന്നു ഒരു നിമിഷം ഭയന്നു പോയി. മാത്രമല്ല  ഡോണ എന്നായിരുന്നു അവളുടെ പേരും , ഒരു പോർച്ചുഗ്രീസുകാരനെ പ്രണയിച്ച് ഒടുക്കം കടലിൽ ചാടി ആത്മഹത്യ ചെയ്ത  ഡോണ പോള എന്ന അരയത്തിപ്പെണ്ണിന്റെ കഥ ഞാൻ വായിച്ചിരുന്നു. ഇനി അവളെങ്ങാൻ അവതാര രൂപം പൂണ്ട് എന്റെ അടുത്തു വന്നതാണെങ്കിലോ..?  മരണത്തെ കുറിച്ച് പലപ്പോഴായും ചിന്തിച്ചിരുന്നതാണ് പക്ഷെ ഒരു പെണ്ണിനോടൊപ്പം മരിക്കുന്നതിൽ എന്തോ ഒരു അഭിമാനക്കുറവു തോന്നി. ഒക്കെയും പൊള്ളയായ ദുരഭിമാനങ്ങൾ ആയിരിക്കാം   എങ്കിലും മനസ്സ് എവിടെയൊക്കെയോ  തൂങ്ങിക്കിടക്കുന്നു. നിർദ്ദോഷിയായ ഒരു പെൺകുട്ടി  എവിടെയോ നിന്ന് എനിക്കു വിരുന്നൊരുക്കി കാത്തിരിക്കുന്നു.
      ഴിയരികിൽ ഒരു കൊങ്ങിണി മദാമ്മ ഉപ്പിലിട്ട കുറേ പഴങ്ങൾ വിൽക്കുന്നു.  ഒരു കഷ്ണം പൈനാപ്പിൾ വാങ്ങി അകത്തു ചെന്ന ഫെനിയുടെ വൃത്തികെട്ട നാറ്റം തന്ന തികട്ടൽ ഒഴിവായിക്കിട്ടി.    രഘു പാലം കടന്ന് താഴെ ബോട്ടിനരികിലേക്കെത്തിയിരുന്നു.  മണ്ഡോവിയെ പൊന്നുടുപ്പിച്ച്  കവിളു തുടുപ്പിച്ച്  സൂര്യൻ അകലെ ചുമ്പിക്കാൻ ഒരുങ്ങുന്നു.  ബോട്ട് യാത്രയ്ക്കെത്തിയ സഞ്ചാരിക്കൂട്ടങ്ങൾ താഴെ ടിക്കറ്റെടുക്കാൻ ക്യൂ നിൽക്കുകയാണ്.  കൊങ്ങിണി ഗാനത്തിന്റെ  ഈരടികൾ ഓരോ ബോട്ടിൽ നിന്നും ഉയർന്നു കേൾക്കാൻ തുടങ്ങി. ഡിസ്ക്കോ ജോക്കികൾ  ബാൽക്കണിയിലെ ഡാൻസ് പ്ലാറ്റ്ഫോമിന്റെ  മുകളിലെ ഇരിപ്പിടത്തിൽ ഇരുപ്പുറപ്പിക്കുന്നു. പനാജി(panjim)  ഒരുങ്ങുകയായിരുന്നു  രാത്രിയെ വരവേൽക്കാൻ
പനാജിയുടെ സന്ധ്യാ മുഖം വളരെ സുന്ദരമാണ്.  ക്രോംറ്റാലക്സ് ബൾബുകളുടെ നിറമാറ്റങ്ങളിൽ വർണ്ണക്കുപ്പായം ചൂടുന്ന ബോട്ടുകളിൽ  നുരപതയുന്ന ടിൻ ബിയറിന്റെയും,ഹോട്ട് ഡ്രിങ്ക്സുകളുടെയും, ആലസ്യത്തിൽ ചടുല താളം ആസ്വദിക്കുന്ന ഒരു കൂട്ടം ആൾക്കാർ അവിടെ സങ്കടങ്ങളില്ല , സന്തോഷം മാത്രം, കണ്ണു നീരിന്റെ കലക്കങ്ങളില്ല  ഉത്സാഹത്തിന്റെ തെളിമ മാത്രം.    ഇവിടം വിട്ട് തൊട്ടകലെ  പനാജിയിലെ ബസ്റ്റാന്റാണ്. എല്ലാ സന്തോഷവും ഒരു നിമിഷത്തിന്റെ അരക്കെട്ടിൽ കെട്ടിയിട്ട്  മണ്ഡോവിയിൽ  എറിഞ്ഞ്  നദിയോടും പനാജിയോടും വിടപറയാൻ  വന്നവർ.  അവിടെ എന്തോ ഒരു മൂകതയാണ്,  വേദനിപ്പിക്കുന്ന മൂകത.

            ന്നും തരാറുള്ളതുപോലെ ഒരു കൂട് കടലയും തന്ന് 5 രൂപയും വാങ്ങി വില്യംസ് ആൾകൂട്ടത്തിനിടയിലേക്ക് മറഞ്ഞു.  അവനെ എന്നു മുതലാണു പരിചയപ്പെട്ടതെന്നോർക്കുന്നില്ല.  ഫയലുകലോടുള്ള ഗുസ്തി കഴിഞ്ഞ് 4 മണിക്കു ശേഷം ഓഫീസ് വിട്ടാൽ  ഈ നദിയും , പാലവും, ബസ്റ്റാന്റും ഒക്കെയുമാണെന്റെ നേരം പോക്കുകൾ. അതിനിടയിൽ എപ്പോഴോ വില്യംസിനേയും അവന്റെ കടലയെയും ഞാൻ ഏറെ ഇഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു.  രഘു വരുന്നതിനും മുന്നേ വില്യംസ് തന്നെയായിരുന്നു എന്റെ കൂട്ട്.  രാത്രിയാകുമ്പോ  അവൻ ഓരോ കഥകൾ പറയും  പനാജിയുടെ നിറം മങ്ങിയ കഥകൾ , ഇവിടെ വന്നിട്ട് ഞാൻ ആദ്യമായി ലക്ഷ്മിയെകുറിച്ച് പറഞ്ഞതും ഇവനോടാണ്.
“ ജീ ആജ് ഖുഷി നഹി ഹെ”  അവന്റ് കടലപ്പെട്ടിയുടെ അരികിൽ ഘടിപ്പിച്ച  കണ്ണാടി ചില്ലിലൂടെ ഞാൻ അകത്തേക്കു നോക്കി. ശരിയാണ്.  എന്നത്തെയും പോലെ സന്തോഷം ഇന്നില്ല . കടല പകുതിയും ബാക്കിയാണ്.   “ജീ ദീദീകാ   കോയി ഇൻഫോർമേഷൻ മിൽഗയാ…?  കുച്  പത്താ ചലേഗാ ഹെ  ക്യാ..?” ലക്ഷ്മിയെ കുറിച്ച് അവനോടു പറഞ്ഞ  അന്നു മുതൽ  അവൻ  എന്നും ചോദിക്കുന്ന ചോദ്യത്തിനു   ഇല്ലെന്നു  തലയാട്ടി .  അതേക്കുറിച്ച്  വളരെ കാലമായി അവൻ  ചോദിക്കാറേ ഉണ്ടായിരുന്നില്ല  ഇപ്പൊ രഘുവിനോടൊപ്പം അവനും ഒക്കെയും  ഓർത്തെടുപ്പിക്കുന്നു.

            തേനേട്ടന്റെ റേഷൻ കടയിൽ അരിയെടുത്തു കൊടുത്തിരുന്ന കാലത്ത് തുടങ്ങിയ പ്രണയം വളർന്നതും, പൂത്തതും തളിർത്തതും ഒക്കെ  പെട്ടന്നായിരുന്നു. വീട്ടിൽ പെങ്ങമ്മാരുടെ ബാധ്യതകൾ തീർക്കാൻ പെടാപ്പാടു പെട്ടുകൊണ്ടിരിക്കുമ്പോഴായിരുന്നു . അവൾ ആത്മഹത്യക്കു ശ്രമിച്ചത്.  മറ്റൊരു വിവാഹത്തിനു തലവച്ചു കൊടുക്കാനാകില്ലെന്ന് അവൾ തീർത്തു പറഞ്ഞിരുന്നു എങ്കിലും   എതിർപ്പിനെ വകവെയ്ക്കാതെ അവളുടെ കുടുബക്കാർ തീയ്യതി കുറിച്ചപ്പോൾ അവൾ തിരഞ്ഞെടുത്ത വഴിയായിരുന്നു മരണം.  ആശുപത്രി കിടക്കയിൽ നിന്നെഴുന്നേറ്റ അന്നു രാത്രി അവൾ എന്റെ അടുത്തു വന്നു. അവൾക്കെന്നെ വേണമായിരുന്നു  ഇരുട്ടിന്റെ മുറിക്കുള്ളിൽ  പുഴി മെത്തയിലെവിടെയോ  കിടന്ന് ഞങ്ങൾ ഒന്നായി.  എല്ലാം കഴിഞ്ഞിറങ്ങിയപ്പോൾ   ഒരു ടോർച്ചു വെളിച്ചം ഞങ്ങളെ കണ്ടു പിടിച്ചു.  സ്വയം ഇല്ലാതായ നിമിഷങ്ങൾ.  അവയെല്ലാം  കൊട്ടിഘോഷിച്ചു  നാട് മുഴുവൻ ആഘോഷിച്ചപ്പോൾ  അടുക്കളയിൽ ആറിയ കഞ്ഞിയിൽ വിഷവും ഇട്ട് പെങ്ങമാർക്കും വിളമ്പിവച്ച് അമ്മ ഭീഷണി മുഴക്കി.
“ കുലദ്രോഹീ…പ്രായം തികഞ്ഞ്   പടിയിറക്കിവിടാൻ കഴിയാത്ത  രണ്ടെണ്ണത്തിനെ ഈ അകത്തളത്തിൽ തളയ്ക്കുവല്ലോടാ നീ.. ഒന്നുകിൽ നീ ഈ പടിയിറങ്ങിക്കോ .. അല്ലെങ്കിൽ  ഞങ്ങളു പോക്കോളാം  ഈ  ലോകത്തിന്ന്”
 കഞ്ഞിപ്പാത്രം തട്ടിക്കളഞ്ഞ്  അന്നു പടിയിറങ്ങുമ്പോ. എവിടെയെത്തുമെന്നോ  എന്തു ചെയ്യണമെന്നോ ഒന്നും ഉണ്ടായിരുന്നില്ല . ഒടുക്കം എത്തിപ്പെട്ടത് ഈ പനാജിയിൽ.  പനിച്ചു വിറച്ച് തളർന്ന  എനിക്കൊരു കാപ്പി വാങ്ങിതന്ന കൈയ്യാണു വില്യംസിന്റെത് . അവനന്നു ഒരു കൊച്ചു പയ്യൻ . ആ സ്നേഹ മനസ്സായിരിക്കാം തനിക്കും വില്യംസിനും ഇടയിൽ  ആത്മബന്ധത്തിന്റെ ഒരു പാലം പണിത്.

            ഗ്ലോറിയെ യാത്രയാക്കി രഘു  മടങ്ങി, പനാജിയോട് വിടപറയുന്ന സഞ്ചാരികളുടെ ദുഖങ്ങൾക്കിടയിലൂടെ സന്തോഷവാനായി  രഘു എനിക്കരികിലെത്തി. ഇന്നത്തെ രാ‍ത്രി കഥകളിലും  ഗ്ലോറിയുടെ ചെമ്പൻ മുടിയും, വലിയ മുലകളും നിറയും. ഉറക്കത്തിൽ  കാശുപോയ ദു:ഖത്തിൽ  ആ മുടിയെയും , മുലയെയും, അവളുടെ അപ്പൻ  ഗോൺസാല് വസിനെയും, അമ്മ മാർഗ്ഗി ഗോൺസാല് വസിനെയും തെറിവിളിക്കും,
“ഇന്നവളെക്കുറിച്ചെങ്ങാൻ  മിണ്ടിയാൽ  ഞാൻ മുറിക്കു പുറത്താകി വാതിലടയ്ക്കും പറഞ്ഞേക്കം”
അവനോടുള്ള ദേഷ്യം ഇരച്ചു കയറി.  
“ നീ പോടാ നിന്റെ മുറിയില്ലേൽ  എനിക്കു എത്രയോ മുറികൾ കിട്ടും, ഈ ഗോവാ മഹാരാജ്യം നിന്റപ്പന്റെ തറവാട്ടു സ്വത്തൊന്നും അല്ലല്ലോ..  നീ പോടാ  പെണ്ണിനെക്കാണാത്ത നായേ.. വെറുതെ അല്ലെടാ  മറ്റവളെ  ആണുങ്ങളു കൊണ്ടു പോയെ.”
 മറ്റൊന്നും നോക്കിയില്ല അവന്റെ കോളറിനു പിടിച്ച്  കവിളത്ത് ഒന്നു പൊട്ടിച്ചു  .. ആൾക്കൂട്ടത്തിനിടയിൽ  എവിടെ നിന്നോ വില്യംസ് ഓടി വന്നു . എന്റെ  കൈകളെ  അവൻ അനക്കാൻ കഴിയാത്ത വിധം ബന്ധിച്ചു . അല്ലേൽ ഒന്നൂടെ കൊടുക്കണം എന്നുണ്ടായിരുന്നു.    അടിയും വാങ്ങി എന്നേം തെറിവിളിച്ചോണ്ട്  ഗ്ലോറിയെ  യാത്രയാക്കിയ വഴിയിലൂടെ അവൻ  അകന്നു.  “ ക്യാഹെ ജീ..? ക്യൂം  ചകടാ കർ രഹാ ഹെ ..? പാഗൽ ഹോഗയ  ഹെ ക്യാ..?  ആരാം കരോ  ആജാവോ  ആരാം കരോ.”  വില്യംസ് എന്നെ  ബസ്റ്റാന്റിന്റെ ഓരത്തേക്ക് വലിച്ചു കൊണ്ടു പോയി.  ആൾക്കൂട്ടത്തിനിടയിലൂടെ  അവന്റെ കൈകളിൽ മുറുകി  നടക്കുമ്പോഴായിരുന്നു  അവളെ കണ്ടത്.  ലക്ഷ്മിയെ  തുറിച്ച  കണ്ണുകളോടെ  അവൾ എന്നെ  തന്നെ നോക്കുന്നു.   കൈയ്യിലെ കൊച്ചിന്റെ കളിപ്പാട്ടം അവളുടെ മുഖം ഇടയ്ക്കിടയ്ക്ക് മറയ്ക്കുന്നു.   അവൾ…!!! . അവളെങ്ങിനെ ഇവിടെ.!! ?  വില്യംസിന്റെ കൈയ്യിൽ നിന്നും കുതറി മാറി  അവളുടെ അടുത്തേയ്ക്ക് നടന്നപ്പോ   കുറുകെ വന്ന ബസ്സ് അവളെ മറച്ചു കളഞ്ഞു .  “  ജീ  ആജാവോ  ക്യാ ദേഖ് രെ ..?”  വില്യംസ് എന്റെ   പിന്നാലെ കൂടി.   ഏറെ തിരഞ്ഞു  അവളെവിടെ ..  ?   ഒടുക്കം അകലുന്ന ഒരു ബസ്സിന്റെ  സൈഡ് സീറ്റിൽ നിറഞ്ഞു തുളുമ്പിയ കണ്ണുകളോടെ അവൾ അകലുന്നത്  ഞാൻ കണ്ടു.  കൊച്ചിന്റെ  മുഖത്തു മറഞ്ഞിരുന്ന കളിപ്പാടത്തിനിടയിലേക്ക് അവൾ തലപൂഴ്ത്തി.  ബസ്സ്  കൺ വെട്ടത്തു നിന്നും അകന്നപ്പോൾ  എന്തോ  ഒരു കൊടുംങ്കാറ്റസ്തമിച്ചപോലെ. തല പൊട്ടുന്ന വേദന തോന്നി.  എന്താ സംഭവിച്ചെന്നറിയാതെ വില്യംസ് എന്നെ തുറിച്ചു നോക്കി. അവന്റെ ചുമലിൽ പിടിച്ച് .. മെല്ലെ ബസ്റ്റാന്റിന്റെ അരികിലൂടെ  മണ്ഡോവിയുടെ തീരത്തേക്ക് നടന്നു.

        കലെ ..ആളൊഴിഞ്ഞ ബോട്ടുകളിലെ  വെട്ടം അണഞ്ഞു തുടങ്ങിയിരിക്കുന്നു.  അന്നത്തെ വ്യഭിചാരം കഴിഞ്ഞ്  മണ്ഡോവി അലസമായി  അവളുടെ  മുടിയുലർത്തി  തീരങ്ങളിൽ കൊച്ചോളം തീർക്കുന്നു.
 “മണ്ഡോവീ… ഇത്രയും നേരം നീ എന്നിൽ നിന്നും അവളെ മറച്ചു പിടിച്ചതെന്തിനായിരുന്നു.? നീ  എവിടെയായിരുന്നു അവളെ ഒളിപ്പിച്ചത് . ഇതിനായിരുന്നോ  ഈ  ബഹളങ്ങൽ ഒക്കെയും, നിനക്കറിയാമായിരുന്നു എല്ലാം.  രഘു വിനോടും, വില്യംസിനോടും ലക്ഷ്മിയെ കുറിച്ച് എന്നെ ഓർമ്മിപ്പിക്കൻ പറഞ്ഞത് നീ ആയിരുന്നില്ലേ ആൾക്കൂട്ടത്തിനിടയിൽ  ബഹളമുണ്ടാ‍ക്കിയ എന്നെ അവൾ കണ്ടു കാണുമോ..?  എത്രയോസ്നേഹം ഞാൻ അവൾക്കു നൽകിയിട്ടും  വീണ്ടും വീണ്ടും ഞാനവൾക്കു ദുഷ്ടനാകുന്നു.  ഇവിടെ വന്നപ്പോ തൊട്ട്  നീന്നെ ഞാൻ സ്നേഹിച്ചിരുന്നില്ലേ  എന്നിട്ടും നീ‍ എന്നോട് ചെയ്തത് ” ..?
 ഒരു വലിയ കല്ലെടുത്ത് വെള്ളത്തിലേക്കിട്ട്  അവളോടുള്ള ദേഷ്യം തീർത്തു തീരത്തു നിന്നും കയറുമ്പോൾ വില്യംസ് കഥയറിയാതെ തരിച്ചു നിൽക്കുന്നുണ്ടായിരുന്നു. “ ജീ  ലാസ്റ്റ് ബസ്സ്കേലിയെ  ദൊ മിനിറ്റ് ബാക്കി ഹെ. ജൽദി ആവോ..?” അവിചാരിതങ്ങളുടെ യാദൃശ്ചികതകളുടെ ആ സന്ധ്യയെ കൊന്ന  കറുപ്പിലേക്ക്  അവസാന ബസ്സും, ഞാനും, വില്യംസും യാത്രയാവുകയാണ്.  പിന്നിലേക്ക് മറഞ്ഞു പോകുന്ന തണൽമ്മരങ്ങളുടെ നിലഴുകളിൽ ഒക്കെയും ലക്ഷ്മിയുടെ രൂപമായിരുന്നു    .അപ്പൊഴും ഒരു ചോദ്യം മാത്രം ബാക്കി നിന്നു . എന്തിനായിരുന്നു ലക്ഷ്മി ഇവിടെ വന്നത്  ..? എന്തിനായിരുന്നു  മണ്ഡോവി എന്നിൽ നിന്നെല്ലാം മറച്ചത് ഒരു പക്ഷെ എന്നെ  നഷ്ടപ്പെടുത്താനാകാത്തവിധം,  ഞാൻ സ്നേഹിക്കുന്നതു പോലെ മണ്ഡോവി തിരിച്ച് എന്നെ സ്നേഹിച്ചു തുടങ്ങിയിരിക്കുമോ…?  

21 comments:

  1. പുഴയൊഴുകും വഴികള്‍...

    ReplyDelete
  2. ഒരു വലിയ ക്യാന്‍‌വാസ് പറഞ്ഞു വെച്ചു. ബോറടിപ്പിച്ചില്ല. പക്ഷെ ബിജു, നിനക്കിനിയും നന്നാക്കാമായിരുന്നു എന്നൊരു തോന്നല്‍.

    ReplyDelete
  3. നല്ല കഥ.
    എല്ലാം വിഷ്വലൈസ് ചെയ്യാനാവുന്നു.

    ReplyDelete
  4. ഒരു തിരശീലയിലെന്ന പോലെ visuals...മനസ്സില്‍ പതിയുന്നു..

    എല്ലാ പെണ്‍മനസ്സും പ്രണയത്തില്‍ സ്വാര്‍ത്‌ഥമാണ്...,മണ്ഡോവിയും...!!

    ReplyDelete
  5. ചില ഭ്രമകൽ‌പ്പനകൾ കൊണ്ട് മനസ്സ് ചിലപ്പോൾ നമ്മളെത്തന്നെ കബളിപ്പിക്കും. പക്ഷേ ഒന്നോർത്തുനോക്കിയാൽ ആ ഭ്രമകൽ‌പ്പനകൾക്ക് മുമ്പുണ്ടായ എന്തെങ്കിലും സംഭവവുമായി വിദൂര സാദൃശ്യമെങ്കിലും ഉണ്ടാകും. ആൾക്കൂട്ടത്തിൽ മറഞ്ഞുപോയ ആ മുഖം ഒരു ഭ്രമകൽ‌പ്പനയായിരുന്നുവോ? :)
    നല്ല കഥ. ആശംസകൾ.

    ReplyDelete
  6. നല്ല കഥ.
    ഇഷ്ടപ്പെട്ടു.
    ആശംസകള്‍

    ReplyDelete
  7. മണ്ഡോവിയും ലക്ഷ്മിയും ഒരേ പോലെ തിരയിളക്കങ്ങളൊടെ വര്‍ണ്ണിയ്ക്കാന്‍
    എഴുത്തിനായി.നിറഞ്ഞു തുളുമ്പിയ കണ്ണുകളോടെ അകലുന്ന ലക്ഷ്മി വായനക്കാരുടെ മനസ്സിലും നിറയുന്നു, ദുഖങ്ങള്‍ മനസ്സിന്റെ ആഴങ്ങളില്‍ താഴ്ത്തുന്ന സ്ത്രീ മനസ്സ് മണ്ഡോവിയിലൂടെ കാണാം ..

    "എല്ലാ സന്തോഷവും ഒരു നിമിഷത്തിന്റെ അരക്കെട്ടിൽ കെട്ടിയിട്ട് മണ്ഡോവിയിൽ എറിഞ്ഞ് നദിയോടും പനാജിയോടും വിടപറയാൻ വന്നവർ. "....
    പകലിന്റെ വ്യാകുലതകളെ രാത്രി കൊണ്ട് മായിക്കുന്ന പനാജിയെ നന്നായി അവതരിപ്പിച്ചു.ഗ്ലോറിയും ഗോൺസാല്‍വസും,മാർഗ്ഗി ഗോൺസാല്‍വസും പനാജിയുടെ ഒരു മുഖം മാത്രം....

    നല്ലൊരു കഥ വായനയ്ക്ക് എത്തിച്ചതിനു നന്ദി.

    ഓണാശംസകള്‍.................

    ReplyDelete
  8. എഴുപതുകളിലെ യുവത്വം നേരിട്ട അസ്തിത്വ ദുഃഖം പോലുള്ള ഒരു ഫീലിംഗ് ഈ കഥയില്‍ ഉടനീളം സ്പന്ദിക്കുന്നു.സ്നേഹവും ജീവിതവും പ്രണയവും കുടുംബവും ഒക്കെ കൈവിട്ടു എവിടെല്ലാമോ അലയുന്ന മനുഷ്യര്‍..മണ്ടോവിയെ പോലെ ഒഴുകുന്നജീവിത കാമനകള്‍ ...
    വിരളി പിടിച്ച നഗരം ....ഗോവന്‍ പശ്ചാത്തലത്തില്‍ എഴുതിയ ബിജുവിന്റെ ഈ കഥ നല്ലൊരു വായനാനുഭവം തന്നു :)
    ഓണാശംസകള്‍ :)

    ReplyDelete
  9. നീ എന്തിനാ ബിജൂ എന്നെ വിഷമിപ്പിയ്ക്കുന്നത്‌? ആരെയും കൊല്ലാത്ത, ആരും മരിയ്ക്കാത്ത ഒരു കഥ എഴുതാൻ പറഞ്ഞിട്ട്‌..ഇതിപ്പോൾ ആരെങ്കിലും മരിയ്ക്കുകയായിരുന്നു ഭേദം എന്ന് തോന്നിപ്പോയി.....ലക്ഷ്മിയെ കണ്മുന്നിൽ വെച്ച്‌ ഒരു വണ്ടിയിടിച്ച്‌ അങ്ങു അവസാനിപ്പിച്ചാലോ? ... :)

    നന്നായി എഴുതി..ഉടനീളം യുവതലമുറയുടെ അസ്വസ്ഥതകൾ ഒളിഞ്ഞും തെളിഞ്ഞും കാണാം...

    ReplyDelete
  10. Devid je നിങ്ങൾ പ്രൊഡ്യൂസറായി ഇതൊരു സിനിമയാക്കൂ .. ക്ലൈമാക്സ് നമുക്കങ്ങിനെ എടൂക്കാം ... ഹിഹി..

    ReplyDelete
  11. പ്രണയവും ജീവിതവും വ്യഥകളും എല്ലാമുള്ള പച്ചയായ മനുഷ്യനെ വരച്ചു കാട്ടുന്ന കഥ ഏറെ ഇഷ്ടമായി. ലക്ഷ്മിയുടെ നിറയുന്ന കണ്ണുകള്‍ വായന കഴിഞ്ഞും പിന്തുടരുന്നു. മണ്ടോവിയുടെ തിരയിളക്കത്തിനൊപ്പം ഒഴുകിപോകുന്ന ജീവിതങ്ങള്‍ - ഗ്ലോറിമാര്‍, വേദനയാകുന്നു.
    നന്നായി പറഞ്ഞ കഥ വളരെ ഇഷ്ടമായീ ട്ടോ...

    ReplyDelete
  12. മണ്ടോവിയുടെ തിരയിളക്കത്തിനൊപ്പം,തിരയിളകുന്ന ചിന്തകൾ..ഗ്ലോറിയും,ലക്ഷ്മിയും.....അതെ,രമേശ് പറഞ്ഞത്പോലെ എഴുപതുകളിലെ യുവത്വം നേരിട്ട അസ്തിത്വ ദുഃഖം പോലുള്ള ഒരു ഫീലിംഗ് ഈ കഥയില്‍ ഉടനീളം സ്പന്ദിക്കുന്നു.കഥക്കെന്റെ ഭാവുകങ്ങൾ.

    ReplyDelete
  13. മണ്ടോവിയുടെ തിരയിളക്കത്തിനൊപ്പം തിരതല്ലുന്ന കമനകൾ.ചിന്തകൾ....അതെ രമേശ് പറഞ്ഞത് പോലെ,എഴുപതുകളിലെ യുവത്വം നേരിട്ട അസ്തിത്വ ദുഃഖം പോലുള്ള ഒരു ഫീലിംഗ് ഈ കഥയില്‍ ഉടനീളം സ്പന്ദിക്കുന്നു...കഥാകാരന് എന്റെ നമസ്കാരം....

    ReplyDelete
  14. വായിച്ചു . ആശംസകള്‍

    ReplyDelete
  15. നീളമേറെയുണ്ടെങ്കിലും രസമായി വായിച്ചു.
    കൊള്ളാം!

    ReplyDelete
  16. പിന്നിലേക്ക് മറഞ്ഞു പോകുന്ന തണൽമ്മരങ്ങളുടെ നിലഴുകളിൽ ഒക്കെയും ലക്ഷ്മിയുടെ രൂപമായിരുന്നു ....
    അത് തന്നെയായിരുന്നോ മറ്റാരെയോ ലക്ഷ്മിയെന്നു തോന്നിപ്പിച്ചത് . അതിശയവവും അതിഭാവനയും ലക്ഷ്മിയുടെ വരവിലുണ്ടെന്നു തോന്നുന്നു. അതോഴിവാക്കാമായിരുന്നില്ലേ ??

    ReplyDelete
  17. ഡോണ പോളോ യിലെ പെണ്ണിന്റെ പേര് ഡോണ എന്നും അവള്‍ സ്നേഹിച്ച പോര്‍ച്ചുഗീസ് പുരോഹിതന്റെ പേര് പോളോ (പൌലോ )എന്നുമാണ് ബിജു ,ഞാന്‍ നടന്നു തീര്‍ത്ത ഈ വഴികള്‍ ബ്ലോഗില്‍ കാണാന്‍ ഒരല്‍പം വൈകി ,അവസാനത്തെ ഭാഗത്ത് ബിജു വല്ലാതെ ദൃതിപ്പെട്ടു എന്ന് തോന്നി ,ആശംസകള്‍

    ReplyDelete
    Replies
    1. സിയാഹ് തെറ്റു തിരുത്തി തന്നതിനു വളരെ സന്തോഷം .

      Delete
  18. മനോഹരമായ ഒരു വായനാനുഭവം തന്നതിന് നന്ദി. ഗോവന്‍ പശ്ചാത്തലത്തില്‍ അവതരിപ്പിച്ചതും ഇഷ്ടമായി. വായിച്ചപോള്‍ ഇത്രയും നീളമുള്ള കഥയാണെന്ന് തോന്നിയതേയില്ല, അത്രയ്ക്ക് നല്ല ഒഴുകുണ്ടായിരുന്നു.
    ആകെ ഒരു കല്ല്‌ കടി തോന്നിയത്‌ ചിലയിടങ്ങളില്‍ വന്ന ഹിന്ദി ആയിരുന്നു.അത് കഥയ്ക്ക് അവിഭാജ്യമായി തോന്നിയില്ല.

    ആശംസകളോടെ
    satheeshharipad-മഴചിന്തുകള്‍

    ReplyDelete