NINGALKKU EE BLOG VAYIKKAN KAZHIYUNNILLEE PLEACE DOWNLOAD THIS FONTS

Font Banner

Saturday, May 28, 2011

തേജസ്വിനി പറഞ്ഞ കഥ.

    പാറക്കല്ലിന്മേലിൽ കാലു വച്ചപ്പോ  ആരോ വലിക്കുന്നതു പോലൊരു തോന്നൽ തേജസ്വിനിയുടെ തെളിനീരിൽ ലയിച്ചു പോയ  വെളുത്ത കൈകൾ .  അതെ,  വ്യക്തമായിക്കാണാം  വെള്ളാരം കല്ലുകൾക്കിടയിൽ നിന്നും ചിത്രങ്ങളെഴുതിയ  പൂഴിപ്പരപ്പിൽ നിന്നും, ഒരു വെളുത്ത കൈ ഉയർന്നു വരുന്നതു പോലെ .   പാതി നനച്ച കാൽ പിന്നോട്ടെടുത്ത് ദിനേശൻ കരയ്ക്കു കയറി.  തേജസ്വിനി പുഴയ്ക്ക് ഇത്തിരി കൂടെ ഒഴുക്കുവച്ചു. കല്ലിൽ തട്ടിയും തടഞ്ഞും ചെറിയ തിരകളുണ്ടാക്കി , പെട്ടെന്നു വന്ന ഒഴുക്കിൽ കൊറ്റികൾ പേടിച്ച് പറന്നു, ആകാശത്തൊരു ഇടി വെട്ട്.  മഴചാറുമ്പോൾ  കുടയെടുക്കാത്തവരെപ്പോലെ എവിടെനിന്നൊക്കെയോ മേഘങ്ങൾ ഓടിവന്ന് ദിനേശന്റെ  തലയ്ക്കു മീതെ കൂട്ടം കൂടി. പിന്നെ ഒന്നു പതിയെ പെയ്തു , പെയ്തിറങ്ങിയ മഴയിൽ പറയിയുടെ  കണ്ണീരിന്റെ ഉപ്പുരസം പുരണ്ട പോലെ തോന്നി.          

            നീട്ടികൂവിയിട്ടും കേളപ്പേട്ടൻ തോണിയിറക്കിയില്ല.  മറ്റ്  ഏത്  കൊടുങ്കാറ്റിലും വിളികേട്ടാൽ തോണിയിറക്കുന്ന ആളാ കേളപ്പേട്ടൻ  ഇന്നെന്തു പറ്റി..?  
എല്ലാവരും എന്തോ പറഞ്ഞുറപ്പിച്ച പോലെ പെരുമാറുന്നു. ആർക്കൊക്കെയോ വേണ്ടി കെണിയൊരുക്കി കാത്തിരിക്കുന്ന പോലെ.  എവിടെ നിന്നോ ഒരു നിലവിളി ഉയർന്നു . അതു തേജസ്വിനിയിലെ ചില്ലോളങ്ങളിൽ തട്ടി കാതുകളിലേക്ക് പേടി നിറച്ചു. ദൈവത്തിലും പ്രേതത്തിലും ഒന്നും വിശ്വാസമില്ലെങ്കിൽ കൂടിയും ഇതൊക്കെ എവിടെ നിന്നുണ്ടാകുന്നു എന്ന് ദിനേശൻ ചിന്തിച്ചിരിക്കാം . പറയിയുടെ നിലവിളി പോലെ പിന്നെം  ഒരു ശബ്ദം നേർത്തു നേർത്തു പുഴയിലും മഴയിലും അലിഞ്ഞു.
  
             പണ്ട്  പറയി ചത്തത് ഈ കല്പടവിലായിരുന്നു. വല്യശ്മ്മാന്റെ  എളേ മോനും കൂട്ടാളികളും കൂടീയാ പറയിയെ പെഴപ്പിച്ചു കൊന്നത് . തോണിയിലൂടെ പോകുമ്പോ  കേളപ്പേട്ടൻ പറയും.

“ അന്ന് നീയൊക്കെ  ചെറിയ കുട്ട്യാ..  ട്രൌസറും ഇട്ട്  മൂക്കട്ടേം ഒലിപ്പിച്ചു നട്ക്കുന്ന ചെറിയചെക്കൻ
അന്നെന്തോ  ഞാൻ തോണിയെറക്കീറ്റ്ല്ല കൂനിക്കൂടിയ കാർമേഘവും ,ഇടിയും, മിന്നലും, ഉണ്ടായിട്ടും പറയിയുടെ നിലവിളി എല്ലാരും കേട്ടു.  പക്ഷെ ആർക്കും പോകാൻ തോന്നീല്ല .ഒക്കെ ഒരു   തോന്നൽ പോലെ മാത്രം.  പിന്നെ കുത്തിക്കെട്ടി നിന്ന മഴ അന്ന് കുമിഞ്ഞു പെയ്തു. ആ മഴയിൽ പുഴ ഇളകി മറീഞ്ഞു  .  ഇടത്താറ്റ നാണൂന്റെ വീടും, വല്ല്യശ്മാന്റെ തറവാടും അന്ന് ഒഴുക്കിൽ തകർന്നു.  വീട് വീണപ്പോ കീഞ്ഞോടിയ വല്ല്യശ്മാന്റെ മൂത്ത മോന്റെ കെട്ട്യോൾടെ കെർപ്പം അലസിയതും അന്നു തന്നെ .  പിറ്റേന്നാ പറയീന്റെ തുണിയില്ലാത്ത ദേഹം  ആ അലക്കു കല്ലിൽ കിടന്നേ.  പറയി ആണെന്ന്  ആരും കണ്ടാൽ പറയില്ല.  തെക്ക്ന്ന് വന്ന ഏതോ മാപ്ലയ്ക്ക്ണ്ടായതാന്നാ നാട്ടുകാരുടെ ചൊല്ല് .  അത്രയ്ക്ക് നെറാര്ന്ന്  ഓക്ക്.”
   
പറയിയെ കുറിച്ചു പറയുമ്പം  കേളപ്പേട്ടന്റെ കണ്ണിൽ ഒരു പ്രത്യേക തിളക്കം തളം കെട്ടി കിടന്നിരുന്നു . 
“  ഓളെ ചന്തം തന്നെയാ  ഓളെ കൊന്നേ” 
“ഓളെ ചന്തീം മൊലേം കണ്ടാൽ അന്ന് ഒറങ്ങാൻ കഴിയൂല്ല ആണായിപ്പിറന്ന ഒരുത്തനും” 
പുഴയിലെ വെള്ളാരം കല്ലുകളെ നോക്കി കേളപ്പേട്ടൻ പറയും . 
“ ഈ കല്ലുകളെല്ലാം പറയീന്റെ മൊലകളെപ്പോലെയാ . നാട്ടിലെ നങ്ങ്യാരത്തികൾക്കും, നമ്പൂരിച്ചികൾക്കും  കൂടി ഇണ്ടാവൂല്ല  ഓളെ ഒരു  എടുപ്പ്” 
കേളപ്പേട്ടന്റെ കണ്ണുകളിലെ തെളിച്ചം മാത്രം മതി അക്കാലത്ത് പറയി  പുരുഷ മനസ്സുകളിൽ എത്രത്തോളം ഉത്തേജനമായിരുന്നെന്ന് മനസിലാക്കാൻ. 
  
പുഴയിലെ വെള്ളാരം കല്ലുകൾ പറയീന്റെ മൊലകളുടെ ഭംഗിയുണ്ടോ.. ദിനേശൻ മെല്ലെ പുഴയിലേക്കു നോക്കി. കുഞ്ഞോളങ്ങൾ മെല്ലെ കാഴ്ച മങ്ങിച്ചു. പിന്നെ കുത്തിപ്പെയ്തൊരു  മഴയായിരുന്നു ..  പൂട്ടിക്കെട്ടിയ തീപ്പെട്ടി കമ്പനിയുടെ ചായ്പ്പിലോട്ടു ഓടിക്കയറി . തകർത്തു പെയ്യുന്ന മഴ , ഒരു മനുഷ്യ ജീവിപോലും പോകുന്നതും കാണാനില്ല , കേളപ്പേട്ടന്റെ തോണിയും ഇല്ല . ആ രാത്രി മുഴുവൻ പുഴക്കരയിലെ തീപ്പെട്ടികമ്പനിയുടെ ചായ്പ്പിലിരിക്കുമ്പോ  പറയി ചത്തു മലച്ചു കിടന്ന അലക്കു കല്ലും , വെള്ളാരം കല്ലു തോൽക്കുന്ന മുലയും, തുടയും പേടിപ്പെടുത്തി . പറയിയുടെ സൌന്ദര്യം പേടിപ്പെടുത്തുന്ന   പുരുഷമനസിൽ  ആദ്യത്തേത്  ഒരു പക്ഷെ ദിനേശന്റെതാകാം. പണ്ട് പറയിയുടെ ശവം കാണാൻ വന്നവർ പോലും  അവളൂടെ മുലകാണാൻ വന്നവരായിരുന്നു എന്നാ കേട്ടൂ കേൾവി.  

           നിറഞ്ഞു കവിഞ്ഞ പുഴയിലൂടെ ഒഴുക്കിൽ തോണിത്തല നേരെയാക്കാൻ കേളപ്പേട്ടൻ നന്നേ പണിപ്പെട്ടു . കുത്തിയൊഴുകുന്ന പുഴയിലൂടെ ചത്ത പശുക്കളും കോഴികളും ഒഴുകിവന്നു.  ഇന്നലെ വരെ തെളി നീരൊഴുക്കിയ തേജസ്വിനി  ഒരു ശവ ഘോഷയാത്ര  നടത്തുന്നതു പോലെ തോന്നി കരുണേട്ടന്റെ ചായ പീടികയിൽ നിന്നൊരു ചായ കുടിച്ചിരിക്കുമ്പോഴാ രാജു വന്ന് വിളിച്ചത് . 
എന്താന്നു ചോദിച്ചപ്പോ അവൻ ഒന്നും പറഞ്ഞില്ല  എല്ലാരിലും വിഷാദം തളം കെട്ടി നിൽക്കുന്നത് ദിനേശനിൽ ഭീതി ഉണർത്തി ,  “രാജൂ നീ പറയുന്നുണ്ടെങ്കിൽ പറ അല്ലെങ്കിൽ എനിക്കു വേറെ പണിയുള്ളതാ  ,, എന്താ കാര്യം ..?”   
        “ അത്  ..അത് .. സന്ധ്യ ഇന്നലെ കോളേജിൽ പോയി  തിരിച്ചു വന്നില്ല” 
“ കാറ്റും മഴയും ആയതു കൊണ്ട് അക്കരേ ചങ്ങായിമാരെ വീട്ടിലേട്യെങ്കിലും തങ്ങീറ്റ്ണ്ടാവൂന്ന് വിചാരിച്ച്  രാത്രി തെരയാനൊന്നും   പോയില്ല”   
പെട്ടെന്നെന്തോ  ഒരു  മരവിപ്പ് ശരീരമാകെ കയറിയതു പോലെ ദിനേശനു തോന്നി  കയ്യിലിരുന്ന ഗ്ലാസ് പതിയെതാഴെ വച്ച്  ചായക്കടയിലേ  കൽ തൂണിൽ  മുറുകെ പിടിച്ചു. 

അക്കരേന്നു വന്ന കേളപ്പേട്ടന്റെ തോണി വിവരം പറഞ്ഞപ്പോ വടക്കേക്കര ഒന്നാകെ ഞെട്ടി. 
“പറയിക്കടവിന്റെ പടിഞ്ഞാറെ കാട്ടില് സന്ധ്യേന ആരൊക്കെയോ ചേർന്ന്”..!!! 
തലേന്നു പെയ്ത ഇടിയുടെയും മഴയുടെയും തനിയാവർത്തനമായിരുന്നു ദിനേശന്റെ നെഞ്ചിലപ്പോൾ.  സകല നാഡീ ഞരമ്പുകളും പൊട്ടി ചോര വാർന്നൊഴുകുന്ന പോലെ തോന്നി.   ശരീരം  താങ്ങവയ്യാതെ വന്നപ്പോൾ അയാൾ കൊടിമരചോട്ടിൽ  ഇരുന്നു 
 “ ഇന്നലെ നീ അലറിക്കരഞ്ഞപ്പോ ഒന്നും ചെയ്യാൻ കഴിയാണ്ട്  കുഞ്ഞേട്ടൻ തൊട്ടപ്പുറത്തുണ്ടായിരുന്നല്ലോ മോളേ.”  എന്നു പറഞ്ഞു  പൊട്ടിക്കരഞ്ഞൂ ദിനേശൻ . 

          പനമ്പായയിൽ പൊതിഞ്ഞ്  പടിയിറക്കുമ്പോ ഒന്നേ  നോക്കിയുള്ളൂ.. അവളുടെ നീല കണ്ണുകൾ ഒന്നു തുറന്നടഞ്ഞതു പോലെ തോന്നി ദിനേശന്.. “ എന്റെ മോളേ” എന്നും വിളിച്ച് ഒരുതരം അലർച്ചയായിരുന്നു  അയാൾ . കണ്ടു നിന്നവർക്കു പോലും ഹൃദയം പിടഞ്ഞു  ശ്വാസം കിട്ടാതെ പലരും നെഞ്ചു തടവി..  
“ അമ്മച്ചി  നാട്ടിപ്പണിക്കു പോകുമ്പം കുഞ്ഞേട്ടൻ നോക്കിവളർത്തിയ മോളല്ലെ ...ദണ്ണം കാണൂല്ലെ ഓന്” ...കൂടി നിന്ന പെണ്ണുങ്ങൾ അടക്കം പറഞ്ഞു.  പടിയിറങ്ങിപ്പോകുമ്പോഴും അവൾ ഒരു കുസൃതി കാണിച്ചപോലെ ..

അന്നു രാത്രി തേജസ്വിനിപ്പുഴ കരഞ്ഞു  .. ആ കണ്ണീർ ഒരു പ്രളയ പ്രവാഹം പോലെ അലയടിച്ചു പലപ്പോഴും കരയെ മർദ്ദിച്ചു  നിറഞ്ഞൊഴുകി . തേജസ്വിനി രൌദ്രഭാവം പൂണ്ട് ആരെയൊക്കെയോ  പിഴുതു. അക്കൂട്ടത്തിൽ കേളപ്പേട്ടന്റെ ദേഹവും പിറ്റേന്ന്  പടിഞ്ഞാറെ അഴി മുഖത്ത് നാട്ടുകാർ കണ്ടെടൂത്തു. 
ഇനി പോണോർക്കും വർണോർക്കും പറയീന്റെ മുലകളെയും ചന്തിയെയും  കുറീച്ചു വിവരിക്കാൻ ഇനി പുതിയൊരു തോണിക്കാരൻ വരേണ്ടിയിരിക്കുന്നു. വെള്ളാരം കല്ലുകൾ കാണൂമ്പോൾ തെക്കേക്കരക്കാരും വടക്കേക്കരക്കാരും , വർണ്ണിച്ചിരുന്ന പറയിയുടെ മുലകൾക്ക് ശാപമോഷം ലഭിക്കുമോ..? ലഭിക്കണം , ലഭിച്ചേ  തീരൂ. 
പിറ്റേന്ന് അഴിമുഖത്ത് തകർന്നടിഞ്ഞ കേളപ്പേട്ടന്റെ തോണി വിച്ചോർമ്മൻ ആശാരിയെ കൊണ്ട് നന്നാക്കിച്ചു താറടിച്ച് ലീക്കടച്ച് കുട്ടപ്പനാക്കി .ഒരു പുതിയ തോണിക്കാരനായി ദിനേശൻ മുള കുത്തി . 
രാത്രി ഏറെ വൈകും വരെ അയാൾ  നിലവിളികൾക്ക് കാതോർത്ത് ഉറങ്ങാതെ കിടന്നു. തേജസ്വിനിയിലൂടെ പോകുമ്പോൾ മുളങ്കോലിട്ട് അയാൾ തെളി നീർ കലക്കി മറിക്കും, യാത്രക്കാർ ആരും ഇനി വെള്ളാരം കല്ലുകളിൽ പറയിയുടെയും തന്റെ പെങ്ങളൂടെയും, മുലകൾ കാണരുത് . 

തേജസ്വിനി പറയുന്ന പുതിയ കഥകളിൽ  പറയിയും സന്ധ്യയും ഇല്ലാതിരിക്കട്ടെ . 

************************************************************************************************************************************************************************************************************************
നാട്ടിപ്പണി:   വയലിൽ പണി. 

Saturday, May 14, 2011

മീര


ഞാൻ മെല്ലെ അകത്തളത്തിലേക്കു നടന്നു നടുമുറ്റത്തിന്റെ വീതിയും വിസ്തീർണ്ണവും കണ്ടു അല്പം ഒന്നമ്പരന്നുവെങ്കിലും  എത്തി ചെല്ലേണ്ട വാതിൽ എനിക്കുറപ്പുണ്ടായിരുന്നു  ഇടതു തിരിഞ്ഞ്  നാലാമത്തെ കൽതൂണിനു തൊട്ടു പിറകിലെത്തെ വാതിൽ.  കട്ടിളപ്പടിക്കു മുന്നിലായി   കുഞ്ഞിനെല്ലിന്റെ  കറ്റ കെട്ടിതൂക്കിയിട്ടൂണ്ടാകും.  അതാണു വാതിൽ . ഇല്ലത്തു കേറുമ്പോൾ  അശുദ്ധീം ശുദ്ധി ഒന്നും നോക്കിയില്ല  പറഞ്ഞു വന്നാൽ ഒരു താണോനാണല്ലോ ഞാനും . അപ്ഫൻ നമ്പൂതിരീടെ മുഖ ഭാവം ഇപ്പൊഴും പഴയ ഫ്യൂഡലിസ്റ്റ് ബ്രാഹ്മിണന്റെതു തന്നെ .
ആരാ”..?    അതെ  സരസ്വതി ദേവി തമ്പുരാട്ടി .  തമ്പുരാട്ടിയൊക്കെ പണ്ടല്ലെ  ഇപ്പൊ വെറും സരസ്വതി ഏടത്തി . അവരുടെ സ്വരം ഒരിക്കൽ  മീര ഫോണിൽ കേൾപിച്ചതാണ് ..കണ്ടപ്പോൾ തന്നെ  എന്നെ മനസിലായി എങ്കിലും  ഒരു ഉറപ്പിനു വേണ്ടി ഒരു ചോദ്യം.  എന്റെ മൌനം കണ്ടപ്പോൾ .. “  മീരേടെ  കോളേജിലെ” ...?        
അതെ” . 
മീരേടെ കോളേജിലെയാ”  ..... അപ്ഫൻ നമ്പുതിരി കേൾക്കെ അവർ ഉച്ഛത്തിൽ ഒന്നൂടെ വിളിച്ചു പറഞ്ഞു . ഉമ്മറത്തെ  കൽ തിണ്ണയിലിരുന്ന്  സന്ധ്യാർച്ചനയ്ക്കുള്ള  തുളസീം ചെത്തിപ്പൂവും മാലയാക്കുന്ന തിരക്കിനിടയിൽ  മൂത്തേടം  ബ്രഹ്മ ദത്തൻ നമ്പൂതിരിപ്പാട്  ഒന്നു തലതിരിച്ചു. 

പടിവാതിൽ  ഒരു ഞരക്കത്തോടെ മൂളി. അകത്തേക്ക് .. വന്ന വെട്ടത്തിനൊപ്പം ഞാനും അലിഞ്ഞൂ... കുഴിയിലാഴ്ന്ന രണ്ടു കണ്ണുകളിലേക്ക് അതു മെല്ലെ ഒഴുകി .. വരണ്ട ചുണ്ടുകളിലേക്ക് .. നനവാർന്ന ഒട്ടിയ കവിൾ തടങ്ങളിലേക്ക് . കട്ടിലിനരികിലെ  ഇരുമ്പു കസേരയിൽ ഞാൻ മെല്ലെ ഇരുന്നു . തണുത്തുമരവിച്ച പോലൊരു കൈത്തലം  മെല്ലെ എന്റെ കൈക്കു മീതെ പതിച്ചു . 

                                  പൂവാകയും , ഇടവഴിയും , കാറ്റാടിതണലും ഒന്നും  ഞങ്ങടെ ഇടയിൽ ഉണ്ടായിരുന്നില്ല . ഒരു  ചോറ്റു പാത്രത്തിലൂടെ സവർണ്ണ അവർണ്ണ ജാതീയ ചിന്തകളൂടെ  എച്ചിലുകളെ  തുടച്ചു കളഞ്ഞു പ്രണയിച്ചവരായിരുന്നു നമ്മൾ .
വാക്കുകളിൽ  നോക്കുകളിൽ ഒന്നും പ്രണയം ഉണ്ടായിരുന്നില്ല  കത്തുകൾ എഴുതിയിരുന്നില്ല . എപ്പോഴും സംസാരിക്കണമെന്നു നിർബന്ധമില്ല , കണ്ടില്ലെങ്കിലും ഉറക്കമില്ലാതില്ല, വല്ലപ്പോഴും കാന്റീനിൽ ഒരു ചായ കുടി. പിന്നെ ചാറ്റിൽ വരുമ്പോൾ  ഒരു ചെറിയ സല്ലാപം .  പക്ഷെ  പിന്നെപ്പോഴാണു പ്രണയിച്ചു തുടങ്ങിയത് എന്നറിയില്ലായിരുന്നു .  ചോറ്റുപാത്രം തന്നെയായിരുന്നു ഞങ്ങടെ പ്രണയ പാത്രം . മിക്കപ്പോഴും ചോറും, സാമ്പാറും, മോരു, പുളിയിഞ്ചിയും, ഒക്കെ പ്രണയ സമ്മാനങ്ങളായി .
ഓരോ ഉരുള ചോറിൽ നിന്നും ഒരായിരം പ്രണയ മുയരുന്നുഎന്ന് കളിയാക്കി പലരും പാടിയിരുന്നു.

ആർക്കൊക്കെയോ അറിയുമായിരുന്നു  ഞങ്ങളുടെ പ്രണയം  പക്ഷെ  ഞങ്ങൾ അതൊട്ട് പരസ്പരം ഇന്നേ വരെ പറഞ്ഞിട്ടും ഇല്ല  പക്ഷെ   ഒരു  അദൃശ്യമായ സംവേദന ചാലകത്തിലൂടെ  ഞങ്ങൾ ശബ്ദമില്ലാതെ പറഞ്ഞു കൊണ്ടിരുന്നു എല്ലാം ..  എന്റെ എഴുത്തുകൾ എപ്പോഴൊക്കെയോ മീരയെ കരയിച്ചിരുന്നു . ഞാൻ എഴുതുന്നതൊക്കെ അറിയാതെ അവളോടു ചേർന്നതായിരുന്നു. പിന്നീട് അവൾ എന്റെ എഴുത്തുവായിക്കാതെ ആയി  .ഞാൻ എഴുതാൻ പോകുന്നത് അവൾക്ക് അറിയാമായിരുന്നു . എന്റെ മനസു വായിക്കാൻ അവൾ പഠിച്ചിരിക്കുന്നു.  എന്റെ പകുതി . നീയാണേന്നും , നിനക്കു മാത്രമായി ഞാനെന്ന തോണി അലയുന്നെന്നും , അല കടലും കടന്ന് ആരുമില്ലാത്തൊരു നാടുണ്ടെങ്കിൽ  ഞാനും നീയും മാത്രമായൊരു ലോകത്തിലേക്ക് നിന്നെയും കൂട്ടി ഒഴുക്കിലൂടെ  നീങ്ങുമെന്നു ഞാൻ എനിക്കു വാക്കു കൊടുത്തിട്ടൂണ്ടായിരുന്നു .  ഞാനും നീയും നൂപുരങ്ങളായി  ജതിക്കൊത്ത് കിലുങ്ങിയിരുന്നു . എന്നിട്ടും ...നമ്മളറിയാതെ തെറ്റിപ്പോയ ശ്രുതിയും ലയവും , നമ്മളെയും തെറ്റിച്ചു .   

         മുടിനാരു  കീറി പോലീസുകാർ എന്നെ ചോദ്യം ചെയ്തെങ്കിലും എന്റെ ഉള്ളിലുള്ളതല്ലാതെ അധികമൊന്നും പറഞ്ഞില്ല . അവർക്ക് തെളിവൊന്നും ആവശ്യമില്ലായിരുന്നു .  നാലു വർഷം ജയിൽ വാസം.  പിന്നെ ഒന്നും അറിയാത്ത . ഒരു ലോകം , എഴുത്തിന്റെ  മാത്രമായ ഒരു ലോകം.  എന്തൊക്കെയായിരുന്നു സംഭവിച്ചത് എന്നു പിന്നീടാണു അറിയാൻ കഴിഞ്ഞതും.

            വീട്ടിലേട്ടത്തിയമ്മയ്ക്ക് മീരയെ ഒരിക്കൽ പരിചയപ്പെടുത്തിയിരുന്നു .

ടാ .. എനിക്കിഷ്ടായി കുട്ടീയെ .. നീ കെട്ടാമ്പോവ്വല്ലെ   എന്റടുത്ത് കിട്ടട്ടെ അതിനെ .. ഞാൻ അതിനെ ഒരു സുന്ദരിയക്കി എടുക്കും“  , 
ഒരു നമ്പൂരി കുട്ട്യാന്നു പറഞ്ഞപ്പോ .. മീരേടെ ജീൻസിനോടും ടോപ്പിനോടും , കളർ ചെയ്ത മുടിയോടും ഉള്ള വെറുപ്പ് ഒന്നൂടെ കൂടി.. പിന്നെ  ജാതി മാറ്റത്തിന്റെ മാറാലകൾ മുഖത്തു പറ്റിയതിന്റെ  പേടിയും .
നീ അതിനെ കെട്ടാൻ തന്നെയാണോ ഭാവം”.. ?  
അതെ
അതിനു അവളുടെ വീട്ടു കാര് സമ്മതിക്വോ  സച്ചീ”..?
ഒക്കെ ശരിയാകും ഏട്ടത്തീ
പിന്നീട് അധികമൊന്നു അവർ സ്വപ്നം കണ്ടു കാണില്ല .  അമ്മ പോയേപ്പിന്നെ ഏട്ടത്തി തന്നെയായിരുന്നു അമ്മേം ..ഏട്ടത്തീം ഒക്കെ .  ഏട്ടനെക്കാൾ  പത്തു വയസ്സിന്റെ എളപ്പം ഉള്ളതു കൊണ്ട്  ഒരച്ഛന്റെ  അധികാരം ഏട്ടനും കാണിച്ചിരുന്നു. പിന്നെ  എന്നെ നന്നായി  മനസിലാക്കിയ ഏട്ടനെ സംബന്ധിച്ചിടത്തോളം ഇതൊന്നും ഒരു വലിയ വിഷയമായി കാണാൻ ഏട്ടൻ
തയ്യാറാകില്ല .ഏതോ തലയിണ മന്ത്രത്തിൽ എന്റെ പ്രണയവും കയറി വന്നപ്പോൾ .    ഏട്ടൻ എന്നെ വിളിച്ചു ചോദിച്ചു . 

കുട്ടീടെ വീട്ടുകാരേ പോയി കണ്ടാൽ സമ്മതിക്കില്ലെന്ന് ഞാൻ ഊഹിക്കുന്നു എന്താ പരിപാടി  .. തട്ടിക്കൊണ്ടു പോകലോ രജിസ്റ്റർ മാരേജോ‘ ..?   
എന്റെ പരുങ്ങൽ കണ്ട്  ഏട്ടനും ഏട്ടത്തിയമ്മേം  പൊട്ടിച്ചിരിച്ചു .


                          കുഴഞ്ഞു വീണതാന്നാ അറിയാൻ കഴിഞ്ഞേ  ..  പിന്നെ  .. കുളപ്പടവിൽ ആരോ കഴുത്തു ഞെരിച്ചെന്നോ .മറ്റോ കേട്ടത് . ലൈബ്രറിയിൽ നിന്നും പുസ്തകവുമെടുത്ത് ഇറങ്ങും വഴിയാണു പോലീസ് വന്നത് . അവളുടെ ഡയറി താളിലെ  ഓരോ വാചകങ്ങളും  ഞാൻ അവളോടു പറയാതെ പറഞ്ഞിരുന്ന എന്റെ മനസ്സായിരുന്നു . അതു കൊണ്ടു തന്നെ കൊലപാതകശ്രമം പീഠനം  ഇതിനൊക്കെയുള്ള വകുപ്പുകളുടെ ചങ്ങല കുപ്പായം എന്നെ ധരിപ്പിക്കാൻ വക്കീലന്മാർക്ക് വല്ല്യ പണിപ്പെടേണ്ടി വന്നില്ല .


               കണ്ണുകളിലെ വെളിച്ചം  തീർത്തും അകന്നു പോയിരിക്കുന്നു . ഇരുണ്ട മുറിയിൽ നിനക്കു  മടുക്കുന്നില്ലെ മീര.. ?
എന്റെ  കൈതലം ചുണ്ടിൽ ചേർത്തവൾ കരഞ്ഞൂ .. കൈകളിലേക്ക് മെല്ലെ നനവു പടരുനന്ത് ഞാൻ അറിഞ്ഞു..  അവ്യക്തമായ ഏതോ സ്വരത്തിൽ അവൾ എന്നോടു എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു  എനിക്കു മനസിലാകാത്ത എന്തോ ഒന്ന് .. പണ്ട്  പരസ്പരം പറയാതെ പറഞ്ഞപ്പോൾ  ഒക്കെ ഞാൻ കേട്ടിരുന്നില്ലെ   പക്ഷെ  ഇത് .        എന്താണു അവൾ പറയുന്നതെന്നറിയാതെ .. മനസ്സു വിങ്ങി  അതിനർത്ഥം  ഞാൻ അവളെ സ്നേഹിക്കുന്നില്ലെന്നാണോ .. ഏയ്  അല്ല ഈ അവസ്ഥയിലും എനിക്കവളോട് പ്രണയമാണെന്നു തന്നെ  മനസിനെ പഠിപ്പിക്കേണ്ടിയിരിക്കുന്നു.  പിന്നെ   വീണ്ടും വീണ്ടും ആലോചിച്ചപ്പോൾ അവളോടിപ്പോ പ്രണയമില്ലെന്നും പ്രണയം മരിച്ച ചാരത്തിൽ നിന്നും ഉയർന്ന ദയനീയതയുടെ നിലവിളിയൊച്ചയാണെന്നും  ഉള്ള യാഥാർത്യം ഉൾകൊള്ളേണ്ടി വന്നു.

സച്ചീ..മാപ്പില്ലെന്നറിയാം എങ്കിലും   ചോദിക്കുകയാണ്   .. ഞങ്ങളോടും  ഇവളോടും പൊറുക്കണം    ചെയ്തു പോയത് മഹാ അപരാധമാണെന്നറിയാം ...ഒകെ  മനസ്സറിയാതെ  ചെയ്തതാണ്. സരസ്വതി ഏടത്തി  എന്റെ കാലിൽ വീണു പൊട്ടിക്കരഞ്ഞു .   ഞാൻ അവരെ എഴുന്നേൽ‌പ്പിച്ചു.
  “ ഏയ് എന്താ ഇത്  അതിനും മാത്രം എന്താ ഇവിടെ”..?   
അന്നിവൾക്കൊരു വാക്ക് മിണ്ടാൻ കഴിഞ്ഞിരുന്നെങ്കിൽ  ഇങ്ങിനെ ഒന്നും വരില്ലായിരുന്നു             കഴിഞ്ഞ ആഴ്ചയാണ്  നാവു മെല്ലെ അനക്കിയത് ... പിന്നെ  ഡോക്ടർമ്മാരുടെ കഠിന ശ്രമം. ഇപ്പൊ  ഒരു വിധം പറയുന്നത് മനസിലാകുന്നുണ്ട്
കരച്ചിലിനിടയിൽ സരസ്വതി ഏടത്തി പറഞ്ഞു .

എന്താ അവൾ  എന്നോട് പറഞ്ഞത്

“ സച്ചി,  പൊറുക്കണം ..ഞാൻ ഒന്നും അറിഞ്ഞില്ല   എന്നെ ശപിക്കരുത് “ 


വാക്കുകൾക്ക്  സരസ്വതി ഏടത്തിയുടെ  ണ്ണി  വിലക്കിട്ടു.   അവർ മെല്ലെ മുഖം പൊത്തിക്കൊണ്ട്  മുറീക്കു പുറത്തേക്കു പോയി .  

മീരയുടെ കൈകൾക്കു പതിയെ പതിയെ ചൂടു വന്നു തുടങ്ങിയിരിക്കുന്നു .. ഞാൻ അവളൂടെ കൈ പിടിച്ചു നെഞ്ചോടു ചേർത്തു . എനിക്കു നിന്നോട് വെറുപ്പില്ല  മാപ്പു ചോദിക്കേണ്ട  തെറ്റുകൾ ഇന്നു നിന്റെ കൂടെയില്ല . നിനക്കെല്ലാം  ശരിയാകും. നീ ജീവിതത്തിലേക്കു തിരിച്ചു വരും”   കാര്യങ്ങൾ ഒക്കെ  ഞാൻ അറിഞ്ഞിരുന്നു.  ഒക്കെ ഏടത്തി പറഞ്ഞു.  ഞാൻ ഇപ്പൊ പോകുന്നു  എനിക്കു നിന്നെ കണ്ടു നിൽക്കാനുള്ള ശേഷിയില്ല .. ചൂടു വന്നു തുടങ്ങിയ കൈകളിൽ ഒരു ചെറു ചുമ്പനം നൽകി  ഇനിയും വരാമെന്നു പറഞ്ഞു  മുറീക്കു പുറത്തിറങ്ങൂമ്പോൾ . സരസ്വതി ഏടത്തി കുടിക്കാൻ  അൽ‌പ്പം മോരു തന്നു . 

ഏതോ ഒരു ഓട്ടോക്കാരൻ പയ്യനാ  കോളേജ് വിട്ടു വരും വഴി അവളുമായി എന്തോ കശ പിശ ഉണ്ടായത്രെ..  അതിന്റെ വൈരാഗ്യത്തിലാ   ന്റെ  കുട്ട്യേ  അവൻ . ...  സംസാരിച്ചു തുടങ്ങിയപ്പോ   സച്ചിയല്ല , സച്ചിയല്ല   എന്നു മാത്രമേ  ആദ്യം പറഞ്ഞുള്ളു.  പിന്നെ  പിന്നെ   ഓരോന്നായി പറഞ്ഞു  .   സുഷുംന നാഡിക്ക് ക്ഷതം പറ്റീണ്ട്  .. ഈ കിടപ്പു തന്നെയാ ന്റെ കുട്ടിക്ക്  വിധിച്ചേക്കണേ..  ദിവസോം രണ്ട് നേരം   ദേ  കണ്ടില്ലെ ഉമ്മറത്തൊരാളു  പൂവിട്ട് അർച്ചിക്കണ്ണ്ട്   അതിന്റെ ഗുണാ  ജീവച്ഛവം പോലെ ഇങ്ങനെ കിടത്തിയേക്കണേ ..  ഒക്കെ അവസാനിപ്പിക്കാൻ പറഞ്ഞിട്ട് കേൾക്കണ്ടെ ..  കുടുമ്പത്തിലേക്കുള്ള  ഏക വരുമാനായിപ്പോയില്ല്യേ.. .ഉള്ള പറമ്പും  പാടോം  ഒക്കെ  വിറ്റു പെറുക്യാ  ചികിത്സിക്കണേ .. ഇനി എത്രകാലം എന്നറിയില്ല . .

സാരി തുമ്പു കൊണ്ട് കണ്ണു തുടച്ച്  സരസ്വതി ഏടത്തി എന്റെ കയ്യിൽ നിന്നും ഗ്ലാസ് വാങ്ങി. തിരിച്ച്  പടി കടക്കുമ്പോൾ  തിരിഞ്ഞൊന്ന് നോക്കണം എന്നു തോന്നിയില്ല  അവിടെ  ഇരുട്ടറയ്ക്കുള്ളിൽ  ഒന്നു തലചരിക്കാനാകാതെ .. ആ  കണ്ണുകൾ എന്നെ തേടുന്നുണ്ടാവുമായിരിക്കാം ..
                    .ആ കാഴ്ചകളിലേക്ക്  എന്നെ പിന്നിൽനിന്നും ആരോ ഒരു  നീരാവി പോലെ  ഊറ്റിയെടുക്കുന്നതായി തോന്നി   ശരീരം  തളർന്നു പോകുന്ന പോലെ  വേച്ചു വേച്ച്  ഉമ്മറപ്പടിയിറങ്ങി .. മുറ്റത്തെ കൽ കോണിയിറങ്ങുമ്പോൾ  ബ്രഹ്മ ദത്തൻ നമ്പൂതിരിപ്പാട്  പഴയ ഫ്യൂഡൽ ഭാവം വെടിഞ്ഞ് എന്നെ ദയനീമായി ഒന്നു നോക്കി .  ആ കണ്ണിൽ നിന്നും ഒരു പ്രകാശം  എന്നോട്  തൊട്ടുകൂടായ്മ്മയുടെയും തീണ്ടിക്കൂടായ്മയുടെയും ചങ്ങലകൾ പൊട്ടിച്ച്  തിരിച്ചു വരാൻ  അപേക്ഷിച്ചു.  എന്റെ കാൽക്കൽ അതു കെട്ടു പിണഞ്ഞു  ഒരു വള്ളി പോലെ  അതു  പടർന്നു പിന്നെ    പിന്നെ  അതൊരു  വലിയ വൃക്ഷമായി പന്തലിച്ചു.   പിന്നെപ്പോഴോ  പൂക്കാത്ത  കായ്ക്കാത്ത ഒരു മരം  ഇരുട്ടറയിൽ ഏതോ ഒരു കൊടുംകാറ്റത്ത് നിലം പതിച്ചന്ന് കേട്ടു  അന്ന്    എന്നിലെ മരവും  വേരുമാത്രം അവശേഷിച്ച്  കടപുഴകി.   



 

Wednesday, May 11, 2011

കണ്ണൂർ മീറ്റ്

പ്രിയപ്പെട്ട സുഹൃത്തുക്കളേ,

തിറകളുടെയും തെയ്യങ്ങളൂടെയും നാട്ടിലേക്ക് എല്ലാ സൈബർ കൂട്ടുകാർക്കും സ്വാഗതം ..

കലയൂം ചരിത്രവും ഉറങ്ങുന്ന കണ്ണൂരിന്റെ ഹൃദയത്തിൽ സൈബർ ലോകത്തിന്റെ പുതിയൊരു കൈയ്യൊപ്പു കൂടെ എഴുതിച്ചേർക്കാൻ പോകുന്ന വിവരം എല്ലാവരും അറിഞ്ഞു കാണുമല്ലോ .. 
മലയാള ഭാഷയും മലയാളവും മരിക്കുന്നു എന്നു കൊട്ടിഘോഷിച്ചവരോട് വെല്ലുവിളികളുടെ കാഹളം മുഴക്കി ഇന്റർ നെറ്റെന്ന ഉടവാൾ കൈയ്യിലെടുത്തവരാണു നമ്മൾ . 
ചരിത്രവും പൈതൃകവും മറക്കാതെ ഔന്നിത്യങ്ങളിൽ മലയാളം എന്ന ഒരുമയെ കയറ്റിയിരുത്തിയവർ . ജാതി മത രാഷ്ട്രീയ ഭേതമന്ന്യേ കൈകോർത്ത് . മലയാള ഭാഷയെയും ഈ എഴുത്തിനെയും നെഞ്ചോട് ചേർത്തവർ . ഇവരെ എല്ലാം ഒന്നു കാണാൻ എഴുത്തിലൂടെയും പൊട്ടിച്ചിരിപ്പിക്കുന്ന കമന്റുകളിലൂടെയും നുറുങ്ങു സംഭാഷണത്തിലൂടെയും വിനിമയം ചെയ്യപ്പെട്ടവർ പരസ്പരം കണ്ട് സംസാരിക്കാൻ ഒരു വേദിയൊരുക്കുക എന്നത് ഏറെ കാലമായി മലയാളം ബ്ലോഗ്ഗർ എന്ന നിലയിൽ കണ്ണൂരുള്ള ബ്ലോഗർ മാർ കൂടിയാലോചനകൾ തുടങ്ങിയിട്ട് . അതിനൊരു സാക്ഷാത്കാരമാവുകയാണു ഈ വരുന്ന സെപ്തമ്പർ 11 കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ വച്ച് നടക്കാൻ പോകുന്ന കണ്ണൂർ സൈബർ മീറ്റ് -2011. ഈ മീറ്റിന്റെ വിജയത്തിനായി , പ്രശസ്ത ബ്ലോഗ്ഗർ ചിത്രകാരൻ, ബിജുകുമാർ ആലക്കോട്, ബിജു കൊട്ടില, ജീവൻ ഫിനിക്സ്, കുമാരൻ, എന്നിവരുടെ മേൽ നോട്ടത്തിൽ പ്രാരംഭ പ്രവർത്തനങ്ങൾ തൂടങ്ങിക്കഴിഞ്ഞു.. അതിന്റെ ഭാഗമായി . മീറ്റിന്റെ ലോഗോ ഔദ്യോദികമായി ഇവിടെ പ്രസിദ്ധീകരിക്കുന്നു . ഈ മീറ്റിന്റെ പരിപൂർണ്ണ വിജയത്തിനായി ബ്ലോഗ്, ഫേസ്ബുക്ക്, ഓർക്കുട്ട്, കൂട്ടം , ട്വിറ്റർ തുടങ്ങിയ സൈബർ രംഗത്തെ എല്ലാ സൌഹൃദങ്ങളെയും , ക്ഷണിച്ചു കൊള്ളുന്നു. ഈ ലോഗോയും മീറ്റിന്റെ പ്രചരണവും പരസ്പരം കൈമാറും എന്ന വിശ്വാസത്തോടെ 
സംഘാടക സമിതി.....