NINGALKKU EE BLOG VAYIKKAN KAZHIYUNNILLEE PLEACE DOWNLOAD THIS FONTS

Font Banner

Friday, August 12, 2011

എന്റെ നന്മയുടെ നെയ്ത്തുകാരന്.

നിലവിളികളൊന്നും അധികം ഉണ്ടായിരുന്നില്ല .. അമ്മാമ്മയൂടെ ചെറിയ തേങ്ങൽ മാത്രം. എല്ലാവർക്കും അതൊരാവശ്യമായിരുന്നു  അച്ഛാച്ചന്റെ .. മരണം . 

           ഒരു സന്ധ്യയ്ക്ക് ആയിരുന്നു കാലിൽ ഒരു മുള്ളു കൊണ്ടു എന്നൊ മറ്റോ പറയുന്നതു കേട്ടു ..  “ഒന്നു നോക്കിയേടാ”  ഞാൻ ചിമ്മിണീക്കൂടീന്റെ തിരി മെല്ലെ ഉയർത്തി.. അമ്മാമ്മയൂടെ ബ്ലൌസിൽ നിന്നും ഒരു സേഫ്റ്റി പിൻ . ഊരിയെടുത്തു.  വലതു കാലിന്റെ പെരുവിരലിന്റെ അറ്റം ചോന്നിരിക്കുന്നുണ്ട്  ..  പക്ഷെ  മുള്ളെവിടെയെന്നു  കണ്ടെത്തിയില്ല .. കാലിനിടയിലൂടെ അസ്വസ്ഥമായി അങ്ങോട്ടും ഇങ്ങോട്ടൂം വാലിട്ടടീച്ചു  ഓടിയ “അമ്മിണിയെ” അച്ഛാച്ചൻ ദേഷ്യത്തോടെ ശകാരിച്ചു. അവൾ  കരഞ്ഞു കൊണ്ട് ഉമ്മറപ്പടിയും കടന്ന് ..അകലേയ്ക്കു പോയി. 
          അമ്മിണി അച്ഛാച്ചന്റെ  പ്രിയപ്പെട്ട പൂച്ചയായിരുന്നു..  സന്ധ്യയായാൽ എമ്പ്രോൻ നാരാണേട്ടന്റെ വീട്ടിന്റെ താഴെന്ന്  ഒരു ചൂട്ടു വെട്ടം കാണുമ്പോ  അമ്മിണിക്കറിയാം,  അവൾ കുന്നിറങ്ങീ ഓടും പിന്നെ അച്ഛാച്ഛന്റെ കാലിനിടയിലൂടെ അങ്ങോട്ടും  ഇങ്ങോട്ടും നടന്ന്  ഒടൂക്കം വീടെത്തി  ..ചോറു തിന്നുമ്പോ ഒരുരുള കിട്ടീയാലേ അവൾക്ക് സമാധാനായിരുന്നുള്ളു.. അതും കഴിഞ്ഞാൽ ഉറക്കം എന്റെം അമ്മാമ്മേടെം കൂടെ കമ്പിളി പുതപ്പിനുള്ളിൾ ആയിരുന്നു.  അമ്മിണിയെ ആദ്യമായായിരിക്കാം അച്ഛാച്ഛൻ ശകാരിച്ചത്.. അത്രയ്ക്കും കാലു വേദനിക്കുന്നുണ്ടെന്നെനിക്കു തോന്നി.  പിറ്റേന്ന് കാലത്തു നോക്കിയപ്പോഴാണ്ണ്  പെരുവിരലിന്റെ അറ്റത്ത് ഇന്നലെ ചോന്നു കണ്ടിടത്ത് ഒരു മഞ്ഞ നിറം  ഒരു പൊട്ടിന്റെ വട്ടത്തിൽ പഴുത്തിരിക്കുന്നു.  വൈകിക്കാതെ കണ്ണോത്ത് ഗവർമെന്റ് ആസ്പത്രീൽ പോയി  പഴുപ്പ് കുത്തിയെടുത്ത് മരുന്നും വച്ചു.  ആഴ്ചകൾക്കും മാസങ്ങൾക്കും ഉണക്കാൻ പറ്റാതെ പുണ്ണ് അവിടെ തന്നെ ബാക്കിയായി  വളർന്നു കൊണ്ടേ ഇരുന്നു. “ആ നായീന്റെ മോന്റെ ഒടുക്കത്തെ കുത്താ കുത്തിയെ “എന്ന് ഇടയ്ക്കിടെ  പഴുപ്പെടുത്ത  ക്മ്പോണ്ടറെ ശകാരിച്ചുകൊണ്ടേ ഇരുന്നു..

ചെറുപ്പം മുതലേ  ഞാൻ അച്ഛാച്ചന്റെയും അമ്മാമ്മയുടെയും കൂടെ നിന്നായിരുന്നു വളർന്നതും പഠിച്ചതും എല്ലാം,. , കുന്നിൻ പുറത്തുള്ള ഞങ്ങടെ വീട്ടിലേക്ക് താഴെ നിന്നു വേണം കുടിക്കാനും കുളിക്കാനും ഒക്കെ വെള്ളം കൊണ്ടു വരാൻ.  അമ്മയ്ക്ക് നടുവേദയായതു കാരണം ഇതിനൊന്നും വയ്യാതായപ്പോ  അമ്മ അമ്മേടേ വീട്ടിൽ പോയി നിന്നു. അച്ഛൻ  ആരോ കൊടുത്ത ഒരു വിസയിൽ  ഗൾഫിലേക്കു  പറന്നു. .അനിയൻ അന്നു അമ്മയ്ക്കൊപ്പം അമ്മയുടെ വീട്ടീലും ആയിരുന്നു.  അങ്ങീനെ എന്റെ ജീവിതം അച്ഛച്ചന്റെയും അമ്മമ്മയുടെയും , പഴമയോടൊപ്പം വളർന്നു.  അച്ഛച്ചനു കാര്യമായ പണിയൊന്നും ഉണ്ടായിരുന്നില്ല  വല്ല്ലേടത്തും പറമ്പിൽ കെളയ്ക്കാനോ , വരമ്പു കൊത്താനോ ഒക്കെ പോകും  അങ്ങിനെ കിട്ടുന്നതു കൊണ്ട് വൈകിട്ടത്തെ രണ്ടു ഗ്ലാസ് കള്ളും, പിന്നെ 100ഗ്രാം വെണ്ടക്ക, 100 തക്കാളി, 50 പച്ചപ്പറങ്കി, ഒരു വലിയ ഉരുളക്കിഴങ്ങ്, ഇങ്ങിനെ ഒക്കെയായി വൈകിട്ടാകുമ്പോ വരും, പിന്നെ അമ്മിണിക്ക് വല്ല ഉണക്കിൻ കഷ്ണമോ , അല്ലെങ്കിൽ  അരച്ചട്ടി മമ്മതിനെ കണ്ടാൽ ഒരു മത്തിയോ  പൂച്ചയ്ക്ക് കൊടുക്കാൻ മേടിക്കും, .
.രണ്ടുഗ്ലാസു കള്ളിൽ  മത്താവുന്ന  കൊട്ടിലനാട്ടിലെ ഏക കുടിയൻ  പൊക്കേട്ടനാ എന്നു  ആളുകൾ കളിയാക്കാറൂണ്ട് .. ഒരു പക്ഷേ  വെണ്ടക്കയുടെയും, തക്കാളിയുടെയും, ഒക്കെ  ഗ്രാം  ഇനിയും താഴ്താൻ പറ്റില്ല എന്നതു കൊണ്ടായിരിക്കാം, രണ്ടു ഗ്ലാസിൽ മത്തായതു പോലെ അഭിനയിക്കുന്നത് .. അറിയില്ല എന്തായാലും   ആ രണ്ടുഗ്ലാസ് കള്ള് .. താഴെ കല്ലേരി വയലിൽനിന്നും മുഴങ്ങുന്ന  പൂരക്കളിപ്പാട്ടൊ.. ശ്ലോകങ്ങളോ ആകാൻ സന്ധ്യകൾ കാത്തിരുന്നു. 

            എന്റെ കുഞ്ഞ്യോട്ത്തൂ ....എന്ന് വന്നപാടേ എന്നെ അന്വേഷിക്കും,  കണ്ടില്ലെങ്കിൽ  “ഏടപ്പോയി ആ നായിന്റെ മോൻ” എന്നു ഭാഷ മാറും.  എപ്പോഴും, തെരുവൻതോർത്തിന്റെ കോത്തലയിലോ   ലുങ്കിട്രൌസറിന്റെ പോക്കറ്റിലോ  ഒരു നാരങ്ങ മുട്ടായി ഉണ്ടാകും , പത്തു പൈസേടെ നാരങ്ങ മുട്ടായി.  അതൊരു വല്ല്യ അശ്വാസമായിരുന്നു.    അക്കാലത്ത് വല്ല മധുരവും കിട്ടണമെങ്കിൽ ,മാട്ടൂലിൽ നിന്ന് വല്ല്യച്ചനോ  അമ്മാമ്മേടെ ഒരു ചേച്ചിയുണ്ടായിരുന്നു  അവരോ  ഒക്കെ വരണം, മാട്ടൂലെ വല്ല്യച്ചനു .ബേക്കറിയിലായിരുന്നു ജോലി അവരാരെങ്കിലും വിരുന്നു വന്നാൽ  ജിലേബി, ലഡു, കടലാസിൽ പൊതിഞ്ഞ കേക്ക്.. ഇവയൊക്കെ കൊണ്ടു വരും, വന്നാലും അധികമൊന്നും കിട്ടീല്ല ,അമ്മാമ്മ എല്ലാം റേഷൻ ആക്കി വയ്ക്കും, പക്ഷെ  അതൊക്കെ  എന്റെ കൈകൾ തന്നെ  എപ്പോഴെങ്കിലും കട്ടു തിന്നും. അതല്ലെങ്കിൽ അമ്മാമ്മ നാട്ടിപ്പണിയ്ക്കു പോണം.  ഞാറു നടാനോ .. കറ്റതല്ലാനോ  ഒക്കെ പോയാൽ  വൈകിട്ടൂ  കിട്ടൂന്ന ചായേടെ പലഹാരം, അമ്മാമ്മ ആരും കാണാതെ കോന്തലയിൽ തിരുകും,  “ ഓ കുഞ്ഞാതി  കോന്തലയ്ക്കകത്താക്കി .. പുന്നാരമോനു കൊടുക്കാൻ” എന്നു  കൂടെ പണിയുന്നവർ കളിയാക്കും,

അച്ഛാച്ഛനും, അമ്മാമ്മയും, അവരുടേ സ്നേഹം എന്നെ അമ്പരപ്പിച്ചിട്ടുണ്ട്...എത്രയൊക്കെ വഴക്കുകൂടൂമ്പോഴും ഉള്ളിൽ ഒരു നിഷ്കളങ്കമായ സ്നേഹം ഒളിഞ്ഞു കിടന്ന് അവരെ  ഒരു കൌമാരക്കാരാക്കിയിരുന്നതായി എനിക്കു തോന്നിയിട്ടൂണ്ട് . അച്ഛാച്ഛനെ ഊട്ടുമ്പോഴും, ശകാരിക്കുമ്പോഴും ,തമാശപറയുമ്പോഴും, ഒക്കെയും പ്രണയം തന്നെ ആയിരുന്നു അവർക്കിടയിൽ ,
ദേഷ്യം വന്നാൽ ചിലപ്പോൾ അച്ഛാച്ചൻ അമ്മാമ്മയെ അടിക്കാറൂണ്ട് ,,അതു  മുറ്റത്ത് കീടിയിട്ട ഓലമെടലും,  മരക്കുട്ടയും ഒക്കെ ഉണ്ടെങ്കിലും  ഓലക്കിറൂ കൊണ്ട്  ആയിരിക്കും അടി..  ഓലക്കിറു കൊണ്ട്  വേദനിക്കില്ലാ എന്നതു കൊണ്ടു തന്നെ . .. എന്റെ ബാല്ല്യം കണ്ടതും വളർന്നതും  ഇവരുടെ സ്നേഹത്തിനിടയിലാണു. സന്ധ്യാസമയത്തു കുറ്റ്യാരത്തിന്റെ മോളിലിരുന്ന് നാട്ടു വർത്താനവും, പഴമ്പുരാണവും കേട്ടായിരിക്കാം  ഞാനും ഒരു പഴഞ്ചനാണോ  എന്നു പലപ്പോഴും എനിക്കു തോന്നിയിട്ടൂണ്ട്. എനിക്കത് ഇഷ്ടവുമായിരുന്നു.

 അച്ഛൻ വളരെ പെട്ടെന്നു തന്നെ  രണ്ടൂ തലമുറയ്ക്ക് കഴിയാനുള്ളത് സമ്പാതിച്ചതിനാൽ  മൂന്നു കൊല്ലം കൊണ്ട്  ഗൾഫു മതിയാക്കി നാട്ടിൽ വന്നു.  അച്ഛന്റെ ഗൾഫ് വരവും  പ്രതീക്ഷിച്ചിരുന്ന എനിക്കാകെ  കിട്ടിയത് അച്ഛൻ ഇട്ടൂ പഴകിയ .. ഒരു ബനിയൻ ആയിരുന്നു. പിന്നെ അച്ഛൻ അനുഭവിച്ച കുറേ ദുരിത കഥകളും. നാട്ടിലെ കൽ‌പ്പണിയായിരുന്നു ഭേതം എന്നു പറഞ്ഞ്  വന്നതിന്റെ പിറ്റേന്നു തന്നെ അച്ഛൻ കല്ലുവെയ്ക്കാൻ പോയി.     
 അച്ഛാച്ചന്റെ  കാലിലെ പുണ്ണ് വളർന്നു വളർന്നു അതു പെരുവിരലിനെ ആകെ വിഴുങ്ങിക്കളഞ്ഞിരുന്നു. പെരുവിരലിന്റെ സ്ഥാനത്ത് ഒരു കറൂത്ത  നിഴൽ പോലെ മാത്രം.  ഒരു വൈകുന്നേരമാണെന്ന് തോന്നുന്നു അച്ഛൻ അച്ഛാച്ഛനെയും കൂട്ടി ആസ്പത്രീല്‍ പോയത്  .. പിറ്റേന്ന് വന്നപ്പോ  കാലു മുഴുവൻ ബാന്റേജ് ഇട്ടിരുന്നു.  പഴുപ്പ് മുകളിലേക്ക് കയറുന്നുണ്ടെന്നും , വിരലു മുറിച്ചെന്നും ,അച്ഛൻ പറഞ്ഞപ്പോ..മനസ്സ് ഒരു വിങ്ങലായിരുന്നു.  പിന്നെ പുറത്തിറങ്ങാതെ ആയി അച്ഛാച്ഛൻ.   ആ സമയത്ത് അച്ചനും അമ്മയും ഞാനും ഒക്കെ ഒരു ചെറീയ വീടു കെട്ടി  താഴ്വാരത്ത് കല്ലേരി വയലിന്റെ അരികിലായി  താമസം മാറിയിരുന്നു.  വൈകിട്ട് എന്നും അച്ഛൻ അച്ഛാച്ചനെ കാണാൻ പോകും,  കാലിലെ  മുറിവിൽ മരുന്നു വച്ചു കെട്ടൂം.  “പൂച്ചയ്ക്കെന്തെങ്കിലും വാങ്ങണേടാ”“ എന്ന്  കൂടെ കൂടേ അച്ഛനെ ഓർമ്മിപ്പിക്കും. 

പിന്നെ എപ്പോഴെന്നറീയില്ല പഴുപ്പുകൾ പകപോലെ പടർന്നു. പെരുവിരലിനെ കൊന്നിട്ടൂം കലിയടങ്ങാതെ അവർ കാൽ മുട്ടൂവരെ പടർന്നു കയറി.  കാൽ ഞരമ്പുകളിൽ രക്തയോട്ടം നിലച്ചു.    മുറുക്കാൻ ചവയ്ക്കുമായിരുന്നു  അച്ഛാച്ചൻ  വലിയ കഷ്ണം  പുകയില മോണയ്ക്കിടയിൽ തിരുകിക്കയറ്റി. ഇടിച്ചു പൊടിച്ച അടക്കേം  വെറ്റിലേം കുട്ടി ചവയ്ക്കുന്നതു കാണാൻ ഒരു പ്രത്യേക രസമാണ്. ഒരു  ദിവസം,  നല്ല  മൂത്ത പുകയില വച്ച്  ബോധം കെട്ടു വീണു പോയിട്ടൂം ഉണ്ട് അച്ഛാച്ചാൻ അതു പറഞ്ഞ് കളിയാക്കി അമ്മാമ്മ ചിരിക്കും. പുകയിലയുടെ പ്രശ്നനാന്നാ ഡോകടർമ്മാരു പറഞ്ഞേ. പെരുവിരലു പോലെ  ഒടുക്കം  ഒരു കാൽ മൂട്ട് മുറിക്കേണ്ടി വന്നു . കണ്ണൂർ ഗവർമ്മെന്റ് ഹോസ്പിറ്റലിലെ  ഓപ്പറേഷൻ തീയ്യേറ്ററിലേക്ക് പോകുമ്പോ അച്ഛാച്ചനോട് ഒന്നും പറഞ്ഞിട്ടൂണ്ടായിരുന്നില്ല.  പെർമിഷൻ പേപ്പറിലെല്ലാം ഒപ്പിട്ടപ്പോൾ അച്ഛന്റെ കണ്ണു ചെറൂതായൊന്നു നനഞ്ഞത് ഞാൻ കണ്ടു.  ബോധം വീണു  തന്റെ വലതു കാൽ പോയെന്നറിഞ്ഞപ്പോ പൊട്ടി പൊട്ടിക്കരഞ്ഞു പോയി പാവം.  ഒരു കൊച്ചു കുഞ്ഞിനെപ്പോലെ  എളേമ്മ  അച്ഛച്ചനെ ചേർത്തു പിടീച്ചു. മുറിക്കു പുറത്തെ ജനലഴിക്കപ്പുറത്ത് തേങ്ങലടക്കാനാവാതെ  ഞാൻ ദൂരത്തേക്ക് നോക്കി.


നീണ്ട നാലു വർഷം അച്ഛനും  അച്ഛച്ചനും നരകയാതനായിരുന്നു എന്നു  പറയാതിരിക്കാൻ വയ്യാ.  എഴുന്നേറ്റ് നടക്കാൻ കഴിയില്ലായിരുന്നു അച്ഛാച്ചന്ന്   ഒരു കാൽ ബാക്കിയുണ്ടായിരുന്നെങ്കിലും അതും  നിവർത്താൻ  പറ്റാത്ത വിധം മടങ്ങിപ്പോയിരുന്നു കിടന്ന കിടപ്പിലെ നാലു വർഷം  അത് അച്ഛാച്ചന്റെ പുറമെല്ലാം പൊട്ടിച്ച് പുണ്ണു നിറച്ചു  . ഒരു കറിക്കോപ്പ വലുപ്പത്തിൽ പുണ്ണായിരുന്നു പുറത്ത്. അച്ഛനായിരുന്നു എന്നും  അതെല്ലാം കഴുകി വൃത്തിയാക്കിയിരുന്നത്. ഒരു തരം ദുഗ്ഗന്ധം വമിച്ചു തുടങ്ങിയിരുന്നു  പുണ്ണിൽ നിന്ന്.  അമ്മാമ്മാ എല്ലാ ദുഖങ്ങൾക്കിടയിലും  തമാശകളൂം മറ്റും പറഞ്ഞ് അച്ഛാച്ചനെ ചിരിപ്പിക്കും, അമ്മിണി എല്ലാത്തിനും സാക്ഷിയായി  കാൽക്കൽ മുട്ടി ഉരുമ്മും,  ഒരിക്കൽ  മറ്റേക്കാലിലും ഒരു ചെറിയ കുമിള വന്നു. അമ്മിണി മുട്ടിയുരുമ്മുമ്പോഴായിരുന്നു അച്ഛാച്ചനു അവിടം വേദനിച്ചത്.  അച്ഛനെ വിളിച്ചു  ആശുപത്രിയിൽ എത്തിച്ചപ്പോള്‍. മടങ്ങിപ്പോയ  ഇടതു കാലും മരിച്ചു കഴിഞ്ഞിരുന്നു.  രക്ത ഓട്ടമില്ലാതെ തരിച്ചു പോയിരുന്നു. ആശുപത്രിയിലെ ഒരാഴ്ചയ്ക്കുശേഷം രണ്ടാമത്തെ കാലും മുറിക്കേണ്ടി വന്നു.  “ ഒരു ഉറുമ്പിനെ പോലും നോവിക്കാത്തെ പൊക്കേട്ടനീ ഗതി വന്നല്ലോ” എന്ന് നാട്ടൂകാർ സങ്കടപ്പെട്ടു .. പിന്നെ അധിക കാലം നിന്നില്ല .

 അന്ന്  ആഗസ്ത് 7 പുലർച്ചെ രണ്ടുമണിയായിക്കാണും അപ്പുറത്തെ വീട്ടിലെ മനോഹരേട്ടൻ വന്നു വാതിലിൽ മുട്ടി  .. അച്ഛനെ വിളിച്ചു .    
 “ബാലേട്ടാ.. പൊക്കേട്ടൻ പോയി. വിഷമിച്ചിട്ടൊന്നും ഇനി കാര്യമില്ല അയാളൂ രക്ഷപെട്ടെന്നു കരുത്യാമതി"    എന്നു പറഞ്ഞ് ആശ്വസിപ്പിച്ചു.  വീടും പൂട്ടീകുന്നിന്മേലേക്ക് കയറുമ്പോൾ എന്റെ കാലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു  ..അച്ഛാച്ചൻ നടന്ന വഴികൾ  കുത്തിക്കെടൂത്തിയ ചൂട്ടിന്റെ ചാരം, അമ്മിണി എന്റെ കാലിൽ ഉരയുന്നതുപോലൊരു തോന്നൽ, “ കുഞ്ഞ്യേ  എന്നുള്ള വിളി.  നാരങ്ങ മിട്ടായി ഒകെയും  മനസിലൂടെ ഒരു നിമിഷം മിന്നി മറഞ്ഞു  .  വെള്ള പുതപ്പിനടിയിൽ ഉറങ്ങൂമ്പോഴും, ഒരു കൊച്ചു കുഞ്ഞിന്റെ പുഞ്ചിരിയായിരുന്നു .. മുഖത്ത് .കെട്ടിപ്പിടിച്ചൊരു ഉമ്മ നൽകി  ഞാൻ അവിടെ ഒന്നിച്ചിരുന്നു കുറേ നേരം. അമ്മിണി  കരഞ്ഞു കൊണ്ട്  അതിലേം ഇതിലേം ഒക്കെ ഓടുന്നുണ്ട്. ആ പൂച്ചയുടെ വെപ്രാളം കണ്ടു നിന്നവരെ ഒക്കെ ഒരു നിമിഷം ശ്വാസം പിടിച്ചു നിരിത്തിയിരിക്കാം,  അമ്മിണിയും അച്ഛാച്ചനും തമ്മിലുള്ള ആത്മ ബന്ധം അതു നാട്ടിലെല്ലാവർക്കും അറിയാമായിരുന്നു.

             അങ്ങിനെ അച്ഛാച്ഛൻ എന്റെ ഓർമകൾക്കുള്ളിൽ പുതിയ വീടു പണിതു . ഒരു പാപവും ചെയ്യാതെ ആരേയും ദ്രോഹിക്കാതെ ..ഒരുപാടൂ നരക ജീവിതം അനുഭവിച്ച്  അമ്മാമ്മയെ തനിച്ചാക്കി അച്ഛാച്ചൻ  പോയി.  അന്നു തന്നെയാണു  അമ്മിണിയും  വീടിന്റെ പടിയിറങ്ങിയത്. പിന്നെ വീട്ടിൽ പോയപ്പോൾ അമ്മിണിയെ കണ്ടില്ല, ഒരു ദിവസം എമ്പ്രോൻ നാരായണേട്ടന്റെ  വീടിന്റെ വഴിയിൽ അമ്മാമ്മ അമ്മിണിയെ കണ്ടു  വീട്ടിലേക്കു വിളിച്ചു  പക്ഷെ അവൾ വന്നില്ല , പിന്നെ വണ്ണാൻ  ചന്ദ്രേട്ടന്റെ വീട്ടിലായി പൊറുതി  ഞാൻ നാട്ടിൽ നിന്നും വരുന്നതു വരെ അമ്മിണി  ജീവനോടെ ഉണ്ടായിരുന്നു ഇപ്പൊ അറീയില്ല.  അവൾ എവിടേയാണെന്നോ  ജീവിച്ചിരിപ്പുണ്ടോ എന്നൊന്നും.  ഒരു പക്ഷെ  അച്ഛാച്ചൻ വരുന്ന ഇടവഴി നോക്കി  ആ ചൂട്ടുവെട്ടത്തിന്റെ നേർത്ത വെളിച്ചത്തിന്റെ ഒരു മിന്നലിനു വേണ്ടീ, പൂരക്കളിപ്പാട്ടീന്റെ ഒരു ഇണത്തിനു വേണ്ടീ കാതോർത്ത് അവളെവിടെയെങ്കിലും ഉണ്ടാകുമായിരിക്കാം.  ഈ ഓർമ്മ ദിനത്തിൽ  എന്റെ ഉള്ളിലെ നന്മയുടെ നെയ്ത്തുകാരാ അങ്ങേയ്ക്കു  വിങ്ങുന്ന  മനസിൽ നിന്നും ഇറ്റു വീണ കുറച്ചു കണ്ണൂനീർ തുള്ളികൾ മാത്രം,

44 comments:

  1. വിങ്ങുന്ന മനസിൽ നിന്നും ഇറ്റു വീണ കുറച്ചു കണ്ണൂനീർ തുള്ളികൾ മാത്രം,.........................

    ReplyDelete
  2. ചില ജീവിതങ്ങൾ അങ്ങിനെ ആണ്, ഒരുപാട് കഷ്ടപ്പെട്ട് മരണം കാത്തു കിടക്കും.

    ReplyDelete
  3. അനുഭവത്തിന്റെ നൂലുകൊണ്ട് നെയ്ത ഈ ശകലം എന്റെ മനസ്സിനെ പുതപ്പിച്ചു.
    എനിയ്ക്കുമുണ്ടായിരുന്നു ഒരു വല്ലിപ്പ.എന്റെ ചെറുപ്പത്തിലേ അദ്ദേഹം ദീനം വന്ന് മണ്മറഞ്ഞു.ഒരു പാട് സ്നേഹായിരുന്നു ന്നോട്.

    ReplyDelete
  4. ഓർമ്മകൾ അങ്ങിനെയാണ്, ജീവിത സ്മരണകൾ

    ReplyDelete
  5. NENJU KEERUNNA ANUBHAVAM... ORU NIMISHAM ENNEYUM VEDANIPPICHU........

    ReplyDelete
  6. നോവുന്ന ചിന്തകള്‍..

    ReplyDelete
  7. കണ്ണു നനയിക്കുന്ന ഓര്‍മ്മക്കുറിപ്പ്‌...

    ReplyDelete
  8. നന്മ നിറഞ്ഞ നാടന്‍ ജീവിത വിവരണം.
    നൊമ്പരപ്പെടുത്തിയ അനുഭവ കുറിപ്പിന്റെ അവതരണം ഇഷ്ട്ടപെട്ടു.
    നല്ല വായനയില്‍ സന്തോഷം

    ReplyDelete
  9. വിങ്ങുന്ന മനസിൽ നിന്നും ഇറ്റു വീണ കുറച്ചു കണ്ണൂനീർ തുള്ളികള്‍ അതിലെന്റെ കമന്റും ഒലിച്ചുപോയിരിക്കുന്നു...അക്ഷരങ്ങള്‍ക്ക് എന്റെ വികാരത്തെ ഇവിടെ ഇവിടെ പ്രകടിപ്പിക്കാനാകില്ല...മനസില്‍ മരിക്കാതെ കിടക്കുന്ന ചില ഓര്‍മ്മകളിലേക്കു നിര്‍ബദ്ധിച്ചെന്നെ പറഞ്ഞയച്ചു ഈ ഓര്‍മ്മക്കുറിപ്പ്...

    ReplyDelete
  10. ഈ പോസ്റ്റ്‌ വായിച്ചു കണ്ണ് നിറഞ്ഞു...സ്വാനുഭവത്തിലും ഉള്ള ചിലരെ ഓര്‍ത്തു പോയി..അനുഭവക്കുറിപ്പ് നന്നായി...ആശംസകള്‍..

    ReplyDelete
  11. ഓർമകൾ നനുത്ത നൊമ്പരമാകുന്നു. എഴുത്തിന്റെ അവതരണം മനസിനെ വല്ലാതെ സ്പർശിക്കുന്നു. നന്മയുടെ നെയ്ത്തുകാരന് എന്റെ പ്രണാമം

    ReplyDelete
  12. മനോഹരമായ എഴുത്തിലൂടെ വേദന നിറഞ്ഞ ഒരു അനുഭവ വിവരണം...മറ്റുള്ളവർ പറഞ്ഞപോലെ എന്റെ കണ്ണുകളും ഈറനണിഞ്ഞൂ...അതോടൊപ്പം ഇത്തരം കുറേ അനുഭവങ്ങളും മനസ്സിലേക്കോടിവന്നൂ... ഒരു കുറ്റവും ജീവിതത്തിൽ ചെയ്യാത്തവരെയാണ് ദൈവം കൂടുതൽ വേദനിപ്പിക്കുന്നത്,അല്ലെങ്കിൽ നരകിപ്പിക്കുന്നത്.... അത് അടുത്തജ്ന്മത്തിന്റെ പുണ്യത്തിനു വേണ്ടിയെന്ന് സമാശ്വസിക്കാം....ഈ എഴുത്തിന് എല്ലാ ഭാവുകങ്ങളും.......

    ReplyDelete
  13. അനുഭവം എന്ന ലേബല്‍ കണ്ടു. പക്ഷെ വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു കഥയായി കാണാനാണ് ഇഷ്ടം. വേദനിപ്പിക്കുന്ന എഴുത്ത്.

    ReplyDelete
  14. അവസാനം ആയപ്പോഴേക്കും കണ്ണിലൊരു മൂടൽ ... വായന തടസ്സപ്പെട്ടു. :(

    ReplyDelete
  15. മനസിൽ നിന്നും ഇറ്റു വീണ കുറച്ചു കണ്ണൂനീർ തുള്ളികൾ മാത്രം..

    ആശംസകള്‍

    ReplyDelete
  16. കണ്ണ് നിറഞ്ഞു.
    ആശംസകള്‍

    ReplyDelete
  17. aa poochakutty ku enthu patti???വിങ്ങുന്ന മനസിൽ നിന്നും ഇറ്റു വീണ കുറച്ചു കണ്ണൂനീർ തുള്ളികൾ മാത്രം....... nice linesss.. n heart touching story

    ReplyDelete
  18. ഓര്‍മ്മക്കുറിപ്പ്‌ ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചു.

    ReplyDelete
  19. ഹൃദയസ്പർശിയായ രചന...

    ReplyDelete
  20. ഹൃദയത്തിൽ തട്ടുന്ന ആഖ്യായനം

    നല്ല അവതരണം..ആശംസകൾ
    manzooraluvila.blogspot.com

    ReplyDelete
  21. ഹൃദയത്തില്‍ തട്ടുന്ന അവതരണം.
    ആശംസകള്‍.

    ReplyDelete
  22. സ്വന്തം അനുഭവങ്ങളെയും ഓര്‍മപ്പെടുത്തി മനസ്സിനെ നൊമ്പരപ്പെടുത്തിയ കുറിപ്പ് (അനുഭവ കഥ).

    ReplyDelete
  23. ഈ ഓർമ്മ ദിനത്തിൽ എന്റെ ഉള്ളിലെ നന്മയുടെ നെയ്ത്തുകാരാ അങ്ങേയ്ക്കു വിങ്ങുന്ന മനസിൽ നിന്നും ഇറ്റു വീണ കുറച്ചു കണ്ണൂനീർ തുള്ളികൾ മാത്രം,.... ഇഷ്ട്ടപ്പെട്ടു...

    ഹാഷിം ഇക്കക്ക് നന്ദി. ഇവിടെ കൊണ്ട് വന്നതിന്.

    ReplyDelete
  24. മനോഹരമായി, അവതരണം. അഭിനന്ദനങ്ങള്‍

    ReplyDelete
  25. 'നിലവിളികളൊന്നും അധികം ഉണ്ടായിരുന്നില്ല . അമ്മാമ്മയൂടെ ചെറിയ തേങ്ങൽ മാത്രം.,'
    ഈ അനുഭവക്കുറിപ്പ് മനസില്‍ തറച്ചു.
    നല്ല എഴുത്തിന് അഭിനന്ദനങ്ങള്‍.

    ReplyDelete
  26. ഹൃദയത്തിലേക്ക് ധാര കോരുന്ന വാക്കുകള്‍ കൊണ്ട് പറഞ്ഞുവെച്ച ഈ ഓര്‍മ്മക്കുറിപ്പ്‌ പിന്‍വിളികള്‍ പലതും കേള്‍പ്പിച്ചു..

    ReplyDelete
  27. കണ്ണ് നിറഞ്ഞു.
    ആശംസകള്‍.....

    ReplyDelete
  28. കൊട്ടിലേ...
    വേദനയുണ്ട്..കരച്ചിലുണ്ട്...
    വേറൊന്നും എഴുതാന്‍ വരുന്നില്ല...

    ReplyDelete
  29. സമാനമായ അനുഭവങ്ങള്‍ എല്ലാവര്‍ക്കുമുണ്ടാവും. ചിലര്‍ പുറത്തു പറയുന്നു,മറ്റു ചിലര്‍ എല്ലാം ഉള്ളിലൊതുക്കി പിരിമുറുക്കത്തോടെ കഴിഞ്ഞു കൂടുന്നു. എങ്കിലും ഇത്തരം തുറന്നു പറച്ചില്‍ കുറെയൊക്കെ മനസ്സിനാശ്വാസം തരം. പൂച്ച എന്റെയും ഒരു ദൌര്‍ബല്യമായിരുന്നു ചെറുപ്പത്തില്‍ ,ഇപ്പോഴില്ല. കാരണം അത്രയധികം സ്നേഹിച്ചു പോയാല്‍ നഷ്ടപ്പെടുമ്പോഴുള്ള വേദന സഹിക്കാനാവില്ല!,ഞാനതനുഭവിച്ചിട്ടുണ്ട്. നല്ല എഴുത്തിനു അഭിനന്ദനങ്ങള്‍!,കൂട്ടിക്കൊണ്ടു വന്ന ഹാഷിമിനു നന്ദിയും.

    ReplyDelete
  30. നല്ല എഴുത്ത്. ഇഷ്ടമായി.

    ReplyDelete
  31. മാസ്മരികമായ ഒരു അവതരണം...!!!!!!

    ReplyDelete
  32. നല്ല രചന. ഇഷ്ടപ്പെട്ടു.

    ReplyDelete
  33. വായനാന്ത്യം കണ്ണ് നീര്‍ , ,,...ശുഭസ്തു!

    ReplyDelete
  34. ഹൃദയത്തില്‍ എവിടെയൊക്കെയോ പോറല്‍ ഏല്‍പ്പിച്ചു കടന്നുപോയി....അവിടെ നിന്ന് രക്തം പൊടിയുന്നു.

    ReplyDelete
  35. നൊമ്പരപ്പെടുത്തുന്ന ഓര്മക്കുറിപ്പ്‌ ....

    ReplyDelete
  36. കണ്ണു നിറച്ചു കളഞ്ഞു

    ReplyDelete
  37. അമ്മൂമ്മയും മുത്തശ്ശനും ഒന്നും വാത്സല്യം അനുഭവിയ്ക്കാത്ത ഒരാളാണ് ഞാൻ......എനിയ്ക്ക് ഒരു പരിചയവുമില്ലാത്ത ഒരു ലോകമാണത്.
    വല്ലാതെ സങ്കടപ്പെടുത്തി ഈ പോസ്റ്റ്.

    ReplyDelete
  38. ഓര്‍മ്മകള്‍ ..
    "എല്ലാം വഴിയോരകാഴ്ച്ചകളായ്‌..
    പിറകിലേക്കോടി മറഞ്ഞിരിക്കുന്നു.."

    നന്നായിരിക്കുന്നു ബിജു..

    ReplyDelete
  39. കണ്ണു നനയിക്കുന്ന അവതരണം...!!!!!!നന്നായിരിക്കുന്നു ഇഷ്ടപ്പെട്ടു.

    ReplyDelete
  40. ജീവിതത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത ഏടായതുകൊണ്ടാവും മനസ്സില്‍ വല്ലതെ കൊണ്ടു, എനിക്കുമുണ്ടായിരുന്നു സ്നേഹത്തിന്റെ വാത്സല്യത്തിന്റെ പര്യായമായ ഒരു മുത്തച്ഛന്‍ ആ ഓര്‍മ്മയും പൊന്തിവന്നതുകൊണ്ടാവാം നഷ്ടബോധം വല്ലതെ അനുഭവപ്പെട്ടു.നല്ല എഴുത്ത്......

    അച്ഛാച്ഛന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു..............

    ReplyDelete
  41. ഒരു തുള്ളി കണ്ണീര്‍....

    ReplyDelete
  42. വായന എന്നിലും ബാക്കി വച്ചത് കണ്ണുനീരാണ് :(

    ReplyDelete
  43. ഓര്‍മകള്‍, മനസിനെ നോവുന്ന ഇത്തരം ഗതകാല സ്മരണകള്‍ നമ്മെ എന്നും കണ്ണ് നനയിച്ചിട്ടെ ഉള്ളൂ. ഒരുപാട് ഉള്ളില്‍ തട്ടി എഴുതിയതിനാല്‍ തന്നെയാവാം, അത് അപ്പടി തന്നെ പകര്‍ത്താനും കഴിഞ്ഞു. മനസ് നിറക്കുന്ന ഓര്‍മ്മക്കുറിപ്പ്‌. ആ നനുത്ത ഓര്‍മകള്‍ക്ക് മുമ്പില്‍, അമ്മിണി പൂച്ചയുടെ, അചാച്ചന്റെ മുമ്പില്‍ കണ്ണ് നനയിച്ചു, ശിരസ് നമിച്ചു ഞാനും നില്‍കുന്നു. ഒരുപാട് നന്ദി. കുറെ കാലത്തിനു ശേഷം നല്ലൊരു വായന തന്നതിന്.

    ReplyDelete