NINGALKKU EE BLOG VAYIKKAN KAZHIYUNNILLEE PLEACE DOWNLOAD THIS FONTS

Font Banner

Friday, July 29, 2011

കണ്ണൂർ മീറ്റ് ഒഫിഷ്യൽ ട്രൈലർ

    കാണ്ണൂർ സൈബർ മീറ്റിന്റെ .. ഒഫീഷ്യൽ  ട്രൈലർ വീഡിയോ..                     
ലോഗോ : ബിജു കൊട്ടില
ആനിമേഷൻ:  ഷമിത്ത് ടി, പി 

Tuesday, July 5, 2011

തൊപ്പി പ്പാള

**************************************************************ഭൂമി കുലുങ്ങുന്നപോലുള്ള  ശബ്ദം കേട്ടായിരുന്നു അപ്പൂട്ടിയേട്ടൻ കോണിപ്പടിയിറങ്ങി താഴെ വന്നത് . ലക്ഷ്മീന്റെ എളേ മോന്റെ റൂമ്മീന്നാ ശബ്ദം എന്നറിഞ്ഞ തോടെ അപ്പൂട്ടീയേട്ടന്റെ ആവലാതി ഒന്നൂടെ കൂടി. പാതി ചാരിയ വാതിൽ തുറന്ന് അയാൾ  അകത്ത് കയറി അപ്പോൾ കണ്ട കാഴ്ച അതി ഭീകരമായിരുന്നുകൂറ്റൻ കേട്ടിടങ്ങൾ  തകർന്നടിയുന്നു. ചിതറിയോടുന്ന കാറുകൾമനുഷ്യർ, മൃഗങ്ങൾ ,പക്ഷികൾവിണ്ടു കീറുന്ന ഭൂമിവിറകു കഷ്ണങ്ങൾ  പോലെ ഒഴിഞ്ഞു പോകുന്ന റോഡുകളൂം പാലങ്ങളുംഎങ്ങും നിലവിളികൾ , കടൽ ആർത്തു വരുന്നു തിരമാലകൾ ഒരു നഗരത്തെ ആകെ വിഴുങ്ങുന്നുഒരു കൊച്ചു കുഞ്ഞിന്റെ കരച്ചിൽ എവിടെ നിന്നോ ഉയർന്നു കേൾക്കുന്നു.
ടി  വി ഓഫാക്കെടാ നായിന്റെ മോനെ
അതൊരലർച്ചയായിരുന്നു, അശ്വിന്റെ കൈയ്യിലെ റിമോർട്ടിൽ റിയാതെ വിരലമർന്നു, അപ്പൂട്ടിയേട്ടൻ  വിളറി  വെളൂത്തിരിക്കുന്നു, ശരീരമാകെ വിയർപ്പു പൊടിഞ്ഞിരിക്കുന്നു, മേശപ്പുറത്തിരുന്ന ജാറിൽ നിന്നും ,വെള്ളം കുടിച്ചു, ദാഹം  തീരാത്ത പോലെ വീണ്ടും ,വീണ്ടും കുടിച്ചു കൊണ്ടേ ഇരുന്നു. അശ്വിൻ റിമോർട്ടും വലിച്ചെറിഞ്ഞ്  അടുക്കളയിലേക്കോടി.
അമ്മേ  അച്ഛാച്ചന് പിരാന്താ.. എന്നെ ടി വി കാണാൻ വിടുന്നില്ല
ലക്ഷ്മി അടുക്കള തിരക്കിനിടയിൽ സാരിയിൽ കൈ തോർത്തി, പിന്നെ അശ്വിന്റെ കണ്ണീരൊപ്പി,
അച്ഛാച്ചനു  പ്രായമായില്ലേടാ, നിനക്ക് ടി വീന്റെ ഒച്ച ഒന്നു കുറച്ചു വെച്ചാലെന്താ..?”
സിനിമ ഒച്ചയുണ്ടെങ്കിലേ  കാണാൻ ഒരു സുഖമുള്ളൂപിന്നെന്തിനാ ഇവിടെ ഹോം തീയേറ്റർ വാങ്ങി വച്ചെ..?” 
അപ്പു വിന്റെ ചോദ്യത്തിനു മറുപടി പറയാൻ കഴിയാതെ വന്നപ്പോ ലക്ഷ്മി അവനെ പറഞ്ഞയച്ചു,
നീ വാതിലടച്ച് കുറ്റിയിട്ടോ
                     
                വിറ തീരാതെ  ഉമ്മറത്തെ ചാരു കസേരയിൽ അപ്പൂട്ടിയേട്ടൻ തരിച്ചിരുന്നു. അയാളൂടെ മനസിലൂടെ പാലങ്ങളും , റോഡുകളും , തല കീഴായി മറിഞ്ഞുകൊണ്ടേ  ഇരുന്നു. എങ്ങും മരണത്തിന്റെ നിലവിളികൾകടലിരമ്പത്തിന്റെ  ഗാംഭീര്യത , ഇതൊക്കെ കണ്ട് ചിരിക്കുന്ന കൊച്ചുമോൻ, എല്ലാം അയാളെ വല്ലാതെ അസ്വസ്ഥനാക്കി.
അതീ അടുത്തിടെ ഇറങ്ങിയ  “ ലോകാവസാനംഎന്ന സിനിമയാ അച്ഛാ, അച്ഛനെന്തിനാ പിള്ളേരുടെ ടുത്ത്  പോകുന്നേ  അച്ഛനിവിടെയെങ്ങാൻ ഇരുന്നാൽ പോരെ
ലക്ഷ്മിയോട് മറുപടി ഒന്നും പറഞ്ഞില്ല ദേഷ്യത്തോടെ അവളെ ഒന്നു നോക്കുക മാത്രം ചെയ്തു . അവൾ പോയപ്പോഴും അയാളുടെ ഉള്ളിലെ ഭീതി വിട്ടൊഴിയാതെ നിന്നു.
അതീ അടുത്തിടെ ഇറങ്ങിയ  “ ലോകാവസാനംഎന്ന സിനിമയാ അച്ഛാ
ലക്ഷ്മിയുടെ വാക്കുകൾ പിന്നെയും പിന്നെയും  അസ്വസ്ഥമാക്കുന്നു.
              
                     ലോകാവസാനം.   മണ്ണും മനുഷ്യനും, ജീവജാലങ്ങളും, എലാം കീഴ്മേൽ മറിയുന്ന പ്രതിഭാസം, പണ്ട്  കലികാലത്തെ കുറിച്ച് പറഞ്ഞപ്പോ  കുമാരൻ മാഷ് പറഞ്ഞത് അയാൾ ഓർത്തു. അടുത്തു വരുന്ന മരണത്തെ ഓർത്ത് ആശങ്കപ്പെടാതെ ആസ്വദിച്ചിരിക്കുന്ന കൊച്ചുമോൻ . അവന്റെ മുഖം  വരാനിരിക്കുന്ന ഏതോ  കൊടും ദുരന്തത്തിന്റെ പുഞ്ചിരിക്കുന്ന കപട മുഖം പോലെ തിളങ്ങുന്നുജനലഴികൾ ഭേതിച്ച് അവന്റെ  മുറിയിൽ നിന്നും, ഇപ്പോഴും ആ ശബ്ദം  നേർത്തു കേൾക്കാംഅപ്പൂട്ടിയേട്ടൻ അസഹ്യതയോടെ പറമ്പിലേക്കിറങ്ങി. കിളച്ചിട്ട പറമ്പിലെ മൺകട്ടകൾക്കു മീതെ മണ്ണട്ടയെയും, പാറ്റകളെയും,പുഴുക്കളെയും കാണാതെ കോഴികൾ പരക്കം പാഞ്ഞു.   ഒരു മണ്ണൻ വാഴയുടെ ഒടിഞ്ഞ കൈതണ്ട് നേരെയാക്കുമ്പോഴാണ് ശേഖരന്റെ പറമ്പിലെ  കയ്യാല ഒരു മണ്ണുമാന്തി യന്ത്രത്തെ കൊണ്ടിടിപ്പിക്കുന്നത്  കണ്ടത് . വാഹനത്തിന്റെ  ശബ്ദം കേട്ട് കുളക്കോഴികൾ മുളം കാട്ടിലേക്ക്  പറന്നു.അതിരിൽ വച്ച മുള്ളു വേലി എടുത്തു മാറ്റി അപ്പൂട്ടിയേട്ടൻ അവിടേക്ക് ചെന്നു. എന്തെങ്കിലും കിട്ടാതിരിക്കില്ലഒരു സൂപ്പർ വൈറ്റിന്റെ ചക്ര വണ്ടിയും, പിന്നെ ഒരു തൊപ്പിപ്പാളേം  അന്നത്തേക്ക് അപ്പൂട്ട്യേട്ടന് അതു മതിയായിരുന്നു. എന്നെത്തേക്കും.

                 മുറ്റത്തെ പൈപ്പിൻ ചോട്ടിലിരുന്ന് മണ്ണെല്ലാം കഴുകി വൃത്തിയാക്കി ലക്ഷ്മി കാണാതെ അയാൾ കോണിപ്പടി കയറി തന്റെ തട്ടിൻ പുറത്തെ മാന്ത്രിക ലോകത്തിൽ തന്റെ ശേഖര വസ്തുവിനു രണ്ടിനും, ഇരിപ്പിടം ഒരുക്കി.   ഉരുളൂന്ന രണ്ട് റബ്ബർ ടയറുളും , നീല സൂപ്പർ വൈറ്റ് പാട്ടയും, അതിൽ കുത്തി വച്ച സ്റ്റിയറിംങ്ങും, അയാളെ ഗ്രാമത്തിന്റെ മുക്കിലും മൂലയിലും ഓടിപ്പിച്ചു. തൊപ്പിപ്പാളയുടെ പകുതി ദ്രവിച്ച് നാശമായിരിക്കുന്നു.  പിന്നീട്  ചാക്ക് നൂൽ സൂചിയിൽ കോർത്ത്  തൊടിയിലെ കവുംങ്ങും തോപ്പിൽ നിന്നൊരു പാളയെടുത്ത് അയാൾ അതു പോലൊന്ന് പുതുതായി നിർമ്മിച്ചുപാള കോത്തു കെട്ടി, രണ്ടറ്റത്തും, പൂവു പോലെ ഞൊറിഞ്ഞുവച്ച്, പുറം തോലു കളഞ്ഞ് ചിത്രപ്പണികൾ നടത്തി മനോഹരമായ ഒരു തൊപ്പി.

                    അപ്പൂട്ടിയേട്ടന്റെ അട്ടം (മച്ച്) നിറയെ പുരാവസ്തുക്കളൂടെ ഒരു നഗരമാണ്പഴയ ചെമ്പോലയും, തകിടും, താളിയോലകളും, വാർപ്പ് , ഉലക്ക, ഉരുളി, വിളക്ക്, കിണ്ടിഎന്നിവയല്ല ഇനി പഴയ കാലത്തെ ഒന്നു മടക്കി വിളിക്കണമെന്ന് ആർക്കെങ്കിലും തോന്നിയാൽ അപ്പൂട്ടിയേട്ടനോട് ഒന്നു പറഞ്ഞാൽ മതി. ഇതൊന്നും അയാൾക്കൊരു ഹോബിയോ  ലക്ഷ്മീന്റെ പുര്വൻ പറഞ്ഞ പോലെ  തിന്നിറ്റ് എല്ലിന്റെടേൽ കേറിയ സൂക്കേടോ ഒന്നും അല്ലഅയാളുടെ ഓർമ്മകളായിരുന്നു. കാറ്റത്ത് പൂണം പോലെ പരന്ന ഓർമ്മകൾ. തന്റെ ജീവിതത്തിന്റെ  ലയ താളങ്ങൾക്ക് ചുക്കാൻ പിടിച്ചവ
           അയാൾ തൊപ്പിപ്പാളയെടുത്ത് തലയിൽ വച്ചു. നോക്കെത്താ ദൂരത്ത് പരന്നു കിടക്കുന്ന  കല്ലേരി വയൽ. വയല്ലിന്റെ ഒരറ്റത്തു നിന്നും ചോക്കേനേം, വെള്ളേനേം, പൂട്ടിയ കാലം, കാളപൂട്ടൂമ്പം പിള്ളേർ അടുത്തു കൂടും
അപ്പൂട്ടിയേട്ടാ  ഒരു കൊച്ചേന പിടിച്ച് തെര്വാ..?”
കലപ്പയ്ക്കരികിൽ വരുന്ന കൊച്ചകളെ തഞ്ചത്തിൽ ചൂരൽ കൊണ്ടടിച്ച് പിടിക്കാൻ അപ്പൂട്ട്യേട്ടനു നല്ല നേക്കാണ്. അതിങ്ങളേ  ഒന്നു മുട്ടീയാൽ മതി  നിലത്തു വീഴും, വല്ലപ്പോളും കുട്ടികളൂടെ ശല്ല്യം സഹിക്കവയ്യാതാകുമ്പോ ഒന്നിനെ പിടിച്ചു കൊടുക്കും
കൊണ്ടു പോയി കളിക്കാനാണെങ്കിൽ ഇനി മേലാൽ ഇങ്ങോട്ട് വന്നേക്കരുത് , പോയി അമ്മേനോട് വറുത്ത് തരാൻ പറ”  
നിരുപദ്രവകാരികളായ  ജീവികളെ കൊല്ലുന്നതിനോട് അയാൾക്ക് വല്ല്യ താല്പര്യമില്ല, പക്ഷെ കൊന്നാൽ പാപം തിന്നാൽ തീരും എന്നാണല്ലോ..? മനുഷ്യന് ഭൂമിയിൽ ആഹാരത്തിനു വേണ്ട്  പക്ഷികളെയും മൃഗങ്ങളെയും സൃഷ്ടിച്ചു എന്ന അലിഖിത ദൈവ നിയമത്തിന്റെ ലൂപ്പ് ഹോളിൽ കയറി പിടിച്ച് രക്ഷപെടാമെന്നു കരുതിക്കാണുംവെയിലു മൂക്കുമ്പം തൊപ്പിപ്പാ‍ളയിൽ തിരുകിയ മുറുക്കാനെടുത്തു ചവയ്ക്കും, വായ വറ്റാതെ ഉമിനീർ നിറയ്ക്കും, ച്ച  മൂക്കുമ്പം, സരസു  കഞ്ഞീം,  കാലികൾക്കുള്ള വെള്ളവും കൊണ്ടു വരും

                 മച്ചുമ്മലെ കോളാമ്പീൽ അയാൾ ഒരു പഴയ നാടക ഗാനം വച്ചു. മൂർന്നു കിടക്കുന്ന കല്ലേരി വയലിൽ പന്തലു കെട്ടി, സ്റ്റേജൊരുക്കി പായേം തുണീം എടുത്ത് നാടകം കാണാൻ പോയപ്പോഴായിരുന്നു.സരസൂനെ  ആദ്യം കണ്ടത് . നാടകം കഴിഞ്ഞു  വീട്ടിൽ പോകുമ്പോ ചെമ്മരേട്ടന്റെ തെക്കേ പറമ്പിൽ കൂടെ ഒറ്റയ്ക്ക്  പോകാൻ മടിച്ച സരസൂനെ .
ടാ  അപ്പൂട്ട്യേ  പെണ്ണിനെ ഒന്നാ ചെമ്മരന്റെ പറമ്പിന്റപ്പറമാക്കിയേ”    എന്ന് ഓമനേടത്തി പറഞ്ഞപ്പോ ആദ്യം പേടിയായിരുന്നു മനസ്സിൽ തോന്നിയത് , ചെമ്മരേട്ടന്റെ കയ്യാല കഴിഞ്ഞപ്പോ തന്നേ  ചൂട്ട് കെട്ടുസരസൂനെക്കാൾ പേടി അപ്പോൾ അപ്പൂട്ടിക്കായിരുന്നു. ആഞ്ഞു വീശി ചൂട്ടിനു തീ വരുത്തി
          “വേണമെങ്കിൽ കടല കൊറിച്ചോ”  ഇതായിരുന്നു അപ്പൂട്ടിയുടെ ആദ്യത്തെ പ്രണയ സമ്മാനം

                   താഴെ ആരൊക്കെയോ തെറി പറയുന്ന കേട്ടാണ്  അപ്പൂട്ടിയേട്ടൻ താഴെ ഇറങ്ങിയത് . തൊപ്പിപ്പാളയൂരി അയാൾ അതാഴെ ചെന്നു. നോക്കുമ്പോ റേഡിയോയിലാണ്ണ്  എന്താണ് പറയുന്നതെന്ന് തീർത്തും മനസിലാകുന്നില്ല
ലക്ഷ്മ്യേ”   അയാൾ നീട്ടി വിളിച്ചു.   “എന്താണേ.. റേഡ്യം പറയ്ന്നേ..?”
അത്   എഫ് എം സ്റ്റേഷനാ അച്ഛാ അച്ഛനു മനസിലാവൂല്ല
എന്നാ അതിന്റെ ശബ്ദം ഒന്ന് കുറച്ചൂടെ  നിനക്ക്.   മന്ച്ചന്റെ  ചെവി പൊട്ട്വാന്ന്
അയാ അസഹ്യത പ്രകടിപ്പിച്ചു. ദേഷ്യം കൊണ്ട് ലക്ഷ്മി പിറു പിറുത്തു.
സാധാരണ വയസ്സായാൽ മന്ച്ചനു ചെവി കേൾക്കാണ്ടാവലാണ്  പതിവ് ഇതിപ്പം നേരെ തലതിരിച്ചാമനുഷ്യനു ഒരു സ്വൈര്യം തരില്ലാന്ന് ച്ചാ‍ എന്താ ചെയ്ക”
                  
                താഴെ ഇറങ്ങുമ്പോൾ ശബ്ദങ്ങളാണ്  എങ്ങും.   കേൾക്കാൻ സുഖമുള്ള ഒരു ശബ്ദവും  അയാൾക്ക് ലഭിച്ചില്ല. എല്ല്ലാം കർണ്ണം തുളച്ചു കയറൂന്ന  വികൃത ശബ്ദങ്ങൾപ്രാവിന്റെ കുറുകൽ പോലും പേടിപ്പെടുത്തുന്നവ .   അയാൾ വീണ്ടും  തട്ടിൻ പുറത്തേക്കു കയറിഅവിടെ തന്റെ ഓർമ്മകളിലേക്കു പറക്കാൻ അയാൾ തൊപ്പിപ്പാള തലയിൽ വച്ചു ..  ഇപ്പൊ പരന്നു കിടക്കുന്ന ലോകം അയാൾക്കു കാണാം  എല്ലായിടത്തും പാകപ്പെടുത്തിയെടുത്ത മനസ്സുകൾ , കൃഷിയിടങ്ങൾ , അധ്വാനിക്കുന്നവന്റെ വിയർപ്പുതുള്ളികൾ ഒഴുകി ഒഴുകി ചെറു തോടുകളായി പിന്നെ അതു പുഴകളായി ഒഴുകുന്നു. പച്ചവിരിച്ചു നിൽകുന്ന കല്ലേരിപ്പാടത്ത് കുത്തി നിർത്തിയ ചെങ്കൊടികൾ  പാടത്തിനപ്പുറത്തെ ഏറുമാടത്തിനപ്പുറത്തെ കശുമാവിൻ ചോട്ടിൽ കരിയില വകഞ്ഞു മാറ്റിയതിന്റെ അടയാളങ്ങൾ അതു പോലെ കിടക്കുന്നുജന്മിയുടെ നെല്ലും വണ്ടീം പിടിച്ചെടുക്കാൻ അന്ന് കർഷക സംഘത്തിന്റെ രഹസ്യ യോഗം ചേർന്നത് അവിടെയാ. തിളയ്ക്കുന്ന യൌവ്വനങ്ങളുടെ ചോരയുടെ മണം, തല്ലുകൊണ്ടാലും  ചുരലു പൊട്ടുന്ന സമര വീര്യം, സിരകളിലൂടെ  ഒരു തരിപ്പ് കേറി അപ്പൂട്ട്യേട്ടന്

                ചോറും കറിയും വിളമ്പി വെച്ച് ലക്ഷ്മി വിളിച്ചുവിശപ്പ് തീരെ ഇല്ലാതായിരിക്കുന്നു
ലക്ഷ്മീടെ ശകാരം പേടിച്ചാണു വല്ലതും  കഴിച്ചൂന്ന് വരുത്തുന്നതു തന്നെ , താഴെ ഇറങ്ങാൻ ഇപ്പൊ മടിയായിരിക്കുന്നു, അടുത്തിടെയായി ലക്ഷ്മീന്റെ മൂത്ത മോൾടെ ഡാൻസ് പഠിത്തമാ, താഴെ ഇറങ്ങിയാൽ തല പെരുക്കുംഓരോ  പാട്ടും  ഓരോ  കളികളും,
അരേം മൊലേം  കുലുക്കി പ്രായം തികഞ്ഞ പിള്ളേര ഇങ്ങനെ  കൂത്താടാൻ വിടുന്നതിലും നല്ലത്  കണ്ടോനു   കൊണ്ടുപ്പോയി  കൂട്ടികൊടുക്കുന്നതല്ലെ  നായ്ക്കളേ”   എന്നൊരിക്കൽ ലക്ഷ്മിയോട് പ്രതികരിച്ചതാ..  അന്ന് ലക്ഷ്മീടെ പുര്വന്റെ കയ്യീന്ന് നല്ലോണം കിട്ടി
കെളവന്  നട്ടപ്പിരാന്താ”  എന്നും പറഞ്ഞ്  മരുമകൻ  ശകാരം അവസാനിപ്പിച്ചുഅയാൾക്ക് അപ്പൂട്ടിയെ കാണുന്നതെ ചതുർത്ഥിയാ.. മറ്റൊന്നും അല്ല  ഇൻഷൂറൻസ് കമ്പനിയിലെ ജോലിക്കാരനാ അയാളൂടെ ക്ലൈന്റ്സും, ഫ്രൻസും, വീട്ടീൽ വരുമ്പോഴാകുംവല്ല പാട്ടയോ , കുപ്പിയോ ഒക്കെ പെറുക്കിക്കൊണ്ടുള്ള അപ്പൂട്ടിയേട്ടന്റെ  വരവ്. ഇതൊക്കെ അയാളെ മനപൂർവ്വം ഇൻസൽട്ട് ചെയ്യാണാണെന്നാ  അയാളൂടെ  ധാരണ.  പലപോഴായി അയാൾ ലക്ഷ്മിയോടു പറഞ്ഞതാ. വല്ല സ്നേഹ സദനത്തിലോ മറ്റോ അക്കാം എന്ന്.
മസാമാസം ഒരു തുക നൽകിയാൽ മാത്രം മതിയല്ലോ . എന്നാലും വല്ല്യ നഷ്ടം വരില്ല , മനുഷ്യനു മാനം ഭാക്കിയുണ്ടാവൂല്ലോ”.   ഇതായിരുന്നു അയാൾടെ നിലപാട്  ഇതു കേൾക്കുമ്പോ ലക്ഷിമി കരയുംപിന്നെ അയാൾ പറഞ്ഞതൊക്കെ പിൻ വലിക്കും .
എന്തൊക്കെയായാലും എന്റെ അച്ഛനായിപ്പോയില്ലെ  അങ്ങിനെ കളയാൻ പറ്റ്വോ.?” എന്ന് ലക്ഷ്മി . അതോടെ ചർച്ച അവിടെ അവസാനിക്കും,

                           കണ്ണുതുറന്നപ്പോ  നല്ല മഴജനാലയ്ക്കിടയിലൂടെ ചെറു തുള്ളികളായി വന്ന് മഴ അപ്പൂട്ട്യേട്ടന്റെ ഉറക്കമുണർത്തി എന്നു പറയുന്നതാവും ഉചിതം. അയാൾ തന്റെ തൊപ്പിപ്പാളയെടുത്ത് പടവുകൾ ഇറങ്ങി. ഉമ്മറത്ത് ആരും ഇല്ല, തോരാതെ പെയ്യുന്ന മഴയത്ത് അയാൾ മുറ്റത്തേക്കിറങ്ങി തൊടിയും കടന്ന്. നാരായണേട്ടന്റെ  പറമ്പിലൂടേ പരന്നു കിടക്കുന്ന കല്ലേരി വയലിലേക്ക് അയാൾ  നടന്നു. ടില്ലറുഴുതു മറിച്ചിട്ട വയലിൽ മഴ വീണപ്പോൾ കലങ്ങി മറിഞ്ഞു. അയാൾ പാടത്തേയ്ക്കിറങ്ങി  ചെളിയിൽ കാൽ പുതച്ചു, നിലം ചവിട്ടിക്കൊഴുപ്പിച്ചുഉറക്കെ ഞാറ്റു പാട്ട് പാടി, എല്ല്ലാം മഴയിലലിഞ്ഞു. താറാക്കൂട്ടങ്ങൾ  നിരനിരയായി തോട്ടു വക്കിലൂടെ നീങ്ങി, കാക്കകളും കൊച്ചകളും മരകൊമ്പിലെ ഇലക്കുടകൾക്കുള്ളിൽ അഭയം തേടിഇണയെത്തേടി ഒരു ഇറ്റിറ്റി പുള്ള്  പാടാത്തൂടെ ഒച്ചയിട്ട് അലഞ്ഞു നടന്നു.   അയാൾ തിരിച്ചു പോവുകയായിരുന്നു, മഴയുടെ ചിറകിലേറി .

        സരസു ലക്ഷ്മീനെ പെറ്റ ദിവസം, ചളിക്കണ്ടത്തിൽ കമ്മാരനാ ആദ്യം വന്ന് വിവരം പറഞ്ഞെ . കലപ്പേം താഴെ ഇട്ട് , “ചോക്കേനേം വെള്ളേനേം നോക്കണെ  കമ്മാരാ”  എന്നും പറഞ്ഞ്  ഓടുകയായിരുന്നു. ചെളീം കാലോണ്ട് നടൂലകത്ത് വരെ കേറിയപ്പോ  കണ്ട് നിന്ന പെണ്ണ്ങ്ങള്  കളിയാക്കി ചിരിച്ചു.  “എന്താ അപ്പൂട്ട്യേ  പെണ്ണ് പെറ്റൂന്ന് കേട്ടപ്പോ വീടേതാ കണ്ടേതാന്ന്  മറന്ന് പോയാ”.?  എല്ലാരും കൂടി ഓരോന്ന്  അടക്കം പറഞ്ഞുഅപ്പൂട്ടി മറ്റൊരു ലോകത്തായിരുന്നു.  “ചെളിക്കയ്യിലേക്ക് ഇട്ടുതന്നു  സരസു എന്റെ ലക്ഷ്മീനെ”  കയ്യിലെ കുളുപ്പും , നെറ്റിയിലെ വിയർപ്പും, തലയിൽ നിന്നും  വീണ മഴത്തുള്ളികളുംനനഞ്ഞപ്പോ ലക്ഷ്മി കരഞ്ഞുപിന്നെ അച്ഛന്റെ കൈയീന്ന് താഴെ ഇറങ്ങാത്ത മോളായിരുന്നു.

            ഉമ്മറത്ത് ആരൊക്കെയോ ഉണ്ടായിരുന്നു പോലും, ഒന്നും അപ്പൂട്ടി കണ്ടില്ല , താഴെ ലക്ഷ്മീന്റെ പുര്വൻ ഒച്ചയിടുന്നതു മാത്രം കേൾക്കാംകേട്ടാലറയ്ക്കുന്ന വാക്കുകളിൽ അസഭ്യം പറയുന്നതും ലക്ഷ്മി പരിഭവം പറയുന്നതും  ഉയർന്നു കേൾക്കാം.   കോണിപ്പടി  കയറി ആരോ വരുന്നുണ്ട് ..  ലക്ഷ്മിയാണ്.  
അച്ഛന് എന്റെ കുടുബം നശിപ്പിച്ചേ അടങ്ങൂ എന്ന വാശിയാന്നോ..? എന്തിനാ ഞങ്ങളോടിങ്ങനെ മഹേഷേട്ടനെ എത്ര ളുളുടെ മുന്നിൽ വച്ചാഅപമാനിച്ചേന്ന് അച്ഛനറിയോ.. ? എന്താ അച്ചനൊന്നും മിണ്ടാത്തെ  അച്ഛനു സമനില തെറ്റിയോ ..?  ചെളീം കാലോണ്ട് കേറി വരാൻഒക്കെ മന:പൂർവ്വം ചെയ്യുന്നതല്ലെ ഞങ്ങളെ ദ്രോഹിക്കാൻ  ഇതിനും മാത്രം എന്തു തെറ്റാ ഞങ്ങൾ അച്ഛനോട് ചെയ്തേ..?” അവൾ കരഞ്ഞും കൊണ്ട് ഇറങ്ങിപ്പോയി.
                 തനിക്കെന്താണ് സംഭവിക്കുന്നതെന്നോർത്ത്  ആശങ്കപ്പെട്ടുകിടക്കുകയാണയാൾ , തലയിൽ ഉറച്ചു പോയ തൊപ്പിപ്പാള വളരെ പണിപ്പെട്ട് അയാൾ എടുത്തു മാറ്റി. താനെന്തൊക്കെയാണ്  ചെയ്തു കൂട്ടിയത്..?  ഉമ്മറത്ത് മഹേഷിന്റെ കൂട്ടുകാർ ആരൊക്കെയോ ഉണ്ടായിരുന്നു പോലും, അവരുടെ മുന്നിലൂടെയാണ് ചെളിയും കാലും കൊണ്ട്  താൻ നടന്നു വന്നത്. ഒക്കെ അറിഞ്ഞു കൊണ്ടാണോ അല്ലയോ എന്ന് ഓർത്തെടുക്കാൻ അയാൾ നന്നെ പണിപ്പെട്ടു.  

                    ഉച്ചയൂണും കഴിഞ്ഞു ചെറുമയക്കത്തിലായിരുന്നു അപ്പൂട്ടി.കോളാമ്പിയിൽ
തലയ്ക്കു മീതെ ശൂന്യാകാശം താഴെ മരുഭൂമിഎന്ന സുപ്രസിദ്ധ നാടക ഗാനത്തിന്റെ ഈരടികൾ മൂളുന്നു. ലക്ഷ്മി പടി കയറി വന്നത് അയാൾ അറിഞ്ഞിട്ടേ ഇല്ല , അവൾ മെല്ലെ കോളാമ്പിയുടെ പാട്ടു നിർത്തിഅച്ഛന്റെ ടുത്തു വന്നിരുന്നു.
അച്ഛാ.. അച്ഛനോടൊരു കര്യം പറയാനാ ഞാൻ വന്നത്. അച്ഛനീട ഒറ്റയ്ക്കിരികുമ്പം മടുപ്പ് വെര്ന്നില്ലെ.. ? അതോണ്ടല്ലെ  ഇന്നലെത്തെപ്പോലെ ഓരോന്ന് മനസില്  കേറി വരുന്നേ.
അവിടെ അച്ഛനെപ്പോലെ കുറേ പേരുണ്ടാകും, അവിടെയാകുമ്പോ അവരോടൊപ്പം സൊറേം പറഞ്ഞിരിക്കാം , ഇങ്ങിനെ പ്രാന്തും കേറി വരൂല്ല.  മഹേഷേട്ടൻ എല്ലാം റെഡിയാക്കീറ്റ്ണ്ട്ന്ന് പറഞ്ഞിറ്റ്  ഇപ്പൊ ഫോൺ വിളിച്ചിരുന്നു. നാളെ കാലത്ത് പോണ്ടി വരും, അധികം ദൂരെ ഒന്നും അല്ലല്ലോ  ആഴ്ചയ്ക്ക് ഞാൻ വന്നു കണ്ടോളാം” 
അയാൾ ഒന്നും പറഞ്ഞില്ല, മെല്ലെ അയാൾ അവളൂടെ കൈ ചേർച്ചു പിടിച്ചു. തന്നെ വീട്ടിൽ നിന്നും എവിടേക്കോ മാറ്റാൻ പോവുകയാണെന്ന് അയാൾക്കു മനസിലായി, പിന്നെ ലക്ഷ്മിയുടെ കൈയ്യിൽ മൃദുവായി ഒന്നു ചുമ്പിച്ചു.
പണ്ട്  സരസു  ചേറും കൈയ്യിലേക്കിട്ടു തന്ന മോളാ നീ . അന്നു തൊട്ട് ഇന്നേവരെ ചേറെന്താ ചെളിയെന്താന്ന് അറിയിക്കാണ്ട് ഞാൻ വളർത്തിയ മോള്.    മോക്ക് ഇപ്പൊ അച്ഛനൊരു ശല്ല്യമായല്ലെ . അച്ച്ഛനു പിരാന്താ മോളേ  നിന്റെ എളേ മോനും, നിന്റെ പുര്വനും, പറഞ്ഞ പോലെ , എനക്ക് പിരാന്താ, ഏട്യാന്ന് വച്ചാ ഞാൻ പോയ്ക്കോളാം, ഇതെല്ലും, പൊറ്ക്കിക്കെട്ടി അങ്ങോട്ട് കൊടൂത്തയച്ചാല് മതി”   അപ്പോഴാണ് ലക്ഷ്മി പുരാതന നഗരം ശരിക്കൊന്ന് കാണുന്നതു തന്നെ . തട്ടിൽ പുറത്ത് ഒരെലിക്കു പോലും നടക്കാൻ സ്ഥലമില്ലാത്ത വിധം സാധനങ്ങൾ ,
അയ്യോ ഇതൊന്നും അങ്ങോട്ടു കൊണ്ടു പോകാൻ പറ്റില്ലച്ഛാമഹേഷേട്ടൻ ഏതോ ഹോട്ടലു കാരോട് ഇതിനെ കുറിച്ച് പറഞ്ഞിട്ടൂണ്ട്  അവർ പുതുതായി തുടങ്ങുന്ന ഹോട്ടലിലേക്ക് കുറച്ചു സാധനങ്ങൾ വേണമെത്രേ. അലങ്കാരത്തിനേ.. ഒത്താൽ നല്ല വിലകിട്ടും.” 
എന്തോ പറയാൻ തുടങ്ങിയപ്പോ അയാളുടെ തൊണ്ടയിൽ ശ്വാസം ഉടക്കി, തട്ടിൻ പുറത്തെ കുറുകുന്ന പ്രാവുകൾ പറന്നകന്നു, മൂലയോടിനുള്ളിൽ കൂടൊരുക്കിയ രണ്ട് അണ്ണാരക്കണ്ണന്മാർ ചിലച്ചുകൊണ്ട് ഇറങ്ങിപ്പോയി, അയാൾ മെല്ലെ പടിയിറങ്ങി, ഉമ്മറത്തെ ചാരു കസേരയിൽ പോയി ഇരുന്നു. മുറ്റത്ത് മഴവന്നതും, പോയതും അയാൾ അറിഞ്ഞതേ ഇല്ല, ഏതോ വാഹനത്തിന്റെ  ഒച്ച കേട്ടാണ് അയാൾ ഉണർന്നത്. കുറേ ആൾക്കാർ മച്ചിന്റെ മുകളിലേക്ക് കയറിപ്പോകുന്നു  തിരിച്ചു വരുന്നവരുടെ കൈകളിൽ  തന്റെ മനസ്സും ഓർമ്മകളും, .പലതും, ഒറ്റയ്ക്കു ചുമക്കാൻ കഴിയാത്തതിനാൽ രണ്ടു പേർ ചേർന്ന് കൊണ്ടു വന്നു, ഓരോ സാധനങ്ങളും തന്റെ കൺ മുന്നിൽ കൂടെ മുറ്റത്തെ ലോറിയിൽ നിറയുമ്പോഴും അയാൾ ഒന്നും മിണ്ടിയില്ല  ഏതോ ഒരു അദൃശ്യ ശക്തി, തന്നെ പിന്നിൽ നിന്നും വിലക്കിടുന്ന പോലെ ,
             
                 പെട്ടെന്നയാൾ തട്ടിൻ പുറത്തേക്കോടിഎല്ലായിടത്തും തിരഞ്ഞു, പക്ഷെ കിട്ടിയില്ല , എവിടെയായിരുന്നു താൻ  ഊരിവച്ചത് അയാൾ ചിന്തിച്ചു. എല്ലായിടത്തും, തപ്പി എന്താണെന്ന് ലക്ഷ്മി പലവട്ടം ചോദിച്ചിട്ടും ഒന്നും പറഞ്ഞില്ല,
തൊപ്പിപ്പാള അതു നഷ്ടമായിരിക്കുന്നു. തിരിച്ച് ഉമ്മറത്തേക്കു വന്ന് കസേരയിൽ ഇരുന്നു ചെവിക്കിടയിൽ തിരുകിയ ബീഡിക്കു തീക്കൊളുത്തി അയാൾ ഞ്ഞാഞ്ഞു വലിച്ചുപുക തൊണ്ടയിൽ കുരുങ്ങി അയാൾ കുരച്ചു തുപ്പി. പിന്നേം പിന്നേം ആഞ്ഞു വലിച്ചു.
തന്റെ ഓർമ്മകളെയും പേറി ഒരു ശകടം കണ്മുന്നിൽ നിന്നും മെല്ലെ അകലുകയാണ്. അയാളൂടെ കൈയ്യിലെ പാതി എരിഞ്ഞ ബീഡീ നിലത്തു വീണു. ഉമ്മറപ്പടിയിലിരുന്ന ലക്ഷ്മി പെട്ടെന്നമ്പരന്നു.അകലുന്ന ലോറിയിൽ  തൊപ്പിപ്പാളയും വച്ച് തന്നെ അച്ഛനിരിക്കുന്നുഇവിടെ ഉമ്മറത്തെ ചാരുകസേരയിൽ  അയാൾ ഉറങ്ങുന്നുഅവൾ അച്ഛനെ  തൊട്ടുവിളിച്ചുഅപ്പോഴേക്കും അയാൾ വണ്ടിക്കൊപ്പം അകലേക്ക് മറഞ്ഞിരുന്നുലക്ഷ്മി ഉറക്കെ കരഞ്ഞു.   അപ്പൂട്ടിയുടെ കൈയ്യിലെ തഴെ വീണ ബീഡിക്കുറ്റിയിലെ തീയ്യഞ്ഞുഅതിൽ നിന്നും  ഉയർന്ന പുകച്ചുരുളൂകൾ രൂപാന്തരം പ്രാപിച്ച്  വാനിലേക്കുയർന്ന്  ദീപങ്ങളായി മാറി. അപ്പൂട്ടീയുടെ  തലയ്ക്കലും കാൽക്കലും  വച്ച മുറിതേങ്ങകളിലെ നെയ്യിൽ എരിഞ്ഞു കത്തുന്ന നാലു ദീപങ്ങൾ.
****************************************************************************************************        
                                                                            ബിജു കൊട്ടില.