NINGALKKU EE BLOG VAYIKKAN KAZHIYUNNILLEE PLEACE DOWNLOAD THIS FONTS

Font Banner

Sunday, February 27, 2011

“പ്രണയം പൂത്ത വഴിയിലൂടെ”

“എന്തൊക്കെയായിരുന്നു നമ്മൾ തമ്മിൽ സംസാരിച്ചിട്ടുള്ളത് .?  പരിധി വിട്ട് പലപ്പോഴും  നീ തന്നെ ആയിരുന്നു പറഞ്ഞിരുന്നത് അപ്പൊഴൊക്കെ ഞാൻ നിന്നെ തടഞ്ഞിരുന്നു.  പിന്നീട് നിന്റെ  പറച്ചിലുകൾക്ക്  അനുഭവത്തിന്റെ സുഖം വന്നപ്പോൾ ഞാൻ അറിയാതെ അതു കേട്ടു നിന്നു.  നഷ്ടപ്പെട്ടു പോയ എന്തൊക്കെയോ തിരിച്ചു കിട്ടുന്നു എന്ന ഒരു തോന്നൽ”.

  നീനയുടെ ഡയറി താളുകളിൽ വീണ നിരഞ്ജന്റെ കണ്ണു നീരിന് നനവിനേക്കാളേറെ കടലാസുകളെ എരിച്ചു കളയാനുള്ള ചൂടായിരുന്നു .  ദേഷ്യം കൊണ്ട് കീറി കളയണമെന്നു തോന്നി പിന്നെ വേണ്ട എന്നു വച്ചു  എന്തിനും തെളിവു വേണ്ടുന്ന കാലമാണല്ലോ ഇപ്പോ .  അവിടെ തന്നെ കിടക്കട്ടെ.  ഷെൽഫിന്റെ ഒരു ചാവി തന്റെ കയ്യിൽ കരുതണം എന്നയാ‍ൾ തീരുമാനിച്ചു.  ഡയറി താളിലെ വാചകങ്ങൾ അയാളെ ഓരോ നിമിഷവും  വേദനിപ്പിച്ചുകൊണ്ടേ ഇരുന്നു .

“നഷ്ടപ്പെട്ടു പോയ എന്തൊക്കെയോ തിരിച്ചു കിട്ടുന്നു എന്ന തോന്നൽ”.    എന്താണ്  നീണ്ട ഏഴു വർഷത്തിനിടെ അവൾക്ക് തന്നിൽ നിന്നും നഷ്ടപ്പെട്ടത് ..? എന്താണ് അവൾക്ക് തിരിച്ചു കിട്ടുന്നത്..? ഏഴു വർഷത്തിനും മുന്നെ ഉണ്ടായ സ്നേഹത്തിന്റെ ഒരു തരിപോലും കുറയാതെ (അമ്മു ഉണ്ടായതിൽ പിന്നെ) നിനക്കും അമ്മുവിനും ആയി തരുന്നില്ലെ എന്നിട്ടും നിനക്കെന്താണു നഷ്ടമായത് ..? കഴിഞ്ഞ ദിവസം സൂപ്പർ മാർക്കറ്റിൽ മേക്കപ്പ് ബോക്സിന്റെ കാശ് താൻ കൊടുക്കാൻ തുനിഞ്ഞപ്പോൾ അവൾ വിസമ്മതിച്ചതെന്തിനാണു


 “ എന്റെ ആവശ്യത്തിനല്ലേ  കാശ് ഞാൻ കൊടുത്തോളാം”     
 എന്നു പറഞ്ഞതെന്തിനാണ്. നിന്റേത്,എന്റേത് എന്ന്  ഈ കാലത്തിനിടയിൽ  ആദ്യമാ‍യി കേട്ടുതുടങ്ങിയിരിക്കുന്നു.  നിരഞ്ജന് അധികം ആലോചിക്കാൻ കഴിഞ്ഞില്ല അപ്പോഴേക്കും കണ്ണുനീരുകൾ അയാളുടെ കണ്ണിനെ കീഴടക്കിക്കഴിഞ്ഞിരുന്നു . ഉള്ളിൽ ഒരു തരം ശ്വാസം കിട്ടാത്ത വിങ്ങൽ .  എന്തു ചെയ്യണം എന്നറിയാതെ അയാൾ  വണ്ടിയെടുത്ത് പുറത്തേക്കിറങ്ങി.  വഴിയരികിലെ കഫേയിൽ നിന്നും ഒരു കാപ്പി കുടിച്ചു. മുഴുത്ത തലവേദന തല പൊട്ടിത്തെറിക്കുമോ എന്നു ശങ്കിപ്പിച്ചു.   വിങ്ങലടക്കാൻ കഴിയാതെ അയാൾ മേശമ്മേൽ  മുഖമമർത്തിക്കിടന്നു ..

            “പൊടിപാറുന്ന കല്യാണം” , “എന്തൊരു ചേർച്ച”. പുകഴ്ത്തലുകൾക്കും, അഭിനന്ദനങ്ങൾക്കും ഇടയിൽ നിന്ന് ആദ്യരാത്രിയുടെ മണിയറയിലേക്ക്  രക്ഷപെട്ടോടി വന്നപ്പോൾ ഒരു യുദ്ധം ജയിച്ച പ്രതീതി ആയിരുന്നു.  സ്നേഹ സാമ്രാജ്യവും രാജകുമാരിയും താനിതാ കൈക്കലാക്കിക്കഴിഞ്ഞിരിക്കുന്നു . അണിഞ്ഞിരുന്ന ആഭരണങ്ങൾ നീനയുടെ സൌന്ദര്യത്തിൽ നാണിച്ചു. മനസ്സുകൊണ്ടൊന്നായ രാത്രി. നിരഞ്ജന്റെ മാറിൽ തലചായ്ച്ച് അവൾ അന്നു പറഞ്ഞു. “ ഈ രാത്രി അവസാനിക്കാതിരുന്നെങ്കിൽ അല്ലെ യുഗങ്ങളോളം”.  ഏഴുവർഷങ്ങൾക്കിടയിൽ  തെല്ലൊരേറ്റകുറച്ചിലുണ്ടെങ്കിൽ കൂടിയും എല്ല്ലാരാത്രികളും അവൾക്കു പ്രിയ്യപ്പെട്ടതാക്കാൻ താൻ  ശ്രമിച്ചിരുന്നില്ലെ  അവൾക്ക് യാതൊരു പാ‍രാധിയും ഉണ്ടായിരുന്നില്ല .എന്നിട്ടും.

ആ ഡയറി താളുകളിലേക്കു നോക്കാൻ തോന്നിയ നിമിഷത്തെ നിരഞ്ജൻ ശപിച്ചു. നീന തന്നിൽ നിന്നും അകലുന്നു എന്ന യാഥാർത്ഥ്യത്തിന്റെ  സൂചനകൾ ആയിരുന്നു കഴിഞ്ഞ ഒന്നു രണ്ടു മണിക്കൂറുകൾക്കു മുന്നേ നടന്നത്.  അവൾ അകലുന്നത് നിരഞ്ജന് ആലോചിക്കാൻ പറ്റാത്ത കാര്യമാണ്. എന്നിട്ടും  ചിന്തകൾ  വീണ്ടും വീണ്ടും  ക്രൂരത കാണിക്കുന്നു. ആരായിരിക്കും അയാൾ..?   നീനയുടെ കാമുകൻ .? എന്തായിരിക്കും തന്നെക്കാൾ കൂടുതൽ അയാൾ നീനയ്ക്കു നൽകുന്നുണ്ടാവുക.? .

            അന്നു വളരെ വൈകിയാണു വീട്ടിലേക്കെത്തിയത്  നീനയുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ  ഭക്ഷണം പുറത്തു നിന്നും കഴിച്ചു എന്നു മാത്രം പറഞ്ഞ് കട്ടിലിലേക്കു വീണു.
അമ്മുവിനെ ഉറക്കി  അടുത്തു വന്ന് നീന ചോദിച്ചു.  “ എന്താ നിരഞ്ജൻ പതിവില്ലാതെ ഒരു മൂഡോഫ്  ..? ഹാവിംഗ് എനി പ്രോബ്ലം.?”.  നിരഞ്ജനു വിഷമം വരാറുള്ളപ്പോഴെല്ലാം നീ‍ന അയാളെ മടിയിൽ കിടത്തി മുടിയിഴകളിലൂടെ തലോടും.  നീനയുടെ കൈവിരലുകൾ തന്റെ മുടിയിഴകളിൽ പതിച്ചപ്പോൾ അയാൾക്കു പൊള്ളുന്നതു പോലെ തോന്നി അയാൾ പൊട്ടിക്കരഞ്ഞു. നീന നിരഞ്ജന്റെ മുഖം മാറോടു ചേർത്തമർത്തി ഒരമ്മയെപ്പോലെ. പിന്നെ നീനയുടെ കൂടെ കൂടെ ഉള്ള ചോദ്യങ്ങൾക്കൊന്നും ഉത്തരം നൽകാതെ മെല്ലെ മയങ്ങി.

         കാലത്തു പോകുമ്പോഴും ഇന്നലെ കരഞ്ഞതിന്റെ കാരണം നീന  ചോദിച്ചു.  പലപ്പോഴും നിസ്സാര കാര്യങ്ങൾക്കു കരയാറുള്ള നിരഞ്ജനിൽ അസ്വാഭാവികത ഒന്നും കാണാതെ കൂടുതലൊന്നും ചോദിക്കാൻ അവൾ  തുനിഞ്ഞില്ല.  അന്നും ഓഫീസിൽ നിന്നും ഹാഫ് ഡേ ലീവെടുത്തു. ഡയറി താളുകളിലെ പുതിയ എഴുത്തുകളിലായിരുന്നു നിരഞ്ജന്റെ മനസ്സു മുഴുവൻ .
“നിന്റെ മാറിന്റെ ചൂട് നേർത്ത പഞ്ഞിക്കെട്ടുകളിലെന്നപോലെ എന്നെ സുഖിപ്പിച്ചു. നിന്റെ ചുണ്ടുകൾ എനിക്കു ചെറിപ്പഴത്തിന്റെ മാധുര്യം തന്നു. നിന്നോടൊട്ടിച്ചേർന്നു കിടന്നപ്പോൾ ഇതുവരെ കിട്ടിയതെല്ലാം വെറും കയ്പ്പു മാത്രമായിരുന്നു എന്നു ഞാൻ തിരിച്ചറിയുന്നു.  ഈ നരഗ ജീവിതത്തിനു വിട പറയാൻ സമയമായിരിക്കുന്നു. നീ വരുന്നതും കാത്ത് ഞാനിരിക്കും രാത്രിയുടെ നിശബ്ദതയിൽ നിന്റെ വിളിക്ക് കാ‍തോർത്ത് ഞാനുണ്ടാവും നീ വന്നാൽ മാത്രം മതി”.

             ചങ്കു തകരുന്നതു പോലെ തോന്നി നിരഞ്ജന്. ലോകത്തിന്റെ പോക്കെങ്ങോട്ടാണ്. എത്ര സുന്ദരമായാണ് അവൾ തനിക്കു മുന്നിൽ അഭിനയിക്കുന്നത് .  പഴുതുകളില്ലാതെ ഇങ്ങിനെ അഭിനയ്ക്കാൻ അവൾക്കെങ്ങിനെ കഴിയുന്നു. ഇതൊന്നും ഇല്ലാതെ എത്ര  സമർത്ഥമായി അവൾ തനിക്കു മുന്നിൽ..  നിരഞ്ജനു മുഴുമിപ്പിക്കാൻ കഴിഞ്ഞില്ല അപ്പോഴേക്കും അമ്മുവിന്റെ മുഖം അയാളെ മറച്ചു.  സ്കൂളു വിട്ട് അമ്മു വന്നിരിക്കുന്നു . അവളെ മെല്ലെ മാറോടു ചേർത്തമർത്തി കവിളിൽ ഒരു മുത്തം നൽകി.  ഈ കൊച്ചിനെ ഓർക്കാൻ അവൾക്കു തോന്നിയില്ലല്ലോ. നീചയാണവൾ  അമ്മുവിനും തനിക്കും വേണ്ട അത്യാവശ്യ വസ്ത്രങ്ങളുമായി അയാൾ പടിയിറങ്ങി. സ്ത്രീധനമായി കിട്ടിയ വീട്ടിൽ ഇനി ഒരു നിമിഷം പോലും നിൽക്കുന്നത് യോഗ്യമായ ഒന്നല്ല എന്നു തോന്നി.  “മമ്മി വരുന്നില്ലെ പപ്പ?”.   “മമ്മി വന്നോളൂം” അമ്മുവിന്റെ ചോദ്യത്തിനുത്തരം പറഞ്ഞപ്പോൾ ഒന്നു പൊട്ടിക്കരയാൻ അയാൾക്കു തോന്നി പക്ഷെ നിയന്ത്രിച്ചു.
              അന്നു രാത്രി തന്നെ വക്കീലിനെ കണ്ടു. നാളെ തന്നെ നോട്ടീസ് കിട്ടണം അവൾക്ക് . ഇനി എനിക്കു വയ്യ ഈ ഏഴുവർഷത്തിൽ ഒരു ദിവസം പോലും തന്നെ  സ്നേഹിക്കാത്ത് അവളോടൊത്തൊരു ജീവിതം ഇനി വേണ്ട .പറയാതെ വന്നതിൽ  എന്താണു സംഭവിച്ചതെന്നറിയാതെ അവൾ  തിരയുന്നുണ്ടാവും.  തിരയട്ടെ ഒരു പക്ഷെ രക്ഷപ്പെട്ടെന്നു കരുതുന്നുണ്ടാവും. മൊബൈൽ സ്വിച്ച്ഡ് ഓഫ് ചെയ്തു വച്ചു . സുഹ്രുത്തുക്കളൂടെ വീട്ടിലൊക്കെ അവൾ തിരക്കുന്നുണ്ടായിരുന്നു എന്നു അയാൾ അറിഞ്ഞു  അഡ്വ: സജീവന്റെ വീട്ടിലും അവൾ വിളിച്ചിരുന്നു . ഇല്ലെന്നു പറയാൻ പറഞ്ഞു . പിന്നെ കുറേ സുഹൃത്തുക്കളൂം സജ്ജീവനെ വിളിച്ചന്വേഷിച്ചു.  ഇതും ഒരു തരം അഭിനയമായേ നിരഞ്ജൻ കണ്ടുള്ളൂ.

 കാലത്തു കിട്ടിയ വക്കീൽ നോട്ടീസു കണ്ട്  നീന ബോധരഹിതയായി .. രണ്ടു പേരെയും കാണാതായതറിഞ്ഞ് നീനയുടെ അച്ഛനും അമ്മയും വന്നിട്ടുണ്ടായിരുന്നു.  ഹോസ്പിറ്റലിൽ ബോധം വന്നിട്ടും നീനയ്ക്ക് കണ്ണീരടക്കാൻ കഴിഞ്ഞില്ല. തനിക്കു  നിരഞ്ജനെയും മകളേയും കാണണം എന്നവൾ അച്ഛനോടു  വാശി പിടിച്ചു.  എല്ലാവരും നിസ്സഹായരായി നോക്കി നിൽക്കുക മാത്രം ചെയ്തു.
തന്നെ കാണാൻ വന്ന നീനയുടെ അച്ഛനെ നിരഞ്ജൻ മകളുടെ ലീലാവിലാസങ്ങൾ നിറഞ്ഞ ഡയറിത്താളു കാണിച്ചു.  വിറയാർന്ന കൈകളോടെ തന്റെ മകൾ തെറ്റുകാരിയാണെന്ന് അയാളും തിരിച്ചറിയുകയായിരുന്നു. നിരഞ്ജനോടു മാപ്പു പറഞ്ഞു  അയാൾ പടിയിറങ്ങി.
ഹോസ്പിറ്റലിന്റെ പടിവാതിലിൽ അച്ഛനെ കാത്ത് നീന  നിൽക്കുന്നുണ്ടായിരുന്നു.  കരണം നോക്കി ഒരടിയായിരുന്നു.  ഡോറിനടുത്ത് നിന്നും നീന തെറിച്ച് ബെഡ്ഡിലേക്കു വീണു. എന്താണു സംഭവിക്കുന്നത് എന്നറീയാതെ അവൾ നടന്നതെന്താണെന്നു തിരക്കി. വിറയാർന്ന ചുണ്ടുകളോടൊ നടന്നകാര്യങ്ങൾ അയാൾ നീനയുടെ അമ്മയോടു പറഞ്ഞു .  പിന്നെ നീന അവിടെ നിന്നില്ല.
അഡ്വ: സജ്ജിവന്റെ വീട്ടുമുറ്റത്തെത്തുമ്പോൾ അമ്മു സജ്ജീവിന്റെ മകളുമായി കളിക്കുകയാ‍യിരുന്നു. അമ്മയെ കണ്ടപാടെ അമ്മു ഓടി വന്നു.  അമ്മുവിനെ തിരിഞ്ഞു നോക്കാതെ അവൾ അകത്തേക്കു ചെന്നു. അകത്തെ  സോഫയിലിരുന്നു ടീവികണ്ടു കൊണ്ടിരുന്ന നിരഞ്ജന്റെ മുന്നിലേക്ക് നീന ഒരു പുസ്തകം വലിച്ചെറിന്ന് വന്ന വേഗത്തിൽ ഒരു വാക്കു പോലും പറയാതെ അവൾ പടിയിറങ്ങി.   പോകുമ്പോൾ അമ്മുവിന്റെ നെറ്റിയിൽ മൃദുവാ‍യി ഒരു ചുമ്പനം നൽകി. ഒന്നും മനസിലാവാതെ നിരഞ്ജൻ  കസേരയിൽ ഇരുന്നു.
അവളെന്തു പുസ്തകമാണു വലിച്ചെറിഞ്ഞു പോയത്.?  “പ്രണയം പൂത്ത വഴിയിലൂടെ” ഏതോ ഒരു നോവലിസ്റ്റിന്റെ പേരും ഉണ്ട്  താഴെ  . താളുകൾ മറിച്ചു നോക്കി  അടിവരയിട്ടിരിക്കുന്ന വാചകങ്ങൾ ശ്രദ്ധിച്ചു.  
“നിന്റെ മാറിന്റെ ചൂട് നേർത്ത പഞ്ഞിക്കെട്ടുകളിലെന്നപോലെ എന്നെ സുഖിപ്പിച്ചു. നിന്റെ ചുണ്ടുകൾ എനിക്കു ചെറിപ്പഴത്തിന്റെ മാധുര്യം തന്നു. നിന്നോടൊട്ടിച്ചേർന്നു കിടന്നപ്പോൾ ഇതുവരെ കിട്ടിയതെല്ലാം വെറും കയ്പ്പു മാത്രമായിരുന്നു എന്നു ഞാൻ തിരിച്ചറിയുന്നു.  ഈ നരഗ ജീവിതത്തിനു വിട പറയാൻ സമയമായിരിക്കുന്നു. നീ വരുന്നതും കാത്ത് ഞാനിരിക്കും രാത്രിയുടെ നിശബ്ദതയിൽ നിന്റെ വിളിക്ക് കാ‍തോർത്ത് ഞാനുണ്ടാവും നീ വന്നാൽ മാത്രം മതി”.  
എന്തു ചെയ്യണം എന്നറീയാതെ നിരഞ്ജൻ  നീന പോയ വഴി നോക്കി നിസ്സഹായനായി നിന്നുSunday, February 20, 2011

കാറ്റിനോടു പറയുമ്പോൾ


കാറ്റിനു എന്തൊക്കെയോ  പറയാനുണ്ടായിരുന്നു. ഇലക്ട്രിക്ക് കമ്പിയിലിരുന്ന കാക്കയുടെ ബാലൻസ് തെറ്റിച്ച്  കളിയാക്കി ചിരിക്കുന്ന കാറ്റിന് ചിലപ്പോൾ ഒരു പൊട്ടിപ്പെണ്ണിന്റെ കുസൃതിയാണ്.  വിശിയടിച്ച്  ഷാലിൽ തുമ്പു മാറത്തു നിന്നും നീക്കി ഇക്കിളി കൂട്ടുമ്പോൾ  കാറ്റൊരു  കാമുകനാകും . പിന്നെ  തിരകളെ കൂട്ടുപിടിച്ച്  ആർത്തിരമ്പി ഒരു കാപാലികനെപ്പോലെ  അടുത്തു വരും  .. ‘’വിശ്വാസ യോഗ്യമായ ഒരു മുഖം  നിനക്കെവിടെയാണ്..? ’’
ആമി കടൽക്കരയിലിരുന്നു കാറ്റിനോട്  പരിഭവം പറയുകയായിരുന്നു . 
“ഇവിടെ ഇങ്ങിനെ ഇരിക്കുമ്പോൾ  പലപ്പോഴും ഞാൻ എന്നെ തന്നെ മറന്നു പോകുന്നു സർ”
വർമ്മ സാർ ഒന്നു മെല്ലെ ചിരിച്ചു .
“ ആമിയെപ്പോലൊരു യുവ സാഹിത്യകരിക്ക്  ഇത്തരം വട്ടുകൾ  സ്വാഭാവികമാണല്ലോ.. ഞാൻ അതു കണക്കിലെടുക്കാറേ ഇല്ല.  അല്ല പോകെണ്ടെ  ഇനിയും കഴിഞ്ഞില്ലെ  ഈ വട്ടു പറച്ചിൽ”. 
 കപ്പലണ്ടി  കൊറിച്ചു കൊണ്ട്  വർമ്മസാർ ആമിയുടെ അടുത്തേക്കു വന്നു . കാറ്റത്ത്  പാറിപ്പറക്കുന്ന മുടിയിഴകളെ  മെല്ലെ കോതിയൊതുക്കി  ഒരു വിഷാദചിരിയോടെ  ആമി സാറിനോടപേക്ഷിച്ചു , 
“പ്ലീസ് സർ  ഇത്തിരി കൂടെ ഞാൻ ഇവിടെ ഇരിക്കട്ടെ  സാർ പോയ്ക്കോളൂ  ഞാൻ ഒരോട്ടോ പിടിച്ച്   വീട്ടിലേക്കെത്തിക്കോളാം” 
ഒരു കൊച്ചു കുഞ്ഞിന്റെ കൊഞ്ചലായിരുന്നു ആമിയുടെത് .. വർമ്മ സാറിനു മറുത്തൊന്നും പറയാൻ തോന്നിയില്ല. ..
“ശരി  നാളെ വല്ല മാധവിക്കുട്ടിയോ  അരുന്ധതീ റോയിയോ മറ്റോ ആകുന്നത്  ഞാൻ തടയുന്നില്ല.   പിന്നെ  ആമീ ഒറ്റയ്ക്കാണു  സൂക്ഷിക്കണം”. 
ആമിയെ തനിച്ചാക്കി  കടൽക്കരയിൽ നിന്നും മടങ്ങുമ്പോൾ  എന്തൊക്കെയോ അസ്വസ്ഥകളിലൂടെ വർമ്മസാർ കടന്നു പോവുകയായിരുന്നു .
 
           ഇന്നും സാറിന്റെ ജീവിതത്തിൽ ഉത്തരം കിട്ടാത്ത ഒരു സമസ്യ പോലെ  ആമി എന്ന പേര്  ജ്വലിച്ചുകൊണ്ടേ ഇരുന്നു  .. ആരാണ്  ആമി . ? ആമിക്കെന്താണ് താനുമായുള്ള ബന്ധം?. അവളെന്തിനാണു കൂടെ കൂടെ തന്നെ കൂട്ടു വിളിക്കുന്നത്  അവളുടെ പ്രായത്തിലുള്ള ചെറുപ്പക്കാരികളും ചെറൂപ്പക്കാരും ഒക്കെ ഇല്ലെ . എന്നിട്ടും..!!    ചോദ്യങ്ങളൂടെ ഒരു പുസ്തകം തന്നെ  വർമ്മസാറിനുമുന്നിൽ ആമി ദിവസവും തുറക്കുന്നു.  പലപ്പോഴും പിടികിട്ടാത്ത ഒരു സ്വഭാവം. അവൾ കാറ്റിനോടു പറയാറുള്ളതു പോലെ തന്നെ .സ്ഥായിയായൊരു ഭാവം, അല്ലെങ്കിൽ വിശ്വാസയോഗ്യമായ ഒരു ഭാവം   ആമിയിലും ദർശ്ശിക്കുക പ്രയാസമാണ്. 

                ബി ഏ  ലിറ്ററേച്ചർ രണ്ടാം വർഷത്തിലാണ്   ആമി വർമ്മ സാറുമായി ഏറെ അടുക്കുന്നത് .  കഥകളേയും , കവിതകളേയും പ്രണയിക്കുന്ന ഒരു പെൺകുട്ടിക്ക് മലയാളം  വാദ്ധ്യാരോടു  തോന്നാവുന്ന ഒരു സാധാരണ അടുപ്പം. ലൈബ്രറി ഹാളിലെ നിത്യ സന്ദർശനത്തിൽ  സംശയങ്ങളുടെയും  മറുപടികളുടെയും  സങ്കലനത്തിൽ പിറന്ന സൌഹൃദം.  ചങ്ങമ്പുഴയെയും, ഇടപ്പള്ളിയെയും, മഹാകവി  പി യെയും  കുറിച്ച്  പറയുമ്പോൾ ഒരു വല്ലാത്ത വശ്യമായ മുഖമാണ്  സാറിന്. വാക്കുകളും  വരികളും  ചിത്രങ്ങളായി  മനസ്സിൽ കോറിയിട്ടു തരും . ഒരിക്കിലും മറക്കാത്ത അനുഭൂതികളായി ദ്വയാർത്ഥങ്ങളും, അലങ്കാരങ്ങളും, ഉപമകളും  ജാലികകളായി മനസ്സിനു ചുറ്റും വട്ടം കറങ്ങും .
  “ മകനേ നീ മാന്യനാകാതിന്നു മനുഷ്യന്റെ പച്ചയായ് തീരൂ”.. എന്ന് സച്ചിദാ‍നന്ദനെ കുറിച്ച് പഠിപ്പിക്കുമ്പോൾ സാർ കരുത്തുറ്റ ഒരച്ഛനാകും.  കുറത്തിയിൽ  യൌവനത്തിന്റെ പ്രതികരണാത്മകത  വിയർപ്പു തുള്ളികളായി നിഴലിക്കും. അക്രമണോത്സുകമായ ഒരു വളർച്ചയായിരിക്കും പിന്നങ്ങോട്ട്  ഓരോ വരികളിലും . കടൽക്കരയിലെ കാറ്റു പോലെ  തന്നെ  സാറിനും   പല മുഖങ്ങൾ ഉണ്ടായിരുന്നു. ഇന്നലെയാണ്   മീനാക്ഷി   ടീച്ചർ സാറിന്റെ  മുടി ഡൈ ചെയ്തത്.. ഇപ്പൊ കണ്ടാൽ  ഒരു ഇരുപതു വയസ്സു കുറയും .  ടീ‍ച്ചറിന്റെ മുന്നിൽ ഒരു കൊച്ചു കുട്ടിയാണു സാർ.  ടീച്ചറിന്റെ സ്നേഹം ആരെയും ഒരു കുട്ടിയാക്കും എന്നു പറയുന്നതാകും ഉചിതം. ഉപരി പഠനത്തിനു  ശേഷം വിദേശത്തു  താ‍മസമാക്കിയ മക്കളുടെ ആഴ്ച്ചയിലൊരിക്കിൽ വരുന്ന ഫോൺകോൾ ഒഴിച്ചാൽ ഇടയ്ക്കിടെ വരുന്ന ആമി തന്നെയാണു ടീച്ചർക്കും ആശ്വാസം . ആമിക്കാ‍യി  അരി വറുത്ത് പൊടിച്ച്  ഉണ്ടയാക്കി ടിന്നിൽ ഇട്ടു വച്ചിട്ടുണ്ടാവും ടീച്ചർ. ആമിക്ക്  അരിയുണ്ട ഭയങ്കര ഇഷ്ടമാണ്.  അതെടുക്കാൻ ആരുടെയും അനുവാ‍ദം അവൾക്കാവശ്യമില്ല  അതവളുടെ അവകാശമാണ്.  പിന്നെ സമയം കിട്ടുമ്പോഴൊക്കെ ടീ‍ച്ചറിന്റെ മടിയിൽ തലചായ്ച്ച് കിടന്ന് പണ്ട്  ബി എഡ് കോളേജിലെ സുന്ദരൻ  ദേവ വർമ്മനെ പ്രണയിച്ച  കഥ പറയിപ്പിക്കും. ഇലക്ഷൻ ക്യാമ്പയിനു വന്നപ്പോ ആരും കാണാതെ  കാലിൽ ചവിട്ടിയതും ,  ലൈബ്രറിയിൽ നിന്നും ആദ്യ ചുബനം നൽകിയതും എത്രവട്ടം പറയിച്ചാലും മതിയാവില്ല ആമിക്ക്.  “ഒന്നു പോ പെണ്ണെ.  ഓരോ കൊണ്ണ്യാരം ചോദിക്കാൻ വന്നേക്കുന്നു എന്നു പറഞ്ഞ് . എൺപതുകളിലെ പഴയ നാണക്കാരിയായി  അടുക്കളയിലേക്കോടും  ടിച്ചർ.  


                              സാറും , ടീ‍ച്ചറും തനിക്കാരാണ്..?  ഉറക്കമില്ലാത്ത രാത്രികളിൽ പലപ്പോഴും ഉള്ളിലവൾ അവളോടു തന്നെ ചോദിക്കാറുള്ള ചോദ്യം . പത്രങ്ങളിലോ, വാരന്തപതിപ്പിലോ  ഒരു കവിത അച്ചടിച്ചു വന്നാൽ മലേഷ്യയിൽ നിന്നും  വർണ്ണതൂവൽ ഘടിപ്പിച്ച പേന സമ്മാനമായി കൊടുത്തയക്കുന്ന അച്ഛനാണോ..? അതോ പീരീഡ്സിനെ കുറിച്ചും കഴിഞ്ഞ ആഴ്ചയുണ്ടായ ബ്ലീഡിംങിനെ കുറിച്ചും അന്വേഷിക്കുന്ന അമ്മയാണോ? ഇന്നും  ഉത്തരം കിട്ടാതെ കിടക്കുന്ന ചോദ്യങ്ങളൂടെ  പട്ടികയിൽ ഇതും.   
                     ഇവിടെ  അച്ഛന്റെ  പെങ്ങളുടെ കൂടെയാണു താമസം .. അമ്മാമ്മച്ചീന്നാണ് ആമി വിളിക്കാറ്.  ഒരു   റീട്ടേർഡ് തഹസീൽ ദാർ.  അമ്മാമ്മച്ചി  അല്പം കണിശക്കാരിയാണ്.  സർവ്വീസിലിരിക്കുമ്പോൾ  കൈക്കൂലി വാങ്ങാ‍ൻ പറ്റാത്തതിന്റെ ദേഷ്യമൊക്കെ ചിലപ്പോ ആമിയോടാണു തീർക്കുന്നത്.  വർമ്മസാറിന്റെ വീട്ടിൽ പോകുന്നതും  കടൽക്കരയിൽ ചുറ്റിത്തിരിയുന്നതൊന്നും  അമ്മാമ്മച്ചിക്കിഷ്ടമല്ല.  അച്ഛനെഴുതും എന്നു പറയാൻ തുടങ്ങിയിട്ടു കുറേ നാളായി  പക്ഷെ ഇതുവരെ എഴുതി കണ്ടില്ല. 
ആമിക്ക് എന്നും  ആമിയെപ്പോലെ ആകാനാണിഷ്ടം,  എല്ലാ കാര്യത്തിലും ആമിക്ക് ആമിയുടേതായ ഒരു നിലപാട് ഉണ്ടായിരിക്കും, അതിപ്പോ  കാലു കഴുകുമ്പോൾ പോലും ആമിക്ക് ആമിയുടേതായ ഒരു ശൈലി ഉണ്ട്.  കുന്നു കൂടി കിടക്കുന്ന പുസ്തകങ്ങളിൽ തല പൂഴ്ത്തി വച്ച് ഉറങ്ങാൻ ആമിക്ക്  വല്ലാത്ത ഇഷ്ടമാണ്. ചിലപ്പോൾ വായിച്ചറിഞ്ഞ വരികളിലെ കഥാപാത്രങ്ങൾ അവളിലേക്കു പരകായ പ്രവേശനം നടത്തും . ഉറക്കത്തിൽ അവളുമായി സല്ലപിക്കും.  ഇന്നലെ വന്നത് രണ്ടാമുഴത്തിലെ ഭീമനായിരുന്നു. സർവ്വവും തികഞ്ഞവൻ.  പക്ഷെ എന്തോ ആമിക്കു ഭീമനോടു വെറുപ്പായിരുന്നു. ഹിഡുംബിയെയും, ബലന്ധരയെയും പ്രാപിച്ച്   തിരിഞ്ഞു നോക്കാതെ നാണവും മാനവും ഇല്ലാതെ ദ്രൌപതി എന്ന എച്ചിലിനു വേണ്ടി  പോയവൻ. പുരുഷ കുലത്തിന്റെ അപമാനം.  “നീചനാണു നീ ഭീമാ നീചനാണു നീ”.  ഇതു പറയുമ്പോഴെല്ലാം  ആമിയുടെ മുന്നിൽ ഭീമൻ പൊട്ടിക്കരയും. പിന്നെ ഭീമന്റെ  കലങ്ങിയ കണ്ണുകളെ കുറിച്ച് ആമി ഡയറിയിൽ കുറിച്ചിടും
.
“ ഭീമാ  നിന്റെ  മനസ്സ്  ഞാൻ കാണുന്നു .  സർവ്വ ശക്തനായിട്ടൂം  മന്ദൻ എന്നു സഹോദരങ്ങൾ. ധനുർവിദ്യയിൽ  പ്രാഗൽഭ്യം തെളിയിച്ചിട്ടും  അർജ്ജുനൻ എന്ന അൽ‌പ്പനു വേണ്ടി  ദന്ദ്വ യുദ്ധം ചെയ്യാൻ വിധിക്കപ്പെട്ടവൻ. തന്റെ സ്ഥാനം തട്ടിയെടുത്തിട്ടും അർജ്ജുനനെ  പ്രാ‍ണനു തുല്യം സ്നേഹിക്കുന്ന നീ പാവമാണ്.  നീ പാവമാണു ഭീമാ” 

                     എന്താണു താൻ ഇങ്ങിനെ എന്ന്  ഒരു ദിവസം ആമി അമ്മാമ്മച്ചിയോടു ചോദിച്ചു.  അത് ഈ പ്രായത്തിന്റെതാണെന്നും  ഒരുത്തനെ കെട്ടി ഒരു കൂട്ടിലാകുമ്പോൾ  ഒക്കെ നിന്നോളും എന്നും അമ്മാമ്മച്ചി മറൂപടി കൊടൂത്തു.
22 വയസ്സിനിടയിൽ ജീവിത പങ്കാളിയെ കുറിച്ച് ആദ്യമായി ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.
“എനിക്കു വരുന്ന ആൾ തന്നെ ബന്ധിതയാക്കുമോ”.?   
     ഒരു പ്രാവിനെപ്പോലെ പറക്കാൻ കൊതിക്കുന്ന മനസ്സിനു  ഒരു വലിയ കൂച്ചുവിലങ്ങാണൂ ദാമ്പത്യം എന്നൊരു തോന്നൽ എപ്പൊഴെങ്കിലും തന്റെ ഉള്ളറകളെ കൊത്തി വലിച്ചുവോ?. കോളേജിൽ തന്റെ പ്രണയം ചോദിച്ച്  അടുത്തു വന്ന എത്രയോ പേർ , തന്റെ കവിതകളെ പ്രണയിക്കുന്ന എത്രയോപേർ. അവരോടൊന്നും തന്നിക്കെന്താണു പ്രണയം തോന്നാത്തത്..? അവർക്കെല്ലാം വർമ്മ സാറായെങ്കിലെന്താ..? പെട്ടെന്ന്  ആമിയുടെ കൈയ്യിലെ പേന വഴുതി.  അക്ഷരങ്ങൾ പിഴച്ചു പോയിരിക്കുന്നു. എന്താ എഴുതി കൂട്ടുന്നെ എന്നോർത്ത് ആമി  ആ പേജ് വലിച്ചുകീറി  വേസ്റ്റ് ബാസ്ക്കറ്റിലേക്കിട്ടു.    എന്തായിത്.?  വർമ്മ സാറിനോട് തനിക്കു പ്രണയമാണോ..?  പുതപ്പിനുള്ളിൽ  മൂടിപ്പുതച്ചു കിടന്നിട്ടും കണ്ണുകൾ ഇറുകിയടച്ചിട്ടും  കണ്ണിനുള്ളിൽ  ആ ചോദ്യം  വെള്ളിപ്രഭയോടെ  മിന്നിക്കൊണ്ടിരിക്കുന്നു.  വർമ്മ സാറിനോടു തനിക്കു പ്രണയമോ.?   ഉറക്കമില്ലാത്ത രാവിന്റെ അവസാ‍നയാമത്തിലെപ്പോഴോ  വേസ്റ്റ് ബോക്സിലേക്ക്  കീറിക്കളഞ്ഞ പേപ്പർ അവൾ  തിരികെ  ഡയറിയിൽ ഒട്ടിച്ചു വച്ചു.  അവളതു തീരുമാനിക്കുകയായിരുന്നു.
“ഒരു പ്രണയമുണ്ടെങ്കിൽ അതു വർമ്മ സാറിനോടു മാത്രം.”
കെട്ടു പാടുകളുടെ  ചങ്ങലകൾ ഭേദിച്ച് പ്രണയത്തിന്റെ അനന്തതയിൽ വർമ്മസാറോടൊപ്പം പറന്നുയരണം അവിടെ കൂട്ട്  പുസ്തകങ്ങൾ മാത്രം. പിന്നെ ഭൂമിയെ പ്രണയിച്ച് കടന്നു പോയ കവികളൂം , കഥാകൃത്തുക്കളും.  വയലറ്റു പൂക്കൾ കൊണ്ടലങ്കരിച്ച മെത്തയിൽ സാറിന്റെ  മാറത്തെ നനുത്ത രോമങ്ങളിൽ തടവി  ആയിരം പ്രണയ കഥകൾ പറയും.  പണ്ട് ചങ്ങാതിയായ കാറ്റിനു എല്ലാം കണ്ടു രസിക്കാൻ  കിളിവാതിൽ തുറന്നു കൊടുക്കും .

                       
                         കാര്യങ്ങൾ അത്ര കണ്ട് വഷളായിരിക്കുന്നു  ടീച്ചറില്ലാത്ത ഏതോ ഒരു ഞായറാഴ്ച ആമി വർമ്മ സാറിനെ കീഴടക്കി കഴിഞ്ഞിരിക്കുന്നു. സാറിന്റെ എതിർപ്പുകളെ ഭീമന്റെ തത്വശാസ്ത്രത്തിലൂടെ ആമി നേരിട്ടു. “ഹിഡുബിയെ പ്രാപിച്ചിട്ടൂം ഭീമൻ ബലന്ധരയോട് അതൃപ്തി കാണിച്ചില്ല്ലല്ലോ.”? ഒടുക്കം  സാറും ഭീമനിൽ ഉത്തരം കണ്ടെത്തുകയായിരുന്നു.  മാഷിലെ നഷ്ടപ്പെടാത്ത യൌവ്വനം മുഴുവനും   ആമി അളന്നെടുക്കുകയായിരുന്നു.  പലപ്പോഴായി  ആമിയുടെ പെരുമാറ്റവും  മുടിയിഴകളിലെ ഗന്ധവും  മീനാ‍ക്ഷി ടീ‍ച്ചറിൽ നിന്നും വ്യത്യസ്ഥമായത് എന്തൊക്കെയോ സാറിന് നൽകിയിരുന്നു.  ലിഖിത നിയമങ്ങളുടെ മടിക്കുത്തിൽ പിടിച്ചുള്ള ഈ  കളി അധിക കാലം നീണ്ടു പോയില്ല.  ഒളികണ്ണുകൾ പലതും കണ്ടു പിടിച്ചു.   ചുണ്ടുകൾ അതു ചെവികൾക്കു  കൈമാറി ഒടുക്കം കോളിളക്കങ്ങളുടെ മഹാപ്രവാഹം .  

“അധ്യാപകൻ  വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു.”
 
                    ലജ്ജ തോന്നി ആമിക്ക്. തന്റെ  മഹത്തായ പ്രണയത്തെ . താൻ  ചില്ലു കൂട്ടിലിട്ട് താലോലിച്ച തന്റെ പ്രണയത്തെ  ഏതോ ഒരു മഞ്ഞ പത്രക്കാരന്റെ തൂലികകളാൽ  കളങ്കപ്പെട്ടിരിക്കുന്നു. എത്ര നികൃഷ്ടമാണു ലോകം “പീഡനം” എന്ന തറ വാചകത്തെ തന്റെ മഹത്തായ പ്രണയം പറയാൻ തിരഞ്ഞെടുത്തിരിക്കുന്നു.  എന്റെ സ്വാതന്ത്ര്യം എന്റെ അവകാശം. അതൊക്കെ നിശ്ചയിക്കാൻ ആർക്കാണവകാശം.  പൊട്ടിത്തെറിക്കാനേ ആമിക്കു കഴിഞ്ഞുള്ളു.   മലേഷ്യയിൽ നിന്നും  അച്ഛനും അമ്മയും  വന്നു.  കുളി തെറ്റിയത് അമ്മ അറിഞ്ഞിരിക്കുന്നു.  ആമി അമ്മയാവുകയാണ്.   അമ്മാമ്മച്ചി  വീട്ടിൽ നിന്നും പുറത്താക്കിയിരിക്കുന്നു . ഇപോൾ തറവാട്ടിലാണു താമസം . ഈ ലോകം എത്ര  ഇടുങ്ങിയതാണെന്ന് ആമി തിരിച്ചറിയുകയായിരുന്നു. തന്റെ ചിന്തകളുടെ ലോകം എത്ര വിശാലമായിരുന്നു.  യാഥാർത്ഥ്യത്തിനു  പിന്നെയും പുതിയ മുഖങ്ങളാണ്. വയറിനുള്ളിൽ പിന്നെയും ചിന്തകൾ ഉടലെടുക്കുന്നു.  നശിപ്പിക്കാനുള്ള അച്ഛന്റെയും അമ്മയുടെയും പിടിവാശി. സമൂഹത്തിന്റെ ആക്ഷേപങ്ങൾ.   തന്തയില്ലാത്തവൻ , തന്തയില്ല്ലാത്തവൾ  എന്ന വിളിപ്പേരുകൾ ഇത്രയൊക്കെ കഴിഞ്ഞിട്ടും  പ്രണയം വിട്ടു പോകാതെ, പിരിഞ്ഞു പോകാനാകാ‍തെ മീനാക്ഷി ടീച്ചറൂം വർമ്മ സാറും.  ടീച്ചറെ  പിന്നെ  ഒരിക്കലേ കണ്ടുള്ളൂ.. എന്നിട്ടും ദേഷ്യപ്പെട്ട് ഒന്നും പറഞ്ഞില്ല.  മെല്ലെ  അടുത്തു വന്നു പൊട്ടിക്കരഞ്ഞു.   മോളായിരുന്നു  ശ്രദ്ധിക്കേണ്ടിയിരുന്നത്. എന്നും പറഞ്ഞ്  ആമിയുടെ ചുമലിൽ വീണു കുറേ കരഞ്ഞു.
. “ടീച്ചറേ  വർമ്മ സാറിനെ എനിക്കു തന്നൂടെ”?
 ഒരായിരം സൂര്യന്റെ പ്രഭയോടെ ആ കണ്ണുകൾ ജ്വലിക്കുന്നുണ്ടായിരുന്നു  പിന്നെ ദയനീയമായി ഒന്നു  കരഞ്ഞു .  ആമിയുടെ മുഖത്തു നോക്കാതെ   ടീച്ചറോടിപ്പോയി. ആ സമയത്ത്  ആ ചോദ്യം വേണ്ടായിരുന്നെന്ന് ആമിക്കു പിന്നീടു തോന്നി. ഇന്നലെ വന്ന തനിക്ക് വർമ്മ സാറിനെ പിരിയാൻ പറ്റാതെയായിരിക്കുന്നു അപ്പോൾ  പിന്നെ ടീച്ചറ്ക്ക് . അതാലോചിച്ചപ്പോൾ  വർമ്മ സാറിനെ ഒരിക്കിലും തനിക്കു ലഭിക്കില്ലെന്ന് അവൾക്കുറപ്പായിരുന്നു.   അച്ഛനും അമ്മയും ചേർന്ന് വർമ്മ സാറിനെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു.  കോടതിയിൽ ഒന്നും പറയരുതെന്ന് ആമി തീരുമാനിച്ചു എല്ലാത്തിനും മൌനമായിരിക്കണം ഉത്തരം.  തനിക്കു ലഭിക്കാതെ പോയത് മറ്റാർക്കും കിട്ടരുതെന്ന വാശിയോ  എന്തോ. ?  ഭീമാ  ഞാനും അർജ്ജുന പക്ഷത്തു ചേരുകയാണ്ണ്.  കർണ്ണനോടുള്ള അസൂയയാൽ എന്റെ മനം മലിനമായിരിക്കുന്നു. പക്ഷെ ആമി മരിച്ചു പോകില്ലെ..?  പിന്നെയും ചോദ്യങ്ങൾ ബാക്കിയാവുകയാണ്ണ്. ഇനി ചോദ്യങ്ങൾ അവശേഷിക്കരുതെന്ന് ആമിക്കു നിർബന്ധമുണ്ടായിരുന്നു.

                     കോടതിയിൽ മറ്റൊരു താത്രിക്കുട്ടിക്കു ജന്മം നൽകി സ്മാർത്തന്മാരുടെ മുന്നിൽ ലജ്ജ കൂടാതെ ആമി തന്റെ വേഴ്ച്ചയെക്കുറിച്ചു  പറഞ്ഞു. പിന്നെ  വർമ്മ സാറിനെ മീനാക്ഷി ടീ‍ച്ചർക്കു വിട്ടുകൊടൂത്ത്  ആമി ജീവിക്കാൻ പോവുകയണ്.  കാറ്റ് പിന്നെയും ആമിയെ മുട്ടിയുരുമ്മി  സ്ഥായിയായ ഒരു ഭാവത്തിലേക്ക്  ചുവടുവെയ്ക്കുന്നു.  തിരമാലകളോടൊത്തു  വരുമ്പോഴും കാറ്റിനു കാ‍മുകന്റെ ഭാവമായി ആമിക്കു  തോന്നി. അസൂയയാണോ  പ്രണയമാണോ തന്റെ ജന്മ കാരണം എന്നു   എന്നു തിരിച്ചറിയാനാവാത്ത ഭ്രൂണത്തിനെ ഗർഭത്തിൽ തന്നെ കൊലപാതകം ചെയ്ത് ആമി  കാറ്റോടൊപ്പം കടലിലേക്കു പോയി .    ചങ്ങലകളില്ലാത്ത പ്രണയത്തിന്റെ അനന്തതയിലേക്ക്.   പുസ്തകങ്ങൾ കൂട്ടിനില്ലാത്ത പ്രണയ ലോകത്തേക്ക്.കാറ്റിനോടു മാത്രം പറയാൻ കുറേ  കഥകളുമായി.

Saturday, February 12, 2011

പ്ലീസ് എന്നെ ഒന്നു വൃത്തിയാക്കിത്തരൂ

മൂക്കിലും ചെവിയിലും മൂളി നടന്ന് ശല്ല്യം ചെയ്ത് ഇക്കിളി കൂട്ടിയ ഒരീച്ചയെ കൊന്ന്  അതിന്റെ അവശിഷ്ടങ്ങൾ കഴുകിക്കളഞ്ഞപ്പോഴായിരുന്നു ഈച്ചക്കൂട്ടങ്ങൾ എന്നെ ഓഫീസ് മുറിയിൽ ഖരാവോ ചെയ്തത്. “പോടെ ..പോടെ“
എന്നു ധിക്കാരത്തോടെ അകറ്റി നിർത്താൻ നോക്കിയെങ്കിലും അവരുടെ ചോദ്യങ്ങളും മുദ്രാവാക്യങ്ങളും  ആഗോള പ്രസക്തി ഉള്ളതായി എനിക്കു തോന്നി .

വൈക്കം മുഹമ്മദ് ബഷീറിന്റെ പടവും പൊക്കിപ്പിടിച്ചാണു  പിള്ളേരുടെ പടപ്പുറപ്പാട്.
“ സുൽത്താൻ നമ്മുടെ നേതാവ്
സുൽത്താൻ നമ്മുടെ നേതാവ്
അവകാശങ്ങൾ സംരക്ഷിക്കാൻ
മരണം വരെയും സമരം ചെയ്യും
ബിജു കൊട്ടില മൂർദ്ദാബാദ്”.

എന്നു വിളിച്ചപ്പോൾ അവറ്റകളൂടെ മുന്നിൽ ഒരൽ‌പ്പം ചെറുതായതു പോലെ എനിക്കു തോന്നി . എന്റെ മറൂപടിയെ അവർ കൂക്കി വിളികളും തെറിവിളികളോടും കൂടെയാണു  വരവേറ്റത്.  “എന്നെ ശല്ല്യം ചെയ്തവനെ ഞാൻ കൊന്നു  അതെന്റെ ന്യായം”. അപ്പൊ അതിലൊരീച്ച നേതാവ് എനിക്കു നേരെ വിരൽ ചൂണ്ടി .. അവന്റെ കൈകൾക്കു കാരിരുമ്പിന്റെ കരുത്തുള്ളതു പോലെ തോന്നി. “ ഹേ ദുഷ്ടനായ മനുഷ്യാ... ക്ഷമിക്കണം.  മനുഷ്യാ എന്നു നിങ്ങളെ വിളിക്കാൻ കഴിയില്ല  കാരണം മനുഷ്യന്മാർ ഇവിടെ പണ്ട് ജീവിച്ചിരുന്നു“  (അവർ ഉയർത്തിപ്പിടിച്ച പ്ലക്കാർഡിൽ നിന്നും ബഷീർ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു )
“താങ്കൾ ന്യായം പ്രസംഗിക്കുമ്പോൾ താങ്കൾ അറിയുന്നുണ്ടോ താങ്കൾ  വേശ്യയുടെ സദാചാര പ്രസംഗമാണു നടത്തുന്നതെന്ന്“

 “ദേ ഈച്ചയാണെന്നോന്നും ഞാൻ നോക്കില്ല.. റൈഡും, മോർട്ടീനുമൊക്കെ ഷെൽഫിലുണ്ട്   ഒന്നെടൂത്ത് വീശിയടിച്ചാലുണ്ടല്ലോ പിന്നെ നീന്റെയൊക്കെ ശബ്ദം പൊങ്ങില്ല”.

  അതു പറഞ്ഞതും ഈച്ച നേതാവ് രോക്ഷം കൊണ്ടു
“ ഭീഷണിയാണോ.. മരിക്കാൻ തയ്യാറായിത്തന്നെയാ ഞങ്ങൾ വന്നേക്കുന്നെ .. ഇന്ന്  ഈ നിൽക്കുന്ന പത്തു നാൽ‌പ്പതു പേരെ നിങ്ങൾക്കു കൊല്ലാൻ കഴിഞ്ഞേക്കും . ഞങ്ങളൂടെ  ശവങ്ങളിൽ നിന്നും ഉയിർത്തെഴുന്നേൽക്കുന്ന പതിനായിരങ്ങളോട് നിങ്ങൾക്കിതിനു സമാധാനം പറയേണ്ടി വരും ,  അല്ലെങ്കിൽ അവർ നിങ്ങളെക്കൊണ്ടതു പറയിക്കും . സൂക്ഷിച്ചോ”.

ദേ  നോക്കണേ...  വിരലൊന്നു കൂട്ടിപ്പിടിച്ചാൽ  അതിനിടയിൽ ഞെരിഞ്ഞമരേണ്ട ഈ പീക്കിരി ഈച്ചകൾ എന്നോട് ധിക്കരം പറയുന്നതു കേൾക്കുന്നില്ലേ .   ദേഷ്യം കൊണ്ട് ഞാൻ കൈ ഒന്നാഞ്ഞു വീശി . അവൻ  വിദഗ്ദമായി തെന്നി മാറിക്കളഞ്ഞു. അപ്പോൾ പിന്നിൽ നിന്നും  ഒരു കടലിരമ്പം പോലെ ഈച്ചകൂട്ടങ്ങൾ ഗർജ്ജിച്ചു.  ഒരു കൂട്ടം വേട്ടനായ്ക്കളൂടെ ശൌര്യം ഞാൻ അവരിൽ കണ്ടൂ ...ഒരല്പം പേടി തോന്നാതിരുന്നില്ല . അയ്യേ... പേടിക്കാനോ ഞാനോ  ഇല്ല ഒരിക്കിലും ഇല്ല .  ഈ ഇത്തിരിപ്പോന്ന ഈച്ചകൾ എന്തോന്നു ചെയ്യാൻ അല്ലെ . എന്തായാലും സമാധാനമാണല്ലോ നമ്മളൂം കാംഷിക്കുന്നത് .  ഈച്ച നേതാവിനെ ഞാൻ ചർച്ചയ്ക്കു വിളിച്ചു.  എന്റെ മുറിയിലേക്കു കയറി വരുമ്പോൾ ഈച്ച നേതാവ് ഈച്ചക്കൂട്ടങ്ങളോടായി പറഞ്ഞു.
“ പ്രിയപ്പെട്ട ഈച്ച സഖാക്കളെ  ഈ മുറി ഒരു മനുഷ്യന്റെ മുറിയാണ്. ഒരു പക്ഷെ എന്റെ മരണ മുറിയായേക്കാവുന്ന മുറി  മനുഷ്യനല്ലെ  വിശ്വസിക്കാൻ കൊള്ളത്തില്ല.  ഒരു പക്ഷെ അവന്റെ കൈക്കുള്ളിൽ ഞാൻ കൊല്ലപ്പെടാം അങ്ങിനെയാണെങ്കിൽ എന്റെ ശവം ഉറുമ്പുകൾ മറവു ചെയ്യുന്നതിനും മുന്നെ .അവന്റെ ശവം ഈ മണ്ണിൽ വീഴണം .  എനിക്കു വേണ്ടി സ്മാരകങ്ങൾ പണിയരുത്. അതിനു വേണ്ടി നിങ്ങൾ ചിലവിടുന്ന ഊർജ്ജം കൂടി ഇവനെ കൊല്ലുന്നതിലേക്കായി   ഉപയോഗിക്കുക വിധിയുണ്ടെങ്കിൽ വീണ്ടും കാണാം”.
ഇവനാരടെ  ഈച്ചകളിലെ ചെഗുവേരയോ .. മേശപ്പുറത്തിരുന്ന റീഡിംഗ് ലെൻസെടുത്ത് ഞാൻ അവനെ സൂക്ഷ്മമായി നോക്കി .. അവന്റെ തലയിൽ ഒരു കറുത്ത തൊപ്പിയും  ചുവന്ന നക്ഷത്രവും പ്രത്യക്ഷപ്പെടുന്നതു പോലെ എനിക്കു തോന്നി . പെട്ടെന്ന് അവൻ വളർന്നു വളർന്ന് എന്നിലേക്ക്  പതിക്കുമെന്നായപ്പോൾ ഞാൻ ലെൻസ് വെട്ടിച്ചു .    ‘പറ എന്താ നിങ്ങടെ പ്രശ്നം “  ഞാൻ  ഈച്ച നേതാവിനോടായി ചോദിച്ചു. അവൻ മേശപ്പുറത്ത് തട്ടിക്കൊണ്ട് വളരെ ഗാഭീര്യത്തോടെ എന്നോടു ചോദിച്ചു.  താങ്കൾ എന്തിനു ഞങ്ങടെ സഖാവിനെ കൊന്നു..? വ്യകതമായ കാരണം ഞങ്ങൾക്കു വേണം.  
“പ്രിയ ഈച്ച സുഹൃത്തേ ആതു ഞാൻ നിങ്ങളോടു നേരത്തെ പറഞ്ഞതാണല്ലോ..എന്നെ നിങ്ങടെ സഖാവ് അനാവശ്യമായി ശല്ല്യം ചെയ്തു. ഞാൻ അവനെ പലവട്ടം ശാസിച്ചു. പിന്നെ ദേഷ്യം മൂത്തപ്പോ ഞാൻ അങ്ങു കൊന്നു. ഇനി നിങ്ങൾ എന്താന്നു വച്ചാൽ അങ്ങു ചെയ്യ്  കോടതിയിൽ പോയി കേസു കൊടുക്കാൻ ഒന്നും നിങ്ങൾക്കു കഴിയില്ലല്ലോ..അതിനുള്ള നിയമവും ഇന്ത്യൻ ഭരണഘടനയിൽ ഇല്ല താനും അപ്പോ എന്തോ ചെയ്യും...?”

ഈച്ച നേതാവൊന്നു  ആട്ടി തുപ്പി.”ഫൂ”... “എന്ത് കോടതി ..നിങ്ങടെ കോടതി അല്ലെ ..കാശു കിട്ടിയാൽ നിങ്ങളേക്കാൾ  കള്ളം പറയുന്ന കോടതി. അവിടെ കാറ്റിൽ പറക്കുന്ന നിയമവും നിയമ പുസ്തകങ്ങളൂം”  ഈച്ച നേതാവിന്റെ രോക്ഷം എന്റെ ശരീരത്തെയും ഒന്നു ചൂടു പിടിപ്പിച്ചു.  “എന്റെ സഖാവ് നിങ്ങളെ ശല്ല്യം ചെയ്തെന്നു പറഞ്ഞാൽ ഞങ്ങൾ വിശ്വസിക്കില്ല .ഞങ്ങൾ നിങ്ങടെ ശല്ല്യക്കാരല്ല  നിങ്ങളിലെ ജീർണ്ണതകളെ കൂടെ കൂടെ ഇല്ലാതാക്കുന്നു നിങ്ങളെ ശുദ്ധീകരിക്കുന്നു അതാണു ഞങ്ങടെ കർമ്മം  ഇതു പോലും അറിയാത്ത മന്ദ ബുദ്ധികളേ ..നിങ്ങൾ എന്തിനാണു ജീവിക്കുന്നത് .ഭൂമിക്കു ഭാരമാവാനോ..?  ഈ  ചോദ്യം എന്നെ വല്ലാതെ ചൊടിപ്പിച്ചു ..  “ ഏ കീടമേ .. നീ ആരോടാണു സംസാരിക്കുന്നതെന്നോർക്കുന്നുണ്ടോ.. ?  ആരാണു വിഡ്ഡികൾ..? വെറു ഒരു പച്ച വെളിച്ചം കാട്ടി നിങ്ങളെ ആകർഷിച്ച്  ഇലക്ട്രിക് ഷോക്കിലുടെ കൊലപ്പെടുത്തുന വിദ്യ ഞങ്ങളാണു കണ്ടു പിടിച്ചത്  ഒരിക്കൽ പോയി ചത്താലും പിന്നേം പിന്നേം അവിടെ തന്നെ പോയി ചാകുന്ന ബുദ്ധിയില്ലായ്മ നിങ്ങൾക്കല്ലേ .. ഈ നാടിനെ കുറിച്ചു നീങ്ങൾക്കെന്തറിയാം ആണവ കരാറിനെ കുറിച്ച്  നിങ്ങൾക്കെന്തറിയാം..? സ്മാർട്ട് സിറ്റിയെ കുറിച്ച് നിങ്ങൾക്കെന്തറീയാം ..?  ഒന്നും അറീയാതെ ഇത്തിരിപ്പോന്ന ഒരു പീക്കിരി ഈച്ചയുടെ മരണത്തിനു പകരം ചോദിക്കാൻ വന്നിരിക്കുന്നു  പമ്പര വിഡ്ഡികൾ . എന്റെ കൈ കൊണ്ടു മരിച്ചു വീഴുന്നതിനു മുന്നേ .. പോ ഇവിടുന്ന്.

ഈച്ച നേതാവ് മെല്ലെ ചിരിച്ചു ..  “ ആണവ കരാർ , സ്മാർട്ട്സിറ്റി.. ഇതൊക്കെയാണല്ലോ  നിങ്ങടെ സ്വപ്നങ്ങൾ . ചെളിക്കുണ്ടീലേക്കു താഴുമ്പോഴും  .ആകാശത്തെ ചന്ദ്രനെ കിട്ടാനാണൂ മോഹം . കൊള്ളാം ..ഞാൻ താങ്കളെ വിഡ്ഡി എന്നു സംബോധന ചെയ്തത്  തെറ്റായില്ല.  എടോ ..നീചനായ മനുഷ്യാ.. നിന്റെ അമ്മമാരെയും പെങ്ങന്മാരെയും  പീഡന വീരന്മാരായ നിങ്ങടെ ആൾക്കാർ പീഡിപ്പിക്കുമ്പോൾ  പ്രതികരിക്കാൻ കഴിയാത്ത്  ഷണ്ഡന്മാർ . നിന്റെ കാൽക്കീഴിലെ മണ്ണും പുഴയും കോർപ്പറേറ്റുകൾക്കു വിറ്റു പോകുന്നതിനെതിരെ ഒരു ചെറുവിരലു പോലും അനക്കാൻ നിനക്കു കഴിഞ്ഞോ..?  നീ എന്തു ചെയ്തു ഉത്തരം പറ...? ,  വയലുകൾ മണ്ണീട്ടു നികത്തി  ഫ്ലാറ്റുകളൂം  മണി മന്ദിരങ്ങളൂം പണിയുമ്പോൾ നഷ്ടമാവുന്ന  ഭക്ഷ്യസമ്പത്തിനെ കുറിച്ച് നിനക്കു വല്ല വിവരവും ഉണ്ടോ..? പണമുണ്ടെങ്കിൽ ഭൂണംവരെ വാങ്ങാൻ കിട്ടൂന്ന നിങ്ങടെ ചീഞ്ഞു നാറിയ സംസ്ക്കാരത്തിനെതിരെ  ഒരു വാക്കെങ്കിലും ഉരിയാടാൻ നിനക്കൊക്കെ കഴിഞ്ഞോ.. നീ ആദ്യം കണ്ണാടിയിലേക്കു നോക്കൂ.. നിന്റെ ചീഞ്ഞു നാറിയ ദേഹം നിനക്കു കാണാം ..അതിനു ശേഷം തീരുമാനിക്കാം നമുക്ക്  ബാക്കിയെല്ലാം.”  
എന്നും പറഞ്ഞ് നേതാവ് എഴുന്നേറ്റു പുറത്തേക്കു പോയി .. അവന്റെ വാക്കുകൾ എന്തായിരുന്നു .. അവൻ പറഞ്ഞതൊക്കെ എന്തായിരുന്നു .അതിനെല്ലാം എന്തൊരു ശക്തിയായിരുന്നു ,  അവനിതൊക്കെ എവിടുന്നറിഞ്ഞു.. ? ...വൈക്കം മുഹമ്മദ് ബഷീർ മെല്ലെ എന്റെ അടുത്തു വന്നു .. വലിയ വായിൽ ഒരു ചിരി ചിരിച്ചു .. “അവരും  ഭൂമിയുടെ അവകാശികളാണെടോ“.... പിന്നെ നീണ്ട കാലങ്കുട നിലത്തു കുത്തി  അകലേക്കു മറഞ്ഞു .  ജലനഴികളിലൂടെ എനിക്കു കാണാമായിരുന്നു  അയാൾ മെല്ലെ നടന്നു  ഈച്ചകളുടെ പ്ലക്കാർഡുകളിലെ ചാരുകസേരയിൽ കയറി ഇരിക്കുനത് ..  ഈച്ചനേതാവിന്റെ ഈ ശകതിയുടെ പകുതി ഊർജ്ജം പോലും തനിക്കില്ലാതെ പോയല്ലോ . എന്നോർത്തപ്പോൾ പുതിയ തലമുറയുടെ  ഗതി പെട്ടെന്നു  എന്നിലൂടെ മിന്നി മാഞ്ഞു.. ഞാൻ മെല്ലെ കണ്ണാടിയിലേക്കു നോക്കി..  പുണ്ണും ചലവും കൊണ്ട് എന്റെ ദേഹമാകെ വൃത്തികേടായിരിക്കുന്നു.. ഞാൻ ഉറക്കെ കരഞ്ഞു .. ഈച്ചകൾ പിന്തിരിഞ്ഞോടുകയാണ്.. എന്താണിത് .. ഞാൻ അവറ്റകളുടെ പിന്നാലെ ഓടി    “  എന്നെ ഒന്നു വൃത്തിയാക്കി തരൂ.. ഞാൻ കേണപേക്ഷിച്ചു .. പ്ലീസ് എന്നെ ഒന്നു വൃത്തിയാക്കിത്തരൂ.
#######################################################################

Wednesday, February 2, 2011

എങ്ങോട്ടെന്നില്ലാതെ

                       എങ്ങോട്ടെന്നില്ലാതെ 
……………………………………………………………………………………………………..
വലുപ്പച്ചെറുപ്പങ്ങളുടെ വില നോക്കാതെ പത്മവിലാസം ലോഡ്ജിലെ  പന്ത്രണ്ടാം നമ്പർ മുറിയിലിരുന്നു അയാൾ കിട്ടിയ നോട്ടിൽ മുഖമമർത്തി    പിന്നെ  കൈയ്യിലുള്ള ഗ്ലാസ് ചുണ്ടോടമർത്തി  വിലയേറിയ മദ്യം ആസ്വദിച്ചു ആസ്വദിച്ചു  നുണഞ്ഞു .  വാതിലിനടുത്ത് വന്നു നിന്ന സ്ത്രീ രൂപത്തെ പിന്നീടാണയാൾ ശ്രദ്ധിച്ചത് .  കൈയ്യിലെ മദ്യഗ്ലാസ്  നിലത്തുവീണുടഞ്ഞതും അയാൾ ബെഡ്ഡിൽ നിന്നെഴുന്നേറ്റ്  അവൾക്കരികിൽ എത്തിയതും  ഒന്നും അറിഞ്ഞുകൊണ്ടായിരുന്നില്ല .  തളർന്നു വീണ അവളെ  താങ്ങിയെടുത്ത്  കട്ടിലിൽ കിടത്തി . മേശപ്പുറത്തെ ജഗ്ഗിൽ നിന്നും  വെള്ളമെടുത്ത് അൽ‌പ്പം അവൾക്കു കൊടുത്തു. നേർത്ത ഞരക്കത്തോടെ അവൾ കുറച്ച്  വെള്ളമിറക്കി  ബാക്കി  സൈഡിലൂടെ ഒലിച്ച്  ചെവിയിക്കുഴിയിലേക്കിറങ്ങി  വെള്ളമെടുത്ത് മുഖം കഴുകുമ്പോഴാണു  കൈയ്യിലൂടെ ഒലിച്ചിറങ്ങുന്നത്  രകതമാണെന്ന്  അയാൾ തിരിച്ചറിഞ്ഞത് . അവളുടെ പാന്റിലാകെ രക്തം പുരണ്ടിരിക്കുന്നു .  പാറമടയിൽ കുഴി കുത്തി  മരുന്നു നിറച്ച്  ആരോ  തീ കൊളുത്തി വിട്ടപോലെ  അയാളുടെ ഉള്ളിൽ നിന്നും  എന്തൊക്കെയോ  പൊട്ടിത്തെറിച്ചുകൊണ്ടിരുന്നു.  അവളുടെ തുടയ്ക്കിടയിലൂടെ ഒലിച്ചിറങ്ങിയ രക്തമായിരുന്നു അല്പം മുൻപ് ആ മദ്യ ഗ്ലാസിലൂടെ താൻ കഴിച്ചതെന്നോർത്തപ്പോൾ  അയാൽ  എന്തെന്നില്ലാത്ത  ഉച്ഛത്തിൽ കരഞ്ഞു .
                                                  ********
                     ഗ്രാഫിക് ഡിസൈനറായി  ഏറണാകുളം എന്ന സ്വപ്ന നഗരത്തിലേക്ക് ചേക്കേറുമ്പോഴും  സിനിമ  എന്ന ഒറ്റ മോഹം മാത്രമായിരുന്നു മനസ്സിൽ.  അഭ്ര പാളികളിൽ കൈയ്യടി നേടിയ നായക വേഷങ്ങൾ കുളിമുറിക്കുള്ളിൽ അനായാസം അഭിനയിച്ചു തീർത്ത ഒരു നടന്റെ മനസിൽ കൊച്ചി  ഒരു വലിയ സ്വപ്നം തന്നെ ആയിരുന്നു.  പണ്ട് മലയാളിക്ക്  സിനിമ എന്നാൽ മദ്രാസായിരുന്നു  എന്നാൽ  ഇന്ന് എല്ലാ സൌകര്യങ്ങളും  ഇങ്ങ് മലയാള നാട്ടിലും വന്നെത്തിയിരിക്കുന്നു.  ഏതെങ്കിലും സംവിധായകനെ കാണണം എന്ന മോഹവുമായി  കൊച്ചിനഗരത്തിലെത്തിയിട്ട് ഇന്നേക്ക് വർഷം 4 കഴിഞ്ഞൂ .   ഇതിനിടയിൽ ഒന്നു രണ്ടു സംവിധായകരെ അടുത്തറിയാൻ കഴിഞ്ഞൂ  അവസരം ചോദിക്കാൻ തോന്നിയില്ല എന്തോ  അവരുടെ അടുത്തെത്തുമ്പോൾ കുളിമുറിയിലെ ആത്മവിശ്വാസവും , ധൈര്യവും  കാറ്റു വിട്ട ബലൂൺ പോലെ പറന്നു പോയി . പിന്നെ  ടൌൺ ഹാളിൽ  ഷൂട്ടിങ്ങ് നടക്കുന്നു എന്നൊക്കെ പറയുന്ന കേൾക്കാം  നേരിട്ടു പോകാനോ  കാണാനോ  സമയം ഒത്തു വന്നില്ല രാവിലെ 9 മണിക്കു തുടങ്ങുന്ന ജോലി  രാത്രി 9 മണിക്കെ അവസാനിക്കൂ.  അതും കഴിഞ്ഞു പിന്നെന്തു സിനിമ.   
പ്രാരാബ്ദങ്ങൾ അയാളിലെ ആഗ്രഹങ്ങളെ  ഒരോന്നായി  പതിയെ പതിയെ  കഴുത്തു ഞെരിക്കുകയായിരുന്നു .
  
                 ഓഫീസ്, നഗര മദ്ധ്യത്തിൽ തന്നെ ആയതിനാൽ  വഴിയേ പോകുന്ന പെൺകുട്ടികളെ  കുറിച്ച് ഓരോ കമന്റു പറയലാണു ഒഴിവു സമയത്തെ മൈൻ ഹോബി .  റിസപ്ഷനിസ്റ്റ്  ആയ ഷാനിയും അതിൽ വലിയൊരു പങ്കു വഹിച്ചു.  ആൺ പെൺ വ്യത്യാസങ്ങളിലൂടെ ചർച്ചകളും , വാഗ്വാദങ്ങളും ഒഴിവു സമയം കവർന്നെടുത്തു.  മാസം കിട്ടുന്ന മൂവായിരം രൂപ ശമ്പളം മുങ്കൂർ വങ്ങണമെങ്കിൽ  ഷാനിയുടെ ദയാ ദാക്ഷിണ്യം അത്യാവശ്യമാണ് അതു കൊണ്ടു തന്നെ ഷാനിയെ  പിണക്കിയാൽ കാര്യം  നടക്കില്ല. പലപ്പോഴും അവളുതന്നെ ആയിരുന്നു  വാഗ്വാദങ്ങളിൽ  ജയിച്ചതും (ജയിപ്പിച്ചതും ).   നിത്യേന ചിലവു കഴിയുക എന്നത് ഒരു വലിയ സാഹസം തന്നെ ആയിരുന്നു  എങ്ങിനെ പോയാലും വേണം ദിവസം  ഒരെൺപതുറുപ്പിക . പറ്റുവാങ്ങി  പറ്റുവാങ്ങി മാസാവസാനം നൂറോ  ഇരുന്നൂറോ  ഉണ്ടെങ്കിൽ ആയി .  അങ്ങിനെ ചിലവു കഴിയാനൊരു ജോലി .

               വീട്ടിലെ കാര്യം വളരെ കഷ്ടത്തിലായിരുന്നു . അമ്മയും പെങ്ങളും അടങ്ങിയ കുടുമ്പത്തിനു  അയാളായിരുന്നു  ഏക ആശ്രയം  അവരുടേ പ്രതീക്ഷകളായിരുന്നു ഈ ജോലി  പലപ്പൊഴും  അരപ്പട്ടിണി  കിടന്നോ  വല്ലവന്റെയും  ഓ സി അടിച്ചോ ജീവിതം മുന്നിലേക്കു തുഴഞ്ഞു.  മിച്ചം വെച്ച കാശ്  പെങ്ങടെ പഠിപ്പിനു പോലും തികയാതായി  ബാംഗ്ലൂർ നഴ്സിംഗ് പഠനത്തിനു തന്നെ അവൾക്കു നല്ലൊരു തുക ആകുന്നുണ്ട് . ഇടവകക്കാരോടു പിരിവെടുത്ത് പള്ളീലച്ഛൻ കുറച്ചു സഹായിക്കുന്നുണ്ട്  അതു വലിയൊരാശ്വാസം  എന്നതൊഴിച്ചാൽ മറ്റെല്ലാം  അവൾക്ക്  അയാളാണ്.  കമ്പനിയിൽ നിന്നു  ഒരു ദിവസം ശമ്പളം കൂട്ടിചോദിച്ചതിനു മാനേജർ ഇറങ്ങിപ്പോയ്ക്കോളാൻ വരെ പറഞ്ഞതാണ്.  പിന്നെ കൃത്യമായി  ഒരു സർട്ടിഫിക്കറ്റോ ഒന്നും അയാളുടേ കൈവശം ഉണ്ടായിരുന്നില്ല . ഡീസൈനിങ്ങ്  പഠിച്ചതു തന്നെ ഒരു സുഹൃത്തിന്റെ സ്റ്റുഡിയോയിൽ രാത്രി പോയിരുന്നാണു.  അപ്പൊപ്പിന്നെ കിട്ടുന്ന ശമ്പളത്തിനു ജോലി ചെയ്യുക . ഈ  ജോലി കൂടി ഇല്ലാതായലുള്ള  ജീവിതത്തെ കുറിച്ച്  അയാൾക്കാലോചിക്കാനെ  കഴിയില്ലായിരുന്നു.        

                  ദിവസവും അഞ്ചു മണിയാകുമ്പോൾ  സാറമ്മാരു പോകും  9 മണിക്ക്  ഓഫീസ് അടച്ചിട്ടേ  മാനേജർ പോകാ‍റുള്ളൂ...ഈ അടുത്തായി മാനേജറുടെ കല്ല്യാണം കഴിഞ്ഞൂ  അതിൽ പിന്നെ  ഓഫീസ് അടയ്ക്കേണ്ട ചുമതല  അയാൾക്കായി. രാത്രി 10 മണിക്കു പൂട്ടിയാൽ മതിയെന്നാ സാറമ്മാരുടെ നിർദ്ദേശം എന്നിരുന്നാലും  ഒൻപതു മണിയാകുമ്പോൾ  തന്നെ പൂട്ടും.  പിന്നെ കാലത്ത് 7 മണിക്കു വരണം  ഓഫീസ് തൂത്തു വാരണം . അങ്ങിനെ ചെയ്യാൻ  500 രൂപ കൂടീ കൂട്ടിക്കിട്ടി ...ഈ പുതിയ  ഏർപ്പാട്  ഒരു തരത്തിൽ  വല്യ ഗുണം തന്നെ ചെയ്തു .. അഞ്ചു മണിക്കു സാറമ്മാരുടെ കാറിൽ  മാനേജറൂം കൂടെ പോയാൽ പിന്നെ ഓഫീസിൽ ചേർത്തലക്കാരൻ സുരേഷും  അയാളും  മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നെ അല്പം  സ്വന്തം വർക്കും ചെയ്തു കൊടുക്കാ‍മല്ലോ ..ഇതിനിടെയാണു  നഗരത്തിലെ പ്രമുഖ വനിതാ കോളേജിലെ രണ്ടു വിദ്ദ്യാർത്ഥിനികൾ  അവരുടേ ഒരു പ്രോജക്റ്റ് വർക്കുമായി  ഓഫീസിൽ വന്നത് ...ഫാഷൻ ഡിസൈനിങ്ങ്  രണ്ടാം വർഷ വിദ്യാർത്ഥിനികൾ . അവർ തുന്നിയ  കുറച്ചു   ഡ്രസ്സുകൾഇട്ട മോഡലുകളൂടെ  ഫോട്ടോസ് നല്ല ബാക്ഗ്രൌണ്ടിട്ട്  ആൽബം പോലെ ആക്കണം .  ആദ്യ ദിവസം ചെയ്തു കൊടുത്ത വർക്കുകളെല്ലാം അവർക്കിഷ്ടപ്പെട്ടു.   കൂടുതൽ ഉണ്ടെന്നും  ഇനിയും വരാമെന്നും പറഞ്ഞ്  അവർ പോയി  ആദ്യമൊക്കെ  ഒരു പാടു പേരു വന്നു . പിന്നെ പിന്നെ  ഒരാൾ മാത്രം  സ്ഥിരം  വന്നുകൊണ്ടെ ഇരുന്നു    രാഖി .        

                    രാഖിയുടെ വരവു  സുരേഷിൽ അസൂയ ഉളവാക്കി  അയാളെ അവൾ മുട്ടിയുരുമ്മിയിരിക്കുന്നതിനെ  സുരേഷ് എന്നും കളിയാക്കും  . പെട്ടന്നായിരുന്നു രാഖിയുമായുള്ള പരിചയം  ഒരു നല്ല സൌഹൃദമായി മാറിയത്.   ഇതിനിടെ  വർക്ക് ചെയ്താൽ  ഡിസൈൻ ചാർജിനു പുറമേ  വേറെ കാശു കൂടീ അവൾ  അയാൾക്കു നൽകി . അവൾക്ക് പ്രണയമാണോ  അതോ തന്റെ കഥകൾ കേട്ടപ്പോഴുള്ള  അനുകമ്പയോ എന്നറിയാ‍തെ അയാൾ കുഴങ്ങി .  ഇടവേളകളിൽ  പരസ്പരം കുടുംബ കാര്യങ്ങൾ സംസാരിച്ചു.
നഗരത്തിലെ പ്രമുഖ ജ്വല്ലറി ഉടമയുടെ മകൾ ,  കുടുംബമെല്ലാം വിദേശത്ത് , വീട്ടിൽ  വേലക്കാർ മാത്രം. തോന്നിയ പോലെ അടിച്ചു പൊളിച്ചു ജീവിതം . പലപ്പോഴായും ഞായറാഴ്ച ദിവസങ്ങളിൽ അവൾ  അയാളെ കൂട്ടുവിളിച്ചു പുറത്തു പോകും , കൂട്ടുകാരികളോടൊന്നിച്ച് പെൺപടയ്ക്കു കാവൽ എന്നപോലെ പോകാൻ  ആദ്യമൊക്കെ അയാൾക്കു മടിയായിരുന്നു . കൈവെള്ളയിലേക്കിട്ടൂതന്ന പണതൂക്കത്തിനു മുന്നിൽ  അഭിമാനത്തിനു  ഒരു ചെറിയ കഷ്ണം പഞ്ഞിത്തുക്കം മാത്രമേ വിലയുണ്ടാ‍യിരുന്നുള്ളൂ . പാർക്കുകളൂം , ഐസ്ക്രീം പാർലറുകളൂം,  കയറിയിറങ്ങി , നിശാക്ലബ്ബുകൾക്കു മുന്നിൽ അവർ വരുന്നതു വരെ കാറിനു കാവലിരുന്നു . രാത്രി ഏറെ വൈകി അയാളെ റൂ‍മിൽ കൊണ്ടു ചെന്നാക്കി അവൾ മടങ്ങുന്നതു വരെ  ഞായറാഴ്ചയ്ക്ക്  ഒടുക്കത്തെ നീളമായിരിക്കും .
                 അപ്രതീക്ഷിതമായായിരുന്നു  അന്ന് രാത്രി ഓഫീസിൽ സാറു കേറി വന്നത്  മുകളിലെത്തെ ക്യാബിനിലായതു കാരണം അയാൾ  സാറിനെ കണ്ടതേ ഇല്ല . താഴെ ലേസർ  പ്രിന്റർ റൂമിൽ എന്തോ  മെഷീൻ കപ്ലെയിന്റ്  ചെക്ക് ചെയ്യാൻ വന്നതായിരുന്നു സാർ . രാഖിയെ  യാത്രയയച്ച്  തിരിഞ്ഞ് നിന്നപ്പോഴാണു  സാറിന്റെ ചുവന്ന മുഖം അയാൾ  കണ്ടത് .  ലെഡ്ജർ നോക്കി  വൌച്ചർ നോക്കി  എവിടെയും ഡീസൈൻ ചാ‍ർജ്ജെഴുതിയിട്ടില്ല .  കരണം തകരുന്ന അടിയുടെ ഞെട്ടലിൽ നിന്നും മുക്തനാവാൻ  ഓഫീസിനു വെളിയിൽ വന്നിട്ടും  ഏറെ നേരമെടുത്തു.  കളവു പിടിക്കപ്പെട്ടിരിക്കുന്നു.  ജീവിതം വീണ്ടും  വഴിമുട്ടിയ പാലത്തിന്റെ അറ്റത്ത് നിൽക്കുകയാണു  എന്തുചെയ്യണം എന്നറിയില്ല . മുന്നിലേക്കു പരന്നു കിടക്കുന്ന കടലിൽ ചാടണമോ... അതോ ..തിരിച്ചു നടക്കണമോ എന്ന ചിന്തയലട്ടിയപ്പോഴായിരുന്നു അടുത്തുള്ള കോഫി ഷോപ്പിൽ നിന്നും ഇറങ്ങി വരുന്ന രാഖിയെ  കണ്ടത്  ,  അവളോട് ചെന്ന് കാര്യം ധരിപ്പിച്ചു.  ഇത്രയും നാ‍ളത്തെ സൌഹൃദത്തിന്റെ ഒരു നിമിഷത്തിലും തമ്മിൽ സ്പർശ്ശിച്ചിട്ടില്ലാത്ത അയാളെ അവൾ ആദ്യമായി കൈക്കു പിടിച്ചു  കാറിൽ കയറ്റി കൊണ്ടൂപോയി.
                                 നഗരം ഇരുണ്ടു തുടങ്ങിയിരിക്കുന്നു . പണ്ട് കഥകളിൽ   പേടിപ്പിക്കാനായി മുത്തശ്ശി പറഞ്ഞു തരാറുള്ള കണ്ണുളിയന്മാർ  പട്ടണമാകെ മിന്നിത്തുടങ്ങി.  തട്ടുകടയിൽ നിന്നും കോഴിയുടെ ഗർഭം  പൊരിച്ച മണമടിച്ചു തുടങ്ങി, രാത്രി കച്ചവടത്തിന്റെ ട്യൂബു വെളിച്ചങ്ങൾക്കിടയിലൂടെ തിരക്കിട്ട് അലയുന്ന ജനക്കൂട്ടം .  ..
“രാഖി  സമയമൊരുപാടായില്ലെ വീട്ടിലേക്കു പോണ്ടെ”  അവൾ  ഒരു  പുച്ഛത്തോടെ അയാളെ നോക്കി “ ഹും ...വീട്    നാലു ചുവരും  കുറേ അലങ്കാരങ്ങളും  കുറച്ച് വേലക്കാരെയും തന്നാൽ വീടാകുമോ..? പറ “ ആരോടെന്നില്ലാത്ത ദേഷ്യം ഉറഞ്ഞുകൂടി അവളൂടെ മുഖം ഒന്നൂടെ തുടുത്തു .
“മതി മതി   ഇനി  മക്കളു വീട്ടിലോ   ലോഡ്ജിലോ  പോയി കിന്നാരം പറഞ്ഞാൽ മതി കേട്ടോ ..വിടാൻ നോക്ക്  ഹും  വേഗം വണ്ടി വിട്”   മറൈൻഡ്രൈവിൽ റോന്ത് ചുറ്റുന്ന പോലീസുകാരായിരുന്നു .  അപ്പൊഴാണു വാച്ചിലേക്കു നോക്കിയത് സമയം പത്തു മണി ആയിരിക്കുന്നു.  കായലിൽ നിലാവു കോരിയിട്ട ചില്ലു വെളിച്ചത്തിൽ തട്ടിയെത്തിയ കാറ്റിനു ഒരു സുഖമുണ്ടായിരുന്നു  അതും അവസാനിക്കുന്നു. 
                 നഗരത്തിന്റെ നിയോൺ വെട്ടങ്ങളെ കീറി മുറിച്ച് അവളോടൊപ്പം കാറിലിരിക്കുമ്പോഴും  പെങ്ങടെ അടുത്തമാസത്തെ ഫീസ് എങ്ങിനെ കൊടുക്കും എന്ന ചിന്തയിലായിരുന്നു അയാൾ . വഴിവാണിഭക്കാരുടെ ഒരു സംഘം സാധനങ്ങളെല്ലാം പൂട്ടിക്കെട്ടി അന്നത്തെ അപ്പത്തിനുള്ളതും സമ്പാദിച്ച് മടങ്ങുന്നു , വളവുകൾ തിരിഞ്ഞവളെത്തിയത് ഒരു വലിയ ഹോട്ടലിന്റെ മുന്നിലായിരുന്നു , കാറെത്തിയ പാടെ  ഒരു മുസ്ലീം വേഷധാരിയായ ചെറുപ്പക്കാരൻ കാറിനടുത്തേക്കു വന്നു. അവൾ വരുന്നതു വരെ ഡൈവിംഗ് സീറ്റിൽ കയറിയിരിക്കാൻ അയാളോടു പറഞ്ഞൂ .ആരെങ്കിലും ചോദിച്ചാൽ ഡ്രൈവറാണെന്നു പറയാനും പറഞ്ഞ്  ഒരു പർദ്ദയും എടുത്തിട്ട്   അവൾ  ആ മുസ്ലീം ചെറുപ്പക്കാരനോടോപ്പം  ഹോട്ടലിലേക്കു പോയി .
                      പാതി മയക്കത്തിൽ ഞെട്ടിയുണർന്നത് രാഖിയുടെ  വിളികേട്ടായിരുന്നു , മെല്ലെ വാച്ചിൽ നോക്കി പുലർച്ചെ 6 മണീയാകാറായിരിക്കുന്നു, ഗേറ്റിനു വെളിയിൽ കടക്കുമ്പോൾ അവൾ വാച്ച്മാനെന്തോ കൊടൂക്കുന്നതും കണ്ടു , പണമാണെന്നു പിന്നീടൂ മനസിലായി. ഒന്നും അവളോടു ചോദിക്കാൻ തോന്നിയില്ല  എന്തിനു പോയി എന്നോ മുസ്ലീം ചെറൂപ്പക്കാരൻ ആരാണേന്നോ ഒന്നും . നേരെ വീട്ടിൽ ചെന്ന്  അവൾ ഡ്രസ്സ് മാറി കോളേജിലേക്ക്  അതുവരെ  താൻ...?  അപ്പോഴായിരുന്നു അയാൾ  എന്ന ചോദ്യചിഹ്നം അവൾക്കു മുന്നിൽ തെളിഞ്ഞത്  .  നോർത്തിൽ പരമാര റോഡിലൂടെ  പച്ചാളം പോകുന്ന റോഡിനപ്പുറത്തുള്ള ഒരു  ഇടവഴിയിൽ അവൾ വണ്ടി നിർത്തി  “ നേരേ കാണുന്ന വീട് ചെന്ന്  വാതിലിൽ മുട്ടിയാൽ മതി  ബാക്കിയൊക്കെ ഞാൻ അവിടെ പറഞ്ഞോളാം”

                            എല്ലാം പറഞ്ഞ പോലെ  ചെയ്തു ,  വാതിൽ തുറന്നത് ഒരു മധ്യവയസ്ക്കനായിരുന്നു. ചെറു ചുമയോടെ അയാൾ വന്നയാളെ  അകത്തേക്ക് ക്ഷണിച്ചു ചായ കൊടുത്തു. മേശപ്പുറത്ത് പലഹാരങ്ങളിരിക്കുന്നു  എന്തൊക്കെയോ കഴിച്ചു എന്നു വരുത്തി.  മധ്യവയസ്ക്കൻ ഗൌരവത്തോടെ  ചോദിച്ചു.   “ഒക്കെ രാഖി പറഞ്ഞിരുന്നു     എന്താ  ആൾടെ  പേര്”..?  “ ഡാനി” അയാൾ  ഡാനിയെ നോക്കി ചിരിച്ചു ,  “ജോലി പോയല്ലെ” 
ഈ മധ്യവയസ്കൻ  രാഖിയുടെ ആരായിരിക്കും ..? ഉത്തരാധുനിക കവിത വായിച്ചപോലെ ഒന്നും മനസിലാകാതെ ഡാനി സോഫയിലിരുന്നു . ആഥിഥേയൻ ഉച്ചഭക്ഷണത്തിനുള്ള തിരക്കിലാണ്. ഡാനി  മേശപ്പുറത്തിരുന്ന പത്രത്താളുകളിൽ  ഒന്നു കണ്ണോടിച്ചു .  “ ഉറക്കം വരുന്നുണ്ടെങ്കിൽ കിടക്കാം  അപ്പുറത്തെ മുറിയിൽ  കിടക്ക വിരിച്ചിട്ടിട്ടുണ്ട്” മധ്യവയസ്ക്കൻ  അടുക്കളയിൽ നിന്നും വിളിച്ചു പറഞ്ഞു.  പത്രത്താളുകളിലെ കറുത്ത കുറിയൻ അക്ഷരങ്ങളിലേക്ക് കണ്ണയച്ചപ്പോൾ തന്നെ ഉറക്കം വലിഞ്ഞു മുറുക്കുന്നതു പോലെ ഡാ‍നിക്കു തോന്നിയിരുന്നു . ഇന്നലെ രാത്രി  ഉറങ്ങിയതേ ഇല്ല  പുലരാറായപ്പോ ഒന്നു കണ്ണു ചിമ്മിയതായിരുന്നു അപ്പൊഴേക്കും  ഇങ്ങോട്ടൂ പോരേണ്ടി വന്നില്ലെ .. വിരിച്ചിട്ട കിടക്ക വിരിയിൽ മൂട്ടക്കാട്ടത്തിന്റെ മണം വല്ലാതെ അലോസരപ്പെടുത്തി .എങ്കിലും തലേനാളിലെ ഉറക്കക്ഷീണം എല്ലാത്തെയും മറന്നു കളഞ്ഞൂ.

                        ഉച്ചയൂണിനു മേശപ്പുറത്തിരിക്കുമ്പോൾ രാഖിയും ഉണ്ടായിരുന്നു.  കൂടെ രണ്ടു സുന്ദരി പെൺ കുട്ടീകളും
“പേടി തോന്നുന്നുണ്ടല്ലെ ..? ഡാനിയോട് ഒന്നും ഞാൻ പറഞ്ഞിട്ടില്ലല്ലോ അല്ലെ .  ഡാ‍നിയൊട്ടൂ ചോതിച്ചതും ഇല്ല”  രാഖിയുടെ ചോദ്യത്തിൽ ഒരു പരിഹാസ ചുവ അയാൾ രുചിച്ചറിഞ്ഞു .   കൂടെയുണ്ടായിരുന്ന പെൺകുട്ടികൾ അയാളെ നോക്കി കളിയാക്കി ചിരിച്ചു, കറി വിളമ്പുന്നതിനിടയിൽ മധ്യവയസ്ക്കനും അവരോടൊപ്പം കൂടി.
“ജോലി പോയെന്നു കരുതി വിഷമിക്കേണ്ട കാശുവരാനുള്ള നല്ലൊരു ജോലിയാണു  ഞാൻ ഡാനിക്കു തരാൻ പോകുന്നത്”   മീൻ പൊരിച്ചത് രുചിയില്ലെന്നു പറഞ്ഞ് അവൾ  മധ്യവയസ്ക്കന്റെ നേരെ  നോക്കി കെറുവിച്ചു കൊണ്ട്  ചോറു പാതി കഴിച്ച്  എഴുന്നേറ്റു.   കൈ കഴുകി തിരിച്ചു വന്ന് ബാഗുമെടുത്ത് എങ്ങോട്ടോ മടങ്ങാൻ തുടങ്ങുമ്പോൾ  ഒരു ലാപ് ടോപ്പും  കുറേ ഫോട്ടോസുകൾ അടങ്ങിയ സിഡിയും ഡാനിയുടെ   കയ്യിൽ കൊടൂത്തു  .  “ വെറുതെ ഇരുന്നു ബോറഡിക്കണ്ട ഇതൊക്കെ  ഒന്നു ഭംഗിയായി ചെയ്തു വച്ചോ പിന്നെ  ജോലിക്കാര്യമെല്ലാം നാരായണേട്ടൻ പറയും”  ഇതും പറഞ്ഞ്   രാഖിയും പെൺകുട്ടികളും കാറിൽ കയറി   നഗര വേഗത്തിലേക്ക് കുതിച്ചു.    “നാരായണേട്ടൻ”   മധ്യ വയസ്ക്കന്റെ പേര്  അതാണെന്നു മനസിലായി. ,  ഇനി അയാൾ എന്താണു പറയുന്നത് എന്നറിയാനായീ   ആകാംഷ. പലതും അയാളോടൂ ചോദിക്കണമെന്നുണ്ടായിരുന്നു  ഒന്നും ചോദിക്കാൻ മനസ്സുവരുന്നില്ല . മനസ്സ്  എവിടെയോ കിടന്ന് അരുതാത്തതു ചെയ്യാൻ പോകുന്നു എന്നു പറഞ്ഞൂ പിടയ്ക്കുന്നതു പോലെ തോന്നി .
“ താനെന്താടോ  ഒരുമാതിരി ആദ്യരാത്രിയിലെ പെണ്ണുങ്ങളെപ്പോലെ,  എന്തെങ്കിലും  സംസാരിക്കടോ”
ഇത്രയും ഫ്രീയായി ഇടപെടുന്ന ഒരാളാണു നാരാണേട്ടൻ എന്നപ്പോഴായിരുന്നു അയാൾക്കു മനസ്സിലായത് അല്ലെങ്കിലും  ഡാനിയുടെ ധാരണകളെല്ലാം തിരുത്തപ്പെടുകയായിരുന്നു.
തലശ്ശേരിയാണു നാരായണേട്ടന്റെ സ്വദേശം രാജ്കമൽ സർക്കസ്സിൽ  നാലു വർഷം മാനേജറായി ഉണ്ടായിരുന്നു . ഇവിടെ മണപ്പാട്ടിപ്പറമ്പിൽ സർക്കസ്സ് അവതരിപ്പിക്കാൻ വന്നപ്പോ ഒരു പെൺകുട്ടിയിൽ മനസ്സുടക്കി  പ്രണയത്തിലായെന്നും  അങ്ങിനെ ഇവിടെ തന്നെ കൂടി എന്നും, ഒടുക്കം അവൾ മറ്റൊരുവനോടൊപ്പം പോയി എന്നും ഒക്കെയുള്ള കഥകൾ ഉച്ചയുറക്കത്തിനു മുന്നേഉള്ള ഇടവേളയിൽ അയാൾ രസകരമായി പറഞ്ഞു തന്നു,  വളരെ വേഗം അയാളുമായി അടുക്കുകയായിരുന്നു . 
 “ഈ പെൺപിള്ളേരുടെ വീട്ടിലറിഞ്ഞാൽ പ്രശ്നമാവില്ലെ നാരായണേട്ടാ‍“
കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞു മനസീലാക്കിയ ശേഷം ഡാനി  വീണ്ടും ചോദിച്ചു.
“എന്തോന്നു വീട് അവരൊക്കെ പണചാക്കുകളല്ലെ  ജീവിതം ആസ്വദിക്കുന്നവർ, ഇതു അവളുമാർക്കൊരു സുഖം , നമ്മളെപ്പോലുള്ളവർക്ക് ഒരു നേരത്തെ അന്നം, പിന്നെ അവർക്ക് അടിച്ചു പൊളിച്ചു ജീവിക്കാൻ  വീട്ടുകാരറിയാത്ത കാശും” 
ഇത്രയൊക്കെ കാര്യങ്ങൾ വളരെ ലാഘവത്തോടെയാണ്   നാരായണേട്ടൻ പറഞ്ഞു തീർത്തത്  അപ്പൊഴേക്കും അന്നത്തെ അന്നത്തിനുള്ള വിളി വന്നു കഴിഞ്ഞിരുന്നു ,  നാരായണേട്ടൻ ഫോണെടുത്തു.
“ഷെരീഫേ..അയ്യോ   അതിത്തിരി പ്രയാസമുള്ള കാര്യമാണല്ലോ ,..ഇന്നു തന്നെ പുതിയ കുട്ടിയെ വേണമെന്നു പറഞ്ഞാൽ താൻ എവിടുന്നൊപ്പിക്കും..? ഞാൻ നോക്കട്ടെ  ബാഗ്ലൂരു റെഡ്ഡീയെ ഒന്നു വിളിച്ചിട്ടൂ ഞാൻ നിന്നെ തിരിച്ചു വിളിക്കാം”  
“അവന്റെ അമ്മേടേ“ ...തെറിവിളിക്കാനൊരുങ്ങി പാതിയിൽ നിർത്തി . നാരായണേട്ടൻ പറഞ്ഞു .     
 “എം എൽ എ ടെ മോനാ... പരമ നാറിയാ..കുഞ്ഞു പിള്ളേരെ അവനു പറ്റൂ..അതും  പുതിയ പിള്ളേരെ .അവരുടെ ഈ കരച്ചിലും പിടച്ചിലും ഒക്കെ ഒരു സുഖാത്രേ..അവനു .. ഓരോരുത്തന്റെ സൂക്കേടേ“
എന്നിട്ടു നമ്പറു കുത്തി  വീണ്ടും ഫോണിൽ വിളിച്ച് എന്തൊക്കെയോ തെലുങ്കിൽ പറയുന്നതു കേട്ടൂ.  ഡാനിയുടെ മനസ്സിൽ  നാരായണേട്ടന്റെ വാക്കുകൾ  വീണ്ടും മുറിവേൽ‌പ്പിക്കുകയായിരുന്നു . “ അവരുടെ കരച്ചിലും പിടച്ചിലും  ഒക്കെ ഒരു സുഖാത്രേ”....ഹൊ എത്ര നിർവ്വികാരത്ത്വത്തോടെയാ നാരായണേട്ടനതു പറയാൻ കഴിഞ്ഞേ..ഓർക്കുമ്പോൾ തന്നെ  തളർന്നു പോകുന്നു .  നാരായണേട്ടൻ വീണ്ടും ഷെരീ‍ഫിനെ വിളിച്ചു എന്തൊക്കെയോ സംസാരിച്ചു .
“വൈകുന്നേരത്തെ ഫ്ലൈറ്റിനിങ്ങെത്തും . പിന്നെ അറിയാല്ലൊ  കാശിന്റെ കാര്യം പഴേപടി പോര ..നിനക്കായതു കൊണ്ടാ ഞാൻ ഇത്ര പെട്ടെന്ന്.. ആ  പിന്നെ ഞാൻ ഒരാളെ വിടാം ..അഡ്വാൻസ്  അവന്റെ കയ്യിൽ കൊടുത്താൽ മതി   പേര് ഡാനി . പയ്യനാ..അപ്പൊ  ഒകെ”    നാരായണേട്ടൻ ഫോൺ കട്ട് ചെയ്തതിനു പിന്നാലെ ഡാനിയുടെ ഹൃദയം പെരുമ്പറമുഴക്കി .
              ജീവിതത്തിലാദ്യമായി കൊള്ളരുതായ്മ്മയ്ക്കു  കൂട്ടു നിൽക്കുന്നു  കാശെന്ന മാരണത്തിനു വേണ്ടി എന്തും ചെയ്യാൻ വിധിക്കപ്പെട്ട്  നിസ്സഹായനായി  നിൽക്കേണ്ടി വന്നിരിക്കുന്നു . മറുത്തെന്തെങ്കിലും  പറയുന്നതിനും മുന്നെ നാരായണേട്ടൻ ബൈക്കിന്റെ താക്കോൽ എടുത്ത് ഡാനിക്കു കൊടൂത്തു . 
“സൌത്ത് റെയിൽ വേസ്റ്റേഷൻ , ഷേണായീസിന്റെ ലെഫ്റ്റ് കട്ട് ചെയ്ത് നേരെ   പത്മവിലാസം ലോഡ്ജ്  , പന്ത്രണ്ടാം നമ്പർ മുറി“   ബൈക്ക് സ്റ്റാർട്ടായപ്പോൾ “ കാശാണു  സൂക്ഷിക്കണം” എന്ന് ഓമ്മപ്പെടൂത്തി.
                യാത്രയിലുടനീളം  അരുതാത്തതെന്തോ ചെയ്തതിന്റെ കുറ്റബോധമായിരുന്നു  ബൈക്ക് കണ്ട്രോൾ ചെയ്തിരുന്നത് അയാളുടെ ഉപബോധ മനസ്സായിരുന്നു, സൂചികുത്താനിടമില്ലാത്ത തിരക്കിനിടയിലൂടെ അയാൾ പണത്തിനായി പാഞ്ഞുകൊണ്ടേ യിരുന്നു  ദിവസങ്ങളും  മാസങ്ങളും കടന്ന്. ....

ഇപ്പോ ഡീലിംഗ്സ് എല്ലാം ഡാനി നേരിട്ടാണ് .  കൈയ്യിലെത്തിയ നോട്ടു കെട്ടുകൾ ഒരു തിരിച്ചു പോക്കിൽനിന്നയാളെ പിന്തിരിപ്പിച്ചു കൊണ്ടേ ഇരുന്നു  പത്മവിലാസം ലോഡ്ജിലെ  പന്ത്രണ്ടാം നമ്പർ മുറിയിലിരുന്ന് അയാൾ ഒരു സിഗരറ്റിനു തീക്കൊളുത്തി . രാഖിയുമായി ഇപ്പൊ വല്ലപ്പോഴും ഫോണിലൂടെയുള്ള ബന്ധം മാത്രം ,  അവളെ രണ്ടുപ്രാവശ്യം പോലീസു പിടിച്ചെന്നോ മറ്റോ അറിഞ്ഞു  പിന്നെ  അവളൂടെ ഡാഡി അവളെ ദുബായിക്കു കൊണ്ടു പോയീന്നോ   ഏതോ നിർഭാഗ്യവാനെ കൊണ്ടു കല്ല്യാണം കഴിപ്പിച്ചെന്നോ ഒക്കെ അറിയാൻ കഴിഞ്ഞു  പണത്തിനു മീതെ മറ്റൊന്നില്ലല്ലോ .. ?   
         ഇന്നു ഡാനിയുടേ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസമാണ്. ബാംഗ്ലൂരിൽ നിന്ന് റെഡ്ഡി ഇന്നലെ കൊടുത്തയച്ചത്  കിടിലൻ സാ‍ധനമാന്നാ ഷെറീഫു വിളിച്ചപ്പോ പറഞ്ഞെ.നല്ല കാശ് തടയും , പെണ്ണിനു ചില്ലറ കൊടുത്താൽ മതിയെന്നാ റെഡ്ഡി പറഞ്ഞെ  അപ്പൊ പിന്നെ നല്ല കോളായിരിക്കും ,  ഇതുവരെ കൂ‍ട്ടി വച്ച കാശ് ബാങ്കിലിട്ടാൽ  തന്നെ  രണ്ടു തലമുറയ്ക്കു സുഖമായി കഴിയാനുള്ളതുണ്ടാവും. പിന്നെ  പെങ്ങൾ മേരിയെ കെട്ടിക്കാനുള്ളത് സ്ഥലമായിട്ടു വേറെയും ഉണ്ട്. ശരിക്കും മടുത്തു  ഒക്കെ  മതിയാക്കണം എന്നയാൾക്കു തോന്നിത്തുടങ്ങിയിരിക്കുന്നു .  വെറും രണ്ടു വർഷം കൊണ്ട്  ഒരു കോടീശ്വരനും ഉണ്ടാക്കാൻ കഴിയുന്നതിലേറെ ഉണ്ടാക്കിയിരിക്കുന്നു.  എത്രയേറെ പാപങ്ങൾ  ..എല്ലാത്തിനും പ്രായശ്ചിത്തം ചെയ്യണം , ഒരു പാവപ്പെട്ട കൂടുമ്പത്തിൽ നിന്നൊരു കല്ല്യാണം , കുട്ടികൾ കുടുബം , മേരിയുടെ കല്ല്യാണം, സ്വപ്ന്ങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെ ബാക്കി കിടക്കുന്നു. അതിനിടെ തന്നിലൂറിക്കൂടിയ സിനിമാ കമ്പമെല്ലാം പ്രാചീന രേഖകൾ പോലെ മനസിൽ അവ്യക്തമായി തേഞ്ഞു മാഞ്ഞൂ പോയിരുന്നു.  ഇടയ്ക്ക് ഒന്നു രണ്ടു നീല ചിത്രങ്ങൾ എടുത്തു എന്നതൊഴിച്ചാൽ സിനിമ പൂർണ്ണമായും  അയാളിൽ മരിച്ചിരുന്നു.

             ഷെരീഫ് ബെല്ലടിച്ചു.   വാതിൽ തുറന്നകത്തു വരാൻ അനുവാദം കൊടൂത്തു.
“ഡാനി പറയാതിരിക്കാൻ വയ്യ  പെണ്ണ്   ഒടുക്കത്തെ  കരച്ചിലും പിടച്ചിലും  എവിടെയൊക്കെ ചവിട്ടു കിട്ടീന്നു നാളെയെ പറയാൻ കഴിയൂ... ഹോ വല്ലാത്ത മേലു വേദന,   എന്തൊക്കെയാ‍ണേലും  എന്റെ ജീവിതത്തിലിന്നേവരെ ഇങ്ങനെ ഞാൻ ആസ്വദിച്ചിട്ടില്ല.  ദേ  പറഞ്ഞതിലും ഇരട്ടി കാശുണ്ട്  ഇന്നാ.”  ഷെരീഫ്  കാശു നിറച്ച ഒരു പെട്ടി കട്ടിലിൽ വച്ചു. മേശപ്പുറത്തിരുന്ന മദ്യം രണ്ടു ഗ്ലാസിലായി ഒഴിച്ചു, ഒന്നു ഡാനിക്കു നൽകി മറ്റേത് അയാൾ കുടിച്ചു.
“ഡാനി അവൾ  ആകെ ക്ഷീണിച്ചവശയാണ്  ഞാൻ ഇങ്ങോട്ടൂ പറഞ്ഞു വിടാം നീ വല്ലതും കൊടൂത്താൽ മതി ബാക്കി അവിടെ റെഡ്ഡി കൊടുത്തോളും, പിന്നെ   ഇനി നിന്റെ വക ഒരു നരമേധം വേണ്ട  അത്  ചത്തു പോകും പറ്റുമെങ്കിൽ എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിക്കുക  സ്ഥിതി കണ്ടിട്ട് അത്ര പന്തിയല്ല  “  രണ്ടു പേരും ആർത്തു ചിരിച്ചു, ഷെരീഫ് മുറിവിട്ടു,
അപ്പൊഴും ആ ചിരിയുടെ അലയൊലികൾ  ആ മുറിയിൽ പ്രതിധ്വനിച്ചു കൊണ്ടേ ഇരുന്നു ചവിട്ടിയരയ്ക്കപ്പെട്ട ഒരു പൂവിന്റെ വേദനയറിയാത്ത പണക്കൂറ്റന്മാരുടെ ചിരി ,

വലുപ്പച്ചെറുപ്പങ്ങളുടെ വില നോക്കാതെ പത്മവിലാസം ലോഡ്ജിലെ  പന്ത്രണ്ടാം നമ്പർ മുറിയിലിരുന്നു അയാൾ കിട്ടിയ നോട്ടിൽ മുഖമമർത്തി    പിന്നെ  കൈയ്യിലുള്ള ഗ്ലാസ് ചുണ്ടോടമർത്തി  വിലയേറിയ മദ്യം ആസ്വദിച്ചു ആസ്വദിച്ചു  നുണഞ്ഞു .  വാതിലിനടുത്ത് വന്നു നിന്ന സ്ത്രീ രൂപത്തെ പിന്നീടാണയാൾ ശ്രദ്ധിച്ചത് .  കൈയ്യിലെ മദ്യഗ്ലാസ്  നിലത്തുവീണുടഞ്ഞതും അയാൾ ബെഡ്ഡിൽ നിന്നെഴുന്നേറ്റ്  അവൾക്കരികിൽ എത്തിയതും  ഒന്നും അറിഞ്ഞുകൊണ്ടായിരുന്നില്ല .  തളർന്നു വീണ അവളെ  താങ്ങിയെടുത്ത്  കട്ടിലിൽ കിടത്തി . മേശപ്പുറത്തെ ജഗ്ഗിൽ നിന്നും  വെള്ളമെടുത്ത് അൽ‌പ്പം അവൾക്കു കൊടുത്തു. നേർത്ത ഞരക്കത്തോടെ അവൾ കുറച്ച്  വെള്ളമിറക്കി  ബാക്കി  സൈഡിലൂടെ ഒലിച്ച്  ചെവിയിക്കുഴിയിലേക്കിറങ്ങി  വെള്ളമെടുത്ത് മുഖം കഴുകുമ്പോഴാണു  കൈയ്യിലൂടെ ഒലിച്ചിറങ്ങുന്നത്  രകതമാണെന്ന്  അയാൾ തിരിച്ചറിഞ്ഞത് . അവളുടെ പാന്റിലാകെ രക്തം പുരണ്ടിരിക്കുന്നു .  പാറമടയിൽ കുഴി കുത്തി  മരുന്നു നിറച്ച്  ആരോ  തീ കൊളുത്തി വിട്ടപോലെ  അയാളുടെ ഉള്ളിൽ നിന്നും  എന്തൊക്കെയോ  പൊട്ടിത്തെറിച്ചുകൊണ്ടിരുന്നു.  അവളുടെ തുടയ്ക്കിടയിലൂടെ ഒലിച്ചിറങ്ങിയ രക്തമായിരുന്നു അല്പം മുൻപ് ആ മദ്യ ഗ്ലാസിലൂടെ താൻ കഴിച്ചതെന്നോർത്തപ്പോൾ  അയാൽ  എന്തെന്നില്ലാത്ത  ഉച്ഛത്തിൽ കരഞ്ഞു .
“ഇച്ചായാ ഇച്ചായാ എന്ന വിളിയിൽ    തന്റെ കൈയ്യിൽ വീണു പിടയുന്നത്  മേരിയാണെന്നയാളറിഞ്ഞു .

മേരിയുടെ കല്ലറയിൽ പൂവച്ച് അമ്മച്ചിയെ മാറോടടുക്കി ഡാനി പൊട്ടിക്കരഞ്ഞു,  ഒരു മാപ്പ് ചോദിക്കാൻ പോലും അർഹതയില്ലാത്തതരത്തിൽ നികൃഷ്ടനാണല്ലോ താൻ എന്നയാൾ കേണു.   അവളുടെ  തുടയിടുക്കിലൂടെ ഒലിച്ചിറങ്ങിയ ചോര  പുഴുക്കളായി കൈ ഒന്നാകെ അരിച്ചു തുടങ്ങിയ പോലെ അയാൾക്കു തോന്നി.  മേരിയെ ലോഡ്ജിൽ നിന്നും ആശുപത്രിയിലേക്കു കൊണ്ട് പോയെങ്കിലും ഏറെ വൈകിയിരുന്നു , ബാഗ്ലൂരിൽ നേഴ്സിംഗ് പഠിക്കാൻ പോയ മേരി എങ്ങിനെ റെഡ്ഡിയുടെ വലയിലായെന്നോ ഒക്കെയുള്ള ചോദ്യം ഉത്തരം കിടാത്ത നിരവധി ചോദ്യങ്ങളുടെ കൂടെ  അയാളുടെ ഇടനെഞ്ചിൽ ആണിയടിച്ചു കൊണ്ടെ ഇരുന്നു , 
ഒന്നുമറിയാതെ അമ്മച്ചി ഡാനിയെ കെട്ടിപ്പിടിച്ചു കരഞ്ഞു  ഉള്ളിൽ തന്റെ മകളെ കൊന്ന കാപാലികനെ മനസ്സറിഞ്ഞു ശപിച്ചു  ആ ശാപവാക്കു ശരിയെന്നോണം  അമ്മച്ചിയുടെ കൈകൾ  ഡാനിയുടെ കഴുത്തിനു  മുകളിൽ മുറുകുന്നതായി അയാൾക്കു തോന്നി അയാൾ അലറിക്കരഞ്ഞു  അമ്മച്ചിയെ തള്ളി മാറ്റി അയാൾ  ഓടി  ,,,,,,, ഏങ്ങോട്ടെന്നില്ലാതെ .

               @@@@@@@@@@@@@@@@@@@@@@@@@@@