NINGALKKU EE BLOG VAYIKKAN KAZHIYUNNILLEE PLEACE DOWNLOAD THIS FONTS

Font Banner

Tuesday, September 14, 2010

LIVING MARTYR

LIVING  MARTYR

തുറിച്ചു നിൽക്കുന്ന കണ്ണുകളുമായി  കിടക്കുന്നത് കണ്ട് അല്പം പേടിയോടെയാണ്   പ്രസീത സതീശനെ വിളിച്ചുണർത്തിയത്.  വിറയ്ക്കുന്ന മുഖത്ത് വിയർപ്പുതുള്ളികൾ ഭയങ്ങളായി  നിഴലിച്ചു...
വെള്ളം നനച്ച തോർത്തെടുത്ത് പ്രസീത സതീശന്റെ മുഖം  തോർത്തി.
 “എന്താ സതീശേട്ടാ... എന്തു പറ്റി..?”
നാവു വരണ്ടിരുന്നു എന്തോ പറയാൻ തുനിഞ്ഞെങ്കിലും വാക്കുകൾ വിങ്ങലുകളായി പുറത്തു വന്നു.
“ഓരോന്നോർത്തു കിടക്കും. അതല്ലെ ഇങ്ങിനെയൊക്കെ..” 
സതീശന്റെ നെറ്റിയിൽ പ്രസീത മൃദുവായൊന്നു ചുംബിച്ചു.
“എനിക്കടുക്കളയിൽ നൂറു കൂട്ടം പണിയുണ്ട്.. ഞാനിപ്പോ വരാം”
മേശപ്പുറത്തിരുന്ന പത്രം എടുത്തു കൊടുത്ത് പ്രസീത അടുക്കളയിലോട്ടു പോയി.
                 സതീശൻ കണ്ണുകൾ ഇറുകിയടച്ചു.  കണ്ണിൽ ബാക്കിനിന്നിരുന്ന കണ്ണൂനീർ കൂടി ഒഴുക്കികളഞ്ഞു. എവിടെയൊക്കെയോ  അലർച്ചകൾ, മുറുമുറുപ്പുകൾ, ഞരക്കങ്ങൾ പതിവില്ലാത്ത ചൂടനുഭവപ്പെടുന്നു. പത്രം കൊണ്ട് സതീശൻ വീശി..
“ആരാണെന്നെ വെട്ടി വീഴ്ത്തിയത്!!!....?”
വർഷം ഒന്നു കഴിഞ്ഞിട്ടും  ഒരു നിഴലുപോലെ അവ്യക്താ‍മാ‍യ ഒരു രൂപം . എങ്കിലും  അടുത്ത് പരിചയമുള്ള ഒരു മണമായിരുന്നു.  വിനോദിന്റെ അനുശോചനവും കഴിഞ്ഞു മടങ്ങിയ  രാത്രി, ഇടവഴിയിൽ വച്ചായിരുന്നു.  ആരാണെന്നറിയില്ല പിന്നിലായിരുന്നു ആദ്യത്തെ അടി. അതോടെ  കാഴ്ചകൾ പതിയെ മങ്ങി.  കയ്യിലുള്ള ടോർച്ചു വെളിച്ചം തെളിയിക്കാൻ നോക്കി.  കൈകൾക്ക് ബലം കിട്ടിയില്ല. പിന്നീടായിരുന്നു പിൻ കഴുത്തിനു വെട്ടേറ്റത്. പിന്നെ ബോധം വന്നു നോക്കിയപ്പോൾ കെട്ടിയിരിക്കുന്ന ബാന്റേജുകൾ  പറഞ്ഞു തന്ന മുറിവുകൾ  പലേടത്തും . 
                   ചെറുമണ്ണൂരും  പരിസരത്തും രാഷ്ട്രീയ കൊലപതകങ്ങൾ നടക്കുന്ന സമയമായിരുന്നു. അന്ന് ചേരൂരിലെ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു സതീശൻ. ആക്രോശത്തോടെ വന്ന അണികളെ  പാർട്ടി ആവുന്നതും  തടഞ്ഞു. “പോകരുത്.. നാളെ നമ്മൾക്കുനേരെ തിരിയും. നിരപരാധികൾ വേട്ടയാടപ്പെടും” പാർട്ടി നേതൃത്വത്തിന്റെ തീരുമാനങ്ങൾക്കൊന്നും  അവരെ തടയാൻ കഴിയുമായിരുന്നില്ല. ഇന്നലെ അവരുടെ പ്രിയപ്പെട്ട സഖാവിനെയാണ് അവർ വെട്ടി വീഴ്ത്തിയത്.
“സതീശേട്ടാ മരിക്കാൻ ഞങ്ങൾക്ക് ഭയമില്ല. പക്ഷെ.. വിനോദേട്ടനെ..” രാജേഷ് പൊട്ടിക്കരഞ്ഞൂ.  “കിഴക്കെ ശിവനാ!!!  ഞാൻ കണ്ടതാ അവന്റെ ഇടതുകയ്യിലെ ഹനുമാന്റെ പച്ചകുത്തിയ രൂപം  സ്റ്റ്ട്രീറ്റ് ലൈറ്റിൽ തെളിഞ്ഞ് കണ്ടതാ..  “വിടില്ല ഞാൻ അവനെ..”
             പിറ്റേന്ന് ശിവന്റെ മരണവാർത്ത നാട്ടിൽ പരന്നു.  അതിനു പ്രതികാരമെന്നോണമായിരിക്കാം തന്നെ അവർ ആക്രമിച്ചത്. രാത്രികളുടെ ഓരോ ചീവീടനക്കവും  വേദനകളുടെ പുതിയ അധ്യായങ്ങൾ തുറന്നു തന്നു.  കണ്ണടയ്ക്കുമ്പോൾ തെളിയുന്നത് തിളങ്ങുന്ന വാൾമുനയാണ്.  മങ്ങിയ വെളിച്ചത്തിൽ കുറേ രൂപങ്ങളും. എന്തിനായിരുന്നു അവരെന്നെ!!!..?  പിറ്റേന്ന് അതിനു  പകരം കൊന്നത് ശിവക്ഷേത്രത്തിലെ പൂജാരി  ഹരിപ്രസാദിനെ.  അയാളും തന്നെപ്പോലെ നിരപരാധിയായിരിക്കുമോ? അറിയില്ല. തീവ്ര ഹിന്ദുത്വം നാടിനാപത്താണെന്ന് താൻ പ്രസംഗിച്ചു നടന്നിരുന്നു.  ഒരു പക്ഷെ അതായിരിക്കാം അവർ എന്നിൽ കണ്ട കുറ്റം.
 “നേരം കളയാൻ  ഒരു പാടു കാര്യങ്ങളില്ലേ പിന്നെന്തിനാ ഇതൊക്കെ  വീണ്ടും വീണ്ടും ഓർക്കുന്നെ”
പ്രസീത ഇടയ്ക്കിടെ ഓർമ്മിപ്പിക്കാറുണ്ടെങ്കിലും വീണ്ടും വീണ്ടും ഓർത്തു പോകുന്നു. നേരം കളയാൻ എന്തൊക്കെ കാര്യങ്ങൾ.  അതെ ശരിയാണ് അയാൾക്ക് നേരം കളയാൻ ഒരു പാടു കാര്യങ്ങൾ ഉണ്ടായിരുന്നു. വായിച്ചിരുന്ന പുസ്തകങ്ങൾ, കണ്ടു തീർത്ത സിനിമകൾ, കേട്ടു തീർത്ത പാട്ടുകൾ, പറഞ്ഞുതീർത്ത വർത്താനങ്ങൾ.. ഇവയെല്ലാം സമയം കളഞ്ഞിരുന്നു. ഒടുവിൽ  ഇപ്പൊ  ഇവയ്ക്കൊന്നും കളയാൻ പറ്റാത്തത്ര സമയം പെരുകിയിരിക്കുന്നു. പഴയതൊക്കെ ഓർക്കാൻ വേണ്ടി മാത്രം .
                   വാൾമുനത്തുമ്പിലൂടെ തന്നെ രണ്ടായ് പിളർക്കുന്നൊരു വേദന. സതീശൻ അലറി കരഞ്ഞു. ഒച്ച കേട്ട് പ്രസീത ഓടി  വന്നു.. “എന്താ സതീശേട്ടാ..?” 
“പുറത്ത് വേദനിക്കുന്നു. ഒന്നാ കെട്ട് അഴിച്ചു താ..”   കഴിഞ്ഞ മാസമാണു പുറത്താകെ കുമിളകൾ വന്നത്. ഇത്രയും നാൾ വെള്ളം നിറച്ച ബെഡ്ഡിലായതിനാൽ ഒന്നും അറിഞ്ഞിരുന്നില്ല. ഇപ്പോ അതു മാറ്റാൻ ഡോക്റ്റർ പറഞ്ഞിരിക്കുന്നു. ഞരമ്പുകളിലൂടെയുള്ള രക്തയോട്ടം കുറഞ്ഞിട്ടുണ്ട് പോലും.  അതുപേക്ഷിച്ചപ്പൊ  പുതുതായി കടന്നു വന്നതാണീ കുമിളകൾ. ഇപ്പൊ അതു പൊട്ടി പുണ്ണായിരിക്കുന്നു. അവ പുറമാകെ കാർന്നു തിന്നുകയായിരുന്നു.
പ്രസീത സതീശനെ മെല്ലെ തിരിച്ചു കിടത്തി. ..പുറത്തെ കെട്ടുകൾ പുണ്ണോട് പറ്റിച്ചേർന്ന് വലിഞ്ഞു മുറുകിയിരിക്കുന്നു. ചൂടുവെള്ളം നനച്ച് പതിയെ പതിയെ വേദനയില്ലാതെ ഓരോന്നായി അടർത്തി മാറ്റി. നനഞ്ഞ തുണി കൊണ്ട്  ദേഹമാസകലം കഴുകി. ഒരു വല്ലാത്ത നാറ്റം അവൾക്ക് മനംപുരട്ടലുണ്ടാക്കി.  പുറത്ത് നട്ടെല്ലിനു താഴെ..ഒരു വലിയ കറിപാത്രത്തിന്റെ വട്ടത്തിൽ പഴുത്തിരിക്കുന്നു. പഴുപ്പെല്ലാം ഒരു ചെറിയ ബ്ലേഡുപയോഗിച്ച് പ്രസീത ചുരണ്ടിയെടൂത്തു. വേദന കടിച്ചമർത്താനാകാതെ സതീശൻ അലറി.  സതീശന്റെ കരച്ചിൽ പ്രീതയെയും കരയിച്ചു. സാരിതുമ്പു കൊണ്ടൂ കണ്ണൂ തുടച്ച് പുണ്ണുകളിൽ മരുന്നു വച്ച് കെട്ടി ദുർഗന്ധം ശമിക്കാൻ വാസന പൌഡർ വിതറി. തിരിച്ചു കിടത്തുമ്പോൾ സതീശൻ ചോദിച്ചു. “ നീ ഇപ്പോ എന്നെ ശപിക്കുന്നില്ലെ പ്രസീതേ ” 
നിസ്സരമായി ഒരു ചിരി ചിരിച്ച് പ്രസീത അടുക്കളയിലേക്കു പോയി. കല്ല്യാണം കഴിഞ്ഞു  സന്തോഷത്തിന്റെ നാലു മാസം മാത്രമെ അവൾക്കു നൽകാൻ കഴിഞ്ഞൂള്ളൂ. അതിൽ കഷ്ടിച്ച് ഒരു മാസം കാണും ഒന്നിച്ചു കിടന്നതും തമാശ പറഞ്ഞതും. പാർട്ടി ആഫീസിൽ നിന്നും വരുമ്പോ സമയം പാതിര കഴിയും.  അവൾ മേശപ്പുറത്ത് ചോറും വിളമ്പി വെച്ച് മയങ്ങും. അവൾ അനുഭവിക്കുന്ന കഷ്ടതകൾ ഓർക്കുമ്പോഴാണു സങ്കടം  തന്നെ കുറിച്ച് തനിക്കു വേവലാതികൾ ഇല്ല. സ്വന്തം പാർട്ടിക്കു വേണ്ടി താൻ വിശ്വസിക്കുന്ന ആദർശത്തിനു വേണ്ടി ഇനി ഇതിലും വലുതും അനുഭവിക്കാൻ താൻ  തയ്യാറാണ്.
പക്ഷെ താൻ  കാരണം പാവം വല്ലാതെ കഷ്ടപ്പെടുന്നു. ഉടുത്തൊരു തുണിക്ക് മറുതുണി വാങ്ങി കൊടുക്കാൻ കഴിയാത്ത ഒരു ഭർത്താവ്. ഒരു പക്ഷെ നാട്ടുകാർക്കു മുന്നിൽ അവൾ ഉത്തമയായ ഭാര്യയായിരിക്കാം. അതിനാലാകാം പാർട്ടി അവൾക്ക് ബാങ്കിൽ സ്വീപ്പർ വേലയും തരപ്പെടൂത്തി.   പക്ഷെ എനിക്കു മുന്നിൽ പുണ്ണിലെ പുഴുക്കളെപ്പോലെ ദുരിതങ്ങൾക്കിടയിലൂടെ ഇഴയുകയാണവൾ. ഒരമ്മയായി കുഞ്ഞിനെ താലോലിക്കാൻ പറ്റാത്ത ഹതഭാഗ്യ. എന്നിട്ടും അവൾ ചിരിക്കുന്നതു കാണുമ്പോൾ അത്ഭുതം തോന്നിയിട്ടുണ്ട്. തന്നോടു തമാശകൾ പറഞ്ഞു ചിരിപ്പിക്കും.  കൊച്ചു കുട്ടികളോടെന്ന പോലെ കവിളിൽ ഉമ്മവെയ്ക്കും. താലോലിക്കും. അവൾ തനിക്കു മുന്നിൽ ഒരു നല്ല അഭിനേത്രി കൂടിയാണെന്ന് പിന്നീടു വായിച്ചെടുക്കും. ബാങ്കിൽ ജോലി കാലത്തു പത്തു മണിക്ക് മുന്നേ തീരും. പിന്നെ മുഴുവൻ സമയവും  അവൾ തന്നെ പരിചരിക്കാൻ നിയോഗിക്കപ്പെട്ടവളാകുന്നു.
ഇതിനിടയിൽ സഖാവ്  കൃഷ്ണേട്ടൻ വന്നു. .ഇപ്പോ പാനൂർ ബ്രാഞ്ച് സിക്രട്ടറിയാണ് അദ്ദേഹം. ദിവസവും വൈകിട്ട്  വേറെ പരിപാടിയൊന്നും ഇല്ലെങ്കിൽ മൂപ്പർ കാണാനെത്തും. ചർച്ചകൾ.. പാർട്ടി വിശേഷങ്ങൾ.. അങ്ങിനെ സമയം പോകും. രാത്രി വളരെ കഴിഞ്ഞേ അയാൾ പോകാറുള്ളു.
 “പാർട്ടിയുടെ രക്തസാക്ഷി സഹായ ഫണ്ടിൽ നിന്നും കുറച്ച് തുക കൂടി കിട്ടിയിട്ടുണ്ട്. അത് അക്കൌണ്ടിലേക്ക് ഇട്ടിട്ടുണ്ട്. ഫിക്സഡ് ആണ്. മാസാ മാസം പലിശ 2000 ഉണ്ടാകും.  പിന്നെ പഴയതും ചേർത്ത് ഇപ്പൊ 5000. “മരുന്നിനും ചിലവിനും ചേർത്ത് അതു മതിയാവില്ലെ സതീശാ. പോരായ്ക വല്ലതും ഉണ്ടെങ്കിൽ പറയണം.”
കൃഷ്ണേട്ടനാണു വീട്ടിലെ കാര്യങ്ങൾ നോക്കാൻ പാർട്ടി നിയോഗിച്ച സഖാവ്. ഒരേട്ടന്റെ സ്ഥാനം പുള്ളി സ്വയം ഏറ്റെടുത്തു  എന്നാണു തോന്നിയിട്ടുള്ളത് .
“ബംഗാളിൽ മമത മാവോയിസ്റ്റുകളെ വച്ച് നമുക്കെതിരെ തിരിക്കുകയാണു. ജനങ്ങളെ ഒരു പരിധിവരെ തെറ്റിദ്ധരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നാണല്ലോ കഴിഞ്ഞ തിരഞ്ഞെടുപ്പു ഫലങ്ങൾ സൂചിപ്പിക്കുന്നത്” കൃഷ്ണേട്ടൻ പാർട്ടിയുടെ ഭാവിയെ കുറിച്ച് ആശങ്കാ കുലനായി. “ബംഗാളിൽ മാത്രമല്ല കൃഷ്ണേട്ടാ..  ഇവിടെയും പാർട്ടിയെക്കുറിച്ച് നമ്മൾ ആശങ്കപ്പെടേണ്ട നിമിഷം വന്നുകഴിഞ്ഞിരിക്കുന്നു.”
“ഇവിടെ പേടിക്കാനൊന്നും ഇല്ല സതീശാ. ജനോപകാരപ്രദമായ ഒരു പാടു കാര്യങ്ങൾ സർക്കാർ ചെയ്യുന്നില്ലെ.?”
“ഉണ്ടാവാം  അതിനെ കുറിച്ചല്ല ഞാൻ പറഞ്ഞു വരുന്നത്.” സതീശൻ കൈയ്യിലിരുന്ന പത്രം കൃഷ്ണേട്ടനു നേരെ നീട്ടി
“മന്ത്രി പുത്രനു ആഡംബര ഹോട്ടലിൽ വിവാഹം.  മരുമകൾക്ക് സർക്കാർ ജോലി, പത്രങ്ങൾക്ക് പറഞ്ഞു ചിരിക്കാനും ജനങ്ങൾക്കു വിശ്വസിക്കാനും മറ്റെന്തു വേണം കൃഷ്ണേട്ടാ. തൊഴിലാളി വർഗ്ഗ രാഷ്ട്രീയത്തിന്റെ മറ്റൊരു മുഖം പുറത്തു വരികയാണു . നമുക്കുള്ളിൽ തന്നെയാണു ശത്രുക്കൾ. മനപൂർവ്വം ഇതിനെ തകർക്കാൻ ആട്ടിൻ തോലിട്ട്  ഈ ആട്ടിൻ കൂട്ടത്തിൽ ചെന്നായ്ക്കൾ പതിയിരിക്കുന്നു. നമുക്കു കണ്ടെത്താനാവാത്തവിധം പലപ്പോഴും അവരുടെ പ്രലോഭനങ്ങളിൽ നമ്മുടെ നേതാക്കന്മാർ കുടുങ്ങിപ്പോകുന്നു.”
ഇതിനിടയിൽ നിറഞ്ഞു കിടക്കുന്ന യൂറിൻ ബാഗ്  പ്രസീത എടുത്തു മാറ്റി പുതിയൊരെണ്ണം വച്ചു.
“കൃഷ്ണേട്ടൻ ടൌണിൽ പോകുന്നുണ്ടെങ്കിൽ ഒരു പൌഡർ വാങ്ങാൻ മറക്കണ്ട. പുറത്തെ പുണ്ണ് ഒരു പാടു വലുതായിരിക്കുന്നു . കിടത്തം പഴയ പോലെ വെള്ളം നിറച്ച കിടക്കയിലേക്കു മാറ്റാൻ പറ്റുമോ എന്ന് ഡോക്റ്ററോടൊന്നു ചോദിക്കണം. ഞാൻ ചായയെടുക്കാം”. പ്രസീത അകത്തേക്കു പോകവെ...
“ചായ വേണ്ട പ്രസീതേ  ഞാൻ ഇപ്പൊ അപ്പുറത്തെ രാമചന്ദ്രന്റടുത്തു നിന്ന് കുടീച്ചതേ ഉള്ളൂ.”
 കൃഷ്ണേട്ടൻ മന:പൂർവ്വം കള്ളം പറഞ്ഞൂ.  ദിവസോം വരുന്നോർക്കും പോന്നോർക്കും ചായകൊടുത്ത് അവൾ മടുത്തു കാണും  അതിനു തന്നെ വേണം ഒരു വലിയ സംഖ്യ. ആദ്യമൊക്കെ വലിയ കലത്തിൽ ചായ ഉണ്ടാക്കി വെയ്ക്കും. ഇപ്പൊ ആളുകളുടെ വരവും പോക്കും ഒത്തിരി കുറഞ്ഞു.   എന്നാലും കാണും ഒന്നു രണ്ടാളുകൾ.
 “പ്രസീതെ, നീ ഒന്നും കഴിക്കാറെ ഇല്ലെ ? വല്ലാണ്ട് ക്ഷീണിച്ചിറ്റ്ണ്ടല്ലോ. ഇതിനിടയിൽ അവനോന്റെ ശരീരം നോക്കാൻ മറക്കേണ്ട.”  കൃഷ്ണേട്ടന്റെ ഉപദേശം. ഒരു പുഞ്ചിരിയോടെ പ്രസീത തള്ളി.  മനസ്സിനു സുഖമുണ്ടായാലല്ലെ വയറു വിശക്കൂ. ഇപ്പൊ വന്നു വന്നു ഒരു നേരം മാത്രമായി ആഹാരം,  എല്ലാത്തിനോടും വെറുപ്പു തോന്നിയിരിക്കുന്നു. ചീഞ്ഞളിഞ്ഞ പുണ്ണിന്റെ നാറ്റവും മലത്തിന്റെയും മൂത്രത്തിന്റെയും മനം പുരട്ടുന്ന ഗന്ധവും അവളെ വല്ലാതെ തളർത്തിയിരിക്കുന്നു.
           രാത്രി ഏറെ കഴിഞ്ഞായിരിക്കും കൃഷ്ണേട്ടൻ പോയത്. ജനലിലൂടെ നിലാവിന്റെ വെള്ളിവെളിച്ചങ്ങൾ  സതീശനെ പൊതിഞ്ഞു. തിരിയുമ്പൊഴും  മറയുമ്പോഴും കടിച്ചു വലിക്കുന്ന വേദനകൾ തനിക്കൊരിക്കിലും എഴുന്നേറ്റ് നടക്കാനാവില്ലെന്നയാളെ കൂടെ കൂടെ ഓർമ്മിപ്പിച്ചു. അകലെ മഞ്ഞു വീണ് കുതിർന്ന മാന്തളിരിൽ കുഞ്ഞു കുഞ്ഞു ചന്ദ്രന്മാർ. പതിയെ പതിയെ മുല്ലപ്പൂവിന്റെ സുഖമുള്ള ഗന്ധം അയാളിലേക്കൊഴുകിയെത്തി. മിന്നാമിന്നികൾ പറന്ന് പറന്ന് ഒരു പാടു ചിത്രങ്ങൾ വരയ്ക്കുന്നു. മുറിക്കുള്ളിലൂടെ പറന്ന ഒരു മിന്നാമിന്നിയെ അയാൾ തന്റെ കൈക്കുള്ളിലാക്കി കൊതിയോടെ  അവളെ നോക്കി പറഞ്ഞൂ. ഭാഗ്യവതി.. രാത്രിയിൽ നിന്റെ ഇത്തിരി വെട്ടം  പാരിനു നൽകി നീ നിന്റെ കടമ തീർക്കുന്നു. ഇഷ്ടം പോലെ പറന്നു നടക്കുന്നു.  മരങ്ങളും പൂക്കളും പുഴവക്കുകളും നിന്നോടു കുശലം പറയുന്നു. നീ അവർക്കായ് പ്രകാശം ചൊരിയുന്നു.  ജീവൻ ഉണ്ടായിട്ടും ഒന്നു അനങ്ങാൻ പോലും കഴിയാതെ ഈ ഇരുട്ടറയിൽ മടുപ്പിന്റെ ചെറുപന്തുകളെ അമ്മാനമാടുകയാണ് താൻ . കൂച്ചു വിലങ്ങിട്ടപോലെ എവിടെയോ തളയ്ക്കപ്പെട്ട ശരീരം. പുണ്ണുകളിൽ നിന്നും, വിയർപ്പു കുടിച്ച പുതപ്പിൽ നിന്നും ഒഴുകിയെത്തുന്ന ദുർഗ്ഗന്ധം. ഒരു പക്ഷെ പുരാണത്തിലെ അശ്വത്ഥ്വാമാവിനെപ്പോലെ അമരനായി ഇങ്ങിനെ കഴിയുമായിരിക്കുമോ? ഉത്തരം കിട്ടാത്ത ഒരു പാടു ചോദ്യങ്ങൾക്കവസാനം. അന്നത്തെ അവസാനത്തെ ഗുളികകളുമായി പ്രസീത അയാളുടെ  അരികിലെത്തി. പതിവിലും സുന്ദരിയായി അവളെ കാണപ്പെട്ടു. സതീശന്റെ  തലയെടുത്ത് മടിയിൽ കിടത്തി ഗുളികകൾ കഴിപ്പിച്ചു.  വിവാഹം കഴിഞ്ഞു ആദ്യകാല രാത്രികളിൽ മാത്രമേ പ്രസീതയിൽ ഇത്രയേറെ പ്രകാശം അയാൾ  കണ്ടിട്ടൂള്ളൂ.
എന്തെന്നറിയാത്ത അനുഭൂതിയിൽ സതീശൻ അവളെ ഇരു കൈകൊണ്ടും വലിഞ്ഞു മുറുക്കി. അവളുടെ കവിളിലൂടെ കൈവിരലോടിച്ചു.. സതീശന്റെ ഉള്ളിൽ ആയിരം സർപ്പങ്ങൾ  ഇഴഞ്ഞു. ഒരു താമര തണ്ടു കൊണ്ട് മേനിയാകെ തഴുകുന്ന പോലയാൾക്കുതോന്നി. ബെഡ്ഡിൽനിന്നും ഉയർന്ന ദുർഗന്ധങ്ങളെ പ്രസീത കണ്ടില്ലെന്നു നടിച്ചു. ഒരു പാവപോലെ നിർജ്ജീവമായി അവൾ നിന്നു. വികാരത്തിന്റെ വേലിയേറ്റങ്ങൾക്കിടയിലെപ്പോഴോ സതീശൻ അവളെ തന്റെ മേലേക്ക് അടുപ്പിച്ചു. .
പെട്ടന്നലർച്ചയോടെ അയാൾ അവളെ തള്ളി മാറ്റി .  പുറത്ത് അസഹ്യമായ വേദന അനുഭവപ്പെട്ടു   പുറത്തെ പുണ്ണിൽ നിന്നും രക്തം കിനിഞ്ഞു തുടങ്ങിയിരിക്കുന്നു. പ്രസീത പൊട്ടിക്കരഞ്ഞു  ഏതോ ശപിക്കപ്പെട്ട നിമിഷത്തിന്റെ സന്തതിയായതിൽ അവൾ മനംനൊന്തു കരഞ്ഞു.
ഒന്നാശ്വസിപ്പിക്കാൻ പോലും കഴിയാതെ വേദന കൊണ്ട്  പിടയുകയാണു സതീശൻ. പ്രസീത വേഗം വേദനയ്ക്കുള്ള ഒരു ഗുളിക കൂടി സതീശനു കൊടുത്തു. പയ്യെ പയ്യെ സതീശൻ ഉറക്കത്തിന്റെ പടികടന്ന് ഏതോ സ്വപ്നലോകത്തിലേക്കും  പ്രസീത ഉറങ്ങാതെ കട്ടിലിനു താഴെ  ദുഖാർത്തയായി തളർന്നും കിടന്നു.

              ഭൂതകാലത്തിലെ വേരുകൾ മെല്ലെ മെല്ലെ പ്രസീതയെ ചുറ്റിപ്പിണഞ്ഞു. നേർത്ത മഞ്ഞിന്റെ പുതപ്പണിഞ്ഞ വെള്ളരിപ്പാടത്തിന്റെ തെക്കേക്കരയിൽ  പുലർച്ചെ കൊടിയുയർത്താൻ വന്ന ഒരു സഖാവിനെ ആദ്യം കണ്ടതും  പാലും അച്ഛനുള്ള പത്രവും വാങ്ങി തിരിച്ചു പോകുമ്പോൾ കയ്യിൽ നിന്നും പത്രം വാങ്ങി വായിച്ച യുവാവിനോട് ആദ്യം തോന്നിയത് അനുരാഗമോ അതോ ആരാധനയോ ഒന്നും അറിയില്ലായിരുന്നു.  പിന്നീടതൊരു പ്രണയമായി പരിവത്തനപ്പെട്ടതെപ്പോഴോ ആയിരുന്നു. ആ പുഴക്കരയിൽ വന്നു നിന്ന് പലതും പറഞ്ഞതും ചിരിച്ചതും.. ആദ്യ ചുംബനം അവിടെ നിന്നേറ്റു വാങ്ങിയതും. ഇപ്പൊഴോർക്കുംമ്പോൾ ഒരു വിഡ്ഡിത്തമായതു പോലെ !!! ഏയ് ഇല്ല.  ഇങ്ങിനെയൊക്കെ ആവും എന്നറിഞ്ഞിട്ടല്ലല്ലോ പ്രസീത അയാളെ വിവാഹം കഴിച്ചത്. കാലത്ത് ബാങ്കിൽ പോകാൻ വയ്യാണ്ടായിരിക്കുന്നു. മാനേജറോട് അവധി പറഞ്ഞ് മടുത്തു. ഇപ്പൊ കൂറേ കാലമായി സതീശേട്ടൻ വളരെ നേരത്തെ ഉണരുന്നു. ഉണർന്നാൽ പിന്നെ പ്രഭാത കർമ്മങ്ങൾ നിർബന്ധമാണ്. അതൊക്കെ കഴിപ്പിച്ച് ബാങ്കിൽ ചെല്ലുമ്പോഴേക്കും നേരം ഒത്തിരി ആകും.  കഴിഞ്ഞ ഒരാഴ്ചയായി വൃത്തിയായി തൂത്തു വാരാൻ പോലും പറ്റിയില്ല. മാനേജർ ചെറുതായൊന്നു ശാസിക്കുകേം ചെയ്തു. സതീശേട്ടന്റെ ഭാര്യയായതു കൊണ്ടുള്ള പരിഗണന മാത്രമാണ് അവിടെ എന്നറിയാം. എങ്കിലും
നാട്ടിലെല്ലാവർക്കും പ്രസീതയെ കാണുമ്പോൾ ബഹുമാനമാണു. അതിലുപരി സഹതാപവും. ജീവിച്ചിരിക്കുന്ന രക്തസാക്ഷിയുടെ സഹന ശക്തിയുള്ള സഹധർമ്മിണി. സ്നേഹപ്രകടനങ്ങൾക്കൊന്നും തന്റെ വേദനയകറ്റാൻ കഴിയില്ലല്ലോ.
പ്രസീത പലപ്പോഴും ആലോചിക്കും. സതീശേട്ടൻ ഒരുപാടു പറഞ്ഞു  തന്നെ ഉപേക്ഷിച്ചു പോകാൻ. അപ്പോഴൊക്കെ വല്ലാതെ തകർന്നു പോകും. സതീശേട്ടനെങ്ങിനെ ഇങ്ങിനെ പറയാൻ കഴിയുന്നു എന്നോർത്ത് പലപ്പോഴും മനസ്സു നീറിയിട്ടുണ്ട്. വിപ്ലവകാരിയുടെ വിവാഹവും വിപ്ലവകരമാക്കിയ സതീശേട്ടൻ ഇഷ്ടമില്ലാതെയല്ലല്ലോ തന്നെ വിളിച്ചിറക്കി പാർട്ടിയാപ്പീസിൽ നിന്നു ഒരു ചുവപ്പു ഹാരം ചാർത്തിയത് എന്നു പിന്നീടോർക്കും. തന്റെ കഷ്ടപ്പാടുകൾ അദ്ദേഹത്തെ ഒത്തിരി തളർത്തുന്നുണ്ട് പാവം. പ്രസീത ഇതെല്ലാം ഇരുട്ടിനോടു പറയും
കാറ്റത്ത് എരിച്ചു വച്ച വിറകു കൊള്ളി പോലെ പുകഞ്ഞു പുകഞ്ഞൊരു ജീവിതം. പലപ്പോഴും ഇതൊന്നവസാനിപ്പിച്ചാലോ എന്ന് ചിന്ത ഉരുത്തിരിയും. പക്ഷെ സതീശേട്ടനു സമ്മതമല്ല.
 “പ്രസ്ഥാനത്തിനു വേണ്ടി എനിക്കെഴുത്തിലൂടെ പ്രവർത്തിക്കണം. എന്റെ വാക്കിലൂടെ പ്രവർത്തിക്കണം. അദ്ധ്വാനിക്കുന്ന തൊഴിലാളിവർഗ്ഗം എവിടെ ചൂഷണ വിധേയമാകുന്നുവോ, എവിടെ മതവും ജാതിയും എവിടെ വേലിക്കെട്ടുകൾ തീർക്കുന്നുവോ, മനുഷ്യൻ എന്ന വാക്കിന്റെ വില എവിടെ തകർക്കപ്പെടുന്നുവോ അവിടെ ഒരു കൊടുംകാറ്റായ് പാഞ്ഞടിക്കണം കമ്മ്യൂണിസ്റ്റ്കാരൻ”.
 സതീശന്റെ ഡയറിത്താളിലെ ആദ്യ വാചകം ഒരിക്കൽ കൂടി അവൾ ഓർത്തു. വേദനകൾക്കിടയിൽ ഈ പോരാട്ടവീര്യമസ്തമിക്കാതിരിക്കാൻ ബൊളീവിയൻ കാടുകളിലെ “ചെ”  യെ ഒരുപാടാവർത്തി വായിക്കും.
 
കയ്യൂരും കരിവെള്ളുരും മൊറാഴയും ദിവസവും വായിച്ചു കൊണ്ടേ ഇരിക്കും അതൊരാവേശമാണയാൾക്ക്. തളർന്നു പോയ നാഡീഞരമ്പുകളെ അയാൾക്ക് ഉണർത്താനാവില്ലെങ്കിലും മനസ്സിനെ ഒരു കൂ‍ർത്ത കല്ലുപോലെ ഇരുതലമൂർച്ചയുള്ള വാളു പോലെ അയാൾ പാകപ്പെടുത്തിയിരുന്നു. സതീശന്റെ എഴുത്തുകൾക്ക് പലതിനും പുരസ്കാരങ്ങൾ തേടിയെത്തിയിരുന്നു. അച്ചടി മാധ്യമങ്ങൾ വ്യവസായകണ്ണിന്റെ കറുത്ത പീലികളിൽ അവ പലതിനെയും കോർത്തിട്ടു പണം കോരിയിരുന്നു.

                സതീശന്റെ പുണ്ണുകളിൽ നിന്നും രക്തം തെറിച്ചു കൊണ്ടേ ഇരുന്നു. പ്രസീത അവയെല്ലാം ഒപ്പിയെടുത്തു. വേദനകൊണ്ട് സതീശൻ പലപ്പോഴും അലറിക്കരഞ്ഞു. ചില നേരങ്ങളിൽ സംസാരങ്ങൾ ഭ്രാന്തമായ ജല്പനങ്ങളായി മാറും. പറയുന്നതിന്റെ തലയും വാലും രണ്ടറ്റത്തായിരിക്കും.  കൂട്ടിവായിക്കാൻ പറ്റാത്തവിധം. ഇതെല്ലാം പ്രസീതയെ ഭയത്തിന്റെ കറുപ്പുടുപ്പിച്ചു. ഒടുക്കം ഒരു ഭ്രാന്തിനുകൂടി താൻ സാക്ഷിയാകേണ്ടി വരുമോ എന്ന ഭയം. ഡോക്റ്റർമാർ ബെഡ്ഡുകൾ മാറ്റിയും മരുന്നുകൾ മാറ്റിയും ചികിത്സിച്ചിട്ടും ഒരു പുരോഗതിയും ഉണ്ടായില്ല. പഴയതിനേക്കാൾ വഷളാവുകയും  ചെയ്തു. ഷുഗർ പ്രോബ്ലം ഉള്ളതു കാരണം മരുന്നുകൾ ഒന്നും കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല.
ദിനം ദിനം സഖാക്കൾ വന്നും പോയ്ക്കൊണ്ടേ ഇരുന്നു. ആൾക്കാരുടെ വരവും പോക്കും പ്രസീതയെ കൂടുതൽ പേടിപ്പെടുത്തി.

                 ഇന്ന് വിനോദിന്റെ രക്തസാക്ഷി ദിനമാണ്.  ആശുപത്രി കിടക്കയിൽ വച്ച് വിനോദ് ജീവിതം ചുവപ്പു പട്ടിലേക്കു പകർന്ന രാത്രി.  പ്രതികാരത്തിന്റെ തീജ്വാലകളുമായി ഒരു യൌവനമൊന്നാകെ തന്റെ മുന്നിലേക്കിരച്ചു വന്ന രാത്രി. അനുവാദമില്ലാഞ്ഞിട്ടും പകയൊടുങ്ങാതവർ വെട്ടിയെറിഞ്ഞ രാത്രി. മിനുട്ടുകൾക്കു ശേഷം തന്റെ വിധിയെന്നാരൊക്കെയോ പറഞ്ഞ ഈ കിടക്ക ജീവിതത്തിന്റെ തുടക്കമിട്ട രാത്രി.  സഖാക്കൾ എല്ലാം ഇന്ന് വീട്ടിൽ ഒത്തു ചേരുന്നുണ്ട്. വിനോദിന്റെ രക്തസാക്ഷി സ്തൂപത്തിലേക്കുള്ള ദീപശിഖ ഉദ്ഘാടനം ചെയ്തു കൈമാറേണ്ടത് സതീശന്റെ കൈകൊണ്ടാണു. വീട്ടിനകത്തേക്കു കയറിയ നേതാക്കന്മാർക്കെല്ലാം ആഡംഭരത്തിനെ സെന്റു മണം സതീശന്റെ ഇടനെഞ്ചിലൊന്നു കൊളുത്തി വലിച്ചു. മുറിക്കുള്ളിലെ മല മൂത്ര ഗന്ധത്തിനയാൾക്ക് അതിനേക്കാൾ സുഖം തോന്നി.  പലരും താൻ കാണാതെ മൂക്കു പൊത്തിയിരുന്നു. വിപ്ലവാഭിവാദനങ്ങളുടെ ഒരു കുന്നു തന്ന് അവരെല്ലാം പിരിഞ്ഞു. മുറിക്കുള്ളിലെ നേർത്ത വെളിച്ചത്തിൽ അടുക്കള വാതിലിൽ ഒരുപാടു നാളുകൾക്കു  ശേഷം പ്രസീത ചിരിക്കുന്നത് സതീശൻ കണ്ടു.  അതിലെന്തൊക്കെയോ അയാൾ വായിച്ചെടുത്തു .. പുറത്ത് വെയിൽ മങ്ങി തുടങ്ങിയിരിക്കുന്നു.
 .
 “പ്രകടനവും പൊതുയോഗവും അത്രയ്ക്കു നന്നായില്ല. കഴിഞ്ഞ കൊല്ലത്തെയത്ര ആൾക്കാരില്ല. ഉദ്ഘാടന പ്രസംഗത്തിനെത്താമെന്നേറ്റ മുഖ്യമന്ത്രി എത്തിയില്ല.  എന്തോ പനിയോ ജലദോഷമോ മറ്റോ..”  
കൃഷ്ണേട്ടൻ വല്ലാതെ നിരാശപ്പെട്ടു.  പ്രസീത വീണ്ടും ചിരിച്ചു. അവളിന്നാകെ സന്തോഷത്തിലാണു. മുഖത്ത് എന്തെന്നില്ലാത്ത തിളക്കം. പതിവില്ലാതെ കൃഷ്ണേട്ടൻ ചായ കുടിച്ചു.
മടക്കയാത്രയിൽ കുറേ പുസ്തകങ്ങളെടുത്ത് സതീശൻ കൃഷ്ണേട്ടന്റെ കയ്യിൽ കൊടുത്തു. വായനശാലയിൽ വച്ചേര് എന്നെങ്കിലും ചോരത്തിളപ്പുള്ള വിത്തുകൾ ഇതു തേടിയെത്താതിരിക്കില്ല. വാരിക്കെട്ടിയ പുസ്തകങ്ങളുമായി കൃഷ്ണേട്ടൻ പടിയിറങ്ങുമ്പോൾ സതീശൻ പൊട്ടിക്കരഞ്ഞു. ഒരു കാലഘട്ടത്തിന്റെ തിരുശേഷിപ്പുകൾ അവസാനിക്കുന്നതിന്റെ വേദന തന്റെ വ്രണങ്ങൾ തന്ന വേദനയെക്കാളും അസഹ്യമായിത്തോന്നി. പ്രസീത ഇപ്പോഴും ചിരിക്കുകയാണു.  നേർത്ത പുഞ്ചിരി.
സതീശൻ അവളെ വിളിച്ചു തന്റെ അരികിലിരുത്തി. മന്ദഹസിക്കുന്ന അവളുടെ മുഖം മെല്ലെ തന്റെ ചുണ്ടോടു ചേർത്തമർത്തി. ചിരിക്കുന്നെങ്കിലും ഉറവ വറ്റിയ കണ്ണിൽ നിന്നും പുതുമഴത്തുള്ളിപോലെ രണ്ടിറ്റു കണ്ണുനീർ അയാളുടെ കവിളിൽ പതിഞ്ഞു.
 
“പ്രസീതേ,  നീ എന്നെ മനസിലാക്കിയിരിക്കുന്നു എന്നെന്റെ ഹൃദയം പറയുന്നു. എനിക്കായി എരിയിച്ചു തീർത്ത നിന്റെ യൌവ്വനം, നിന്റെ സൌന്ദര്യം, നിന്റെ മോഹങ്ങൾ, പിന്നെ പൂവണിയാത്ത നിന്റെ ഗർഭപാത്രം, ഇവയെല്ലാം കൂടെ എന്റെ തലയ്ക്കുള്ളിൽ ചെറു സൂചികളായി കുത്തി വേദനിപ്പിക്കുന്നു.
ഇനിയൊർദ്ധശ്വാസം കൂടി ബാക്കിയായൊരെന്റെ ജീവനെ നീ മോചിപ്പിക്കുക.  ബലിപീഠത്തിന്റെ ചോരമണത്തിൽ കുളിക്കാനനുവദിക്കാതെ എത്രയും വേഗം നീ എന്നെ സമത്വസുന്ദരമായ ആ ശൂന്യതയിലേക്ക് അയക്കുക.  പിരിയാൻ നേരം നിനക്കു വേണ്ടി  രണ്ടു വാക്കു മാത്രം  നന്ദി. സ്നേഹിച്ചതിനും സഹിച്ചതിനും.
അരികിലിരുന്ന തലയിണയിൽ മുഖം ചേർത്ത് സതീശൻ പൊട്ടിക്കരഞ്ഞു. അവളാർദ്രമായി അയാളെ ഒന്നു നോക്കി പലപ്പോഴായി ഈ കഷ്ടപ്പാടുകൾ കണ്ടപ്പോൾ അവൾ തീരുമാനിച്ച യാത്രയായിരുന്നു. അപ്പൊഴൊക്കെ അവൾ ഒരു വെറും പെണ്ണുമാത്രമായിരുന്നു.  ഇപ്പൊ അവൾ രക്ത സാക്ഷിയുടെ ഭാര്യയാണു. രക്തം മണത്തറിഞ്ഞ ഭാര്യ. വിയർത്ത  അയാളുടെ നെറ്റിയിൽ നേർത്ത ചുംബനം നൽകി തലയിണയോടു ചേർന്ന അയാളുടെ മുഖം അവൾ മെല്ലെ മെല്ലെ നെഞ്ചോടു ചേർത്തു. അധികമൊന്നും  വേണ്ടിവന്നില്ല ശ്വാസം നിലയ്ക്കാൻ, ഇതിനും മുന്നെ തന്നെ അയാളുടെ പകുതി ശ്വാസവും നിലച്ചിരുന്നു. നീണ്ട അഞ്ചു വർഷത്തെ ജീവിത ഭാരത്തിന്റെ കെട്ടകന്നു പോയിരിക്കുന്നു. പക്ഷെ...!!!  പുലർച്ചെ കൊടിമരച്ചോട്ടിൽ താൻ ആരാധിച്ച ഒരു മുഖം തന്നെ വിട്ടുപോയിരിക്കുന്നു. പുഴക്കരയിലെ ആദ്യ ചുംമ്പനം അകന്നു പോയിരിക്കുന്നു. ഇനി അടുക്കള വാതിലിൽ ആരുടെ വിളിക്ക് താൻ കാതോർക്കണം. വീണ്ടും പ്രസീത ഒരു പെണ്ണാവുകയായിരുന്നു. എവിടെയൊക്കെയോ വലിഞ്ഞു മുറുകുന്നപോലെ അവൾക്കു തോന്നി  ഹൃദയതാളം പെരുമ്പറപോലെ മുഴങ്ങി... പൊട്ടിക്കരയണമെന്നുണ്ടെങ്കിലും  ഒന്നും പുറത്തു വന്നില്ല.. തൊണ്ടയിലെന്തോ ഉടക്കിയ പോലെ അവൾ ശ്വാസം കിട്ടാതെ പിടഞ്ഞു. പിണഞ്ഞ ശ്വാസം ഒരു തുമ്മലോടെ പുറത്തേക്കു വന്നു. ഒപ്പം നിലയ്ക്കാത്ത പ്രവാഹമായി രക്തം ആ കട്ടിലിനു താഴെ തളം കെട്ടി.
ജീവിക്കുന്ന രക്തസാക്ഷി ഇനി ഇല്ല. വെറും രണ്ടു രക്തസാക്ഷികൾ മാത്രം.  ചുവന്ന മഷികളിൽ ഏതൊക്കെയോ വെയ്റ്റിംഗ് ഷെഡ്ഡുകൾക്കും കെട്ടിടങ്ങൾക്കും ക്ലബ്ബുകൾക്കും എഴുതിവെക്കാൻ ചേലുള്ള രണ്ടു രക്തസാക്ഷികൾ

                            *************************************************************** 

രക്ത സാക്ഷികൾ ഉണ്ടായികൊണ്ടേ ഇരിക്കണം വർത്തമാന കാലഘട്ടത്തിൽ നാടിന്റെ നിലനിൽ‌പ്പിനു ജീവൻ കൊടുക്കാൻ തയ്യാറാകേണ്ട ഒരു തലമുറ വളർന്നു വരേണ്ടിയിരിക്കുന്നു . ആർക്കും പന്തു തട്ടിക്കളിക്കാനുള്ളതല്ല രക്തസാക്ഷിത്വം  അതു നല്ല നാടിന്റെ വളമാണ്.    

Saturday, August 21, 2010

വൈറസ്സ് ഒഴിപ്പിക്കാൻ നൂതന സംവിധാനം.

ഓണത്തിനൊരു സന്തോഷ വാർത്ത
വൈറസ്സ് ഒഴിപ്പിക്കാൻ നൂതന സംവിധാനം.

പ്രിയമുള്ളവരെ   ആന്റി വൈറസ്സ് വാങ്ങി മുടിഞ്ഞു കുത്തു പാളയെടുത്തവരെ നിൻങ്ങൾക്ക് വൈറസ്സ് എന്ന മാറാ ബാധയെ നിങ്ങടെ പി സി യിൽ നിന്നും ഒഴിപ്പിക്കണോ . നാടകക്കാരന്റെ മൂശയിൽ ഉലയൂതിക്കാച്ചിയെടുത്ത  പുത്തൻ കണ്ടു പിടിത്തമിതാ നിങ്ങൾക്കായി സമർപ്പിക്കുന്നു  അതും തികച്ചും സൌചന്യമായി . പേറ്റന്റിനായി അയച്ചിട്ടൂണ്ട് .

 പ്രധാനമായും കമ്പ്യൂട്ടർ വൈറസ്സുകളെ നമുക്കു മൂന്നായി തരം തിരിക്കാം
 1.  low  class virus
 2.  middle class virus
 3.  upper class or Danger virus


ഇനി നമുക്കു low  class വൈറസ്സിനെ എങ്ങിനെ ഒഴിപ്പിക്കാം എന്നതിനെ കുറിച്ചു പഠിക്കാം.
അതിനും മുന്നെ ഇത്തരം വൈറസ്സുകളുടെ സ്വഭാവം അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും.
 സ്വഭാവം
ഇത്തരം വൈറസ്സുകൾ കൊച്ചു കുട്ടികളുടെ സ്വഭാവക്കാരാണ് ..ആരോടും ചോദിക്കുകേം പറയുകയും ചെയ്യാതെ നമ്മുടെ പി സിയിൽ വന്ന് വേണ്ടാത്തതിലൊക്കെ കേറി പറ്റി ഓഫാക്കിയും ഓണാക്കിയും കളിക്കും ..ചിലപ്പോൾ ഡസ്ക് ടോപ് തന്നെ ഇവറ്റകൾ എടുത്തു  ഒളിപ്പിച്ചു വെയ്ക്കും. അത്ര യുക്കുയ് കുസൃതിക്കുട്ടന്മാരാണിവർ. ഇവരെ നേരിടാനുള്ള എളുപ്പ വഴികൾ ആദ്യം പറയാം.
1. ആദ്യം നല്ല നീളമുള്ള പുളി വടി ചെത്തി വെയ്ക്കുക

2. പിന്നെ പിസിയിൽ നിന്നും ഇവറ്റകളെ തപ്പിയെടുക്കുക . അതിനു അധികം ബുദ്ധിമുട്ടണമെന്നില്ല
   ഏതെങ്കിലും സെക്സ് ഫോട്ടൊ ഉണ്ടെങ്കിൽ വെറുതെ ഇട്ടു കൊടുത്താൽ മതി കേറി പിടിച്ചോളും
.
3. കയ്യിൽ കിട്ടിയാൽ ചെവിക്കു പിടിച്ച് മെല്ലെ വെളിയിലോട്ടു കൊണ്ടൂ വരിക  എന്നിട്ടൊരു മരത്തിൽ കയ്യും കാലും കെട്ടിയിടുക

4. നല്ല കാന്താരി മുളക് ഉണ്ടെങ്കിൽ ഒരു അഞ്ചാറെണ്ണം അരച്ച് കണ്ണിൽ മൃദുവായി പുരട്ടുക (പുരട്ടുമ്പോൾ ശ്രദ്ധിക്കണം പുരട്ടുന്ന ആൾ ആ കൈകൊണ്ട്  അവനവന്റെ ഊര, ചന്തി എന്നീ പ്രത്യേക സാമ്പത്തിക മേഖലയിൽ തൊടരുത് തൊട്ടാൽ അനുഭവിക്കുക അത്ര തന്നെ)

5. പിന്നെ പറ്റുമെങ്കിൽ നല്ല ഇനം ഉറുമ്പിൻ കൂട്  കിട്ടുമെങ്കിൽ തലയ്ക്കു മുകളിൽ കെട്ടിവെയ്ക്കണം (ഉറുമ്പെന്നു പറഞ്ഞാൽ കടിച്ചാൽ നല്ല മൂത്രമൊഴിക്കുന്ന സൈസ് ആയിരിക്കണം ) പിന്നെ ഒരു വടി കൊണ്ട് മെല്ലെ ഉറുമ്പുകളെ ഒന്നൊന്നായി ഇളക്കി മേയാൻ വിടണം.  ഈ സമയങ്ങളിലെല്ലാം വൈറസ്സിന്റെ കരച്ചിൽ പുറത്തു മറ്റാരും കേൾക്കാതെ നോക്കണം.

6. ഇതിനോടകം തന്നെ അവൻ ഇനി മേലാൽ പി സി യിൽ കേറില്ലെ എന്നു പറഞ്ഞിട്ടുണ്ടാകും 
   എന്നിട്ടൂം പറഞ്ഞില്ലെങ്കിൽ അല്പം ചൊറികണ്ടം .(കൊടൂത്ത , ചൊറിയില പലേടത്തും പല പേരാ എന്തായാലും അത്) മെല്ലെ കാലിന്റെ പിൻഭാഗത്തും  പുറത്ത് നട്ടെല്ലിന്റെ ഭാഗത്തും പുരട്ടുക . എന്നിട്ട് നേരത്തെ കരുതി വച്ച പുളിവടി കൊണ്ട് ചന്തി നോക്കി നാലു പിട പിടയ്ക്കുക.  എന്നിട്ട് ഓടെടാ എന്നു പറഞ്ഞാൽ ഇത്തരം വൈറസ്സുകൾ ഓടിപ്പോകും പിന്നെ  ജന്മ കാലം അവൻ ആ വഴിക്കേ വരില്ല.

2. ഇടത്തരം വൈറസ്സുകൾ അഥവാ..middle class virus .
സ്വഭാവം.
           ഇവ വരുന്നത് പലപ്പോഴും നമ്മെ അറിയിച്ചുകൊണ്ടായിരിക്കും  കാലെടുത്തു കുത്തുമ്പോൾ തന്നെ ചിലപ്പോ സിസ്റ്റം റീസ്റ്റാർട്ടൊക്കെ ആയിപ്പോകും. ഇവരുടെ മൈൻ വിഹാര കേന്ദ്രം സി ഡ്രൈവ് ആണ്  അവിടെ ഇവ്റ്റകൾ കൂറയുടെ പണി ചെയ്യും പതുങ്ങിയിരുന്നു ഓരോ ഫയലുകളും മെല്ലെ മെല്ലെ കാർന്നു തിന്നും  ..അതു മൂലം സിസ്റ്റം വളരെ സ്ലോ അയി കാണപ്പെടൂം. ഫയൽ മോഷണത്തിൽ ഇവന്മാരെ കടത്തി വെട്ടാൻ ആരും ഇല്ല . ഇതു മൂലം സാവധാനം സാവധാനം നമ്മൾ സിസ്റ്റത്തോടു ഗുഡ് ബൈ പറയേണ്ടി വരും. ഇവരുടെ മുഖ്യ ശത്രു ആന്റി വൈറസ്സുകളാണ്..അവന്മാരെ ഇവനു പേടിയാണ്..(അമ്മാവൻ വൈറസ്സുകളെയും പേടിയില്ലാതില്ല).    ഇനി ഇവറ്റകളെ ഒഴിപ്പിക്കുന്നത് എങ്ങിനെയാണെന്നു നോക്കാം.

1 . അടുത്തുള്ള പോലീസ്റ്റേഷനിൽ ആദ്യം വിവരം അറിയിക്കേണം പിന്നെ എസ് ഐ മുഖേന കളക്ടർക്ക് ഒരു പരാതി നൽകണം.

2 . രണ്ടു വണ്ടി സായുധ പോലീസ് സേനയെ അല്ലെങ്കിൽ എൻ എസ് ജി  കമാന്റോകൾ ആണ് കുടുതൽ എളുപ്പം .

3. സിസ്റ്റത്തിന്റെ മുകളിൽ ഹെലികോപ്റ്റർ വഴി എൻ എസ് ജി കമാന്റോകളെ ഇറക്കുക.. വളരെ സാവധാനത്തിൽ ഒച്ചയുണ്ടാക്കാതെ വേണം ഇവറ്റകളെ പിടിക്കാൻ
ഷൂട്ട് അറ്റ് സൈറ്റ് ആയിരിക്കണം.. അല്ലേൽ പണി കിട്ടും

4 ഷൂട്ട് ചെയ്യുമ്പോൾ കാലിൽ തന്നെ വെടികൊള്ളാൻ പ്രത്ര്യേകം ശ്രദ്ധിക്കണം. കാരണം ഇവറ്റകളെ ജീവനോടെ പിടി കിട്ടിയാൽ ഇവരുടെ തറവാട് ,അച്ഛൻ അമ്മ ഇവരൊക്കെ ആരാന്ന് ചോദിച്ചു മനസിലാക്കാല്ലോ.

5 ഇവരെ കൊല്ലുന്നതിനും മുന്നെ പോക്കറ്റിലോ അണ്ടർ വെയറിലോ നമ്മുടെ  ആവശ്യമുള്ള ഫയലുകളോ മറ്റോ മോഷ്ടിച്ചിട്ടൂണ്ടോന്നു നോക്കണം ...വിശദമായ ചോദ്യം ചെയ്യലുകൾക്കു ശേഷം ഇവറ്റകളെ കൊന്നൊടുക്കാം ..

3. ഡേഞ്ചർ വൈറസ് അഥവാ. upper class 
സ്വഭാവം
ഇവറ്റകൾ വന്നു കഴിഞ്ഞാൽ പിസിയുടെ ജീവ ഹാനി ഉറപ്പാണ് . ഇവ ജീവനുള്ളവയല്ല
ആത്മാക്കളാണ് . നമ്മൾ ആദ്യം ഓടിച്ചു വിട്ട വൈറസ്സുകൾ മരിച്ചു കഴിഞ്ഞാൽ പ്രതികാര ദാഹികളായി നടക്കും അങ്ങിനെ പ്രതികാരം ചെയ്യലാണു ഇവരുടെ പണി .
ഇതിനും പ്രതി വിധികൾ ഉണ്ട്  പക്ഷേ പിസി എന്തായാലും മരണപ്പെടും  ആ നഷ്ടം സഹിച്ചേ പറ്റൂ. ഇവറ്റകൾ വന്നു കഴിഞ്ഞാൽ പിന്നെ സൂചനകളൊന്നും ഇല്ലാതെ തന്നെ പി സി യെ കൊന്നു കളയും .

 പ്രതിവിധികൾ താഴെ കൊടുക്കുന്നു .

1 പതിനാറു ദിവസം പി സി ഉടമ ചോറ്റാനിക്കര ഭജനം ഇരിക്കണം . കൊടുങ്ങല്ലൂർ ഭരണിക്കു പോയാലും മതി.

2. കടമറ്റത്തു കത്തനാർ, മേപ്പാടൻ, തങ്ങൾ കോയാ  ഹാജി , എന്നിവരുടെ മൂന്നു പേരുടെ കാർമ്മികത്ത്വത്തിൽ വേണം പൂജകാര്യങ്ങൾ നടക്കാൻ.

3. ആദ്യം കത്തി കരിഞ്ഞ നമ്മുടെ പിസി എടുത്തു ഹോമ കുണ്ടത്തിലേക്കെറിയുക

4 . മന്ത്രവാദികൾക്ക് കള്ള് , കപ്പ , കരിമീൻ എന്നിവ നേദിക്കുക്ക.

5 അവർക്കെത്ര കാശായെന്നു വച്ചാൽ അതും കൊടുത്ത് പറഞ്ഞു വിടുക  ഇവർ മടങ്ങിപ്പോകുമ്പോൾ

 കരിഞ്ഞ പി സിയിൽ നിന്നും ഹോമ കുണ്ടത്തിൽ നിന്നും ഒരു വെളുത്ത പുകയും കറൂത്ത പുകയും കൂടി പുറത്തു വരും അപ്പോൾ മനസിലാക്കാം ...അതും ഒഴിഞ്ഞു പോയെന്ന് .

N B: വൈറസ് ബാധയെ അകറ്റുക എന്നതിനെക്കാൾ എളുപ്പം വൈറസ്സിനെ എങ്ങിനെ വരാതെ നോക്കാം എന്നതാണ് . അതിനുള്ള ചില മാർഗ്ഗങ്ങൾ കൂടി പറയാം .
1. വായു സഞ്ചാരമില്ലാത്ത മുറിയിൽ പി സി വെയ്ക്കുക.
2.ജനൽ, വാതിൽ, താക്കോൽ പഴുത് .വെന്റിലേറ്റർ ..എന്നിവ ഒരു പഴുതും കൂടാതെ അടയ്ക്കുക
3 അനാവശ്യമായി വാതിലും ജനലും തുറന്നിടരുത്
4.വീടിനു ചുറ്റും ഒരാഴ്ചയിൽ ഒരിക്കൽ കായമോ , ചാണക വെള്ളത്തിൽ വെളുത്തുള്ളി കലക്കിയോ   അല്ലെങ്കിൽ ഡി ഡീ റ്റി (അതു നിരോധിച്ചു എന്നു തോന്നുന്നു ) റ്റ്വിക് -20 എന്നിവ കലക്കി ഒഴിക്കുന്നതും നന്നായിരിക്കും.  

ഇതാണു നാടകക്കാരൻ ലബോറട്ടറിയിൽ നിന്നും പുതുതായി കണ്ടു പിടിച്ച വൈറസ് നിവാരണ പ്രോജക്റ്റ്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ തപാലായി കിട്ടാൻ
                                        സിക്രട്ടറീ
ആന്റി വൈറസ് സ്ക്വാഡ്
മതർ ബോർഡ് പുരം പി ഓ
ഹാർഡ് ഡിസ്ക് . 389298375
എന്ന വിലാസത്തിൽ  അയക്കുക പി പി പി ആയി അയക്കുന്നതായിരിക്കും .
വില വെറും 6666രൂപ മാത്രം .

Friday, May 7, 2010

ചൊവ്വാദോഷം


                               ചൊവ്വാദോഷം.  കഥ         
  
 രഞ്ഞു കലങ്ങിയ കണ്ണുമായി അമ്മിണി അടുക്കളപ്പുറത്തെ അലക്കു കല്ലിന്മേൽ ഇരുന്നു
അമ്മിണി ഇതിലും നല്ലൊരാലോചന നിനക്കു വരുംഏട്ടത്തി സമാധാനിപ്പിച്ചു.
 ഏട്ടത്തി വന്നു കേറിയിട്ട് ഇതു രണ്ടു മാസമല്ലെ ആയുള്ളൂ അമ്മയും അച്ഛനും ഇങ്ങിനെ പറഞ്ഞ് എന്നെ സമാധാനിപ്പിക്കാൻ തുടങ്ങിയിട്ട് ഇത് വർഷം നാലു കഴിഞ്ഞു. ഏടത്തിക്കറിയമോ എന്റെ ഓർമ്മ ശരിയാണെങ്കിൽ ഇതു 46മത്തെ ആലോചനയാണ്. അമ്മിണി പൊട്ടിക്കരഞ്ഞു. ഏടത്തി അവളെ മാറോടു ചേർത്ത് ആശ്വസിപ്പിച്ചു. ഏട്ടൻ വിവാഹം കഴിച്ചത് വളരെ വൈകിയാണ്. ഏടത്തിയുടെ വിവാഹം ഒരിക്കൽ കഴിഞ്ഞതാണ് ഏട്ടനുമായുള്ളത് രണ്ടാം വിവാഹവും. ആദ്യ വിവാഹത്തിന്റെ ആദ്യ ദിവസം തന്നെ ചെറുക്കന്റെ വീട്ടീന്നു പോന്നു. ചെറുക്കന്  ഭ്രാന്താണെത്രെ.
              ഏട്ടത്തിയും അമ്മിണിയെപ്പോലെ ഒരു ചൊവ്വാദോഷക്കാരിയാണ്. അമ്മിണിയുടെ വിവാഹം കഴിഞ്ഞിട്ടു മതി ഏട്ടന്റെ വിവാഹം എന്ന് ഏട്ടൻ നിർബന്ധം പിടിച്ചതാണ്. അങ്ങിനെ നാളുകൾ നീണ്ടു പോയി ഒടുക്കം 36മത്തെ വയസ്സിൽ അമ്മാവന്മാരുടെ നിർബന്ധത്തിനു ഏട്ടനു വഴങ്ങേണ്ടിവന്നു. അങ്ങിനെ പെണ്ണന്വേഷിച്ചു നടക്കാത്ത സ്ഥലങ്ങളില്ല. വീട്ടിൽ കെട്ടാച്ചരക്കായി ഒരു പെങ്ങളുള്ളപ്പോൾ ആരാ ഒരു പെണ്ണിനെ അയക്കുക. അമ്മിണി കാരണം പല ആലോചനകളും മുടങ്ങി. തന്റെ ഏട്ടന്റെ ഭാവി കൂടി താൻ കാരണം തകരുകയാണല്ലോ എന്നോർത്ത് അമ്മിണിയുടെ മനസ്സു നീറി. ഒരു ദിവസം അമ്മിണിയുടെ അമ്മ അത് പറയുകയും ചെയ്തു.
             അന്നൊരു വെള്ളിയാഴ്ച്ചയായിരുന്നു. അമ്മിണിക്കൊരു കല്ല്യാണാലോചന ചെങ്ങളായീന്നാ
ചെറുക്കന് കച്ചോടം പിന്നെ അകെയുള്ള ഒരു പ്രശ്നം ചെറുക്കൻ ഒന്നു കെട്ടിയിട്ടുണ്ട്, ഒരു കുട്ടിയും ഉണ്ട്. നമുക്കതൊരു പ്രശ്നമാക്കണ്ട നമുക്കും ഉണ്ടല്ലോ ദോഷങ്ങൾ.
പെണ്ണ് ചൊവ്വാദോഷക്കാരിയാണെന്ന് ഞാൻ അവരോട് പറഞ്ഞിട്ടുണ്ട് അവർക്കതൊരു വിഷയമേ അല്ലബ്രോക്കർ പിഷാരടി പൂജാമുറിയിൽ വച്ച് അച്ഛനോടു സംസാരിക്കുന്നത് അമ്മിണി കേട്ടു.
 ചായയുമായി അമ്മിണി ആ മുഖത്തേക്കൊന്നു നോക്കിയതേ ഉള്ളൂ  സങ്കടം സഹിക്കവയ്യാതെ അമ്മിണി പൊട്ടിക്കരഞ്ഞ് കട്ടിലിൽ വീണു.
ഇതിലും ഭേധം എന്നെ ആർക്കെങ്കിലും വിറ്റൂടെ അമ്മേതലയിണയിൽ മുഖമമർത്തി അമ്മിണി പറഞ്ഞു.
വിവരമറിയിക്കാമെന്ന് പറഞ്ഞ് വന്നവരെ യാത്രയാക്കി അമ്മയ്ക്കു പിന്നാലെ അച്ഛനും വന്നു അവനെന്താടി ഒരു കുറവ് ഒരു കല്ല്യാണം കഴിഞ്ഞതാണെന്നുള്ളതൊന്നും ആണുങ്ങൾക്ക് ഇന്നൊരു പ്രശ്നമേ അല്ല  നമ്മുടെ കുറവു കൂടി നീ എന്താ കാണാത്തെ അവരൊരു പാടു സ്വത്തുള്ള കൂട്ടരാ നിനക്കവിടെ സുഖമായി കഴിയാം
എത്ര നിസ്സാരമായി അമ്മയിതു പറയുന്നു അമ്മിണിക്ക് അതിശയം തോന്നി. വന്നയാൾക്കെന്താ ഒരു കുറവ്..? ഏതാണ്ട് അച്ഛന്റെ അത്ര പ്രായം വരും  കറുത്ത് മെലിഞ്ഞൊരു കോലം പിന്നെ കഴുത്തിലും കയ്യിലും കുറെ സ്വർണ്ണ ചങ്ങലകൾ ഉണ്ടെന്ന് കേറിവന്നപ്പൊഴെ അമ്മ പറഞ്ഞിരുന്നു എന്നല്ലാതെ ഒരു പുരുഷനു വേണ്ട ഗുണങ്ങളൊന്നും അയാളിൽ അവൾ കണ്ടില്ല 
എനിക്കിതു വേണ്ട ഇതിലും ഭേതം വല്ല വിഷവും വാങ്ങിത്തന്ന് എന്നെ അങ്ങ് കൊന്നൂടായിരുന്നോ” 
 “അതെടീ... നിന്നെയിനി അതു തന്നെ വേണ്ടിവരും നിന്നെ കെട്ടാൻ രാജകുമാരൻ വരുമെടീ   കാത്തിരുന്നോ. ഈ അശ്രീകരം പിടിച്ചതിനെ ഏതു നേരത്താണോ എന്റെ വയറ്റിലിട്ടത്അമ്മിണിയുടെ അമ്മ അവളെ പിരാകി.
ഇവളൊരുത്തി കാരണമാ എന്റെ മോനും ഈ ഗതിയിലായത്  മൂത്ത് നരച്ച് ഇവിടെ ഇരിക്കുന്നത് കാരണം വല്ലോടത്തു നിന്നും ഒന്നു ശരിയായി കിട്ടണ്ടെ..ആരേലും പറഞ്ഞയക്ക്വോ ഒരു പെണ്ണിനെ ഇങ്ങോട്ട്”. 
                  എല്ലാത്തിനും അമ്മിണിയാണു കാരണം. പല പല രാത്രികളിലും അമ്മിണി മരണത്തിനേറെ അടുത്തു ചെന്നിരുന്നു. പക്ഷെ മരിക്കാൻ അമ്മിണിക്കു പേടിയാണ്. ചൊവ്വാദോഷക്കാരെ മരണത്തിനു പോലും വേണ്ടാതായോ .? ആയിടയ്ക്കാണ് ചേട്ടൻ  ചേട്ടന്റെ ഒരു സുഹൃത്തിന്റെ  ടെലഫോൺ ബൂത്തിൽ ഒരു ജോലി തരാക്കി തന്നത്. മാസം രണ്ടായിരം രൂപ  ശമ്പളം. വീട്ടിലിരിക്കുന്നതിനേക്കാൾ എന്തുകൊണ്ടും നല്ലതല്ലെ പിന്നെ
വല്ലൊരും കേറി പ്രേമിച്ച് കല്ല്യാണം കഴിക്കാൻ തയ്യാറായാൽ അച്ഛനും അമ്മയും രക്ഷപെട്ടില്ലേഇതു പറഞ്ഞതിന് ഏട്ടന്റെ തറപ്പിച്ചുള്ള ഒരു നോട്ടവും അമ്മിണി അനുഭവിച്ചു.
അതിനിടയിലാണ് നിയോഗം പോലെ ഏട്ടത്തിയെ പെണ്ണുകാണാൻ പോകുന്നതും ജാതകം നോക്കിയപ്പൊ പെണ്ണിനു ചൊവ്വ ദോഷം ഉണ്ടെന്നും വീട്ടിലറിഞ്ഞത്അമ്മ ഒരു വിധത്തിലും സമ്മതിച്ചില്ല.
ഏയ് ചൊവ്വയുള്ള പെണ്ണിനെയൊന്നും ഈ വീട്ടിൽ കൊണ്ടു വരേണ്ട ഉള്ളതിനെ കൊണ്ടുള്ള ദുരന്തങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുമ്പോഴാ  ഇനി വേറൊന്ന് കൂടി ഇതു ഞാൻ സമ്മതിക്കില്ലഅമ്മ തറപ്പിച്ചു പറഞ്ഞു.
 ഇത്ര കണ്ണിൽ ചോരയില്ലാത്തവളാവാൻ ഒരമ്മയ്ക്കു കഴിയുമോ. അമ്മിണി സങ്കോചപെട്ടു . അച്ഛനു തളർവ്വാതം പിടിച്ചതും ഏട്ടന്റെ സ്പിന്നിംഗ് മിന്നിലെ ജോലി പോയതും ഞാൻ കാരണം വീടിനുള്ള എന്തോ ദോഷമെന്നാണ് അമ്മ വിശ്വസിക്കുന്നത്
                               ടെലിഫോൺ ബൂത്തിലെ പണി അമ്മിണിയ്ക്ക് ഒരാശ്വാസം തന്നെ ആയിരുന്നു. മുതലാളി ഒരു പാവം പിടിച്ച മനുഷ്യൻ. നാട്ടിലെല്ല്ലാം സമ്മതൻ. ഭാര്യയും കോളെജിൽ പഠിക്കുന്ന ഒരു മോളും ഉണ്ട്, പിന്നെ ഏട്ടന്റെ ഏറ്റവും അടുത്ത കൂട്ടുകാരനും സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ അമ്മിണിക്ക് ഒരു ഭയവും ഉണ്ടായിരുന്നില്ല രാവിലെ 8 മണിക്ക് കടതുറന്നാൽ പിന്നെ വൈകുന്നേരം ആറു മണിവരെ ഡ്യൂട്ടി. ഉച്ചയ്ക്ക് ഊണ് കൊണ്ടു വരാറാണു പതിവ് ഊണു കഴിഞ്ഞാൽ പിന്നെ 6 മണിയാകുന്നതു അറിയത്തേ ഇല്ല. ഒരു ദിവസം ബൂത്തിലെ പണിയും കഴിഞ്ഞ് വരുമ്പോഴാണ് വീട്ടിൽ ഒരാൾ കൂട്ടം ഏട്ടൻ ഉമ്മറത്തിരിപ്പുണ്ട് അമ്മ ഉമ്മറപടിയിലിരുന്നു കരയുന്നുമുണ്ട്. ദൈവമേ ഇനി അച്ഛനെന്തെങ്കിലും. അമ്മിണി  അകത്തേക്ക് ഓടിക്കയറിഭാഗ്യം അച്ഛൻ കട്ടിലിൽ കിടപ്പുണ്ട് പിന്നെ എന്താ ഇവിടെ..ഉമ്മറ പടിയിലിരുന്ന് ഏട്ടനോട് അമ്മ എന്തോ പറയുന്നുണ്ട് .
എന്നാ എല്ലാത്തിനും വല്ല വിഷവും വാങ്ങിത്തന്നിട്ട് മതിയായിരുന്നില്ലെടാ നിനക്കിത്അമ്മിണിക്കൊന്നും മനസ്സിലായിരുന്നില്ല അവൾ മെല്ലെ ഏട്ടന്റെ ചുമലിൽ കൈ വെച്ചു പറഞ്ഞു
എന്താ ഏട്ടാ ഇത്”  
 “പോ ഒന്നിനെയും എനിക്ക് കാണണ്ട നീ നിന്റെ അമ്മയെയും കെട്ടിപ്പിടിച്ചിവിടിരുന്നോ,ഞാനും ഒരു മനുഷ്യനാ എനിക്കും ഉണ്ട് അഗ്രഹങ്ങളും സ്വപ്നങ്ങളും ഒക്കെ രണ്ടാം കെട്ടാണെങ്കിലും നല്ലൊരാലോചന ശരിയായതാ ജാതകം ചേരില്ലാത്രെ നിന്റമ്മയ്ക്ക്. സ്വന്തം മോള് വീട്ടീന്നെറങ്ങാത്തതിന്റെ കുറേ അനുഭവിച്ചിട്ടും തള്ള പഠിച്ചില്ലല്ലോ
                         റൂമിലേക്ക് കയറിയപ്പോഴാണ് അമ്മിണിക്ക് കാര്യം മനസ്സിലായത് ഏട്ടൻ ആത്മഹത്യാ ശ്രമം നടത്തിയിരുന്നു എന്ന് ഫാനിൽ തൂങ്ങിയാടുന്ന തന്റെ ഷാലിൻ  തുമ്പു നോക്കി അമ്മിണി കരഞ്ഞുകാലി കുഞ്ഞിരാമേട്ടൻ കണ്ടില്ലായിരുന്നെങ്കിൽ ഏട്ടനിപ്പൊ അതൊലോചിക്കാൻ കൂടി അമ്മിണിക്കു വയ്യ. ഈ വീട്ടിൽ തന്നോട് അൽ‌പ്പമെങ്കിലും സ്നേഹം ഉണ്ടെന്നു തോന്നിയത് ഏട്ടനു മാത്രാ. ഓടുക്കം കുഞ്ഞിരാമേട്ടന്റെ മദ്ധ്യസ്ഥതയിൽ വീട്ടിൽ ഒരു കല്ല്യാണ ചർച്ച നടന്നു.
ഞാനിതെത്ര കണ്ടിരിക്കുണു എന്റെ അമ്മൂട്ട്യേട്ട്യേ... ജാതകം കുണ്ടാമണ്ടി..അതൊക്കെ ആളുകൾ ഓരോന്നുണ്ടാക്കണതല്ലെ ഇപ്പൊണ്ടോ ഈ ജാതകം നോക്കലൊക്കെ ചെക്കന് പെണ്ണിനെ ഇഷ്ടപ്പെട്ടാപിന്നെ ജാതകമൊക്കെ തനിയെ ചേരും അല്ലെങ്കിൽ ചേർക്കുംഅങ്ങിനെ ഏട്ടത്തിയുമായുള്ള വിവാഹത്തിനു  അമ്മ സമ്മതം മൂളി. “ഇതൊന്നു നടന്നു കഴിഞ്ഞാൽ എല്ലാം ശരിയാകും അമ്മൂട്ടിയേട്ട്യേ ഈ കുഞ്ഞിരാമനെത്ര ജാതകം കണ്ടിരിക്കുന്ന് നമ്മടെ കിഴക്കെപ്പാട്ടെ അംബികേടെ മൂത്ത മോളില്ലെ രമണി അവളുടേ ജാതകത്തിൽ ചൊവ്വേല്ലെ എന്നിട്ടെന്തായി പാലക്കാട്ടു കാരൻ ഒരു രാഘവൻ അല്ലെ അവളെ കല്ല്യാണം കഴിച്ചെ...പെണ്ണ് ഒന്നു പെറ്റു ഇപ്പൊ രണ്ടാമത്തെത് വായറ്റിലുമാ എന്തേലും സമ്പവിച്ചോ..? പിന്നെ പത്തിൽ പത്ത് പൊരുത്താർന്നില്ലെ എന്റെയും ശാരദേടെയും എന്നിട്ടെന്താ  എട്ടാം മാസത്തിൽ ഓള് ഒരു കുഞ്ഞിനെ പോലും തരാണ്ട് പോയില്ലെഅതു പറയുമ്പോൾ കുഞ്ഞിരാമേട്ടന്റെ കണ്ണ് മെല്ലെ നനയുന്നത് അമ്മിണി കണ്ടു
ഇപ്പൊ മക്കളായി ഇവറ്റകൾ മാത്രംമുറ്റത്ത് തുളസിത്തറയുടെ പടിഞ്ഞാറായി നിൽക്കുന്ന മാവിൽ കെട്ടിയിട്ടിരിക്കുന്ന പശുക്കളെ ചൂണ്ടി കുഞ്ഞിരാമേട്ടൻ പറഞ്ഞു .
                        അങ്ങിനെ കുഞ്ഞിരാമേട്ടന്റെ ബ്രൈൻ വാഷിൽ അമ്മ ഇരു മനസ്സോടെ സമ്മതിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം. താലി ചാർത്തുമ്പോൾ ഏട്ടന്റെ കണ്ണുകൾ അമ്മിണിയെ പരതുന്നത് അമ്മിണി അറിഞ്ഞു. ഇതു പോലൊരു താലി പന്തലിൽ അമ്മിണിയുടെ കൈപിടിച്ചു കൊടുക്കുന്നത് ഏട്ടൻ ഒരുപാട് സ്വപ്നം കണ്ടിരുന്നു. “അമ്മിണീ ഈ ഏട്ടനോട് ക്ഷമിക്കുകഎന്ന് ഏട്ടൻ പറയാതെ പറയുന്നതായി അമ്മിണിക്കു തോന്നി.

              കൂടെ പഠിച്ചവരുടെ ഒക്കെ കല്ല്യാണം കഴിഞ്ഞു ലതേച്ചീടെ മോൾ മാലതി ഇന്നലെ വന്നിട്ടുണ്ടായിരുന്നു പ്രസവത്തിനു ശേഷം പെണ്ണ് ഒരുപാടു തടിച്ചു നല്ല ഓമന മോൻ പേര് ഗുരുവായൂരിൽ ചെന്നിട്ടേ ഇടൂ..ഇപ്പൊ കണ്ണാന്നാ വിളിക്കുന്നേ. മഹേഷേട്ടൻ ഗൾഫിലാ മാലതിക്കും വിസ തരാവൂന്നാ കേട്ടെ നിന്റെ കാര്യം ഒന്നും ആയില്ലേടീഅമ്മിണിക്ക് മാലതിയുടെ മുഖത്തു നോക്കാൻ കഴിഞ്ഞില്ല ഒക്കത്തിനും ഒരോ യോഗണ്ടടീ നമുക്കതൊന്നും വിധിച്ചിട്ടില്ല മാലതീ, പിന്നെ നീ രാധികയെ കണ്ടിരുന്നോ അവളും വന്നിരുന്നു ഇതിനിടെ അവളിപ്പൊ ഒരു കോട്ടയത്തുകാരി അച്ചായത്തി തന്നെ ഭാവോം, ഭാഷേം, നടപ്പും ഒക്കെ മാറീറ്റ്ണ്ട്അമ്മിണി മന:പ്പൂർവ്വം വിഷയം മാറ്റുകയാണെന്ന് മാലതിക്കു തോന്നി 
ഞാൻ മഹേഷേട്ടനോട് പറഞ്ഞിരുന്നു നിന്റെ കാര്യം പരിചയത്തിൽ വല്ലോരും..ഒക്കെ നിന്റെ ജാതകാ പ്രശ്നം
                         ടെലഫോൺ ബൂത്തിൽ ഏറെ പരിചയക്കാരുണ്ട് ഇപ്പൊ അമ്മിണിക്ക് ആലോചനകളുടെ ഒരു മത്സരം തന്നെ നടന്നു എങ്കിലും ഒക്കത്തിന്റെയും അവസാനം ജാതകത്തിൽ എത്തും. ദിനവും ഫോൺ ചെയ്യാൻ വരുന്ന സുശീലേച്ചിയുമായി അമ്മിണി പെട്ടെന്നടുത്തു അവരു തമാശയും ചിരിയും ഒക്കെയായി വന്നു കഴിഞ്ഞാൽ പിന്നെ സുശീലേച്ചിക്ക് പറയാൻ നൂറു നൂറു കഥകളുണ്ടാവും സുശീലേച്ചിയും അമ്മിണിയെപ്പോലെ കല്ല്യാണം കഴിച്ചില്ല ആരോടൊക്കെയോ ഫോണിൽ കൊഞ്ചി കുഴയുന്നതു കാണാം. ചിലപ്പൊ നൂറു രൂപയ്ക്കൊക്കെ വിളിക്കും സുശീലേച്ചിയെ കുറിച്ച് നാട്ടിൽ നല്ല അഭിപ്രായമല്ല ഉള്ളത്എങ്കിലും എന്തോ അമ്മിണിക്ക് അവരെ ഒരു പാട് ഇഷ്ടമായി അല്ലേലും ഒറ്റയ്ക്ക് ഒരു സുന്ദരിയായ പെണ്ണ് താമസിച്ചാൽ ആൾക്കാർക്ക് പറഞ്ഞു നടക്കാൻ വേറെ വല്ലതും വേണോ.
 “പ്രേമിച്ചവൻ വഞ്ചിച്ചപ്പോ വീട്ടുക്കാരും കയ്യൊഴിഞ്ഞു ഒരു ഗതീല്ലാതായപ്പൊ പല പല കൊള്ളരുതായ്മ്മകളും ചെയ്തു ഇപ്പൊ അതൊരു ശീലായിഒരു സങ്കോചവും ഇല്ലാതെ സുശീലേച്ചി പറഞ്ഞു.
പല പല രാത്രി കഥകളും അമ്മിണിക്ക് പറഞ്ഞു കൊടൂക്കാറും ഉണ്ട് ആദ്യം ഒക്കെ അമ്മിണിക്ക് വെറുപ്പായിരുന്നു പിന്നെ പിന്നെ അമ്മിണിയും പതിയെ ഇഷ്ടപ്പെടാൻ തുടങ്ങി .പക്ഷെ സുശീലേച്ചിയുടെ മാർഗ്ഗത്തോട് അമ്മിണിക്ക് വിയോജിപ്പായിരുന്നു ജീവിക്കുന്നെങ്കിൽ അതൊരു പുരുഷന്റെ കൂടെ മാത്രമായിരിക്കും എന്ന് അമ്മിണി ഉറപ്പിച്ചിരുന്നു.
                ബൂത്തിൽ വച്ചു മറന്ന തന്റെ ബാഗ് എടുക്കാനായി താക്കോൽ വാങ്ങാൻ മുതലാളിയുടെ വീട്ടിൽ ചെന്ന ദിവസം അമ്മിണി ചെന്ന പാടെ ഇരിക്കാൻ പറഞ്ഞു മുതലാളി. ആരുമില്ലെന്നു പറഞ്ഞപ്പോൾ അമ്മിണീ ഭയന്നിരുന്നു. ഏയ് എന്തിന് ഭയക്കണം ഇക്കാലമത്രെയായിട്ടും തന്റെ നേർക്ക് മോശമായി ഒരു നോട്ടം പോലും മുതലാളി നോക്കിയിട്ടില്ല പിന്നെന്തിനു ഭയക്കണം
അവളും മക്കളും കല്ല്യാണത്തിനു പോയേക്കുവാ ..ദാ താക്കോൽ. ഇന്നമ്മിണി തന്നെ വച്ചോ കാലത്ത് തുറക്കേണ്ടതല്ലെഅമ്മിണി താക്കോൽ വാങ്ങി തിരിഞ്ഞു നടന്നു .
മുതലാളിയെ വെറുതേ തെറ്റിദ്ധരിച്ചു അമ്മിണി നടക്കാൻ തുടങ്ങവെ ഒരു കൈവളയം തന്റെ അരക്കെട്ടിനെ മുറുക്കുന്നതായി അവളറിഞ്ഞു .
                 നഷ്ടബോധത്തിന്റെ കുത്തൊഴുക്കിൽ നിന്നും കരകയറാൻ പെട്ടെന്നൊന്നും അമ്മിണിക്ക് കഴിഞ്ഞില്ല . സുശീലേച്ചി പഠിപ്പിച്ചുതന്ന കാമ രസതന്ത്രത്തിന്റെ പാഠങ്ങൾ ഓരോന്നായി മുതലാളിയിൽ നിന്നനുഭവിച്ചപ്പോൾ തടുക്കാൻ തോന്നിയില്ല. മാലതിയും, രാധികയും, അനുഭവിച്ച സുഖം ഇന്നമ്മിണിയും അനുഭവിച്ചിരിക്കുന്നു. അതോടൊപ്പം അമ്മിണി സ്വപ്നം കണ്ട ഒരു ജീവിതം മാലതിയുടെ മഹേഷേട്ടനെപ്പോലെ ഒരു ഭർത്താവ്, ഒരു കുഞ്ഞ്, ഭർത്താവിന്റെ കുടുംബം ബന്ധുക്കൾ ഒക്കെ കയ്യിൽ നിന്നും പോയിരിക്കുന്നു  അമ്മിണി പൊട്ടിക്കരഞ്ഞു വേദനയുടെ പാരമ്മ്യത്തിൽ സഹിക്കവയ്യാതെ അവൾ  വീട്ടിലേക്കോടി. മുറിയിൽ തനിയെയിരുന്നു കരഞ്ഞു. പണ്ട് ഏട്ടൻ കെട്ടിത്തുക്കിയ ഷാൽ ഇപ്പൊഴും ഫാനിനു മുകളിലായി വട്ടം കറങ്ങുന്നതായി അമ്മിണിക്കു തോന്നി. ഒരു നിമിഷം എല്ലാം അവസാനിപ്പിച്ചാലോ എന്നു പോലും അവൾ ചിന്തിച്ചു. പക്ഷെ അമ്മിണി എന്തിനു ജീവനൊടുക്കണം അമ്മിണി ഇവിടെ തെറ്റൊന്നും ചെയ്തില്ലല്ലോ.. വിവഹ പൂർവ്വ ബന്ധത്തെ പറ്റിപ്പറഞ്ഞ സിനിമാ നടിയെപ്പോലും വെറുതെ വിട്ട ഈ നാട്ടിൽ അമ്മിണി തെറ്റുകാരിയാവുന്നതെങ്ങിനെ..? അമ്മിണി തീരുമാനിക്കുകയായിരുന്നു അച്ഛൻ അമ്മ എന്നതെല്ലാം വെറും പൊള്ളയായ സ്നേഹമായിരുന്നു അമ്മിണിക്ക്.പിന്നെ താൻ എന്തിന് അമ്മ മാത്രമായി ഒരാണിന്റെ കീഴിൽ ഒതുങ്ങണം. കിഴക്കെപ്പാട്ടെ അംബികയുടെ  മൂത്തമോൾ രമണിയ്ക്ക് വന്ന പാലക്കാടുകാരൻ രാഘവേട്ടനെപ്പോലുള്ള ഒരാൾ ഇനി വരില്ലെന്നും അമ്മിണിക്കറിയാം. അമ്മിണി തീരുമാനിക്കുകയായിരുന്നു. തനിക്കു മുടങ്ങിപ്പോയ 46 വിവാഹാലോചനയ്ക്കും പരിഹാരം.
             ബൂത്തു പൂട്ടി 6 മണിയായാൽ അമ്മിണി സുശീലേച്ചിയെ വിളിക്കും വീട്ടിലാർക്കും ഒരു പരാതിയും ഇല്ല മാസാ മാസം നല്ലൊരു തുക അവർക്ക് കിട്ടുന്നുണ്ടായിരുന്നു. അമ്മയ്ക്ക് പണ്ടില്ലാത്തതിനെക്കാൾ സ്നേഹം കൂടുതലാണെന്നു തോന്നി ഏടത്തിക്ക് പ്രസവത്തിന് 4000 രൂപ കൊടുത്തപ്പോൾ ഏട്ടനു മാത്രം വാങ്ങാൻ ഒരു വിഷമം പോലെ തോന്നി പിന്നെ പിന്നെ എല്ല്ലാം ശരിയയി.
                അങ്ങിനെ അമ്മിണിയും ഒരു പെണ്ണായി .പരിചയക്കാർ അമ്മിണിക്ക് കൂടി വന്നു ഇപ്പൊ ചൊവ്വാദോഷം ഒരൊറ്റ ചെറ്റയ്ക്കും വിഷയമേ അല്ല. അമ്മിണിയുടെ ഭാഷയിൽ പറഞ്ഞാൽ എല്ലാ നായിന്റെ മക്കൾക്കും മുട്ടുമ്പോ ചൊവ്വാദോഷക്കാരിയും മകം പിറന്ന മങ്കയാകും.ഫൂ.....അമ്മിണി തുപ്പിയത് ആരെയാണെന്നും  ആർക്കുനേരെയാണെന്നും ഉള്ള ചോദ്യം ഞാൻ വായനക്കാർക്കു വിടുന്നു, ചിറ്റിപ്പിണഞ്ഞു കിടന്ന ചൊവ്വാദോഷം അമ്മിണിയുടെ തലയ്ക്കു മീതെ പണമായി വട്ടം കറങ്ങിക്കൊണ്ടിരുന്നു. ഒപ്പം അമ്മിണിയും.

   

                                                                                                          Biju Kottila                    

Thursday, May 6, 2010

ഒന്നും വേണ്ടായിരുന്നു അല്ലേ.?

            വറ്റകള്‍ ഇന്നുറങ്ങാന്‍  സമ്മതിക്കുമെന്ന് തോന്നുന്നില്ല. കരിഞ്ഞുണങ്ങിയ മണലില്‍ ഒരു തുള്ളിമഴ പെയ്തപ്പൊഴേക്കും തുടങ്ങിയില്ലെ മൂളിപ്പാട്ടും പാടി ഈ അഹങ്കാരം. ഹരി തിരിഞ്ഞും മറിഞ്ഞും കിടന്നു.മഴയെ ഒരാവര്‍ത്തി ശപിച്ചു. “നാശം ഒന്ന് കനത്തു പെയ്തൂടെ  ഒന്നു വന്ന് ആളെ പറ്റിച്ചു കടന്നു കളഞ്ഞിരിക്കുവാ, സ്വതവേ ഉള്ള ചൂടിന്റെ കൂടെ ഇരട്ടി ചൂടും തന്നു. ഇന്നത്തെ ഉറക്കം പോക്കുതന്നെ, നാളെ പഞ്ചായത്തില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തെ കുറിച്ച് സെമിനാറുള്ളതാ ഇന്നുറങ്ങിയില്ലെങ്കില്‍ പിന്നെ നാളത്തെ കാര്യം ഗോവിന്ദ.” തലങ്ങും വിലങ്ങും കൈഇട്ടടിച്ചു  എവിടെ കിട്ടാന്‍  പിന്നെയും മൂളല്‍ ബാക്കി കൊതുകു നിവാരണത്തിനു ചിലവഴിച്ച കാശുപൊടിച്ചതു നഷ്ടം എന്നല്ലാതെ ഇവറ്റകള്‍ക്ക്  ഒരു കുറവും ഇല്ല ഒരു മഴചാറ്റല്‍  മതി എവിടെന്നില്ലാതെ എത്തിക്കോളും ഉറങ്ങാന്‍ സമ്മതിക്കില്ലെന്നെ.” ഹരിക്ക് കൊതുകിനെ വല്ലാത്ത അലര്‍ജ്ജിയാണ്. കൊതുകു കടിച്ചേടത്ത് ഉണ്ണിയപ്പത്തിന്റെയത്ര വണ്ണത്തി മുഴച്ചു വരും ഒരിക്കല്‍ ഈ മുഴ ഹരീടെ കുറേ കാശ് കളഞ്ഞതാ കെട്ടോ. ഒരു ദിവസം കാലത്തെഴുന്നേറ്റപ്പൊ കഴുത്തിനു താഴെ ഒരു മുഴ വീട്ടുകാരെല്ലാവരും ഭയന്നു അന്നു സുലുവിനെ കല്ല്യാണം കഴിച്ചിട്ടുണ്ടായിരുന്നില്ല ക്ഷയരോഗത്തിന്റെ ലക്ഷണമാണെന്നു കരുതി മെഡിക്കല്‍ കോളേജില്‍ പോയി സകല ടെസ്റ്റും എടുക്കേണ്ടി വന്നു ഒടുവിലാ കളി ഗായകന്റെതാണെന്നു (മൂളിപ്പാട്ടുകാരന്റെ)മനസ്സിലായത്.


                      “റോഡിലൂടെ കുതിച്ചു പായുന്ന പാണ്ടി ലോറിയുടെ  ശബ്ദം പോലും ഹരിയുടെ ഉറക്കം കെടുത്തിയിട്ടില്ല പക്ഷെ ഈ നാശങ്ങള്‍ അവയുടെ മൂളല്‍ ഒരു വല്ലാത്ത ഇറിറ്റേഷന്‍ തന്നെ“  ഹരി മെല്ലെ വാതിലു തുറന്ന് പുറത്തേക്കിറങ്ങി നാഷണന്ല്‍ ഹൈവേയുടെ അടുത്താണ് ഹരിയുടെ വീട്. മുരണ്ടു കൊണ്ടു ചീറിപ്പായുന്ന വാഹനങ്ങള്‍ ജനല്‍ ചില്ലുകളില്‍ മിന്നിമറയുന്ന ഹെഡ്ലൈറ്റിന്റെ കൊള്ളിയാന്‍, ഒക്കെയുമായും ഹരി പൊരുത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു . ഹരിക്ക് ആരോഗ്യ വകുപ്പില്‍ ഉയര്‍ന്ന ഉദ്ദ്യോഗം കിട്ടിയപ്പോഴേ സുലോചനയ്ക്ക് ഒറ്റ നിര്‍ബന്ധം ഹൈവേക്കടുത്ത് ഒരു വീടു വാങ്ങണം . ‘കളിപ്പാട്ടേക്ക്’ ഓത്തിരി ദൂരമൊന്നും ഇല്ലല്ലോ അവിടുന്ന് അച്ഛനെയും അമ്മയെയും എപ്പൊ വേണേലും കാണാന്‍ വരാല്ലോ. തോന്നുമ്പൊ ഒന്നു വിളിച്ചാല്‍ മതീല്ലെ. എന്റെ കാറും ഉണ്ട്  ദിഡീന്ന് ഇങ്ങെത്തില്ലെ അമ്മേ” വീടൂ വിട്ടിറങ്ങുമ്പോള്‍ കരഞ്ഞു കലങ്ങിയ കണ്ണുമായി വാതില്‍ പടിമേല്‍ നില്‍ക്കുന്ന അമ്മയോട് സുലു പറഞ്ഞു. പടിയിറങ്ങുമ്പോഴും അച്ഛന്‍ ഒന്നും മിണ്ടിയില്ല ചാരുകസേരയിലിരുന്നു  മൌനാനുവാദമോ ദേഷ്യമോ എന്തോ വായിച്ചെടുക്കാനാവത്ത ഒരിരുത്തം. കാല്‍ തൊട്ടു വന്ദിച്ച് അവിടിന്ന് വിട്ടു പോരുമ്പോള്‍ വല്ലാത്ത ഒരു നൊമ്പരം മനസില്‍  പിടഞ്ഞു.

                           അമ്മയെയും അച്ഛനെയും വിട്ടിട്ടു വരാന്‍ മനസ്സുണ്ടായിട്ടല്ല സുലുവിനു  കോടതിയില്‍ പോകാന്‍ എളുപ്പം ഇവിടെയാണ്  പിന്നെ കസ്റ്റമേഴ്സിന് എത്തിച്ചേരാന്‍ എളുപ്പവും.
പിന്നെ ‘കളിപ്പാട്ടാകുമ്പോള്‍ ’ കാറ് വീടുവരെ പോകില്ല കോണ്ട്രാക്ടര്‍ കൃഷ്ണേട്ടന്റെ വീടുവരെയേ റോഡുള്ളൂ.വണ്ടി അവരുടെ വീട്ടിലാണ് വെയ്ക്കാറ്. ഒരു ദിവസം ടയര്‍ നിറയെ ചെളിയുമായി സുലു ഇന്റര്‍ ലോക് ചെയ്തിട്ട മുറ്റത്ത് കാറ് കേറ്റിയിട്ടതിന് കൃഷ്ണേട്ടന്റെ ഭാര്യ ശാരദേടത്തിയുടെ നാവില്‍ നിന്ന് ഒരു പാട് കേട്ടതുമാണ് . അന്നായിരിക്കും സുലു ആദ്യമായി എന്റെ അടുത്ത് കരഞ്ഞത്. വല്ല്യ വക്കീലാണെന്നു പറഞ്ഞിട്ടെന്താ കാര്യം നാണം കെട്ടാല്‍ എല്ലാ പെണ്ണും ഒരു പോലെ തന്നെ. അന്നു രാത്രി വാശിയോടെ പറഞ്ഞതാ അവള് ഹൈവേയ്ക്കടുത്ത് ഒരു വീടു വാങ്ങണമെന്ന് .
                           
                          വീട്ടു പറമ്പില്‍ കൃഷിയുണ്ട് അച്ഛനെ സഹായിക്കാന്‍ ....,ക്ലബ്ബിന്റെ പ്രസിഡന്റ് സ്ഥാനം , ക്ഷേത്ര കമ്മറ്റി, പാര്‍ട്ടി ബ്രാഞ്ച്,  ഒക്കെ പ്രശ്നങ്ങളാണ് ഒക്കത്തിനും പരിഹാരവും സുലു തന്നെ നിര്‍ദ്ദേശിച്ചു..“എന്നെ ഓഫീസില്‍ വിട്ട് നിങ്ങള്‍ കാറെടുത്തോളൂ. അപ്പൊ പിന്നെ എവിടെ വേണേലും പോകാല്ലോ. പിന്നെ അച്ഛനെ സഹായിക്കാന്‍ ഞാന്‍ ഒരു പണിക്കാരനെ വച്ചോളാം
കൂലി എന്റെ ശമ്പളത്തില്‍നിന്നു  ഞാന്‍ കൊടുത്തോളാം“. വീടൊന്നു മാറിയതേ ഉള്ളൂ അപ്പൊഴേക്കും നിന്റെത്  എന്റെത് എന്നുള്ള വാക്കുകളൊകെ പുറത്തിറങ്ങാന്‍ തുടങ്ങിയിരിക്കുന്നു. പെട്ടെന്ന് മുറ്റത്തേയ്ക്ക് എന്തോ കിതച്ചു കൊണ്ട് ഓടി വന്നു രണ്ട് പട്ടികളായിരുന്നു അവ മുറ്റത്തുകിടന്ന് കടി പിടി കൂടി ബഹളമുണ്ടാക്കി ..താഴെ സ്റ്റെപ്പിനടുത്തു കിടന്ന സുലുവിന്റെ പഴയ ഒരു ജോഡി ചെരുപ്പെടുത്ത് ഹരി അവറ്റകളെ എറിഞ്ഞോടിച്ചു.ഈ ശബ്ദ്ദകോലാഹലങ്ങളൊന്നും സുലുവിന്റെ ഉറക്കം കെടുത്തിയില്ല. അവളൊന്നുമറിയാതെ സുഖനിദ്രയിലാണ്  ചൂടു കൂടിയതു കാരണം ഒന്നിച്ചു കിടക്കാറില്ല  കല്ല്യാണം കഴിഞ്ഞു രണ്ടു വര്‍ഷമായി ഒരു വര്‍ഷം കൂടി കഴിഞ്ഞിട്ടു മതിയെന്നാണ് സുലു പറഞ്ഞത്  ഇപ്പൊ ഉദ്ദ്യോഗം കിട്ടിയതല്ലെ ഉള്ളൂ ഒന്ന് സെറ്റിലാകട്ടെ പെട്ടൊന്നൊരു കുഞ്ഞുണ്ടായാല്‍ ഹരിക്ക് ചിലപ്പോള്‍ അത് വല്ല്യ സാമ്പത്തിക ബാദ്ധ്യത സൃഷ്ടിക്കും. ചിലപ്പോള്‍ സുലുവിന്റെ വര്‍ത്താനം കേട്ടാല്‍ തോന്നും കേരളത്തിലെ ധനമന്ത്രി പോലും ഇത്ര അഡ്വാന്‍സ്ഡായി ചിന്തിക്കില്ലെന്ന്  ഇവള്‍ എല്‍ എല്‍ ബിക്ക് പോയതിനു പകരം ഇക്കണോമിക്സായിരുന്നെങ്കില്‍ എവിടെയെങ്കിലുമൊക്കെ എത്തിയേനെ.

                    പുറത്ത് മുറ്റത്തൂടെ നടക്കാന്‍ ഇപ്പൊ ഒരു സുഖം തോന്നുന്നു എവിടെയോ നല്ല മഴ പെയ്യുന്നുണ്ട് അതാ ഇളം കാറ്റ് വീശുന്നേ. ഏതായാലും ഉറങ്ങാന്‍ കഴിയുമെന്നു തോന്നുന്നില്ല കുറച്ച് നേരം ഇങ്ങിനെ നടക്കാം. ഇപ്പൊ വന്ന കാറ്റിനു  ‘കളിപ്പാട്ടെ‘ വാഴത്തോപ്പിന്റെ മണം. തൊടിയിലെ അരിമുല്ലയുടെയും, പിച്ചകത്തിന്റെയും, ഇലഞ്ഞിയുടെയും ഒക്കെ മണം ആക്കാറ്റില്‍ ഹരി മണത്തെടുത്തു “മിറ്റത്തേക്കിറങ്ങിയാല്‍ മതി നല്ല കാറ്റ് കിട്ടും പടിഞ്ഞാറ് നിന്നുള്ള കാറ്റാ നല്ല തണുപ്പുണ്ടാകും” വീടിന്റെ താക്കോല്‍ തരുമ്പൊ ഉമ്മര്‍ ഹാജി പറഞ്ഞത് ഹരി ഓര്‍ത്തു.
                     അയ്യപ്പന്മാരണെന്നു തോന്നുന്നു വിഷുവിളക്കു തൊഴാന്‍ പോയവരായിരിക്കും റോഡരികില്‍ ഒരു ചുവന്ന വാന്‍നിര്‍ത്തിയിട്ടിരിക്കുന്നു എതിരെ വരുന്ന വാഹനങ്ങളുടെ  വെളിച്ചത്തില്‍ മാലയിട്ട ഫ്രൈമില്‍ മുന്നില്‍ തൂക്കിയിട്ട അയ്യപ്പന്റെ ഫോട്ടോ കാണുന്നുണ്ട് ശബരി മലയില്‍ ഈ സീസണില്‍ റെക്കോര്‍ഡ് വരവാന്നാണല്ലോ പത്രങ്ങള്‍ മുഴുവന്‍ റിപ്പോര്‍ട്ട്ചെയ്തത്. ദൈവകണം കണ്ടെത്താന്‍ ശാസ്ത്രലോകം ഒരു വശത്ത് മറു ഭാഗത്ത് ദൈവങ്ങളോടുള്ള ആരാധന അച്ഛമ്മയുടെ ബി പി പോലെ കുത്തനെ മേലോട്ട്.  മനുഷ്യന്മാര്‍ക്കൊക്കെ പേടി കൂടി വരികയാണ്. പേടികൂടുമ്പോഴാള്‍ ഭക്തി കൂടുക എന്ന് ആരോ പറഞ്ഞു കേട്ടത് ഓര്‍ക്കുന്നു. സുലുവും എന്നും കോടതിയില്‍ പോകുന്നതിനു മുന്‍പ് പ്രാര്‍ത്ഥിക്കുന്നതു കാണാം .കേസ് ജയിച്ചാല്‍ അത് ദൈവത്തിന്റെ കഴിവും , കേസ് തോറ്റാല്‍ അത് സുലുവിന്റെ ഭാഗ്യക്കേടും ഇതെന്തൊരു   ന്യായമാണല്ലെ.


            തൊടിയിലെ അരിമുല്ലയുടെ മണവുമായി വന്ന കാറ്റിനു എന്തോ പിശകു പറ്റിയിരിക്കുന്നു കാറ്റിന്റെ ഗന്ധം പതിയെ മാറിത്തുടങ്ങിയിരിക്കുന്നു  റോഡരികിനോടു ചേര്‍ത്തുവച്ച ബോഗണ്‍ വില്ലയുടെ ചോട്ടില്‍ ഒരാള്‍ പെരുമാറ്റം  “ആരാ അത്” ഹരി ഉറക്കെ ചോദിച്ചു ..ആരോ ഒരാള്‍ ട്രൌസറും വലിച്ചു കേറ്റി അയ്യപ്പന്മാരുടെ വണ്ടിക്കരികിലേക്ക് ഓടി “പാവം കാര്യ സാധനയ്ക്കായി വന്നതാണ് വെറുതെയല്ല അരിമുല്ലയുടെ ഗന്ധം മാറിയത് . ഇത്തരം ശല്ല്യങ്ങള്‍ പതിവാണ് . ഇന്നാളൊരിക്കല്‍ സെക്കന്റ് ഷോയും കഴിഞ്ഞു വരുന്ന ആരോ ആണെന്നു തോന്നും സുലുവിന്റെ കാറിന്റെ ചില്ലെറിഞ്ഞു തകര്‍ത്തു   ഒക്കെ ചെയ്തത് മദ്യമാണല്ലോ എന്നോര്‍ത്തു ഒന്നും പറയാന്‍ പോയില്ല കേസു കൊടുക്കാന്‍ സുലുവിനു തെളിവൊന്നും കിട്ടിയുമില്ല.  പട്ടികള്‍ പിന്നെയും വരുമോ ആവോ.അവറ്റകളുടെ കുര മാറി ഇപ്പൊ ഒരു തരം പേടിപ്പിക്കുന്ന ഓരിയിടലായി മാറിയിരിക്കുന്നു എവിടെനിന്നെല്ലാമോ കിതപ്പിന്റെ ശബ്ദങ്ങള്‍ പോലെ അയ്യപ്പന്മാര്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്തു പട്ടികളുടെ ഓരിയിടല്‍ തുരുതുരെ അലമുറകള്‍ പോലെ ആയി ഹരിക്ക് ആകെ ഒരു പേടി തോന്നി ഏതായാലും ഇനി പുറത്ത് നില്‍ക്കുന്നത് അത്ര പന്തിയല്ല  മൂടിക്കെട്ടിയ കാര്‍മ്മേഘങ്ങള്‍ കരയാന്‍ തുടങ്ങിയിരിക്കുന്നു അയ്യപ്പന്മാരുടെ വണ്ടി മെല്ലെ നീങ്ങി ഹരി അകത്തു കയറി വാതില്‍ കുറ്റിയിടാനൊരുങ്ങവെ  പെട്ടെന്നായിരുന്നു അത് സംഭവിച്ചത്.

                   ശക്തമായ ഒരു ശബ്ദം നിലവിളികള്‍ , അലര്‍ച്ചകള്‍ , ഞരക്കങ്ങള്‍ ,പിന്നാലെ വന്ന വാഹനങ്ങള്‍ ബ്രേക്ക് ചവിട്ടി ടയറുകള്‍ റോഡില്‍ പുളയുന്ന ശബ്ദങ്ങള്‍ .ഹോണടികള്‍ ,  ബഹളങ്ങള്‍ . അടുത്തുള്ള വീടുകളില്‍  വിളക്കുകള്‍ തെളിഞ്ഞു ശബ്ദം കേട്ടെന്നോണം സുലുവും എഴുന്നേറ്റു. എന്താ  എന്താ   സംഭവിച്ചേ...? ഹരി ആകെ തരിച്ചിരിക്കുകയാണ് സുലു ചെന്ന് ഇറയത്തെ ലൈറ്റിട്ടു .ഉമ്മറത്തേക്കിറങ്ങിയ ഹരി അലറി വിളിച്ചു പിന്നിലേക്ക് തിരിഞ്ഞൂ പിന്നാലെ സുലുവിന്റെ അലര്‍ച്ചയും കേള്‍ക്കാമായിരുന്നു . വീട്ടുമുറ്റത്ത് കാറിന്റെ തെറിച്ചു പോയ ഡോറിനൊപ്പം ഒരു പിഞ്ചു കുഞ്ഞിന്റെ ചേതനയറ്റ ശിരസ്സും.ഒന്നും മിണ്ടാനാവാതെ ഹരിയേയും കൊണ്ട് സുലു അകത്തു കയറി വാതിലടച്ചു. ഇഡിമിന്നലോടു കൂടീയ മഴ തകര്‍ക്കുകയാണ് .ജനാലയ്ക്കപ്പുറത്ത് മിന്നിമറയുന്ന വെള്ളി വെളിച്ചങ്ങള്‍ ഉയര്‍ന്നു കേള്‍ക്കുന്ന ബഹളങ്ങള്‍ ഹോണടി ശബ്ദങ്ങള്‍ .  ഹരീ ഹരീ..വാതിലില്‍ ആരോ മുട്ടുന്നു ..ഹരീ.ഹരീ...അപ്പുറത്തെ ഗോപാലേട്ടനാണ് ഹരി മെല്ലെ വതില്‍ തുറന്നു . ഹരീ വണ്ടിയൊന്നു വേണം വേഗം .ഹരി ഒരു നിമിഷം ശങ്കിച്ചു. ഗോപാലേട്ടന്‍ ഹരിയെ തുറിച്ചു നോക്കി  പന്തികേടു മനസിലാക്കിയ ഹരി വേഗം സുലുവിനോട് ചാവി വാങ്ങി  ഗോപാലേട്ടാ സുലു ഇവിടെ ഒറ്റയ്ക്കാണ് അവളാകെ പേടിച്ചിരിക്കുകയാ മുറ്റത്തേക്കിറങ്ങിയപ്പൊ തന്നെ കണ്ടത് ആ കുഞ്ഞിന്റെ....പേടിക്കെണ്ട അതു തുണികൊണ്ടു മൂടിയിട്ടുണ്ട് പിന്നെ സുലു അടുക്കള  വശത്തൂടെ നേരെ എന്റെ വീട്ടിലേക്കു പൊക്കോളൂ അവിടെ സരോജിനിയും ഒറ്റയ്ക്കാ ഹരീ നീ വേഗം ഷര്‍ട്ടിട്


                    ആരൊക്കെയോ ചേര്‍ന്ന് ചോരയൊലിക്കുന്ന ഒരു രൂപത്തെ കാറിലേക്ക് വലിച്ചു കയറ്റി ആദ്യം ഒരറപ്പു തോന്നിയെങ്കിലും പിന്നീട് ഒരാവേശമായിരുന്നു ഏതോ ഒരു ധൈര്യം വീണുകിട്ടിയ പോലെ ഒരു പക്ഷെ മരണം കാത്ത് കഴിയുന്ന അയാളുടേ ജീവന്‍  തന്റെ ഉള്ളില്‍ സന്നിവേശിച്ചിരിക്കാം ഹരി മെല്ലെ കാറിന്റെ സ്പീഡ് മീറ്ററില്‍ ഒന്നു നോക്കി 120 നും മുകളിലാണ് സൂചിക.സാധാരണ 40 നു മുകളില്‍ പോയാല്‍ തന്നെ ഇരു വശത്തേക്കും പോകുന്ന വണ്ടിയാണ് ഇതിപ്പൊ 120 ല്‍ പോയിട്ടും അസാധ്യ കണ്ട്രോള്‍ .മെഡിക്കല്‍ കോളേജില്‍ അയാളേ വിട്ട് തിരികെ വരുമ്പോഴാണ് ഹരി ഹരിയായത് ..തിരിച്ചു പോരുമ്പോല്‍ ഗോപാലേട്ട്നായിരുന്നു വണ്ടി ഓടിച്ചത് "രണ്ടു പേര്‍ അവിടെ തന്നെ പോയി വേറെ രണ്ടൂ പേരെ ഗവണ്മെന്റ് ഹോസ്പിറ്റലിലേക്കാ കൊണ്ടു പോയത് നമ്മള്‍ കൊണ്ടുപ്പോയ മൂപ്പരും ബാക്കിയാവുന്ന കാര്യം കഷ്ടമാണ് പുള്ളിക്കാരന്റെ ഭാര്യയും കുഞ്ഞുമാ പോയത്" . പാവം അയാള്‍ ബാക്കിയാവുന്നതിലും നല്ലത് മരിക്കുന്നതാണ് .

തിരിച്ച് വീട്ടിലെത്തുമ്പൊഴേക്കും ബന്ധുക്കളാണെന്നു തോന്നുന്നു തുണികൊണ്ട് മറവു ചെയ്ത ശവങ്ങള്‍ക്കരികെ അലമുറയിട്ടു കരയുന്ന കുറെ പെണുങ്ങളും കാണാം മൂകാംബികയില്‍ കുഞ്ഞിനു ചോറു കൊടുക്കാന്‍ പോയതായിരുന്നു എല്ലാവരും മുന്നേ പോയ വണ്ടിയിലുണ്ടായിരുന്നവരാണ് ഇവര്‍ എന്ന്  തോന്നുന്നു പിന്നില്‍ വന്നവര്‍ക്കാണ് അപകടം സംഭവിച്ചിരിക്കുന്നത് ഗോപാലേട്ടന്‍  ഒരു പോലിസുകാരന്റെ അടുത്തു ചെന്ന് എന്തൊക്കെയോ സംസാരിക്കുന്നുണ്ട് ..അകലെ അപകടത്തില്‍ പെട്ട കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു കിടക്കുന്നു  കുറച്ചു ദൂരെയായി കാറിലിടിച്ച പാണ്ടി ലോറിയും കാണാം ..പിന്നെ അയ്യപ്പന്മാര്‍ എവിടെ പോയി ഹരി ആലോചിച്ചു ...ഒരു പക്ഷെ അയ്യപ്പന്മാരുടെ വണ്ടി കുറുകെ ചാടിയതു കാരണം എതിരെ വരുന്ന കാറി കാണാതെ പോയതാകാം ഡ്രൈവര്‍ . അയാളെ പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. ഹരി മെല്ലെ നേരത്തെ കുഞ്ഞിന്റെ തല കിടന്നു പിടഞ്ഞേടത്ത് തിരഞ്ഞു അവിടെയെങ്ങും ഒന്നും കാണാന്‍ കഴിഞ്ഞില്ല  കാറിന്റെ ഡോര്‍ ഒരരുകില്‍ ആരോ ചാരി വെച്ചിരിക്കുന്നു.


                        കണ്ണടയ്ക്കുമ്പോള്‍ ആ കുഞ്ഞിന്റെ ചോരയില്‍ കുളിച്ച മുഖമാണ് മനസ്സില്‍ അവന്റെ അല്ലെങ്കില്‍ അവളുടെ പൊട്ടിച്ചിരികള്‍ കാതില്‍ മുഴങ്ങുന്നതു പോലെ സുലു ഹരിയെ പറ്റിചേര്‍ന്ന് കിടക്കുകയാണ് അവര്‍ ആ ഷോക്കില്‍ നിന്നും ഇനിയും പരി പൂര്‍ണ്ണമായി മുക്തയായിട്ടില്ല “ഹരീ നമുക്ക് കളിപ്പാട്ടേക്ക് പോകാം ഇവിടെ എനിക്കെന്തോ...” ഹരി അവളേ ചേര്‍ത്തു പിടിച്ചു പോകാം നാളെയാകട്ടെ...ഉറങ്ങാതെ രണ്ടു പേരും എങ്ങിനെയോ നേരം വെളുപ്പിച്ചു.
                        തകര്‍ത്തു പെയ്ത മഴയില്‍ മുറ്റത്തെ ചോരത്തുളികള്‍ ഒഴുകി പോയിരിക്കുന്നു റോഡില്‍ ചിതറിത്തെറിച്ച തലച്ചോറുകള്‍ക്കായി കാക്കകള്‍ ബഹളം കൂട്ടുന്നു ..സ്റ്റെപ്പിനു താഴെ ചാരിവെച്ച കാറിന്റെ ഡോറില്‍ അങ്ങിങ്ങായി കുറച്ചു ചോരതുള്ളികള്‍ കാണാം. ആ ഡോറിന്റെ അരികിലായ് ഞാന്നു കിടക്കുന്ന ഒരു പാവകുട്ടിയും. മഴ തോര്‍ന്നിരിക്കുന്നു വിട്ടൊഴിയാതെ മേഘങ്ങള്‍ ദുഖം ഘനീഭവിപ്പിച്ച് മൂടിക്കെട്ടി നില്‍ക്കുന്നു .നേര്‍ത്ത കാറ്റ് വീശുന്നുണ്ട്. ഹരി പൈപ്പെടുത്തു കാറിന്റെ പിന്‍ സീറ്റില്‍ പറ്റിപ്പിടിച്ച ചോര കറകള്‍ കഴുകിക്കളഞ്ഞു


                 “ഇനി തിരിച്ച് പോകുന്നില്ലമ്മേ” അപ്പൊഴാണ് ഹരിയുടെ അമ്മയുടെ കണ്ണൂകളില്‍ വിഷാദം മാറി പ്രസന്നമായത് . ചാരുകസേരയിലിരുന്നു അച്ഛന്‍പറഞ്ഞൂ “അല്ലേലും മുറ്റത്തെ മുല്ലയ്ക്ക് മണമില്ലല്ലോ അല്ലേ”
വിചാരിച്ചതിലും 2 ലക്ഷം കുറവിലാണ് വീടു വിറ്റു പോയത് ഏതോ ഒരു തമിഴന്‍ അണ്ണാച്ചി പുള്ളിക്കാരന് മാന്‍ പവര്‍ സപ്ലൈ ഉണ്ടെത്രെ. കിട്ടിയ വിലയില്‍ പകുതിയും കോണ്ട്രാക്ടര്‍ കൃഷ്ണേട്ട്നു തന്നെ കൊടുത്തു .ഇപ്പൊ കൃഷ്ണേട്ടന്റെ അടുക്കളപ്പുറത്തൂടെ ഉള്ള നാല് സെന്റു ഭൂമിയിലൂടെ കാറ് വീട്ടു മുറ്റത്തോളമെത്തും .


                       മഴ വീണ്ടും തകര്‍ത്തു പെയ്യുകയാണ്  ചൂടു മാറി തണുത്തിരിക്കുന്നു മണ്ണും മനസ്സും
ഹരിയുടെ നെഞ്ചി ചാര്‍ത്തുന്നു കിടന്ന് സുലു പറഞ്ഞൂ “ഒന്നും വേണ്ടായിരുന്നു അല്ലെ“? ഹരി ഒരു ചെറു ചിരിയോടെ ഒന്നു മൂളീ........  ഉം....... ഹരി ആ കുഞ്ഞ് അവനിപ്പൊ സ്വര്‍ഗ്ഗത്തിലായിരിക്കുമോ അതോ..? അവന്റെ മുഖം ഇപ്പോഴും എന്നെ  വല്ലാതെ അസ്വസ്ഥയാക്കുന്നു ചിലപ്പൊ തോന്നും ആ കുഞ്ഞിന് ഹരിയുടെ അതേ മൂക്കാണെന്ന് ചിലപ്പൊ തോന്നും എന്റെ അതെ ചുണ്ടാണെന്ന് ഹരീ പ്ലീസ് എനിക്കവനെ വേണം എനിക്കെന്തോ ഒരു പേടി പോലെ എനിക്കവനെ വേണം ഹരീ..പ്ലീസ്.  രണ്ടു പേര്‍ക്കും മീതെ വെളിച്ചം കണ്ണുകള്‍ ചിമ്മി ഇരുട്ടിന്റെ മറകീറി മിന്നല്‍ വെട്ടങ്ങള്‍ ഒളിഞ്ഞു നോക്കി  ജനലുകള്‍ക്കപ്പുറത്ത് വെള്ളി മണി വിതറി മഴ തകര്‍ത്തു പെയ്യുന്നു,  ഏതോ ഒരു താരാട്ടു പാട്ടിന്റെ ഈണം ഒഴുകിയെത്തുന്ന പോലെ ,മേഘക്കീറുകള്‍ക്കിടയിലൂടെ ചന്ദ്രന്‍ മെല്ലെ തലയുയര്‍ത്തി. ജനലരികിലെ വെളിച്ചം നോക്കി പുതപ്പിനടിയില്‍ പറ്റിച്ചേര്‍ന്ന് സുലുവും ഹരിയും പതുക്കെ ചിരിച്ചു  ഹരി മെല്ലെ പറഞ്ഞൂ ഒന്നും
വേണ്ടായിരുന്നു അല്ലെ.?