NINGALKKU EE BLOG VAYIKKAN KAZHIYUNNILLEE PLEACE DOWNLOAD THIS FONTS

Font Banner

Sunday, February 20, 2011

കാറ്റിനോടു പറയുമ്പോൾ


കാറ്റിനു എന്തൊക്കെയോ  പറയാനുണ്ടായിരുന്നു. ഇലക്ട്രിക്ക് കമ്പിയിലിരുന്ന കാക്കയുടെ ബാലൻസ് തെറ്റിച്ച്  കളിയാക്കി ചിരിക്കുന്ന കാറ്റിന് ചിലപ്പോൾ ഒരു പൊട്ടിപ്പെണ്ണിന്റെ കുസൃതിയാണ്.  വിശിയടിച്ച്  ഷാലിൽ തുമ്പു മാറത്തു നിന്നും നീക്കി ഇക്കിളി കൂട്ടുമ്പോൾ  കാറ്റൊരു  കാമുകനാകും . പിന്നെ  തിരകളെ കൂട്ടുപിടിച്ച്  ആർത്തിരമ്പി ഒരു കാപാലികനെപ്പോലെ  അടുത്തു വരും  .. ‘’വിശ്വാസ യോഗ്യമായ ഒരു മുഖം  നിനക്കെവിടെയാണ്..? ’’
ആമി കടൽക്കരയിലിരുന്നു കാറ്റിനോട്  പരിഭവം പറയുകയായിരുന്നു . 
“ഇവിടെ ഇങ്ങിനെ ഇരിക്കുമ്പോൾ  പലപ്പോഴും ഞാൻ എന്നെ തന്നെ മറന്നു പോകുന്നു സർ”
വർമ്മ സാർ ഒന്നു മെല്ലെ ചിരിച്ചു .
“ ആമിയെപ്പോലൊരു യുവ സാഹിത്യകരിക്ക്  ഇത്തരം വട്ടുകൾ  സ്വാഭാവികമാണല്ലോ.. ഞാൻ അതു കണക്കിലെടുക്കാറേ ഇല്ല.  അല്ല പോകെണ്ടെ  ഇനിയും കഴിഞ്ഞില്ലെ  ഈ വട്ടു പറച്ചിൽ”. 
 കപ്പലണ്ടി  കൊറിച്ചു കൊണ്ട്  വർമ്മസാർ ആമിയുടെ അടുത്തേക്കു വന്നു . കാറ്റത്ത്  പാറിപ്പറക്കുന്ന മുടിയിഴകളെ  മെല്ലെ കോതിയൊതുക്കി  ഒരു വിഷാദചിരിയോടെ  ആമി സാറിനോടപേക്ഷിച്ചു , 
“പ്ലീസ് സർ  ഇത്തിരി കൂടെ ഞാൻ ഇവിടെ ഇരിക്കട്ടെ  സാർ പോയ്ക്കോളൂ  ഞാൻ ഒരോട്ടോ പിടിച്ച്   വീട്ടിലേക്കെത്തിക്കോളാം” 
ഒരു കൊച്ചു കുഞ്ഞിന്റെ കൊഞ്ചലായിരുന്നു ആമിയുടെത് .. വർമ്മ സാറിനു മറുത്തൊന്നും പറയാൻ തോന്നിയില്ല. ..
“ശരി  നാളെ വല്ല മാധവിക്കുട്ടിയോ  അരുന്ധതീ റോയിയോ മറ്റോ ആകുന്നത്  ഞാൻ തടയുന്നില്ല.   പിന്നെ  ആമീ ഒറ്റയ്ക്കാണു  സൂക്ഷിക്കണം”. 
ആമിയെ തനിച്ചാക്കി  കടൽക്കരയിൽ നിന്നും മടങ്ങുമ്പോൾ  എന്തൊക്കെയോ അസ്വസ്ഥകളിലൂടെ വർമ്മസാർ കടന്നു പോവുകയായിരുന്നു .
 
           ഇന്നും സാറിന്റെ ജീവിതത്തിൽ ഉത്തരം കിട്ടാത്ത ഒരു സമസ്യ പോലെ  ആമി എന്ന പേര്  ജ്വലിച്ചുകൊണ്ടേ ഇരുന്നു  .. ആരാണ്  ആമി . ? ആമിക്കെന്താണ് താനുമായുള്ള ബന്ധം?. അവളെന്തിനാണു കൂടെ കൂടെ തന്നെ കൂട്ടു വിളിക്കുന്നത്  അവളുടെ പ്രായത്തിലുള്ള ചെറുപ്പക്കാരികളും ചെറൂപ്പക്കാരും ഒക്കെ ഇല്ലെ . എന്നിട്ടും..!!    ചോദ്യങ്ങളൂടെ ഒരു പുസ്തകം തന്നെ  വർമ്മസാറിനുമുന്നിൽ ആമി ദിവസവും തുറക്കുന്നു.  പലപ്പോഴും പിടികിട്ടാത്ത ഒരു സ്വഭാവം. അവൾ കാറ്റിനോടു പറയാറുള്ളതു പോലെ തന്നെ .സ്ഥായിയായൊരു ഭാവം, അല്ലെങ്കിൽ വിശ്വാസയോഗ്യമായ ഒരു ഭാവം   ആമിയിലും ദർശ്ശിക്കുക പ്രയാസമാണ്. 

                ബി ഏ  ലിറ്ററേച്ചർ രണ്ടാം വർഷത്തിലാണ്   ആമി വർമ്മ സാറുമായി ഏറെ അടുക്കുന്നത് .  കഥകളേയും , കവിതകളേയും പ്രണയിക്കുന്ന ഒരു പെൺകുട്ടിക്ക് മലയാളം  വാദ്ധ്യാരോടു  തോന്നാവുന്ന ഒരു സാധാരണ അടുപ്പം. ലൈബ്രറി ഹാളിലെ നിത്യ സന്ദർശനത്തിൽ  സംശയങ്ങളുടെയും  മറുപടികളുടെയും  സങ്കലനത്തിൽ പിറന്ന സൌഹൃദം.  ചങ്ങമ്പുഴയെയും, ഇടപ്പള്ളിയെയും, മഹാകവി  പി യെയും  കുറിച്ച്  പറയുമ്പോൾ ഒരു വല്ലാത്ത വശ്യമായ മുഖമാണ്  സാറിന്. വാക്കുകളും  വരികളും  ചിത്രങ്ങളായി  മനസ്സിൽ കോറിയിട്ടു തരും . ഒരിക്കിലും മറക്കാത്ത അനുഭൂതികളായി ദ്വയാർത്ഥങ്ങളും, അലങ്കാരങ്ങളും, ഉപമകളും  ജാലികകളായി മനസ്സിനു ചുറ്റും വട്ടം കറങ്ങും .
  “ മകനേ നീ മാന്യനാകാതിന്നു മനുഷ്യന്റെ പച്ചയായ് തീരൂ”.. എന്ന് സച്ചിദാ‍നന്ദനെ കുറിച്ച് പഠിപ്പിക്കുമ്പോൾ സാർ കരുത്തുറ്റ ഒരച്ഛനാകും.  കുറത്തിയിൽ  യൌവനത്തിന്റെ പ്രതികരണാത്മകത  വിയർപ്പു തുള്ളികളായി നിഴലിക്കും. അക്രമണോത്സുകമായ ഒരു വളർച്ചയായിരിക്കും പിന്നങ്ങോട്ട്  ഓരോ വരികളിലും . കടൽക്കരയിലെ കാറ്റു പോലെ  തന്നെ  സാറിനും   പല മുഖങ്ങൾ ഉണ്ടായിരുന്നു. ഇന്നലെയാണ്   മീനാക്ഷി   ടീച്ചർ സാറിന്റെ  മുടി ഡൈ ചെയ്തത്.. ഇപ്പൊ കണ്ടാൽ  ഒരു ഇരുപതു വയസ്സു കുറയും .  ടീ‍ച്ചറിന്റെ മുന്നിൽ ഒരു കൊച്ചു കുട്ടിയാണു സാർ.  ടീച്ചറിന്റെ സ്നേഹം ആരെയും ഒരു കുട്ടിയാക്കും എന്നു പറയുന്നതാകും ഉചിതം. ഉപരി പഠനത്തിനു  ശേഷം വിദേശത്തു  താ‍മസമാക്കിയ മക്കളുടെ ആഴ്ച്ചയിലൊരിക്കിൽ വരുന്ന ഫോൺകോൾ ഒഴിച്ചാൽ ഇടയ്ക്കിടെ വരുന്ന ആമി തന്നെയാണു ടീച്ചർക്കും ആശ്വാസം . ആമിക്കാ‍യി  അരി വറുത്ത് പൊടിച്ച്  ഉണ്ടയാക്കി ടിന്നിൽ ഇട്ടു വച്ചിട്ടുണ്ടാവും ടീച്ചർ. ആമിക്ക്  അരിയുണ്ട ഭയങ്കര ഇഷ്ടമാണ്.  അതെടുക്കാൻ ആരുടെയും അനുവാ‍ദം അവൾക്കാവശ്യമില്ല  അതവളുടെ അവകാശമാണ്.  പിന്നെ സമയം കിട്ടുമ്പോഴൊക്കെ ടീ‍ച്ചറിന്റെ മടിയിൽ തലചായ്ച്ച് കിടന്ന് പണ്ട്  ബി എഡ് കോളേജിലെ സുന്ദരൻ  ദേവ വർമ്മനെ പ്രണയിച്ച  കഥ പറയിപ്പിക്കും. ഇലക്ഷൻ ക്യാമ്പയിനു വന്നപ്പോ ആരും കാണാതെ  കാലിൽ ചവിട്ടിയതും ,  ലൈബ്രറിയിൽ നിന്നും ആദ്യ ചുബനം നൽകിയതും എത്രവട്ടം പറയിച്ചാലും മതിയാവില്ല ആമിക്ക്.  “ഒന്നു പോ പെണ്ണെ.  ഓരോ കൊണ്ണ്യാരം ചോദിക്കാൻ വന്നേക്കുന്നു എന്നു പറഞ്ഞ് . എൺപതുകളിലെ പഴയ നാണക്കാരിയായി  അടുക്കളയിലേക്കോടും  ടിച്ചർ.  


                              സാറും , ടീ‍ച്ചറും തനിക്കാരാണ്..?  ഉറക്കമില്ലാത്ത രാത്രികളിൽ പലപ്പോഴും ഉള്ളിലവൾ അവളോടു തന്നെ ചോദിക്കാറുള്ള ചോദ്യം . പത്രങ്ങളിലോ, വാരന്തപതിപ്പിലോ  ഒരു കവിത അച്ചടിച്ചു വന്നാൽ മലേഷ്യയിൽ നിന്നും  വർണ്ണതൂവൽ ഘടിപ്പിച്ച പേന സമ്മാനമായി കൊടുത്തയക്കുന്ന അച്ഛനാണോ..? അതോ പീരീഡ്സിനെ കുറിച്ചും കഴിഞ്ഞ ആഴ്ചയുണ്ടായ ബ്ലീഡിംങിനെ കുറിച്ചും അന്വേഷിക്കുന്ന അമ്മയാണോ? ഇന്നും  ഉത്തരം കിട്ടാതെ കിടക്കുന്ന ചോദ്യങ്ങളൂടെ  പട്ടികയിൽ ഇതും.   
                     ഇവിടെ  അച്ഛന്റെ  പെങ്ങളുടെ കൂടെയാണു താമസം .. അമ്മാമ്മച്ചീന്നാണ് ആമി വിളിക്കാറ്.  ഒരു   റീട്ടേർഡ് തഹസീൽ ദാർ.  അമ്മാമ്മച്ചി  അല്പം കണിശക്കാരിയാണ്.  സർവ്വീസിലിരിക്കുമ്പോൾ  കൈക്കൂലി വാങ്ങാ‍ൻ പറ്റാത്തതിന്റെ ദേഷ്യമൊക്കെ ചിലപ്പോ ആമിയോടാണു തീർക്കുന്നത്.  വർമ്മസാറിന്റെ വീട്ടിൽ പോകുന്നതും  കടൽക്കരയിൽ ചുറ്റിത്തിരിയുന്നതൊന്നും  അമ്മാമ്മച്ചിക്കിഷ്ടമല്ല.  അച്ഛനെഴുതും എന്നു പറയാൻ തുടങ്ങിയിട്ടു കുറേ നാളായി  പക്ഷെ ഇതുവരെ എഴുതി കണ്ടില്ല. 
ആമിക്ക് എന്നും  ആമിയെപ്പോലെ ആകാനാണിഷ്ടം,  എല്ലാ കാര്യത്തിലും ആമിക്ക് ആമിയുടേതായ ഒരു നിലപാട് ഉണ്ടായിരിക്കും, അതിപ്പോ  കാലു കഴുകുമ്പോൾ പോലും ആമിക്ക് ആമിയുടേതായ ഒരു ശൈലി ഉണ്ട്.  കുന്നു കൂടി കിടക്കുന്ന പുസ്തകങ്ങളിൽ തല പൂഴ്ത്തി വച്ച് ഉറങ്ങാൻ ആമിക്ക്  വല്ലാത്ത ഇഷ്ടമാണ്. ചിലപ്പോൾ വായിച്ചറിഞ്ഞ വരികളിലെ കഥാപാത്രങ്ങൾ അവളിലേക്കു പരകായ പ്രവേശനം നടത്തും . ഉറക്കത്തിൽ അവളുമായി സല്ലപിക്കും.  ഇന്നലെ വന്നത് രണ്ടാമുഴത്തിലെ ഭീമനായിരുന്നു. സർവ്വവും തികഞ്ഞവൻ.  പക്ഷെ എന്തോ ആമിക്കു ഭീമനോടു വെറുപ്പായിരുന്നു. ഹിഡുംബിയെയും, ബലന്ധരയെയും പ്രാപിച്ച്   തിരിഞ്ഞു നോക്കാതെ നാണവും മാനവും ഇല്ലാതെ ദ്രൌപതി എന്ന എച്ചിലിനു വേണ്ടി  പോയവൻ. പുരുഷ കുലത്തിന്റെ അപമാനം.  “നീചനാണു നീ ഭീമാ നീചനാണു നീ”.  ഇതു പറയുമ്പോഴെല്ലാം  ആമിയുടെ മുന്നിൽ ഭീമൻ പൊട്ടിക്കരയും. പിന്നെ ഭീമന്റെ  കലങ്ങിയ കണ്ണുകളെ കുറിച്ച് ആമി ഡയറിയിൽ കുറിച്ചിടും
.
“ ഭീമാ  നിന്റെ  മനസ്സ്  ഞാൻ കാണുന്നു .  സർവ്വ ശക്തനായിട്ടൂം  മന്ദൻ എന്നു സഹോദരങ്ങൾ. ധനുർവിദ്യയിൽ  പ്രാഗൽഭ്യം തെളിയിച്ചിട്ടും  അർജ്ജുനൻ എന്ന അൽ‌പ്പനു വേണ്ടി  ദന്ദ്വ യുദ്ധം ചെയ്യാൻ വിധിക്കപ്പെട്ടവൻ. തന്റെ സ്ഥാനം തട്ടിയെടുത്തിട്ടും അർജ്ജുനനെ  പ്രാ‍ണനു തുല്യം സ്നേഹിക്കുന്ന നീ പാവമാണ്.  നീ പാവമാണു ഭീമാ” 

                     എന്താണു താൻ ഇങ്ങിനെ എന്ന്  ഒരു ദിവസം ആമി അമ്മാമ്മച്ചിയോടു ചോദിച്ചു.  അത് ഈ പ്രായത്തിന്റെതാണെന്നും  ഒരുത്തനെ കെട്ടി ഒരു കൂട്ടിലാകുമ്പോൾ  ഒക്കെ നിന്നോളും എന്നും അമ്മാമ്മച്ചി മറൂപടി കൊടൂത്തു.
22 വയസ്സിനിടയിൽ ജീവിത പങ്കാളിയെ കുറിച്ച് ആദ്യമായി ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.
“എനിക്കു വരുന്ന ആൾ തന്നെ ബന്ധിതയാക്കുമോ”.?   
     ഒരു പ്രാവിനെപ്പോലെ പറക്കാൻ കൊതിക്കുന്ന മനസ്സിനു  ഒരു വലിയ കൂച്ചുവിലങ്ങാണൂ ദാമ്പത്യം എന്നൊരു തോന്നൽ എപ്പൊഴെങ്കിലും തന്റെ ഉള്ളറകളെ കൊത്തി വലിച്ചുവോ?. കോളേജിൽ തന്റെ പ്രണയം ചോദിച്ച്  അടുത്തു വന്ന എത്രയോ പേർ , തന്റെ കവിതകളെ പ്രണയിക്കുന്ന എത്രയോപേർ. അവരോടൊന്നും തന്നിക്കെന്താണു പ്രണയം തോന്നാത്തത്..? അവർക്കെല്ലാം വർമ്മ സാറായെങ്കിലെന്താ..? പെട്ടെന്ന്  ആമിയുടെ കൈയ്യിലെ പേന വഴുതി.  അക്ഷരങ്ങൾ പിഴച്ചു പോയിരിക്കുന്നു. എന്താ എഴുതി കൂട്ടുന്നെ എന്നോർത്ത് ആമി  ആ പേജ് വലിച്ചുകീറി  വേസ്റ്റ് ബാസ്ക്കറ്റിലേക്കിട്ടു.    എന്തായിത്.?  വർമ്മ സാറിനോട് തനിക്കു പ്രണയമാണോ..?  പുതപ്പിനുള്ളിൽ  മൂടിപ്പുതച്ചു കിടന്നിട്ടും കണ്ണുകൾ ഇറുകിയടച്ചിട്ടും  കണ്ണിനുള്ളിൽ  ആ ചോദ്യം  വെള്ളിപ്രഭയോടെ  മിന്നിക്കൊണ്ടിരിക്കുന്നു.  വർമ്മ സാറിനോടു തനിക്കു പ്രണയമോ.?   ഉറക്കമില്ലാത്ത രാവിന്റെ അവസാ‍നയാമത്തിലെപ്പോഴോ  വേസ്റ്റ് ബോക്സിലേക്ക്  കീറിക്കളഞ്ഞ പേപ്പർ അവൾ  തിരികെ  ഡയറിയിൽ ഒട്ടിച്ചു വച്ചു.  അവളതു തീരുമാനിക്കുകയായിരുന്നു.
“ഒരു പ്രണയമുണ്ടെങ്കിൽ അതു വർമ്മ സാറിനോടു മാത്രം.”
കെട്ടു പാടുകളുടെ  ചങ്ങലകൾ ഭേദിച്ച് പ്രണയത്തിന്റെ അനന്തതയിൽ വർമ്മസാറോടൊപ്പം പറന്നുയരണം അവിടെ കൂട്ട്  പുസ്തകങ്ങൾ മാത്രം. പിന്നെ ഭൂമിയെ പ്രണയിച്ച് കടന്നു പോയ കവികളൂം , കഥാകൃത്തുക്കളും.  വയലറ്റു പൂക്കൾ കൊണ്ടലങ്കരിച്ച മെത്തയിൽ സാറിന്റെ  മാറത്തെ നനുത്ത രോമങ്ങളിൽ തടവി  ആയിരം പ്രണയ കഥകൾ പറയും.  പണ്ട് ചങ്ങാതിയായ കാറ്റിനു എല്ലാം കണ്ടു രസിക്കാൻ  കിളിവാതിൽ തുറന്നു കൊടുക്കും .

                       
                         കാര്യങ്ങൾ അത്ര കണ്ട് വഷളായിരിക്കുന്നു  ടീച്ചറില്ലാത്ത ഏതോ ഒരു ഞായറാഴ്ച ആമി വർമ്മ സാറിനെ കീഴടക്കി കഴിഞ്ഞിരിക്കുന്നു. സാറിന്റെ എതിർപ്പുകളെ ഭീമന്റെ തത്വശാസ്ത്രത്തിലൂടെ ആമി നേരിട്ടു. “ഹിഡുബിയെ പ്രാപിച്ചിട്ടൂം ഭീമൻ ബലന്ധരയോട് അതൃപ്തി കാണിച്ചില്ല്ലല്ലോ.”? ഒടുക്കം  സാറും ഭീമനിൽ ഉത്തരം കണ്ടെത്തുകയായിരുന്നു.  മാഷിലെ നഷ്ടപ്പെടാത്ത യൌവ്വനം മുഴുവനും   ആമി അളന്നെടുക്കുകയായിരുന്നു.  പലപ്പോഴായി  ആമിയുടെ പെരുമാറ്റവും  മുടിയിഴകളിലെ ഗന്ധവും  മീനാ‍ക്ഷി ടീ‍ച്ചറിൽ നിന്നും വ്യത്യസ്ഥമായത് എന്തൊക്കെയോ സാറിന് നൽകിയിരുന്നു.  ലിഖിത നിയമങ്ങളുടെ മടിക്കുത്തിൽ പിടിച്ചുള്ള ഈ  കളി അധിക കാലം നീണ്ടു പോയില്ല.  ഒളികണ്ണുകൾ പലതും കണ്ടു പിടിച്ചു.   ചുണ്ടുകൾ അതു ചെവികൾക്കു  കൈമാറി ഒടുക്കം കോളിളക്കങ്ങളുടെ മഹാപ്രവാഹം .  

“അധ്യാപകൻ  വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു.”
 
                    ലജ്ജ തോന്നി ആമിക്ക്. തന്റെ  മഹത്തായ പ്രണയത്തെ . താൻ  ചില്ലു കൂട്ടിലിട്ട് താലോലിച്ച തന്റെ പ്രണയത്തെ  ഏതോ ഒരു മഞ്ഞ പത്രക്കാരന്റെ തൂലികകളാൽ  കളങ്കപ്പെട്ടിരിക്കുന്നു. എത്ര നികൃഷ്ടമാണു ലോകം “പീഡനം” എന്ന തറ വാചകത്തെ തന്റെ മഹത്തായ പ്രണയം പറയാൻ തിരഞ്ഞെടുത്തിരിക്കുന്നു.  എന്റെ സ്വാതന്ത്ര്യം എന്റെ അവകാശം. അതൊക്കെ നിശ്ചയിക്കാൻ ആർക്കാണവകാശം.  പൊട്ടിത്തെറിക്കാനേ ആമിക്കു കഴിഞ്ഞുള്ളു.   മലേഷ്യയിൽ നിന്നും  അച്ഛനും അമ്മയും  വന്നു.  കുളി തെറ്റിയത് അമ്മ അറിഞ്ഞിരിക്കുന്നു.  ആമി അമ്മയാവുകയാണ്.   അമ്മാമ്മച്ചി  വീട്ടിൽ നിന്നും പുറത്താക്കിയിരിക്കുന്നു . ഇപോൾ തറവാട്ടിലാണു താമസം . ഈ ലോകം എത്ര  ഇടുങ്ങിയതാണെന്ന് ആമി തിരിച്ചറിയുകയായിരുന്നു. തന്റെ ചിന്തകളുടെ ലോകം എത്ര വിശാലമായിരുന്നു.  യാഥാർത്ഥ്യത്തിനു  പിന്നെയും പുതിയ മുഖങ്ങളാണ്. വയറിനുള്ളിൽ പിന്നെയും ചിന്തകൾ ഉടലെടുക്കുന്നു.  നശിപ്പിക്കാനുള്ള അച്ഛന്റെയും അമ്മയുടെയും പിടിവാശി. സമൂഹത്തിന്റെ ആക്ഷേപങ്ങൾ.   തന്തയില്ലാത്തവൻ , തന്തയില്ല്ലാത്തവൾ  എന്ന വിളിപ്പേരുകൾ ഇത്രയൊക്കെ കഴിഞ്ഞിട്ടും  പ്രണയം വിട്ടു പോകാതെ, പിരിഞ്ഞു പോകാനാകാ‍തെ മീനാക്ഷി ടീച്ചറൂം വർമ്മ സാറും.  ടീച്ചറെ  പിന്നെ  ഒരിക്കലേ കണ്ടുള്ളൂ.. എന്നിട്ടും ദേഷ്യപ്പെട്ട് ഒന്നും പറഞ്ഞില്ല.  മെല്ലെ  അടുത്തു വന്നു പൊട്ടിക്കരഞ്ഞു.   മോളായിരുന്നു  ശ്രദ്ധിക്കേണ്ടിയിരുന്നത്. എന്നും പറഞ്ഞ്  ആമിയുടെ ചുമലിൽ വീണു കുറേ കരഞ്ഞു.
. “ടീച്ചറേ  വർമ്മ സാറിനെ എനിക്കു തന്നൂടെ”?
 ഒരായിരം സൂര്യന്റെ പ്രഭയോടെ ആ കണ്ണുകൾ ജ്വലിക്കുന്നുണ്ടായിരുന്നു  പിന്നെ ദയനീയമായി ഒന്നു  കരഞ്ഞു .  ആമിയുടെ മുഖത്തു നോക്കാതെ   ടീച്ചറോടിപ്പോയി. ആ സമയത്ത്  ആ ചോദ്യം വേണ്ടായിരുന്നെന്ന് ആമിക്കു പിന്നീടു തോന്നി. ഇന്നലെ വന്ന തനിക്ക് വർമ്മ സാറിനെ പിരിയാൻ പറ്റാതെയായിരിക്കുന്നു അപ്പോൾ  പിന്നെ ടീച്ചറ്ക്ക് . അതാലോചിച്ചപ്പോൾ  വർമ്മ സാറിനെ ഒരിക്കിലും തനിക്കു ലഭിക്കില്ലെന്ന് അവൾക്കുറപ്പായിരുന്നു.   അച്ഛനും അമ്മയും ചേർന്ന് വർമ്മ സാറിനെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു.  കോടതിയിൽ ഒന്നും പറയരുതെന്ന് ആമി തീരുമാനിച്ചു എല്ലാത്തിനും മൌനമായിരിക്കണം ഉത്തരം.  തനിക്കു ലഭിക്കാതെ പോയത് മറ്റാർക്കും കിട്ടരുതെന്ന വാശിയോ  എന്തോ. ?  ഭീമാ  ഞാനും അർജ്ജുന പക്ഷത്തു ചേരുകയാണ്ണ്.  കർണ്ണനോടുള്ള അസൂയയാൽ എന്റെ മനം മലിനമായിരിക്കുന്നു. പക്ഷെ ആമി മരിച്ചു പോകില്ലെ..?  പിന്നെയും ചോദ്യങ്ങൾ ബാക്കിയാവുകയാണ്ണ്. ഇനി ചോദ്യങ്ങൾ അവശേഷിക്കരുതെന്ന് ആമിക്കു നിർബന്ധമുണ്ടായിരുന്നു.

                     കോടതിയിൽ മറ്റൊരു താത്രിക്കുട്ടിക്കു ജന്മം നൽകി സ്മാർത്തന്മാരുടെ മുന്നിൽ ലജ്ജ കൂടാതെ ആമി തന്റെ വേഴ്ച്ചയെക്കുറിച്ചു  പറഞ്ഞു. പിന്നെ  വർമ്മ സാറിനെ മീനാക്ഷി ടീ‍ച്ചർക്കു വിട്ടുകൊടൂത്ത്  ആമി ജീവിക്കാൻ പോവുകയണ്.  കാറ്റ് പിന്നെയും ആമിയെ മുട്ടിയുരുമ്മി  സ്ഥായിയായ ഒരു ഭാവത്തിലേക്ക്  ചുവടുവെയ്ക്കുന്നു.  തിരമാലകളോടൊത്തു  വരുമ്പോഴും കാറ്റിനു കാ‍മുകന്റെ ഭാവമായി ആമിക്കു  തോന്നി. അസൂയയാണോ  പ്രണയമാണോ തന്റെ ജന്മ കാരണം എന്നു   എന്നു തിരിച്ചറിയാനാവാത്ത ഭ്രൂണത്തിനെ ഗർഭത്തിൽ തന്നെ കൊലപാതകം ചെയ്ത് ആമി  കാറ്റോടൊപ്പം കടലിലേക്കു പോയി .    ചങ്ങലകളില്ലാത്ത പ്രണയത്തിന്റെ അനന്തതയിലേക്ക്.   പുസ്തകങ്ങൾ കൂട്ടിനില്ലാത്ത പ്രണയ ലോകത്തേക്ക്.കാറ്റിനോടു മാത്രം പറയാൻ കുറേ  കഥകളുമായി.

69 comments:

 1. ബിജൂ, അടുത്ത കാലത്ത് വായിച്ച മനോഹരമായ ഒരു കഥ....

  ReplyDelete
 2. ഇന്ന് ഈ ദിനം തുടങ്ങുന്നത് ...ഈ കഥയിലൂടെ ...
  നന്നായി ....വല്ലാതെ ഇഷ്ടപ്പെട്ടു കഥ ...
  നല്ല ഭാഷയും ശൈലിയും ഒഴുക്കും ..വായിച്ചു പോകുന്നത് അറിയുന്നില്ല ...
  ഈ അടുത്തകാലത്ത് വായിച്ച ..(ആനുകാലികങ്ങളിലെതടക്കം) ഏറ്റവും നല്ല കഥ....ഒരായിരം ഇഷ്ടം അറിയിക്കുന്നു ..
  പിന്നെ ..അവസാന ഭാഗമെത്തിയപ്പോള്‍ കുറച്ചു വേഗത കൂടിയോ എന്നൊരു സംശയം ...
  അഭിനന്ദനങ്ങള്‍........

  ReplyDelete
 3. നന്നായിരിക്കുന്നു ബിജു. വളരെ തന്മയത്തോടെ അവതരിപ്പിച്ചിരിക്കുന്നു. കൈയൊതുക്കമുള്ള രചന.

  ReplyDelete
 4. നന്നായിട്ടുണ്ടെടാ.

  ReplyDelete
 5. ബിജു. കഥ വളരെ നന്നായി അവതരിപ്പിച്ചു.
  ഇന്നത്തെ കാലത്ത് ആമിമാര്‍ ഇല്ല. ഇനി ഉണ്ടെങ്കില്‍ തന്നെ ആമിമാരെ ആര്‍ക്കും ഇഷ്ടമല്ല. വ്യത്യസ്തമായ പ്രമേയം ബിജു കൈ വിട്ടു പോകാതെ എഴുതി ഫലിപ്പിച്ചിട്ടുണ്ട്.

  ReplyDelete
 6. നന്നായിരിക്കുന്നു ബിജു..മഞ്ഞ പത്രക്കാരന് എല്ലാ പ്രണയങ്ങളും പീഡനങ്ങള്‍ തന്നെ..തുളുമ്പാതെ എഴുതിയിരിക്കുന്നു ഇഷ്ടമായി..

  ReplyDelete
 7. വളരെ നന്നായിരിക്കുന്നു.... മുഴുവന്‍ ഒഴുക്കോടെ വായിച്ചു..... ആമിയും വര്‍മ്മസാറൂം ടീച്ചറും ,,, കഥാപാത്രങ്ങള്‍ മനസ്സില്‍ നില്‍ക്കുന്നു,,, ആശംസകള്‍

  ReplyDelete
 8. കഥ വളരെ ഇഷ്ടപ്പെട്ടു...വളരെ ആസ്വാദ്യകരമായി വായിച്ചു പോകാന്‍ പറ്റി...ഈ പ്രമേയം പലപ്പോഴും എഴുതപ്പെട്ടതാണെങ്കിലും,കഥപറഞ്ഞ രീതി കൊണ്ട് ആമിയെന്ന കഥാപാത്രവും അവരുടെ മാനസിക വ്യാപാരങ്ങളും നന്നായി മനസ്സില്‍ പതിയുന്നു..
  നല്ല രചനയ്ക്ക് അഭിനന്ദനങ്ങള്‍ ..

  ReplyDelete
 9. ലിഖിത നിയമങ്ങളുടെ മടിക്കുത്തിൽ പിടിച്ചുള്ള ഈ കളി അധിക കാലം നീണ്ടു പോയില്ല. ഒളികണ്ണുകൾ പലതും കണ്ടു പിടിച്ചു. ചുണ്ടുകൾ അതു ചെവികൾക്കു കൈമാറി ഒടുക്കം കോളിളക്കങ്ങളുടെ മഹാപ്രവാഹം .

  വളരെ മനോഹരമായ രചന..കഥപറച്ചിലിന്റെ സ്വഭാവവും മികചതാണ്.
  ഒരു കാര്യത്തിൽ മാത്രം എതിർ അഭിപ്രായം .ഇവിടെ എഴുതപ്പെടുന്ന 99 ശതമാനം കഥകളും സ്ത്രീകളുടെ ധൈര്യകുറവിനെ എടുത്തു പറയുന്നു .ഇവിടെ എഴുത്തുകാരിയായ ആമിക്കു തന്റെ നിലപാടുകളീൽ നിന്നു വ്യതിചലിക്കണ്ടിവരുന്നു . തന്റെ സ്വാതന്ത്ര്യത്തിനും നിലനിൽ‌പ്പിനുംവേണ്ടി പൊരുതാൻതയ്യാറാകത്ത പൂരിപക്ഷം വരുന്ന സ്ത്രീകളുടെ കൂട്ടത്തിലേക്കു ആമിയെയും കഥാകാരൻ നിർദ്ദയം തെള്ളിവിടുന്നു .
  “ഭ്രൂണത്തിനെ ഗർഭത്തിൽ തന്നെ കൊലപാതകം ചെയ്ത് ആമി കാറ്റോടൊപ്പം കടലിലേക്കു പോയി . ചങ്ങലകളില്ലാത്ത പ്രണയത്തിന്റെ അനന്തതയിലേക്ക്.“

  ഭൂരിപക്ഷം വരുന്ന ദുരന്തനായ്കമാർ കഥകളിലൂടെ ഇവിടെ വീണ്ടും ഉയർത്തെഴുന്നേൽക്കപ്പെടുമ്പോൾ വർത്തമാനകാല സ്ത്രീകളൂം അവരിൽ ഒരാളായി മാറാൻ സ്വയം തീരുമാനിക്കപ്പെടുന്നു .

  ReplyDelete
 10. നല്ല ഒഴുക്കുള്ള ആഖ്യാനം. അതിലുപരി കഥയുടെ ഫ്രെയിമിംഗ് മനോഹരമായിട്ടുണ്ട്. ഇങ്ങനെ ഫ്രെയിം ചെയ്തെടുക്കണമെങ്കിൽ തലക്കകത്ത് ആളു താമസം വേണം. നിന്റെ തലക്കുള്ളിൽ ഒരാളല്ല, അനേകം പേർ താമസിക്കുന്നുണ്ടെന്ന് ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുന്നു. ചവറു ബ്ലോഗുകളിൽ നിന്നും ഈ ബ്ലോഗിനെ വ്യത്യസ്തമാക്കുന്നതും ഈ വേറിട്ട ശൈലിതന്നെയാണ്. സധൈര്യം തുടരുക. എങ്കിലും കഥകളുടെ നീളം വളരെ കൂടിപ്പോകാതെ നോക്കിയാൽ നന്നായിരിക്കും എന്നൊരു അഭിപ്രായം കൂടിയുണ്ട്. ആഖ്യാനം മാത്രമല്ല, കഥയും ഇഷ്ടമായി... ആശംസകൾ...

  ReplyDelete
 11. നന്നായി പറഞ്ഞിരിക്കുന്നു

  ReplyDelete
 12. എല്ലാവർക്കും ഒത്തിരി നന്ദി ഈ സ്നേഹത്തിനും വായനയ്ക്കും

  ReplyDelete
 13. ബുലോകത്ത് ഞാന്‍ വായിച്ച ഏറ്റവും മനോഹരമായ കഥ
  ഒരു നിമിഷം ഞാന്‍ ആമിയായി മാറി തന്മയത്വത്തോടെ ലളിതമായി പറഞ്ഞ കഥയ്ക്കും കഥാകാരനും അഭിനന്ദനങ്ങള്‍.

  ReplyDelete
 14. എനിക്കൊത്തിരി ഇഷ്ടപ്പെട്ടു. നല്ല പ്രമേയം, നല്ല അവതരണം, നല്ല ശൈലി. എല്ലാ തരത്തിലും, തലത്തിലും അഭിനന്ദനം അര്‍ഹിക്കുന്നു.
  ആശംസകള്‍!

  ReplyDelete
 15. വളരെ മനോഹരമായി പറഞ്ഞിരിക്കുന്നു.

  ആശംസകൾ!

  ReplyDelete
 16. എത്ര മനോഹരമായ കഥ !!
  വീണ്ടും വീണ്ടും വായിച്ചു...
  കഥാകൃത്തിന് അഭിനന്ദനങ്ങള്‍ .

  ReplyDelete
 17. നിന്റെ തലക്കുള്ളിൽ ഒരാളല്ല, അനേകം പേർ താമസിക്കുന്നുണ്ടെന്ന് ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുന്നു.
  :-)
  ആമിക്ക് എന്നും ആമിയെപ്പോലെ ആകാനാണിഷ്ടം......

  ReplyDelete
 18. അവതരണത്തിലെ മനോഹാരിത എടുത്ത്‌ പറയാതെ തരമില്ല. അത്രയും സുന്ദരം. പലരും പറഞ്ഞ പ്രമേയമെന്കിലും ആമിയുടെ ചിന്തകളും മനസ്സിന്റെ നേരിയ ചലനം പോലും ഒപ്പിയെടുക്കുന്നത് പോലെതന്നെ വര്‍മ്മ സാറിന്റെ നിസ്സഹായാവസ്ഥയും പുരുഷ മനസ്സിന്റെ ചാന്ചാട്ടങ്ങളും സൂചിയില്‍ നൂല് കോര്‍ക്കുന്നത് പോലെ സൂക്ഷ്മമായി അവതരിപ്പിച്ചത്‌ വളരെ ഇഷ്ടായി.

  ReplyDelete
 19. ഒരു കഥ എങ്ങിനെയായിരിക്കണമെന്നു വളരെ ലളിതമായി, കഥപറഞ്ഞു കാട്ടിത്തന്നു...! നന്ദി സുഹൃത്തെ...
  തീര്‍ച്ചയായും ഇനിയും വരാം.

  ReplyDelete
 20. ഹാഷിം ഈ കഥയെക്കുറിച്ച് മെയിലയച്ചിരുന്നു. ആദ്യമായാണിവിടെ. എഴുത്ത് വളരെ നന്നായി. ആമിയെയും വര്‍മസാറിനെയും ഒട്ടും ഇഷ്ടപ്പെട്ടില്ല. പ്രത്യേകിച്ച് വര്‍മസാറിനെ.

  ReplyDelete
 21. വാഹ്..
  സൂപ്പർ കഥ, വായിച്ച് തീർന്നത് അറിഞ്ഞതേയില്ല.
  അഭിനന്ദനങ്ങൾ.

  ReplyDelete
 22. കഥ പറഞ്ഞ രീതി വളരെ നന്നായിരിക്കുന്നു. മനുഷ്യമനസ്സിന്റെ വികൃതികൾ ഇങ്ങനെയൊക്കെ...
  ആശംസകൾ.

  ReplyDelete
 23. നന്നായി എഴുതി ..ആശംസകള്‍ ..

  ReplyDelete
 24. സമയം ഉണ്ടാക്കി വന്നു വായിച്ചു....
  ബിജു....ഒരു കഥാ കാരനായി എന്ന് ധൈര്യപൂര്‍വ്വം പറയാം.

  നല്ല ഇരുത്തം വന്ന രചന ശൈലി....

  നന്നായി വളരെ....ആശംസകള്‍...

  ReplyDelete
 25. അവതരണം വളരെ നന്നായിട്ടുണ്ട്.

  ReplyDelete
 26. വേറിട്ടപറച്ചിലും,പ്രമേയവും അഭിനന്ദനാര്‍ഹം തന്നെ..
  നന്ദി ഈസുഖത്തിന് !!..

  ReplyDelete
 27. ഒരു പാടു പേർ ഇവിടെ പുതിയതാണ് എല്ലാവർക്കും ഒരു പാടൂ നന്ദി

  ReplyDelete
 28. valare nannayirikkunnu,eniyum ithupoleyulla kadhakal pratheekshikkunnu,ella vidha aasamsakalum nerunnu..........

  ReplyDelete
 29. ബിജൂ....രചനാശൈലി കൊണ്ട് ഈ കഥ ശ്രദ്ധേയമായിരിക്കുന്നു...ഗംഭീരം....സസ്നേഹം

  ReplyDelete
 30. നന്നായി എഴുതപ്പെട്ടു ..നന്നായി വായിക്കപ്പെടുന്നു ..ഒരു രചനയുടെ ലക്‌ഷ്യം ഇങ്ങനെ നിറവേറ്റപ്പെടുന്നതില്‍ സന്തോഷം
  കഥാകൃത്തിനു നിര്‍വ്വിശങ്കം അഭിമാനിക്കാം ..:)

  ReplyDelete
 31. This comment has been removed by the author.

  ReplyDelete
 32. എഴുത്തു നന്നായി.
  പുതുമയില്ലാത്ത കഥയാണ്‌. സിന്ധു ഭൈരവി, വാനപ്രസ്ഥം തുടങ്ങിയ സിനിമകൾ ഓർമ്മിപ്പിച്ചു.

  ചില വാചകങ്ങൾ കല്ലുകടിയായി. 'തറ' എന്ന വാക്ക്‌ ഒഴിവാക്കാമായിരുന്നു.

  ആമിക്ക്‌ വർമ്മ സർ നോട്‌ അങ്ങനെ ഒരു ബന്ധം തോന്നുവാനുള്ള ഒരു 'ലോജിക്ക്‌' മനസ്സിലായില്ല.
  അല്ലെങ്കിലും വഴി തെറ്റിയ ബന്ധങ്ങൾക്ക്‌ പിന്നിലെ സംഗത്യം അന്വേക്ഷിക്കുന്നതിൽ അർത്ഥവുമില്ല! (പ്രണയം വേറെ, അവിഹിതം വേറെ!)

  “ടീച്ചറേ വർമ്മ സാറിനെ എനിക്കു തന്നൂടെ”?
  ഇവിടെ 'അനിയത്തി പ്രാവ്‌' മണത്തു.
  അതൊരു മോശം ചോദ്യമായി എനിക്കു തോന്നി.

  മറ്റൊന്നു തോന്നിയത്‌ ഇത്രയും സംഭവങ്ങൾ കഴിഞ്ഞിട്ട്‌(കഥ flash back ഇൽ തന്നെയല്ലേ?), എങ്ങനെയാണ്‌ സർ നു ആമിയുമായി യാതൊന്നും സംഭവിക്കാത്ത്‌ പോലെ സംസാരിക്കാൻ കഴിയുന്നത്‌ എന്നതാണ്‌. അതും കോടതിയും മറ്റു publicity ഉം ഒക്കെ കഴിഞ്ഞിട്ട്‌?

  ഇനിയും നല്ല രചനകൾ താങ്കളുടെ പക്കൽ നിന്നും പ്രതീക്ഷിക്കുന്നു.

  ReplyDelete
 33. മനോഹരമായി കഥ .
  ആശംസകള്‍

  ReplyDelete
 34. നല്ല കഥ ,മനോഹരമായി പറഞ്ഞു ,ആമി മനസ്സില്‍ തൊട്ടു നില്‍ക്കുന്നു ..

  ReplyDelete
 35. സുന്ദരമായ വിവരണം അഭിനന്ദനങ്ങള്‍.

  അടുത്ത പോസ്റ്റ് ഇടുമ്പോള്‍ ലിങ്ക് അയക്കണേ :)

  ReplyDelete
 36. ഈ സ്നേഹത്തിനു ഞാൻ കടപ്പെട്ടിരിക്കുന്നു എല്ലാവർക്കും എന്റെ ഒത്തിരി സ്നേഹം മാത്രം.

  ReplyDelete
 37. ഹാഷിം വഴിയാണ് വന്നത്... കഥ വളരേ ഇഷ്ടപ്പെട്ടു... ഞാന്‍ ഒരു സാധാരണക്കാരനായതുകൊണ്ടായിരിക്കാം... ആ പ്രണയത്തെ അംഗീകരിക്കാന്‍ കഴിയുന്നില്ല.

  ReplyDelete
 38. ഈ കഥയുടെ ലിങ്ക് ഹാഷിം പലർക്കും മൈൽ ചെയ്തിട്ടൂണ്ടെന്നറീഞ്ഞു. ഹാഷിമിനു ഉമ്മ ...ഒരായിരം ഉമ്മ. താങ്ക്യൂടാ.. കൂതറേ :).......

  ReplyDelete
 39. nalla rasamulla ezhuthu... parayaan vannathu bhangiyaayi paranju...

  ReplyDelete
 40. കഥ കൊള്ളാം കഥാകാരാ.. ( നാടകക്കാരനല്ല) :)

  ReplyDelete
 41. കഥാരചനയിൽ മിടുക്കു കാട്ടി.ഇനി കഥാ തന്തുവിനെ കുറിച്ച് അഭിപ്രായം പറഞ്ഞാൽ അത് ഏശില്ല.

  ReplyDelete
 42. അഭിനന്ദനങ്ങള്‍..

  ReplyDelete
 43. എല്ലാവർക്കും നന്ദി . യൂസുഫ്പ. .. തുറന്നു പറഞ്ഞതിനു ഒത്തിരി നന്ദി ..കഥാ തന്തുവിനെ കുറിച്ച് പലരും നേരിട്ടു പറഞ്ഞു കമന്റിടാൻ മടിയായതു കൊണ്ട്.. ഹഹഹ് .. ഇനി പുതിയ തന്തുക്കളെ തേടിക്കൊണ്ടിരിക്കുന്നു തീർച്ചയായും അടുത്തത് ഒരു പുതുമയുള്ള കഥ തന്നെ ആയിരിക്കും.

  ReplyDelete
 44. ബിജൂ കഥ അതിമനോഹരം.
  പത്മരാജന്‍ സിനിമ കണ്ട പ്രതീതി. ഇത് തിരക്കഥ ആക്കുവാന്‍ ഒരു ശ്രമം നടത്തൂ.. വിജയിക്കും. ഭാവുകങ്ങള്‍.

  ReplyDelete
 45. ആമി മണ്ടിയാണ്‌. അസ്തിത്വത്തില്‍ സ്വയം കെട്ടിപ്പടുത്ത വിചിത്ര പ്രപഞ്ചത്തില്‍ കൂടില്ലാത്തൊരു പക്ഷിയെപ്പോലെയാണെങ്കിലും ഉന്മത്തയായി സര്‍ഗ്ഗീയതയുടെ മായിക വലയത്തില്‍ ഊളിയിട്ടു പറക്കുകയായിരുന്നു അവള്‍. താനേ ഇരുന്ന്‌ നോക്കിക്കണ്ട ലോകം സീമകളില്ലാത്ത വലീയ ഒന്നായിരുന്നു- അകത്തുനിന്നു നോക്കുമ്പോല്‍ വലുതും പുറത്തു നിന്നു നോക്കുമ്പോല്‍ ചെറുതും. അതില്‍ കാറ്റും, തിരയും, സര്‍വ്വകലാശാലാ മേടകളും അവിടെ കണ്ടുകിട്ടിയ വര്‍മ്മസാറും, മീനാക്ഷി ടീച്ചറും, അമ്മാമ്മച്ചിയും, പുരാണഗ്രന്ധപ്രതിനിധികളും മറ്റും മേളിച്ചു നിന്നു....
  ഒട്ടും നൂതനമല്ലാത്ത ഒരു പ്രമേയമാണെങ്കില്‍ പോലും, തികച്ചും വൈകാരികമായ കാല്‍പ്പനീകത പടര്‍ത്തിക്കൊണ്ട്‌ അനുവാചകനില്‍ അവാച്യമായ ഒരു തരം മാസ്മരികത്വം കിളുര്‍പ്പിച്ച ആഖ്യാന ശൈലി ശ്രേഷ്ഠമായിത്തന്നെ ഉയര്‍ന്നു വന്നു.
  പുസ്തകത്താളുകളില്‍ ദേവീചിത്രം പോലെ പതിപ്പിച്ചുകൊണ്ട്‌ ഒരു ദിവ്യാനുരാഗം സുകൃതമാക്കി പ്രതിഷ്ഠിക്കപ്പെട്ടു. പക്ഷെ, എല്ലാ സര്‍ഗ്ഗ പ്രതിബിംബങ്ങളും, പ്രതിഭാശാലിയായ കഥാകാരന്‍, ഒടുവില്‍, തച്ചുടച്ചു കളഞ്ഞെന്ന്‌ എനിക്കു തോന്നിപ്പോയി. കാരണം, അനുരാഗത്തിന്റെ ദൃശ്യതലങ്ങളില്‍ മേളികൊണ്ടുനിന്ന നിഷിദ്ധബന്ധങ്ങളെ കഥാകാരന്‍ അനാവരണം ചെയ്തു, തന്റെ വിസ്മയ സൃഷ്ടിയില്‍ ലൈംഗിക പരിവേഷം ചാര്‍ത്തി കഥാമൂല്യത്തിന്‌ ഹാനിവരുത്തി, എന്ന്‌ എനിക്ക്‌ തോന്നി. ഭീമന്റെ പ്രതീകമാക്കി, വര്‍മ്മ സാറിന്റെ സുന്ദരാകാര (സുന്ദരന്‍ ദേവ വര്‍മ്മ) വശ്യതയെ പ്രലോഭനത്തിന്‌ കരു ആക്കിയതുമാത്രം മതിയാകും, ഇവിടെ ഹാനിയ്ക്ക്‌ ഒരു സാക്ഷിക്രിയ. എന്തായാലും, തരളമനസിന്റെ അകൃശ പ്രകമ്പനങ്ങളുടെയും മനുഷ്യമനസ്സുകളുടെ വ്യതിരിക്തമായ സംഘര്‍ഷങ്ങളുടെയും തിക്തത, തീ കൊളുത്താതെ തന്നെ കനല്‍ സൃഷ്ടിച്ചു, ചുട്ടെടുത്ത കഥാകാരന്റെ വൈഭവം എടുത്തു പറയാതെ വയ്യ. നീസര്‍ഗ്ഗസ്വഭാവങ്ങളെ സാദൃശ്യപ്പെടുത്തി കാട്ടാനുള്ള കൈമിടുക്കിനാണ്‌ പ്രഭാവം. അതു പ്രകര്‍ഷണീയമത്രെ.
  കഥ ഞാന്‍ അമ്പേ ആസ്വദിച്ചു. അനുമോദനങ്ങള്‍!

  ReplyDelete
 46. ബൌദ്ധികം എന്ന പരിവേഷത്തോടെ ആരംഭിക്കുന്ന ബന്ധങ്ങൾ ശരീരത്തിന്റെ ഭാഷ സ്വീകരിക്കുന്നതും സാമൂഹികക്രമങ്ങളോട് ഏറ്റുമുട്ടി അനിവാര്യമായ ദുരന്തം ഏറ്റുവാങ്ങുന്നതും പുതിയ പ്രമേയമല്ല, പ്രതിഭാസവുമല്ല. എന്നാലും ബിജ്ജു സ്വകീയമായ രീതിയിൽ കഥ നന്നായി പറഞ്ഞിരിക്കുന്നു. ആശംസകൾ.

  ReplyDelete
 47. നല്ല കഥ....ആസ്വദിച്ചാണ് വായിച്ചു മുഴുവനാക്കിയത്...

  ReplyDelete
 48. ഞാനും പുതിയതാ, വായിച്ചില്ല, വായിക്കാം ഓരോന്നോരോന്നായി, മാഗസിൻ കാരണം ഒട്ടും നേരം കിട്ടുന്നില്ല അറിയാലോ. ഫോളോ ഓപ്ഷൻ തുറക്കാൻ പറ്റുന്നില്ല ഞാൻ വീണ്ടും വരാം

  ReplyDelete
 49. നാടകക്കാരന്റെ കഥയെ പലരും പുകഴ്ത്തിയപ്പോള്‍ എന്തെങ്കിലും കുറ്റം കാണണമെന്ന ദുഷ്ട ലാക്കോടെ ആകെ പരതിയിട്ടും ഒന്നും കിട്ടിയില്ല!.എങ്കിലും പാവപ്പെട്ടവന്‍ പറഞ്ഞ പോലെ ഇത്രയും വിത്യസ്ഥ കഥാ പാത്രമായ ആമിക്ക് ഭ്രൂണത്തെ നശിപ്പിച്ച് അവസാനം കടലില്‍ ചാടേണ്ടിയിരുന്നില്ല!.അതു പോലെ കഥാ നായികയെ ആമിയെന്നു വിളിച്ചതും ഒരു നമ്പരല്ലെ?.ആദ്യമായാണിവിടെ വരുന്നത്. കമന്റും വിത്യസ്ഥമാവട്ടെയെന്നു കരുതി!

  ReplyDelete
 50. കഥ ചില സനിമകളെ ഓര്‍മിപ്പിച്ചു. എങ്കിലും നല്ല വായനാനുഭവമായി.
  പ്രണയത്തെ എങ്ങനെ ഹൃദയത്തില്‍നിന്ന് പറിച്ചെടുത്ത് കൈകളില്‍ വെക്കാം എന്ന പരീക്ഷണം പ്രധാനമാണ്. കൈകളിലാണെങ്കില്‍ എളുപ്പം അതു കളയാം. പിന്നെ വിരക്തിയിലേക്ക് മടങ്ങാം.
  അഭിനന്ദനങ്ങള്‍

  ReplyDelete
 51. പ്രമെയതെക്കാലേറെ എന്നെ ആകര്‍ഷിച്ചത്...ബിജുവിന്റെ അവതരണം തെന്നെയാണ്... നന്നായിരിക്കുന്നു ബിജു...
  കീപ്‌ ഇറ്റ്‌ അപ്പ്‌

  ReplyDelete
 52. നല്ല കഥ.വായനക്കാരനെ ബോര്‍ അടിപ്പിക്കാതെ അവസാന വരി വരെ എത്തിച്ചു.കഥാപാത്രങ്ങള്‍ക്കിടയില്‍ ഭീമനും അര്‍ജുനനും ഒക്കെ ഇഴചേര്‍ത്തു നല്ലൊരു വായന അനുഭവം .

  ReplyDelete
 53. പ്രണയമേ നിനക്കെത്ര മുഖങ്ങള്‍ ... എത്രമേല്‍ അടുത്തിട്ടും അകലുന്ന നിന്നെ പ്രണയമെന്നു തന്നെ വായിക്കട്ടെ..

  കഥ നന്നായി ബിജു... ഹൃദയ സ്പര്‍ശിയായ സംഭവം ... ആശംസകള്‍ ...

  ReplyDelete
 54. പുതുമയില്ലാത്ത കഥയാണ്, എന്നാലും വായിക്കാൻ നല്ല ഒഴുകുണ്ട്, ചില വാകുകൾ ഒഴിവാക്കിയാൽ കുറച്ചൂടെ നന്നായിരിക്കും, എനിക്ക് തോന്നിയതാട്ടൊ….

  ReplyDelete
 55. കൊള്ളാം കേട്ടോ ..കഥ പറഞ്ഞ രീതി ,ആമിയെപോലെ ഇന്നുമുണ്ട് ..പ്രണയം ഇങ്ങിനെയേ പാടുള്ളൂ എന്നൊന്നും ഇല്ലാല്ലോ ..ആര്‍ക്കും എങ്ങിനെയും എവിടെയും ആരോടും തോന്നാം ..പിന്നെ ടീച്ചര്‍ക്ക്‌ വേണ്ടി വിട്ടുകൊടുത്തു athoru പെണ്ണിന്റെ തോല്‍വിയാണോ? തോന്നുന്നില്ല...സ്നേഹിച്ചപുരുഷനെ ഒരു ദിവസം എങ്കിലും സ്വന്തമാക്കിയ ആമി പരാജയപെടുന്നുണ്ടോ ?(സത്യത്തില്‍ ഇന്നത്തെ കാലത്ത് നടക്കുന്ന പലതും വീടുകള്‍ക് ഉള്ളില്‍ തന്നെ അപ്പോള്‍ ഇതുപോലുള്ള പ്രണയങ്ങള്‍ കേള്‍കുമ്പോള്‍ ഒരു നോര്‍മല്‍ ലവ് കണ്ട പോലെ ....).പിന്നെ ബിജു കഥ ഒറ്റ അടിക്കു മുഴുവന്‍ വായിക്കാന്‍ തോന്നിയില്ല കേട്ടോചിലയിടങ്ങളില്‍ വാക്കുകള്‍ skip ചെയ്ഹ്ടു വായിക്കാന്‍ ഉള്ള ഒരു ഫീല്‍ എങ്കില്‍ ചില ഉപമകള്‍ വരികള്‍ മനോഹരം ..congrats..

  ReplyDelete
 56. കണ്ണിൽ നിലാവുള്ള ഒരു പെൺകുട്ടിയെ ,കവയിത്രിയെ
  നന്നായി വരച്ചു.. പക്ഷെ കഥാ പരിസരം കണ്ടുപഴകിയതായിപ്പോയി എന്നു പറയാതെ വയ്യ.ഒരു മാറ്റത്തിനു വേണ്ടി ഒരു പാവപ്പെട്ട കുടുംബത്തിലെ കുട്ടി ആക്കാമായിരുന്നു. ഓരോ കഥാപാത്രങ്ങളേയും വളരെ കുറച്ച് വാക്കുകൾ കൊണ്ട് മിഴിവോടെ വരച്ചുകാട്ടി.
  [കാലു കഴുകുമ്പോൾ പോലും ആമിക്ക് ആമിയുടേതായ ഒരു ശൈലി ഉണ്ട്. ]...വളരെ മൈന്യൂട്ടായ സ്വഭാവ വിശേഷങ്ങൾ വരെ എടുത്ത് കാണിച്ച് കഥാപാത്രത്തിനെ വായനക്കാരിലേക്ക് പതിപ്പിച്ചിരിക്കുന്നു.

  ""ലിഖിത നിയമങ്ങളുടെ മടിക്കുത്തിൽ പിടിച്ചുള്ള ഈ കളി അധിക കാലം നീണ്ടു പോയില്ല"" ഈ പ്രയോഗം
  വളരെ ഇഷ്ടമായി..

  അരുതായ്മയെ ആശാസ്യമെന്നു കാട്ടാൻ പുരാണകഥാപാത്രങ്ങളേ കൂട്ടു പിടിക്കുക വഴി മലയാളിയുടെ എന്തിനേയും സാമാന്യ വൽക്കരിക്കുന്ന പൊതു സ്വഭാവം വിമർശ്ശന വിധേയമായി..നല്ല ഒരു കൊളാഷ്..

  ReplyDelete
 57. എന്‍റെ വട്ടു പിടിച്ച മനസ്സും ചിന്തകളും പലപ്പോഴും ആമിയുടെ പോലെയാണ്....അത് കൊണ്ട് തന്നെ അവളെ മനസ്സിലാക്കാന്‍ എനിക്ക് കഴിയുന്നു....വായിക്കാന്‍ പറഞ്ഞപ്പോ ഇത്ര പ്രതീക്ഷിച്ചില്ല ബിജു ...അസ്സലായിരിക്കുന്നു ..അഭിനന്ദനങ്ങള്‍ :)

  ReplyDelete
 58. കഥാപരിരം ചില കഥകളെയും സിനിമകളെയും ഓര്‍മപ്പെടുത്തി. പക്ഷേ, രചനാ ശൈലിയില്‍ മികവിന്‍റെ സൂചനകള്‍ ധാരാളമുണ്ട്. ചില വരികള്‍ അതി മനോഹരവുമാണ്. ക്രാഫ്റ്റ്‌ ഇനിയും മെച്ചപ്പെടുത്തുകയും പുതുമയുള്ള കഥകള്‍ കണ്ടെടുക്കുകയും ചെയ്‌താല്‍ മലയാളത്തിലെ നല്ല ഒരു കഥാകാരനായി അറിയപ്പെടാന്‍ ഇനി അധികനാള്‍ വേണ്ടിവരില്ല.ആശംസകള്‍.

  ReplyDelete
 59. ബിജൂ... ക്രിസ്പ് സ്റ്റോറി...
  പ്രണയം കടംകഥയാണ്.. ചില സമയങ്ങളില്‍ പ്രണയിക്കുന്നവര്‍ക്കു പോലും പിടികൊടുക്കാതെ...

  "നീയെത്ര ധന്യ" എന്ന സിനിമ ഓര്‍മ്മ വന്നു. അതു കൊണ്ടാണൊ ആവോ ആമിക്കു കാര്‍ത്തികയുടെ മുഖം!

  ReplyDelete
 60. കൊട്ടിലെ ..താന്‍ കലക്കി കളഞ്ഞല്ലോ ആമി എന്റെ പിന്നാലെ കൂടി

  ReplyDelete
 61. പതിവ് പ്രമേയമെങ്കിലും പറച്ചില്‍ ഇഷ്ടപ്പെട്ടു.അഭിനന്ദനങ്ങള്‍

  ReplyDelete
 62. നല്ല അവതരണത്തിലൂടെ മികച്ചതായ ഈ കഥ ഈയടുത്ത് വായിച്ചതില്‍ മികച്ചതാണ്.
  എത്താന്‍ വൈകിയതില്‍ ഇപ്പോള്‍ ഖേദം തോന്നുന്നു, ഈ പരിസരത്ത് ഇനി കാണും.
  ബിജുവിന് അഭിനന്ദനങ്ങള്‍.

  ReplyDelete
 63. .........manoharam..........
  .. ആമിക്ക് എന്നും ആമിയെപ്പോലെ ആകാനാണിഷ്ടം..
  prameyathila avarthana virasatha shyli kond mara kadannirikkunnu..

  ReplyDelete