NINGALKKU EE BLOG VAYIKKAN KAZHIYUNNILLEE PLEACE DOWNLOAD THIS FONTS

Font Banner

Tuesday, September 14, 2010

LIVING MARTYR

LIVING  MARTYR

തുറിച്ചു നിൽക്കുന്ന കണ്ണുകളുമായി  കിടക്കുന്നത് കണ്ട് അല്പം പേടിയോടെയാണ്   പ്രസീത സതീശനെ വിളിച്ചുണർത്തിയത്.  വിറയ്ക്കുന്ന മുഖത്ത് വിയർപ്പുതുള്ളികൾ ഭയങ്ങളായി  നിഴലിച്ചു...
വെള്ളം നനച്ച തോർത്തെടുത്ത് പ്രസീത സതീശന്റെ മുഖം  തോർത്തി.
 “എന്താ സതീശേട്ടാ... എന്തു പറ്റി..?”
നാവു വരണ്ടിരുന്നു എന്തോ പറയാൻ തുനിഞ്ഞെങ്കിലും വാക്കുകൾ വിങ്ങലുകളായി പുറത്തു വന്നു.
“ഓരോന്നോർത്തു കിടക്കും. അതല്ലെ ഇങ്ങിനെയൊക്കെ..” 
സതീശന്റെ നെറ്റിയിൽ പ്രസീത മൃദുവായൊന്നു ചുംബിച്ചു.
“എനിക്കടുക്കളയിൽ നൂറു കൂട്ടം പണിയുണ്ട്.. ഞാനിപ്പോ വരാം”
മേശപ്പുറത്തിരുന്ന പത്രം എടുത്തു കൊടുത്ത് പ്രസീത അടുക്കളയിലോട്ടു പോയി.
                 സതീശൻ കണ്ണുകൾ ഇറുകിയടച്ചു.  കണ്ണിൽ ബാക്കിനിന്നിരുന്ന കണ്ണൂനീർ കൂടി ഒഴുക്കികളഞ്ഞു. എവിടെയൊക്കെയോ  അലർച്ചകൾ, മുറുമുറുപ്പുകൾ, ഞരക്കങ്ങൾ പതിവില്ലാത്ത ചൂടനുഭവപ്പെടുന്നു. പത്രം കൊണ്ട് സതീശൻ വീശി..
“ആരാണെന്നെ വെട്ടി വീഴ്ത്തിയത്!!!....?”
വർഷം ഒന്നു കഴിഞ്ഞിട്ടും  ഒരു നിഴലുപോലെ അവ്യക്താ‍മാ‍യ ഒരു രൂപം . എങ്കിലും  അടുത്ത് പരിചയമുള്ള ഒരു മണമായിരുന്നു.  വിനോദിന്റെ അനുശോചനവും കഴിഞ്ഞു മടങ്ങിയ  രാത്രി, ഇടവഴിയിൽ വച്ചായിരുന്നു.  ആരാണെന്നറിയില്ല പിന്നിലായിരുന്നു ആദ്യത്തെ അടി. അതോടെ  കാഴ്ചകൾ പതിയെ മങ്ങി.  കയ്യിലുള്ള ടോർച്ചു വെളിച്ചം തെളിയിക്കാൻ നോക്കി.  കൈകൾക്ക് ബലം കിട്ടിയില്ല. പിന്നീടായിരുന്നു പിൻ കഴുത്തിനു വെട്ടേറ്റത്. പിന്നെ ബോധം വന്നു നോക്കിയപ്പോൾ കെട്ടിയിരിക്കുന്ന ബാന്റേജുകൾ  പറഞ്ഞു തന്ന മുറിവുകൾ  പലേടത്തും . 
                   ചെറുമണ്ണൂരും  പരിസരത്തും രാഷ്ട്രീയ കൊലപതകങ്ങൾ നടക്കുന്ന സമയമായിരുന്നു. അന്ന് ചേരൂരിലെ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു സതീശൻ. ആക്രോശത്തോടെ വന്ന അണികളെ  പാർട്ടി ആവുന്നതും  തടഞ്ഞു. “പോകരുത്.. നാളെ നമ്മൾക്കുനേരെ തിരിയും. നിരപരാധികൾ വേട്ടയാടപ്പെടും” പാർട്ടി നേതൃത്വത്തിന്റെ തീരുമാനങ്ങൾക്കൊന്നും  അവരെ തടയാൻ കഴിയുമായിരുന്നില്ല. ഇന്നലെ അവരുടെ പ്രിയപ്പെട്ട സഖാവിനെയാണ് അവർ വെട്ടി വീഴ്ത്തിയത്.
“സതീശേട്ടാ മരിക്കാൻ ഞങ്ങൾക്ക് ഭയമില്ല. പക്ഷെ.. വിനോദേട്ടനെ..” രാജേഷ് പൊട്ടിക്കരഞ്ഞൂ.  “കിഴക്കെ ശിവനാ!!!  ഞാൻ കണ്ടതാ അവന്റെ ഇടതുകയ്യിലെ ഹനുമാന്റെ പച്ചകുത്തിയ രൂപം  സ്റ്റ്ട്രീറ്റ് ലൈറ്റിൽ തെളിഞ്ഞ് കണ്ടതാ..  “വിടില്ല ഞാൻ അവനെ..”
             പിറ്റേന്ന് ശിവന്റെ മരണവാർത്ത നാട്ടിൽ പരന്നു.  അതിനു പ്രതികാരമെന്നോണമായിരിക്കാം തന്നെ അവർ ആക്രമിച്ചത്. രാത്രികളുടെ ഓരോ ചീവീടനക്കവും  വേദനകളുടെ പുതിയ അധ്യായങ്ങൾ തുറന്നു തന്നു.  കണ്ണടയ്ക്കുമ്പോൾ തെളിയുന്നത് തിളങ്ങുന്ന വാൾമുനയാണ്.  മങ്ങിയ വെളിച്ചത്തിൽ കുറേ രൂപങ്ങളും. എന്തിനായിരുന്നു അവരെന്നെ!!!..?  പിറ്റേന്ന് അതിനു  പകരം കൊന്നത് ശിവക്ഷേത്രത്തിലെ പൂജാരി  ഹരിപ്രസാദിനെ.  അയാളും തന്നെപ്പോലെ നിരപരാധിയായിരിക്കുമോ? അറിയില്ല. തീവ്ര ഹിന്ദുത്വം നാടിനാപത്താണെന്ന് താൻ പ്രസംഗിച്ചു നടന്നിരുന്നു.  ഒരു പക്ഷെ അതായിരിക്കാം അവർ എന്നിൽ കണ്ട കുറ്റം.
 “നേരം കളയാൻ  ഒരു പാടു കാര്യങ്ങളില്ലേ പിന്നെന്തിനാ ഇതൊക്കെ  വീണ്ടും വീണ്ടും ഓർക്കുന്നെ”
പ്രസീത ഇടയ്ക്കിടെ ഓർമ്മിപ്പിക്കാറുണ്ടെങ്കിലും വീണ്ടും വീണ്ടും ഓർത്തു പോകുന്നു. നേരം കളയാൻ എന്തൊക്കെ കാര്യങ്ങൾ.  അതെ ശരിയാണ് അയാൾക്ക് നേരം കളയാൻ ഒരു പാടു കാര്യങ്ങൾ ഉണ്ടായിരുന്നു. വായിച്ചിരുന്ന പുസ്തകങ്ങൾ, കണ്ടു തീർത്ത സിനിമകൾ, കേട്ടു തീർത്ത പാട്ടുകൾ, പറഞ്ഞുതീർത്ത വർത്താനങ്ങൾ.. ഇവയെല്ലാം സമയം കളഞ്ഞിരുന്നു. ഒടുവിൽ  ഇപ്പൊ  ഇവയ്ക്കൊന്നും കളയാൻ പറ്റാത്തത്ര സമയം പെരുകിയിരിക്കുന്നു. പഴയതൊക്കെ ഓർക്കാൻ വേണ്ടി മാത്രം .
                   വാൾമുനത്തുമ്പിലൂടെ തന്നെ രണ്ടായ് പിളർക്കുന്നൊരു വേദന. സതീശൻ അലറി കരഞ്ഞു. ഒച്ച കേട്ട് പ്രസീത ഓടി  വന്നു.. “എന്താ സതീശേട്ടാ..?” 
“പുറത്ത് വേദനിക്കുന്നു. ഒന്നാ കെട്ട് അഴിച്ചു താ..”   കഴിഞ്ഞ മാസമാണു പുറത്താകെ കുമിളകൾ വന്നത്. ഇത്രയും നാൾ വെള്ളം നിറച്ച ബെഡ്ഡിലായതിനാൽ ഒന്നും അറിഞ്ഞിരുന്നില്ല. ഇപ്പോ അതു മാറ്റാൻ ഡോക്റ്റർ പറഞ്ഞിരിക്കുന്നു. ഞരമ്പുകളിലൂടെയുള്ള രക്തയോട്ടം കുറഞ്ഞിട്ടുണ്ട് പോലും.  അതുപേക്ഷിച്ചപ്പൊ  പുതുതായി കടന്നു വന്നതാണീ കുമിളകൾ. ഇപ്പൊ അതു പൊട്ടി പുണ്ണായിരിക്കുന്നു. അവ പുറമാകെ കാർന്നു തിന്നുകയായിരുന്നു.
പ്രസീത സതീശനെ മെല്ലെ തിരിച്ചു കിടത്തി. ..പുറത്തെ കെട്ടുകൾ പുണ്ണോട് പറ്റിച്ചേർന്ന് വലിഞ്ഞു മുറുകിയിരിക്കുന്നു. ചൂടുവെള്ളം നനച്ച് പതിയെ പതിയെ വേദനയില്ലാതെ ഓരോന്നായി അടർത്തി മാറ്റി. നനഞ്ഞ തുണി കൊണ്ട്  ദേഹമാസകലം കഴുകി. ഒരു വല്ലാത്ത നാറ്റം അവൾക്ക് മനംപുരട്ടലുണ്ടാക്കി.  പുറത്ത് നട്ടെല്ലിനു താഴെ..ഒരു വലിയ കറിപാത്രത്തിന്റെ വട്ടത്തിൽ പഴുത്തിരിക്കുന്നു. പഴുപ്പെല്ലാം ഒരു ചെറിയ ബ്ലേഡുപയോഗിച്ച് പ്രസീത ചുരണ്ടിയെടൂത്തു. വേദന കടിച്ചമർത്താനാകാതെ സതീശൻ അലറി.  സതീശന്റെ കരച്ചിൽ പ്രീതയെയും കരയിച്ചു. സാരിതുമ്പു കൊണ്ടൂ കണ്ണൂ തുടച്ച് പുണ്ണുകളിൽ മരുന്നു വച്ച് കെട്ടി ദുർഗന്ധം ശമിക്കാൻ വാസന പൌഡർ വിതറി. തിരിച്ചു കിടത്തുമ്പോൾ സതീശൻ ചോദിച്ചു. “ നീ ഇപ്പോ എന്നെ ശപിക്കുന്നില്ലെ പ്രസീതേ ” 
നിസ്സരമായി ഒരു ചിരി ചിരിച്ച് പ്രസീത അടുക്കളയിലേക്കു പോയി. കല്ല്യാണം കഴിഞ്ഞു  സന്തോഷത്തിന്റെ നാലു മാസം മാത്രമെ അവൾക്കു നൽകാൻ കഴിഞ്ഞൂള്ളൂ. അതിൽ കഷ്ടിച്ച് ഒരു മാസം കാണും ഒന്നിച്ചു കിടന്നതും തമാശ പറഞ്ഞതും. പാർട്ടി ആഫീസിൽ നിന്നും വരുമ്പോ സമയം പാതിര കഴിയും.  അവൾ മേശപ്പുറത്ത് ചോറും വിളമ്പി വെച്ച് മയങ്ങും. അവൾ അനുഭവിക്കുന്ന കഷ്ടതകൾ ഓർക്കുമ്പോഴാണു സങ്കടം  തന്നെ കുറിച്ച് തനിക്കു വേവലാതികൾ ഇല്ല. സ്വന്തം പാർട്ടിക്കു വേണ്ടി താൻ വിശ്വസിക്കുന്ന ആദർശത്തിനു വേണ്ടി ഇനി ഇതിലും വലുതും അനുഭവിക്കാൻ താൻ  തയ്യാറാണ്.
പക്ഷെ താൻ  കാരണം പാവം വല്ലാതെ കഷ്ടപ്പെടുന്നു. ഉടുത്തൊരു തുണിക്ക് മറുതുണി വാങ്ങി കൊടുക്കാൻ കഴിയാത്ത ഒരു ഭർത്താവ്. ഒരു പക്ഷെ നാട്ടുകാർക്കു മുന്നിൽ അവൾ ഉത്തമയായ ഭാര്യയായിരിക്കാം. അതിനാലാകാം പാർട്ടി അവൾക്ക് ബാങ്കിൽ സ്വീപ്പർ വേലയും തരപ്പെടൂത്തി.   പക്ഷെ എനിക്കു മുന്നിൽ പുണ്ണിലെ പുഴുക്കളെപ്പോലെ ദുരിതങ്ങൾക്കിടയിലൂടെ ഇഴയുകയാണവൾ. ഒരമ്മയായി കുഞ്ഞിനെ താലോലിക്കാൻ പറ്റാത്ത ഹതഭാഗ്യ. എന്നിട്ടും അവൾ ചിരിക്കുന്നതു കാണുമ്പോൾ അത്ഭുതം തോന്നിയിട്ടുണ്ട്. തന്നോടു തമാശകൾ പറഞ്ഞു ചിരിപ്പിക്കും.  കൊച്ചു കുട്ടികളോടെന്ന പോലെ കവിളിൽ ഉമ്മവെയ്ക്കും. താലോലിക്കും. അവൾ തനിക്കു മുന്നിൽ ഒരു നല്ല അഭിനേത്രി കൂടിയാണെന്ന് പിന്നീടു വായിച്ചെടുക്കും. ബാങ്കിൽ ജോലി കാലത്തു പത്തു മണിക്ക് മുന്നേ തീരും. പിന്നെ മുഴുവൻ സമയവും  അവൾ തന്നെ പരിചരിക്കാൻ നിയോഗിക്കപ്പെട്ടവളാകുന്നു.
ഇതിനിടയിൽ സഖാവ്  കൃഷ്ണേട്ടൻ വന്നു. .ഇപ്പോ പാനൂർ ബ്രാഞ്ച് സിക്രട്ടറിയാണ് അദ്ദേഹം. ദിവസവും വൈകിട്ട്  വേറെ പരിപാടിയൊന്നും ഇല്ലെങ്കിൽ മൂപ്പർ കാണാനെത്തും. ചർച്ചകൾ.. പാർട്ടി വിശേഷങ്ങൾ.. അങ്ങിനെ സമയം പോകും. രാത്രി വളരെ കഴിഞ്ഞേ അയാൾ പോകാറുള്ളു.
 “പാർട്ടിയുടെ രക്തസാക്ഷി സഹായ ഫണ്ടിൽ നിന്നും കുറച്ച് തുക കൂടി കിട്ടിയിട്ടുണ്ട്. അത് അക്കൌണ്ടിലേക്ക് ഇട്ടിട്ടുണ്ട്. ഫിക്സഡ് ആണ്. മാസാ മാസം പലിശ 2000 ഉണ്ടാകും.  പിന്നെ പഴയതും ചേർത്ത് ഇപ്പൊ 5000. “മരുന്നിനും ചിലവിനും ചേർത്ത് അതു മതിയാവില്ലെ സതീശാ. പോരായ്ക വല്ലതും ഉണ്ടെങ്കിൽ പറയണം.”
കൃഷ്ണേട്ടനാണു വീട്ടിലെ കാര്യങ്ങൾ നോക്കാൻ പാർട്ടി നിയോഗിച്ച സഖാവ്. ഒരേട്ടന്റെ സ്ഥാനം പുള്ളി സ്വയം ഏറ്റെടുത്തു  എന്നാണു തോന്നിയിട്ടുള്ളത് .
“ബംഗാളിൽ മമത മാവോയിസ്റ്റുകളെ വച്ച് നമുക്കെതിരെ തിരിക്കുകയാണു. ജനങ്ങളെ ഒരു പരിധിവരെ തെറ്റിദ്ധരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നാണല്ലോ കഴിഞ്ഞ തിരഞ്ഞെടുപ്പു ഫലങ്ങൾ സൂചിപ്പിക്കുന്നത്” കൃഷ്ണേട്ടൻ പാർട്ടിയുടെ ഭാവിയെ കുറിച്ച് ആശങ്കാ കുലനായി. “ബംഗാളിൽ മാത്രമല്ല കൃഷ്ണേട്ടാ..  ഇവിടെയും പാർട്ടിയെക്കുറിച്ച് നമ്മൾ ആശങ്കപ്പെടേണ്ട നിമിഷം വന്നുകഴിഞ്ഞിരിക്കുന്നു.”
“ഇവിടെ പേടിക്കാനൊന്നും ഇല്ല സതീശാ. ജനോപകാരപ്രദമായ ഒരു പാടു കാര്യങ്ങൾ സർക്കാർ ചെയ്യുന്നില്ലെ.?”
“ഉണ്ടാവാം  അതിനെ കുറിച്ചല്ല ഞാൻ പറഞ്ഞു വരുന്നത്.” സതീശൻ കൈയ്യിലിരുന്ന പത്രം കൃഷ്ണേട്ടനു നേരെ നീട്ടി
“മന്ത്രി പുത്രനു ആഡംബര ഹോട്ടലിൽ വിവാഹം.  മരുമകൾക്ക് സർക്കാർ ജോലി, പത്രങ്ങൾക്ക് പറഞ്ഞു ചിരിക്കാനും ജനങ്ങൾക്കു വിശ്വസിക്കാനും മറ്റെന്തു വേണം കൃഷ്ണേട്ടാ. തൊഴിലാളി വർഗ്ഗ രാഷ്ട്രീയത്തിന്റെ മറ്റൊരു മുഖം പുറത്തു വരികയാണു . നമുക്കുള്ളിൽ തന്നെയാണു ശത്രുക്കൾ. മനപൂർവ്വം ഇതിനെ തകർക്കാൻ ആട്ടിൻ തോലിട്ട്  ഈ ആട്ടിൻ കൂട്ടത്തിൽ ചെന്നായ്ക്കൾ പതിയിരിക്കുന്നു. നമുക്കു കണ്ടെത്താനാവാത്തവിധം പലപ്പോഴും അവരുടെ പ്രലോഭനങ്ങളിൽ നമ്മുടെ നേതാക്കന്മാർ കുടുങ്ങിപ്പോകുന്നു.”
ഇതിനിടയിൽ നിറഞ്ഞു കിടക്കുന്ന യൂറിൻ ബാഗ്  പ്രസീത എടുത്തു മാറ്റി പുതിയൊരെണ്ണം വച്ചു.
“കൃഷ്ണേട്ടൻ ടൌണിൽ പോകുന്നുണ്ടെങ്കിൽ ഒരു പൌഡർ വാങ്ങാൻ മറക്കണ്ട. പുറത്തെ പുണ്ണ് ഒരു പാടു വലുതായിരിക്കുന്നു . കിടത്തം പഴയ പോലെ വെള്ളം നിറച്ച കിടക്കയിലേക്കു മാറ്റാൻ പറ്റുമോ എന്ന് ഡോക്റ്ററോടൊന്നു ചോദിക്കണം. ഞാൻ ചായയെടുക്കാം”. പ്രസീത അകത്തേക്കു പോകവെ...
“ചായ വേണ്ട പ്രസീതേ  ഞാൻ ഇപ്പൊ അപ്പുറത്തെ രാമചന്ദ്രന്റടുത്തു നിന്ന് കുടീച്ചതേ ഉള്ളൂ.”
 കൃഷ്ണേട്ടൻ മന:പൂർവ്വം കള്ളം പറഞ്ഞൂ.  ദിവസോം വരുന്നോർക്കും പോന്നോർക്കും ചായകൊടുത്ത് അവൾ മടുത്തു കാണും  അതിനു തന്നെ വേണം ഒരു വലിയ സംഖ്യ. ആദ്യമൊക്കെ വലിയ കലത്തിൽ ചായ ഉണ്ടാക്കി വെയ്ക്കും. ഇപ്പൊ ആളുകളുടെ വരവും പോക്കും ഒത്തിരി കുറഞ്ഞു.   എന്നാലും കാണും ഒന്നു രണ്ടാളുകൾ.
 “പ്രസീതെ, നീ ഒന്നും കഴിക്കാറെ ഇല്ലെ ? വല്ലാണ്ട് ക്ഷീണിച്ചിറ്റ്ണ്ടല്ലോ. ഇതിനിടയിൽ അവനോന്റെ ശരീരം നോക്കാൻ മറക്കേണ്ട.”  കൃഷ്ണേട്ടന്റെ ഉപദേശം. ഒരു പുഞ്ചിരിയോടെ പ്രസീത തള്ളി.  മനസ്സിനു സുഖമുണ്ടായാലല്ലെ വയറു വിശക്കൂ. ഇപ്പൊ വന്നു വന്നു ഒരു നേരം മാത്രമായി ആഹാരം,  എല്ലാത്തിനോടും വെറുപ്പു തോന്നിയിരിക്കുന്നു. ചീഞ്ഞളിഞ്ഞ പുണ്ണിന്റെ നാറ്റവും മലത്തിന്റെയും മൂത്രത്തിന്റെയും മനം പുരട്ടുന്ന ഗന്ധവും അവളെ വല്ലാതെ തളർത്തിയിരിക്കുന്നു.
           രാത്രി ഏറെ കഴിഞ്ഞായിരിക്കും കൃഷ്ണേട്ടൻ പോയത്. ജനലിലൂടെ നിലാവിന്റെ വെള്ളിവെളിച്ചങ്ങൾ  സതീശനെ പൊതിഞ്ഞു. തിരിയുമ്പൊഴും  മറയുമ്പോഴും കടിച്ചു വലിക്കുന്ന വേദനകൾ തനിക്കൊരിക്കിലും എഴുന്നേറ്റ് നടക്കാനാവില്ലെന്നയാളെ കൂടെ കൂടെ ഓർമ്മിപ്പിച്ചു. അകലെ മഞ്ഞു വീണ് കുതിർന്ന മാന്തളിരിൽ കുഞ്ഞു കുഞ്ഞു ചന്ദ്രന്മാർ. പതിയെ പതിയെ മുല്ലപ്പൂവിന്റെ സുഖമുള്ള ഗന്ധം അയാളിലേക്കൊഴുകിയെത്തി. മിന്നാമിന്നികൾ പറന്ന് പറന്ന് ഒരു പാടു ചിത്രങ്ങൾ വരയ്ക്കുന്നു. മുറിക്കുള്ളിലൂടെ പറന്ന ഒരു മിന്നാമിന്നിയെ അയാൾ തന്റെ കൈക്കുള്ളിലാക്കി കൊതിയോടെ  അവളെ നോക്കി പറഞ്ഞൂ. ഭാഗ്യവതി.. രാത്രിയിൽ നിന്റെ ഇത്തിരി വെട്ടം  പാരിനു നൽകി നീ നിന്റെ കടമ തീർക്കുന്നു. ഇഷ്ടം പോലെ പറന്നു നടക്കുന്നു.  മരങ്ങളും പൂക്കളും പുഴവക്കുകളും നിന്നോടു കുശലം പറയുന്നു. നീ അവർക്കായ് പ്രകാശം ചൊരിയുന്നു.  ജീവൻ ഉണ്ടായിട്ടും ഒന്നു അനങ്ങാൻ പോലും കഴിയാതെ ഈ ഇരുട്ടറയിൽ മടുപ്പിന്റെ ചെറുപന്തുകളെ അമ്മാനമാടുകയാണ് താൻ . കൂച്ചു വിലങ്ങിട്ടപോലെ എവിടെയോ തളയ്ക്കപ്പെട്ട ശരീരം. പുണ്ണുകളിൽ നിന്നും, വിയർപ്പു കുടിച്ച പുതപ്പിൽ നിന്നും ഒഴുകിയെത്തുന്ന ദുർഗ്ഗന്ധം. ഒരു പക്ഷെ പുരാണത്തിലെ അശ്വത്ഥ്വാമാവിനെപ്പോലെ അമരനായി ഇങ്ങിനെ കഴിയുമായിരിക്കുമോ? ഉത്തരം കിട്ടാത്ത ഒരു പാടു ചോദ്യങ്ങൾക്കവസാനം. അന്നത്തെ അവസാനത്തെ ഗുളികകളുമായി പ്രസീത അയാളുടെ  അരികിലെത്തി. പതിവിലും സുന്ദരിയായി അവളെ കാണപ്പെട്ടു. സതീശന്റെ  തലയെടുത്ത് മടിയിൽ കിടത്തി ഗുളികകൾ കഴിപ്പിച്ചു.  വിവാഹം കഴിഞ്ഞു ആദ്യകാല രാത്രികളിൽ മാത്രമേ പ്രസീതയിൽ ഇത്രയേറെ പ്രകാശം അയാൾ  കണ്ടിട്ടൂള്ളൂ.
എന്തെന്നറിയാത്ത അനുഭൂതിയിൽ സതീശൻ അവളെ ഇരു കൈകൊണ്ടും വലിഞ്ഞു മുറുക്കി. അവളുടെ കവിളിലൂടെ കൈവിരലോടിച്ചു.. സതീശന്റെ ഉള്ളിൽ ആയിരം സർപ്പങ്ങൾ  ഇഴഞ്ഞു. ഒരു താമര തണ്ടു കൊണ്ട് മേനിയാകെ തഴുകുന്ന പോലയാൾക്കുതോന്നി. ബെഡ്ഡിൽനിന്നും ഉയർന്ന ദുർഗന്ധങ്ങളെ പ്രസീത കണ്ടില്ലെന്നു നടിച്ചു. ഒരു പാവപോലെ നിർജ്ജീവമായി അവൾ നിന്നു. വികാരത്തിന്റെ വേലിയേറ്റങ്ങൾക്കിടയിലെപ്പോഴോ സതീശൻ അവളെ തന്റെ മേലേക്ക് അടുപ്പിച്ചു. .
പെട്ടന്നലർച്ചയോടെ അയാൾ അവളെ തള്ളി മാറ്റി .  പുറത്ത് അസഹ്യമായ വേദന അനുഭവപ്പെട്ടു   പുറത്തെ പുണ്ണിൽ നിന്നും രക്തം കിനിഞ്ഞു തുടങ്ങിയിരിക്കുന്നു. പ്രസീത പൊട്ടിക്കരഞ്ഞു  ഏതോ ശപിക്കപ്പെട്ട നിമിഷത്തിന്റെ സന്തതിയായതിൽ അവൾ മനംനൊന്തു കരഞ്ഞു.
ഒന്നാശ്വസിപ്പിക്കാൻ പോലും കഴിയാതെ വേദന കൊണ്ട്  പിടയുകയാണു സതീശൻ. പ്രസീത വേഗം വേദനയ്ക്കുള്ള ഒരു ഗുളിക കൂടി സതീശനു കൊടുത്തു. പയ്യെ പയ്യെ സതീശൻ ഉറക്കത്തിന്റെ പടികടന്ന് ഏതോ സ്വപ്നലോകത്തിലേക്കും  പ്രസീത ഉറങ്ങാതെ കട്ടിലിനു താഴെ  ദുഖാർത്തയായി തളർന്നും കിടന്നു.

              ഭൂതകാലത്തിലെ വേരുകൾ മെല്ലെ മെല്ലെ പ്രസീതയെ ചുറ്റിപ്പിണഞ്ഞു. നേർത്ത മഞ്ഞിന്റെ പുതപ്പണിഞ്ഞ വെള്ളരിപ്പാടത്തിന്റെ തെക്കേക്കരയിൽ  പുലർച്ചെ കൊടിയുയർത്താൻ വന്ന ഒരു സഖാവിനെ ആദ്യം കണ്ടതും  പാലും അച്ഛനുള്ള പത്രവും വാങ്ങി തിരിച്ചു പോകുമ്പോൾ കയ്യിൽ നിന്നും പത്രം വാങ്ങി വായിച്ച യുവാവിനോട് ആദ്യം തോന്നിയത് അനുരാഗമോ അതോ ആരാധനയോ ഒന്നും അറിയില്ലായിരുന്നു.  പിന്നീടതൊരു പ്രണയമായി പരിവത്തനപ്പെട്ടതെപ്പോഴോ ആയിരുന്നു. ആ പുഴക്കരയിൽ വന്നു നിന്ന് പലതും പറഞ്ഞതും ചിരിച്ചതും.. ആദ്യ ചുംബനം അവിടെ നിന്നേറ്റു വാങ്ങിയതും. ഇപ്പൊഴോർക്കുംമ്പോൾ ഒരു വിഡ്ഡിത്തമായതു പോലെ !!! ഏയ് ഇല്ല.  ഇങ്ങിനെയൊക്കെ ആവും എന്നറിഞ്ഞിട്ടല്ലല്ലോ പ്രസീത അയാളെ വിവാഹം കഴിച്ചത്. കാലത്ത് ബാങ്കിൽ പോകാൻ വയ്യാണ്ടായിരിക്കുന്നു. മാനേജറോട് അവധി പറഞ്ഞ് മടുത്തു. ഇപ്പൊ കൂറേ കാലമായി സതീശേട്ടൻ വളരെ നേരത്തെ ഉണരുന്നു. ഉണർന്നാൽ പിന്നെ പ്രഭാത കർമ്മങ്ങൾ നിർബന്ധമാണ്. അതൊക്കെ കഴിപ്പിച്ച് ബാങ്കിൽ ചെല്ലുമ്പോഴേക്കും നേരം ഒത്തിരി ആകും.  കഴിഞ്ഞ ഒരാഴ്ചയായി വൃത്തിയായി തൂത്തു വാരാൻ പോലും പറ്റിയില്ല. മാനേജർ ചെറുതായൊന്നു ശാസിക്കുകേം ചെയ്തു. സതീശേട്ടന്റെ ഭാര്യയായതു കൊണ്ടുള്ള പരിഗണന മാത്രമാണ് അവിടെ എന്നറിയാം. എങ്കിലും
നാട്ടിലെല്ലാവർക്കും പ്രസീതയെ കാണുമ്പോൾ ബഹുമാനമാണു. അതിലുപരി സഹതാപവും. ജീവിച്ചിരിക്കുന്ന രക്തസാക്ഷിയുടെ സഹന ശക്തിയുള്ള സഹധർമ്മിണി. സ്നേഹപ്രകടനങ്ങൾക്കൊന്നും തന്റെ വേദനയകറ്റാൻ കഴിയില്ലല്ലോ.
പ്രസീത പലപ്പോഴും ആലോചിക്കും. സതീശേട്ടൻ ഒരുപാടു പറഞ്ഞു  തന്നെ ഉപേക്ഷിച്ചു പോകാൻ. അപ്പോഴൊക്കെ വല്ലാതെ തകർന്നു പോകും. സതീശേട്ടനെങ്ങിനെ ഇങ്ങിനെ പറയാൻ കഴിയുന്നു എന്നോർത്ത് പലപ്പോഴും മനസ്സു നീറിയിട്ടുണ്ട്. വിപ്ലവകാരിയുടെ വിവാഹവും വിപ്ലവകരമാക്കിയ സതീശേട്ടൻ ഇഷ്ടമില്ലാതെയല്ലല്ലോ തന്നെ വിളിച്ചിറക്കി പാർട്ടിയാപ്പീസിൽ നിന്നു ഒരു ചുവപ്പു ഹാരം ചാർത്തിയത് എന്നു പിന്നീടോർക്കും. തന്റെ കഷ്ടപ്പാടുകൾ അദ്ദേഹത്തെ ഒത്തിരി തളർത്തുന്നുണ്ട് പാവം. പ്രസീത ഇതെല്ലാം ഇരുട്ടിനോടു പറയും
കാറ്റത്ത് എരിച്ചു വച്ച വിറകു കൊള്ളി പോലെ പുകഞ്ഞു പുകഞ്ഞൊരു ജീവിതം. പലപ്പോഴും ഇതൊന്നവസാനിപ്പിച്ചാലോ എന്ന് ചിന്ത ഉരുത്തിരിയും. പക്ഷെ സതീശേട്ടനു സമ്മതമല്ല.
 “പ്രസ്ഥാനത്തിനു വേണ്ടി എനിക്കെഴുത്തിലൂടെ പ്രവർത്തിക്കണം. എന്റെ വാക്കിലൂടെ പ്രവർത്തിക്കണം. അദ്ധ്വാനിക്കുന്ന തൊഴിലാളിവർഗ്ഗം എവിടെ ചൂഷണ വിധേയമാകുന്നുവോ, എവിടെ മതവും ജാതിയും എവിടെ വേലിക്കെട്ടുകൾ തീർക്കുന്നുവോ, മനുഷ്യൻ എന്ന വാക്കിന്റെ വില എവിടെ തകർക്കപ്പെടുന്നുവോ അവിടെ ഒരു കൊടുംകാറ്റായ് പാഞ്ഞടിക്കണം കമ്മ്യൂണിസ്റ്റ്കാരൻ”.
 സതീശന്റെ ഡയറിത്താളിലെ ആദ്യ വാചകം ഒരിക്കൽ കൂടി അവൾ ഓർത്തു. വേദനകൾക്കിടയിൽ ഈ പോരാട്ടവീര്യമസ്തമിക്കാതിരിക്കാൻ ബൊളീവിയൻ കാടുകളിലെ “ചെ”  യെ ഒരുപാടാവർത്തി വായിക്കും.
 
കയ്യൂരും കരിവെള്ളുരും മൊറാഴയും ദിവസവും വായിച്ചു കൊണ്ടേ ഇരിക്കും അതൊരാവേശമാണയാൾക്ക്. തളർന്നു പോയ നാഡീഞരമ്പുകളെ അയാൾക്ക് ഉണർത്താനാവില്ലെങ്കിലും മനസ്സിനെ ഒരു കൂ‍ർത്ത കല്ലുപോലെ ഇരുതലമൂർച്ചയുള്ള വാളു പോലെ അയാൾ പാകപ്പെടുത്തിയിരുന്നു. സതീശന്റെ എഴുത്തുകൾക്ക് പലതിനും പുരസ്കാരങ്ങൾ തേടിയെത്തിയിരുന്നു. അച്ചടി മാധ്യമങ്ങൾ വ്യവസായകണ്ണിന്റെ കറുത്ത പീലികളിൽ അവ പലതിനെയും കോർത്തിട്ടു പണം കോരിയിരുന്നു.

                സതീശന്റെ പുണ്ണുകളിൽ നിന്നും രക്തം തെറിച്ചു കൊണ്ടേ ഇരുന്നു. പ്രസീത അവയെല്ലാം ഒപ്പിയെടുത്തു. വേദനകൊണ്ട് സതീശൻ പലപ്പോഴും അലറിക്കരഞ്ഞു. ചില നേരങ്ങളിൽ സംസാരങ്ങൾ ഭ്രാന്തമായ ജല്പനങ്ങളായി മാറും. പറയുന്നതിന്റെ തലയും വാലും രണ്ടറ്റത്തായിരിക്കും.  കൂട്ടിവായിക്കാൻ പറ്റാത്തവിധം. ഇതെല്ലാം പ്രസീതയെ ഭയത്തിന്റെ കറുപ്പുടുപ്പിച്ചു. ഒടുക്കം ഒരു ഭ്രാന്തിനുകൂടി താൻ സാക്ഷിയാകേണ്ടി വരുമോ എന്ന ഭയം. ഡോക്റ്റർമാർ ബെഡ്ഡുകൾ മാറ്റിയും മരുന്നുകൾ മാറ്റിയും ചികിത്സിച്ചിട്ടും ഒരു പുരോഗതിയും ഉണ്ടായില്ല. പഴയതിനേക്കാൾ വഷളാവുകയും  ചെയ്തു. ഷുഗർ പ്രോബ്ലം ഉള്ളതു കാരണം മരുന്നുകൾ ഒന്നും കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല.
ദിനം ദിനം സഖാക്കൾ വന്നും പോയ്ക്കൊണ്ടേ ഇരുന്നു. ആൾക്കാരുടെ വരവും പോക്കും പ്രസീതയെ കൂടുതൽ പേടിപ്പെടുത്തി.

                 ഇന്ന് വിനോദിന്റെ രക്തസാക്ഷി ദിനമാണ്.  ആശുപത്രി കിടക്കയിൽ വച്ച് വിനോദ് ജീവിതം ചുവപ്പു പട്ടിലേക്കു പകർന്ന രാത്രി.  പ്രതികാരത്തിന്റെ തീജ്വാലകളുമായി ഒരു യൌവനമൊന്നാകെ തന്റെ മുന്നിലേക്കിരച്ചു വന്ന രാത്രി. അനുവാദമില്ലാഞ്ഞിട്ടും പകയൊടുങ്ങാതവർ വെട്ടിയെറിഞ്ഞ രാത്രി. മിനുട്ടുകൾക്കു ശേഷം തന്റെ വിധിയെന്നാരൊക്കെയോ പറഞ്ഞ ഈ കിടക്ക ജീവിതത്തിന്റെ തുടക്കമിട്ട രാത്രി.  സഖാക്കൾ എല്ലാം ഇന്ന് വീട്ടിൽ ഒത്തു ചേരുന്നുണ്ട്. വിനോദിന്റെ രക്തസാക്ഷി സ്തൂപത്തിലേക്കുള്ള ദീപശിഖ ഉദ്ഘാടനം ചെയ്തു കൈമാറേണ്ടത് സതീശന്റെ കൈകൊണ്ടാണു. വീട്ടിനകത്തേക്കു കയറിയ നേതാക്കന്മാർക്കെല്ലാം ആഡംഭരത്തിനെ സെന്റു മണം സതീശന്റെ ഇടനെഞ്ചിലൊന്നു കൊളുത്തി വലിച്ചു. മുറിക്കുള്ളിലെ മല മൂത്ര ഗന്ധത്തിനയാൾക്ക് അതിനേക്കാൾ സുഖം തോന്നി.  പലരും താൻ കാണാതെ മൂക്കു പൊത്തിയിരുന്നു. വിപ്ലവാഭിവാദനങ്ങളുടെ ഒരു കുന്നു തന്ന് അവരെല്ലാം പിരിഞ്ഞു. മുറിക്കുള്ളിലെ നേർത്ത വെളിച്ചത്തിൽ അടുക്കള വാതിലിൽ ഒരുപാടു നാളുകൾക്കു  ശേഷം പ്രസീത ചിരിക്കുന്നത് സതീശൻ കണ്ടു.  അതിലെന്തൊക്കെയോ അയാൾ വായിച്ചെടുത്തു .. പുറത്ത് വെയിൽ മങ്ങി തുടങ്ങിയിരിക്കുന്നു.
 .
 “പ്രകടനവും പൊതുയോഗവും അത്രയ്ക്കു നന്നായില്ല. കഴിഞ്ഞ കൊല്ലത്തെയത്ര ആൾക്കാരില്ല. ഉദ്ഘാടന പ്രസംഗത്തിനെത്താമെന്നേറ്റ മുഖ്യമന്ത്രി എത്തിയില്ല.  എന്തോ പനിയോ ജലദോഷമോ മറ്റോ..”  
കൃഷ്ണേട്ടൻ വല്ലാതെ നിരാശപ്പെട്ടു.  പ്രസീത വീണ്ടും ചിരിച്ചു. അവളിന്നാകെ സന്തോഷത്തിലാണു. മുഖത്ത് എന്തെന്നില്ലാത്ത തിളക്കം. പതിവില്ലാതെ കൃഷ്ണേട്ടൻ ചായ കുടിച്ചു.
മടക്കയാത്രയിൽ കുറേ പുസ്തകങ്ങളെടുത്ത് സതീശൻ കൃഷ്ണേട്ടന്റെ കയ്യിൽ കൊടുത്തു. വായനശാലയിൽ വച്ചേര് എന്നെങ്കിലും ചോരത്തിളപ്പുള്ള വിത്തുകൾ ഇതു തേടിയെത്താതിരിക്കില്ല. വാരിക്കെട്ടിയ പുസ്തകങ്ങളുമായി കൃഷ്ണേട്ടൻ പടിയിറങ്ങുമ്പോൾ സതീശൻ പൊട്ടിക്കരഞ്ഞു. ഒരു കാലഘട്ടത്തിന്റെ തിരുശേഷിപ്പുകൾ അവസാനിക്കുന്നതിന്റെ വേദന തന്റെ വ്രണങ്ങൾ തന്ന വേദനയെക്കാളും അസഹ്യമായിത്തോന്നി. പ്രസീത ഇപ്പോഴും ചിരിക്കുകയാണു.  നേർത്ത പുഞ്ചിരി.
സതീശൻ അവളെ വിളിച്ചു തന്റെ അരികിലിരുത്തി. മന്ദഹസിക്കുന്ന അവളുടെ മുഖം മെല്ലെ തന്റെ ചുണ്ടോടു ചേർത്തമർത്തി. ചിരിക്കുന്നെങ്കിലും ഉറവ വറ്റിയ കണ്ണിൽ നിന്നും പുതുമഴത്തുള്ളിപോലെ രണ്ടിറ്റു കണ്ണുനീർ അയാളുടെ കവിളിൽ പതിഞ്ഞു.
 
“പ്രസീതേ,  നീ എന്നെ മനസിലാക്കിയിരിക്കുന്നു എന്നെന്റെ ഹൃദയം പറയുന്നു. എനിക്കായി എരിയിച്ചു തീർത്ത നിന്റെ യൌവ്വനം, നിന്റെ സൌന്ദര്യം, നിന്റെ മോഹങ്ങൾ, പിന്നെ പൂവണിയാത്ത നിന്റെ ഗർഭപാത്രം, ഇവയെല്ലാം കൂടെ എന്റെ തലയ്ക്കുള്ളിൽ ചെറു സൂചികളായി കുത്തി വേദനിപ്പിക്കുന്നു.
ഇനിയൊർദ്ധശ്വാസം കൂടി ബാക്കിയായൊരെന്റെ ജീവനെ നീ മോചിപ്പിക്കുക.  ബലിപീഠത്തിന്റെ ചോരമണത്തിൽ കുളിക്കാനനുവദിക്കാതെ എത്രയും വേഗം നീ എന്നെ സമത്വസുന്ദരമായ ആ ശൂന്യതയിലേക്ക് അയക്കുക.  പിരിയാൻ നേരം നിനക്കു വേണ്ടി  രണ്ടു വാക്കു മാത്രം  നന്ദി. സ്നേഹിച്ചതിനും സഹിച്ചതിനും.
അരികിലിരുന്ന തലയിണയിൽ മുഖം ചേർത്ത് സതീശൻ പൊട്ടിക്കരഞ്ഞു. അവളാർദ്രമായി അയാളെ ഒന്നു നോക്കി പലപ്പോഴായി ഈ കഷ്ടപ്പാടുകൾ കണ്ടപ്പോൾ അവൾ തീരുമാനിച്ച യാത്രയായിരുന്നു. അപ്പൊഴൊക്കെ അവൾ ഒരു വെറും പെണ്ണുമാത്രമായിരുന്നു.  ഇപ്പൊ അവൾ രക്ത സാക്ഷിയുടെ ഭാര്യയാണു. രക്തം മണത്തറിഞ്ഞ ഭാര്യ. വിയർത്ത  അയാളുടെ നെറ്റിയിൽ നേർത്ത ചുംബനം നൽകി തലയിണയോടു ചേർന്ന അയാളുടെ മുഖം അവൾ മെല്ലെ മെല്ലെ നെഞ്ചോടു ചേർത്തു. അധികമൊന്നും  വേണ്ടിവന്നില്ല ശ്വാസം നിലയ്ക്കാൻ, ഇതിനും മുന്നെ തന്നെ അയാളുടെ പകുതി ശ്വാസവും നിലച്ചിരുന്നു. നീണ്ട അഞ്ചു വർഷത്തെ ജീവിത ഭാരത്തിന്റെ കെട്ടകന്നു പോയിരിക്കുന്നു. പക്ഷെ...!!!  പുലർച്ചെ കൊടിമരച്ചോട്ടിൽ താൻ ആരാധിച്ച ഒരു മുഖം തന്നെ വിട്ടുപോയിരിക്കുന്നു. പുഴക്കരയിലെ ആദ്യ ചുംമ്പനം അകന്നു പോയിരിക്കുന്നു. ഇനി അടുക്കള വാതിലിൽ ആരുടെ വിളിക്ക് താൻ കാതോർക്കണം. വീണ്ടും പ്രസീത ഒരു പെണ്ണാവുകയായിരുന്നു. എവിടെയൊക്കെയോ വലിഞ്ഞു മുറുകുന്നപോലെ അവൾക്കു തോന്നി  ഹൃദയതാളം പെരുമ്പറപോലെ മുഴങ്ങി... പൊട്ടിക്കരയണമെന്നുണ്ടെങ്കിലും  ഒന്നും പുറത്തു വന്നില്ല.. തൊണ്ടയിലെന്തോ ഉടക്കിയ പോലെ അവൾ ശ്വാസം കിട്ടാതെ പിടഞ്ഞു. പിണഞ്ഞ ശ്വാസം ഒരു തുമ്മലോടെ പുറത്തേക്കു വന്നു. ഒപ്പം നിലയ്ക്കാത്ത പ്രവാഹമായി രക്തം ആ കട്ടിലിനു താഴെ തളം കെട്ടി.
ജീവിക്കുന്ന രക്തസാക്ഷി ഇനി ഇല്ല. വെറും രണ്ടു രക്തസാക്ഷികൾ മാത്രം.  ചുവന്ന മഷികളിൽ ഏതൊക്കെയോ വെയ്റ്റിംഗ് ഷെഡ്ഡുകൾക്കും കെട്ടിടങ്ങൾക്കും ക്ലബ്ബുകൾക്കും എഴുതിവെക്കാൻ ചേലുള്ള രണ്ടു രക്തസാക്ഷികൾ

                            *************************************************************** 

രക്ത സാക്ഷികൾ ഉണ്ടായികൊണ്ടേ ഇരിക്കണം വർത്തമാന കാലഘട്ടത്തിൽ നാടിന്റെ നിലനിൽ‌പ്പിനു ജീവൻ കൊടുക്കാൻ തയ്യാറാകേണ്ട ഒരു തലമുറ വളർന്നു വരേണ്ടിയിരിക്കുന്നു . ആർക്കും പന്തു തട്ടിക്കളിക്കാനുള്ളതല്ല രക്തസാക്ഷിത്വം  അതു നല്ല നാടിന്റെ വളമാണ്.