NINGALKKU EE BLOG VAYIKKAN KAZHIYUNNILLEE PLEACE DOWNLOAD THIS FONTS

Font Banner

Tuesday, April 26, 2011

സീതേച്ചി.


സീതേച്ചീയുടെ തൂങ്ങിയാടുന്ന വിറങ്ങലിച്ച കാലുകണ്ടന്ന് രാത്രി അമ്മാമ്മയുടെ കരിമ്പടം മൂടിപ്പുതച്ചുറങ്ങിയപ്പോഴും ഞെട്ടിയെഴുന്നേറ്റു. കണ്ണടയ്ക്കുമ്പോൾ ചരിഞ്ഞു വീണ സ്റ്റൂളൂം മരവിച്ച കാലുകളും, ഉയരുന്ന നിലവിളികളും മാത്രം. കഴുക്കോലിൽ നിന്നിറക്കി  പനമ്പായേൽ പൊതിഞ്ഞപ്പോ ആ മുഖം ഒന്നൂടെ കാണണം എന്നുറച്ചതാ പക്ഷെ  നെഞ്ചിനുള്ളിലെന്തോ പെരുത്തു കയറുന്നതു പോലെ തോന്നി.  പിന്നെ അവിടെ നിന്നില്ല കയ്യാലയും കടന്ന് ഇടവഴിയിലൂടെ ഓടി.                               വീട്ടിൽ എളേമ്മ  നിലത്തു വീണു കിടന്നുരുണ്ടു നിലവിളിക്കുന്നു                                                                                      പണ്ടേ ചക്കരേ  ഈച്ചേമ്പോലെ ആയിരുന്നില്ലെ രണ്ടും അതിലൊന്നിനെയല്ലെ  കരുണയിലാണ്ട്  പറിച്ചെടുത്തത്  ദണ്ണം കാണില്ലേ”  നാരായണിയേടത്തി  എളേമ്മേടെ കൈകൾ രണ്ടും പിടിച്ചൊതുക്കി പറഞ്ഞുഎളേമ്മേടെ കരച്ചിൽ അസഹനീയമായി തോന്നി . കുറേ നേരം വീടിന്റെ കുറ്റ്യാരത്തിമേൽ കുത്തിയിരുന്നു .. “ നീ കണ്ടിനാടാ..?”  മുറുക്കാൻ തിരുകി വായിൽ വച്ച് അച്ഛാച്ച്ൻ  ചോദിച്ചു. 
 “ ഉം”     ഒന്നു മൂളിയപ്പോഴേക്കും  നെഞ്ചു പിടച്ചു പോയി ഇത്രേം നേരം പിടിച്ചു നിന്ന വേദന പൊട്ടിക്കരച്ചിലായി പരിണമിച്ചു.  “ ഈ പിള്ളേരൊക്കെ എന്തിനാ വേണ്ടാത്തിടത്ത് പോയെ”  അച്ഛാച്ചൻ ശകാരിച്ചു  പിന്നെ നെഞ്ചോടു ചേർത്തു. അധികനേരം അവിടെ നിൽക്കാൻ കരുത്തുണ്ടായിരുന്നില്ല എളേമ്മേടെ കരച്ചിൽ എല്ലാവരേയും കരയിപ്പിക്കുന്നതായിരുന്നു.  വിനൂന്റെ വീട്ടിൽ പോയി അവനേം വിളിച്ചു കുറച്ചു നേരം സ്കൂളിന്റെ അടുത്തെ മൊട്ടകുന്നിന്മേലെ പോയി ഇരുന്നു
ഒറ്റയ്ക്കിരിക്കാൻ പേടിയായിരുന്നു . പിന്നെ അവിടെ ചെന്നിരുന്നിട്ടും  രാത്രി എങ്ങിനെ കിടന്നുറങ്ങും എന്നതായിരുന്നു ചർച്ച.  കണ്ണടയ്ക്കുമ്പോഴെല്ലാം , സീതേച്ചടെ മുഖാ കാവിലെ പൂരത്തിന്  ചെമ്പക കൊമ്പിൽ കേറി പൂപറിക്കാൻ തൊട്ട് കല്ല്യാണമോ  , അടിയന്തിരമോ എന്നു വേണ്ട  എന്തായാലും അവിടൊക്കെ നിറയണ സീതേച്ചി.  ഓർത്തെടുക്കാൻ കുറേ ഉണ്ട് .
 എനിക്കോർമ്മ വച്ച കാലം തൊട്ടെ ഞാൻ സീതേച്ചീടെ കൈ  തണ്ടേലായിരുന്നു  കൈയ്യിലെ ഞാൻ പൊട്ടിച്ച   കരിവളയുടെ  കണക്ക് എപ്പോഴും പറയാറുണ്ടായിരുന്നു . കാച്ചെണ്ണേടെ മണമൂറുന്ന മുട്ടോളം വരുന്ന മുടിയിൽ മുറ്റത്തെ പാരിജാതത്തിലേക്ക്  കയറു കെട്ടി പടർത്തി കേറ്റിയ മുല്ലവള്ളി ആഞ്ഞു കുലുക്കി ഉതിർത്തിയെടുത്ത മുലപ്പൂവിന്റെ മണം  എന്നുംണ്ടാവും.  മേൽതൃക്കോൽ ചിറയിലെ നീരാട്ടും കഴിഞ്ഞ്   വീട്ടിലു വന്ന് മുല്ലപ്പൂവും പറിച്ച്  ഏളേമ്മേടൊന്നിച്ച് അതു കോർത്തു മാലയാ‍ക്കീട്ടെ  സീതേച്ചി പോകാറുള്ളൂ.  എളേമ്മേം  സീതേച്ചീം മുല്ലപ്പൂവിനു വേണ്ടി അടി കൂടുന്നത് ഒരു രസം തന്നെ ആയിരുന്നു.   പിന്നെ  എത്രയേറെ കഥകൾ, പറങ്കി മാങ്ങ നല്ല ചോക്കൻ പഴം  പറിച്ച് വട്ടത്തിൽ അരിഞ്ഞ് ഉപ്പും , പറങ്കിപ്പൊടീം കൂട്ടിച്ചേർത്ത് കുഴ്ച്ച് ഓരോന്നെടുത്ത് കൊറിച്ച് എത്രയെത്ര കഥകൾ പറഞ്ഞു തന്നിട്ടൂണ്ട്  സീതേച്ചി. നാരായണേട്ടന്റെ വീടിന്റെ വടക്കുഭാഗത്തൂടെയുള്ള പേരമരത്തിക്കൂടെ എന്നെ എത്ര പ്രാവശ്യം രാമേട്ടന്റെ പുളി മരത്തിൽ കേറ്റി വിട്ടിട്ടൂണ്ടെന്നോ..!!  നീളമുള്ള വാളൻ പുളി കഴുത്തിൽ കെട്ടിയ തോർത്തിലേക്കു പറിച്ചിടുമ്പോഴും , ചോണോൻ ഉറുമ്പിന്റെ കടി കൊണ്ട്  നീറ്റൽ സഹിക്കുമ്പോഴും.  രാമേട്ടൻ വരരുതേ എന്ന പ്രാർത്ഥനയും പിന്നെ  ഉപ്പും കൂട്ടി  പച്ചപ്പുളി  തിന്നാമെന്ന മോഹവുമായിരുന്നു  മനസ്സിൽ.  പച്ചോല കൊണ്ട് സീതേച്ചി ഉണ്ടാക്കുന്ന കളിപ്പാട്ടങ്ങൾ അന്നൊരു കൌതുകം തന്നെ ആയിരുന്നു . ചെത്ത് കാരൻ രാഘവേട്ടനോട്  കൈയ്യും കാലും പിടിച്ച് ഒരു കുരുത്തോല കൊത്തിക്കും . ചെത്തുന്ന തെങ്ങീന്ന് ആരും ഓല തരില്ല.  കുലമുറിക്കാത്ത തെങ്ങു നോക്കി രാഘവേട്ടൻ കയറും , കയറുമ്പോ മുഖത്ത് ചിരിയുണ്ടെങ്കിൽ  അന്നു നല്ല ഇളനീർ ഇട്ടു തരും, സോപ്പിട്ട് ഇളനീരിടുവിക്കാൻ സീതേച്ചിക്ക് ഒരസാധ്യ മിടുക്കു തന്നെയായിരുന്നു. ഓലപ്പാമ്പും , ബോളും, തത്തമ്മേ, പമ്പരോം , എന്നുവേണ്ട ലോറീം, കാറും വരെ സീതേച്ചീടെ കരവിരുതിൽ വിരിയും, എന്റെ പിറന്നാളിന്റന്ന് സീതേച്ചി ഒരു ഓല ബാഗ് ഉണ്ടാക്കിതന്നു , അതിൽ നിറയെ നാരങ്ങ മിഠായിയും. ഓണം വന്നാ‍ൽ പിന്നെ പാടത്തും പറമ്പത്തും ഉള്ള ഒരൊറ്റ പൂവും, ബാക്കിയാർക്കും കിട്ടീല്ല, ഓടിച്ചാടി പൂപറിക്കാൻ ഒരു പ്രത്യേക മിടുക്കായിരുന്നു സീതേച്ചിക്ക്. ഞങ്ങളൊക്കെ വട്ടയില കോട്ടീയ കൂട നിറയ്ക്ക്കുമ്പോൾ  സീതേച്ചി  ഒരറ്റം മടക്കി കുത്തിയ പാവാടയിൽ  നിറച്ചിട്ടുണ്ടാകും. പിന്നെ പൂക്കളം തീർക്കലാണ്. തലേന്ന് രാത്രി തന്നെ ഞങ്ങൾ എല്ലാവരും സീതേച്ചീടെ വീട്ടിലായിരിക്കും ,സ്കൂളിന്റെ സ്റ്റാഫ് റൂമിന്റെ പിന്നാമ്പുറത്ത് പോയി വേസ്റ്റാകുന്ന ചോക്കു കഷ്ണം പെറുക്കിയെടുത്ത്  സീതേച്ചിക്കു കൊടുക്കും , പിന്നെ അതു വെള്ളം നനച്ച് ഒരു നൂലിൻ തുമ്പത്തു കെട്ടി  നടുവിലകത്തെ  സിമന്റിട്ട തറമേലെ അങ്ങോട്ടും ഇങ്ങോട്ടൂം ഓടും . ആദ്യമൊന്നും  ചോക്ക് തെളിഞ്ഞു വരില്ല.  ചോക്കിലെ ഈർപ്പം മാറുമ്പോ  അറിയാം സീതേച്ചീടെ കരവിരുത് , ഒരു മനോഹര ഡിസൈൻ അവിടെ പ്രത്യക്ഷപ്പെടും. അതു കഴിഞ്ഞാൽ മുറ്റത്തെ ഇംഗ്ലീഷ് ചെടിയുടെ വർണ്ണചപ്പുകൾ മുറിക്കലാണു ഞങ്ങടെ ജോലി , ബ്ലേഡ് നടുകെ പൊട്ടിച്ച്   ഓരോരുത്തർക്കായി  നൽകും   ഏറ്റവും കൂടുതൽ ചപ്പ് മുറീക്കുന്നവന്റെ (അവളൂടെ) അവകാശമായിരുന്നു  ബാക്കി വരുന്ന പൂക്കൾ. പൂക്കള മത്സരത്തിനും മുന്നേ ഒരു മത്സരം. പിന്നെ കാലത്ത് നാലുമണിക്കെഴുന്നേറ്റ് ജ്യോമട്രി ബോക്സിൽ നിന്നും സ്കെയിലും വലിച്ചൂരി സീതേച്ചി പൂവിടാനൊരുങ്ങും. ചിതറിയ പൂക്കൂട്ടങ്ങളെ ഡിസൈനിന്റെ വരയ്ക്കൊപ്പിച്ച് അടുക്കി നിർത്തുന്നത് ഒന്നു കാണേണ്ടതു തന്നെയാണ്.  പിന്നെ തിരിയിട്ട ഒരു നിലവിളക്ക് പൂക്കളത്തിനു നടുക്കു വെയ്ക്കും ആ വിളക്കിന്റെ ശോഭയിൽ മറ്റൊരു വിളക്കു തെളിയും , കണ്ണുകൾ പ്രകാശം പരത്തും , ചുണ്ടുകളിൽ പുഞ്ചിരി വിരിയും ,  ആ ശോഭിതമായ മുഖം അതെത്ര വികൃതമായിട്ടുണ്ടാകും..? കണ്ണുകൽ തുറുത്തി  കഴുത്തു  വലിഞ്ഞ്, തുടമാന്തിപ്പൊട്ടീച്ച്. “ഹോ” പെട്ടെന്നു ഞെട്ടി എഴുന്നേറ്റു. സമയം രാത്രി ഏറെയായിരിക്കുന്നു. ശരീരം വല്ലാതെ  വേർക്കുന്നു. അമ്മാമ്മയുടെ കരിമ്പടത്തിനുള്ളിലെ ചൂട് അറിയാനില്ലായിരുന്നു  കിടക്കുമ്പോ തൊട്ട് പിടിച്ചു വച്ച മൂത്രം മൂത്ര സഞ്ചി പൊട്ടിച്ച് പുറത്തു വരും എന്നു തോന്നി.  ഒറ്റയ്ക്ക് പുറത്തു പോകാൻ പേടീയായിരുന്നു. എവിടെയും തൂങ്ങിയാടുന്ന കാലുകൾ . കൂട്ടിന് അമ്മാമ്മേം വിളിച്ചു. 
“ മനസ്സ് ഉറപ്പായിട്ടീല്ലാത്ത  നീയൊക്കെ  അതൊക്കെ കാണാൻ പോകണമായിരുന്നോ  ..? ഓരോന്ന് കണ്ടിട്ട്  മനുഷ്യന്റെ  സൌര്യം കളയാൻ വന്നോളു, . ഹും  നടക്ക്.” അമ്മാമ്മ ചിമ്മിണി വിളക്ക് കത്തിച്ചു. പതിവില്ലാതെ ഒരു മരണ ഗന്ധം നിറച്ച തണുത്ത കാറ്റ്  വീശുന്നുണ്ട്. കാറ്റത്ത് വിളക്കു കെടാതിരിക്കാൻ അമ്മമ്മ നന്നേ പണിപ്പെട്ടു.  വീടിന്റെ മുറ്റത്തെ തുമ്പത്തൂന്ന്   താഴേക്ക് നീട്ടിപ്പിടിച്ച് മൂത്രമൊഴിക്കുമ്പോ  കണ്ണ് മെല്ലെ  താഴ്വാരത്തെ സീതേച്ചീടെ വീടിനു നേരെ പോയി കുന്നിൻ മുകളിലെ എന്റെ വീട്ടിൽ നിന്നും നോക്കിയാൽ താഴെ ഒരു തീപ്പെട്ടി കൊള്ളി പോലെ സീതേച്ചീടെ വീടു കാണാം  നിലവിളികൾ തേങ്ങലായി അമർന്നിരിക്കാം അവിടെ തേങ്ങൽ ഒടുക്കം ഞരക്കളായി മാറീയിരിക്കാം, മൊട്ടക്കുന്നുമ്മേലും , പറങ്കിമാവിൻ കൊമ്പേലും , പാടവരത്തും ഓടി നടന്ന എന്റെ സീതേച്ചി ഇന്നവിടെ ഇല്ല പൊട്ടിച്ചിരിയും വളകിലുക്കവും എന്നെന്നേക്കുമായി നിലച്ചിരിക്കുന്നു.  തെങ്ങോലകൾക്കിടയിലൂടെ വെളിച്ചം മങ്ങിയിട്ടില്ലാത്ത ആ വീടിന്റെ മേൽക്കൂരയ്ക്കു മുകളിലൂടെ ഒരു വെളുത്ത പുകച്ചുരുൾ ഉയരുനതു പോലെ എനിക്കു തോന്നി പിന്നെ അത് ആകാശത്തിലേക്കു പടർന്ന്  ഒരു  നിലവിളക്കിന്റെ ശോഭയി ജ്വല്ലിക്കുന്നു. ആ ജ്വാലയിൽ തിളങ്ങുന്ന രണ്ടു കണ്ണുകൾ  വള കിലുങ്ങുന്ന രണ്ടു കൈകൾ  പാൽ പുഞ്ചിരി പൊഴിക്കുന്ന ചുണ്ടുകൾ തന്നെ മാടി വിളിക്കുന്നതു പോലെ തോന്നി. മൂത്രം പകുതിക്കു വച്ചു നിർത്തി തിരിഞ്ഞൊറ്റ ഓട്ടമായിരുന്നു അകത്തേക്ക്.  ഓട്ടത്തിനിടെ അമ്മാമ്മയുടെ കൈതട്ടിതെറിപ്പിച്ചു  ചിമ്മിണി വിളക്ക് നിലം പറ്റി. വീണ്ടും പുതപ്പിനടിയിലേക്ക്  ചുരുണ്ടു.  അമ്മാമ്മയുടെ ചുളിഞ്ഞ ദേഹത്ത് പറ്റിചേർന്നു കിടന്നു ഞാൻ ചോദിച്ചു. അമ്മാമ്മേ  സീതേച്ചി എന്തിനാ മരിച്ചേ..?  
                                      …………………………………………………….

25 comments:

 1. ആത്മഹത്യയെക്കുറിച്ചുള്ള ഒരു കുട്ടിയുടെ കാഴ്ചപ്പാട് നന്നായി വരച്ചു കാട്ടിയിരിക്കുന്നു. ഖണ്ഡിക തിരിച്ചു സംഭാഷണങ്ങള്‍ വേറിട്ട്‌ എഴുതിയാല്‍ വായിക്കാന്‍ എളുപ്പമാകും. ഈ കഥയില്‍ സീത എന്തിന് ചെയ്തു എന്നുള്ളത് വ്യംഗ്യമായി പറഞ്ഞാല്‍ നന്നായിരുന്നു....ഒരു കുട്ടിയുടെ ഭാഷയില്‍. ഇത്രയും അടുപ്പമുള്ള കുട്ടി അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍... സംഭാഷണങ്ങളില്‍ ഭാഗമായിട്ടില്ലേ -എന്ന് വായനക്കാരന്‍റെ മനസ്സില്‍ തോന്നും. കുട്ടിയിലെ ചോദ്യം പോലെ അപൂര്‍ണമായി കഥ മനസ്സില്‍ കിടക്കുന്നു. നിറയെ എഴുതുക....

  ReplyDelete
 2. സീതേച്ചി (യഥാർത്ഥ പേരല്ല) എന്നത് കുട്ടിക്കാലത്തെ ചെറിയൊരോർമ്മ മാത്രമാണ് .. പിന്നെ അവർ മരിച്ചതെന്തിനാണെന്ന് ഇന്നും അവർക്കു മാത്രമറിയാവുനൻ സത്യവും . ഒരു കഥയാകുമ്പോ അതൊക്കെ പറ്യാമായിരുന്നു എന്നു തോന്നാം പക്ഷെ .. എഴുതി വന്നപ്പോ ഇങ്ങിനെ ആയി . അബ്കാരി , നമോവാകം വിലയേറിയ അഭിപ്രായങ്ങൾക്കു നന്ദി . തുടർന്നും ഈ സ്നേഹം പ്രതീക്ഷിക്കുന്നു.

  ReplyDelete
 3. ഞാന്‍ ഈ ബ്ലോഗില്‍ ആദ്യമായാണ്.കഥ നന്നായി.ഓര്‍മ്മകളിലെ
  സീതേച്ചിയെക്കുറിച്ചുള്ള വര്‍ണ്ണന വളരെ നന്നായി.ആത്മഹത്യയുടെ
  കാരണം പറയാതിരിക്കുന്നതു തന്നെയാണ് കഥയുടെ ഭംഗി!നല്ല അവതരണം.തുടരുക.ഭാവുകങ്ങള്‍!

  ReplyDelete
 4. പറച്ചിലില്‍ പുതിയ പുതുമകളൊന്നും അവകാശപെടാനില്ലെങ്കിലും ബിജുവിന് കഥ പറയാനറിയാം. ഒരു കുട്ടി,
  ഏറെ ഇഷ്ടപ്പെടുന്ന സീതേച്ചിയുടെആത്മഹൂതി അവന്റെ മനസ്സിനെ മുറിവേല്‍പ്പിക്കുമ്പോഴുംഅവരോടൊപ്പം
  അവന് ചിലവിടേണ്ടിവന്ന സമയങ്ങളിലെവിടെയോ ഒരു പുളിമരത്തിന്‍ ബിംബത്തിലു ടെ അവരുടെ മരണ
  കാരണവും പറയാതെ പറ ഞ്ഞുപോകുന്ന രീതി നന്നായിരിക്കുന്നു എഴുതുക ഇനിയും...നന്മകളോടെ...........kc.

  ReplyDelete
 5. നമുക്കു ഊഹിക്കാൻ കൂടി കഴിയാത്ത എന്തെങ്കിലും കാരണങ്ങളാവും അവരെ ആത്മഹത്യ ചെയ്യിച്ചതു്.

  ReplyDelete
 6. ഇതു വായിച്ചപ്പോളാദ്യമേ ഒരു അനുഭവകഥ മണത്തിരുന്നു. അനുഭവം നല്ലൊരു കഥയുടെ രൂപത്തില്‍ ഇവിടെ ആഖ്യാനം ചെയ്തു.
  അഭിനന്ദനങ്ങള്‍

  http://www.chemmaran.blogspot.com/

  ReplyDelete
 7. ഗ്രാമീണ നിഷ്കളങ്ക സ്നെഹം വരച്ച് കാട്ടി.
  നാട്ടിന്‍ പുറത്ത് മാത്രം കാണാന്‍ കഴിയുന്ന അടുപ്പം

  ReplyDelete
 8. ബാല്യ സ്മരണയില്‍ നിന്നുണ്ടായ ഒരു കഥയാണെന്ന് വിശ്വസിക്കുന്നു. നന്നായി.

  ReplyDelete
 9. അതെ ..കുട്ടിക്കാലത്തെ ഒരു ആത്മഹത്യ നേരിട്ടു കാണേണ്ടി വല്ല ഒരു കുട്ടിയുടെ വിഹ്വല ചിന്തകള്‍ ഓര്‍മ്മക്കുറിപ്പ്‌ പോലെ എഴുതി ..കഥ എന്ന ലേബല്‍ കണ്ടെങ്കിലും ഇതില്‍ കഥയ്യ്ക്ക് പറ്റിയ കാര്യ കാരണ ബന്ധം കണ്ടതുമില്ല..ഓര്മ എന്നാണെങ്കില്‍ അസ്സലാകും ..ഖണ്നിക തിരിച്ചു എഴുതിയാല്‍ വായനാ സുഖം കൂടും ;;

  ReplyDelete
 10. സീതേച്ചിയെ വായനക്കാരന്റെ മനസ്സില്‍ ജീവിപ്പിക്കാന്‍ കഥാകാരനായി.

  'അമ്മാമ്മേ സീതേച്ചി എന്തിനാ മരിച്ചേ..? '

  ഞാന്‍ കമന്റിലൂടെ ചോദിക്കാന്‍ വിചാരിച്ചിരുന്ന കാര്യം ചെറിയ കുട്ടിയുടെ നിഷ്കളങ്കതയോടെ ചോദിച്ച് കഥ അവസാനിപ്പിച്ചത് ഇഷ്ടായി.

  ആശംസകള്‍

  ReplyDelete
 11. എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി ഈ പ്രോത്സാഹനത്തിന്.. രമേഷ് ജീ .. ഇതു ഓർമ്മ എന്നെഴുതിയാൽ അതു പരിപൂർണ്ണമായി സത്യമാവില സീതേച്ചി എന്നത് എന്റെ നേരിയ ഒരോർമ്മ മാത്രമാണ്.. കുട്ടീക്കാലത്തു ഒരു പക്ഷെ ഞാൻ ആദ്യം കണ്ട ആത്മഹത്യയും അതു തന്നെ ആയിരിക്കാം. തൂങ്ങിയാടൂന്ന രണ്ടു കാലുകൾ മാത്രമേ ഇന്നും എന്റെ മനസിലുള്ളൂ.. ബാക്കി എല്ലാം കഥ എന്ന നിലയിൽ എഴുതിയതാണ്. അതു കൊണ്ടാണ് കഥ എന്ന ലേബലിലേക്കു മാറ്റിയതും ,.. പിന്നെ ഖണ്ഡിക തിരിച്ചായിരുന്നു എഴുതിയത് വേർഡിൽ ടൈപ്പ് ചെയ്ത് ബ്ലോഗിൽ പോസ്റ്റിയപ്പോൾ ഇങ്ങിനെ ആയി എഡിറ്റ് ചെയ്യുമ്പോൾ എന്റർ ചെയ്താൽ പാരഗ്രാഫ് വരുന്നും ഇല്ല എന്തോ എറർ . ശരിയാക്കാൻ ശ്രമിക്കാം , വിലയേറിയ ഈ നിർദ്ദേശങ്ങൾക്കു നന്ദി

  ReplyDelete
 12. അന്ന് റിയാലിറ്റി ഷോയും, പത്താം ക്ലാസ് പരീക്ഷ പാസ്സാവണം എന്ന നിര്‍ബന്ധവും മറ്റുമില്ലാതിരുന്നത് കൊണ്ട്, ആത്മഹത്യക്ക്‌ ഒരൊറ്റ കാരണമേ കാണുന്നുള്ളൂ....അതു പറയാതിരുന്നതാണ് ഈ കഥയുടെ സൌന്ദര്യം...

  ഒരു ചെറിയ വലിയ അക്ഷരപ്പിശ്ശാശിനെ ഞാന്‍ പിടിച്ചിട്ടു കേട്ടോ...

  "മുറ്റത്തെ പാരിജാതത്തിലേക്ക് കയറു കെട്ടി പടർത്തി കേറ്റിയ മുല്ലവള്ളി ആഞ്ഞു കുലുക്കി ഉതിർത്തിയെടുത്ത മുലപ്പൂവിന്റെ മണം എന്നുംണ്ടാവും"

  ആ പൂവിനെ ഒന്നു മര്യാദക്കാരനാക്കൂ...

  ReplyDelete
 13. സീതേച്ചിയുടെ ജീവിതവും മരണവും നിഷ്കളങ്കമായ ബാല്യമനസ്സിലൂടെ വായനക്കാരില്‍ എത്തിച്ചു. കുട്ടിയുടെ അവസാന ചോദ്യം എന്നിലും അവശേഷിക്കുന്നു!

  ചാണ്ടീ...:)

  ReplyDelete
 14. Oh chandichaa sammathichu .....entammoooooooooooo . !!!

  ReplyDelete
 15. Touching narration...Kudos, dear friend!

  ReplyDelete
 16. ബിജു,

  ഗ്രാമത്തിന്റെ നൈര്‍മ്യല്യം കഥയില്‍ ഉണ്ട്. ഇത് വായിച്ചപ്പോള്‍ ചില അവസരങ്ങളില്‍ ഒ.എന്‍.വിയുടെ കുഞ്ഞേടത്തി ഓര്‍മ്മ വന്നു. എന്തായാലും നന്നായി എഴുതി.

  ReplyDelete
 17. സീതേച്ചി മനസ്സില്‍ നിന്നും പോകുന്നില്ല

  ReplyDelete
 18. അമ്മാമ്മേ സീതേച്ചി എന്തിനാ മരിച്ചേ..?

  ReplyDelete
 19. ചിലരൊക്കെ എന്തിനാ മരിച്ചേ..? :-(

  ReplyDelete
 20. പാവം സീതേച്ചിമാർ.

  ReplyDelete
 21. ബാല്യം മറക്കാതെ കാത്തു വച്ചു ഒരു നോവ്‌ പോലെ ,വല്ലാതെ നോവിക്കുന്ന ഒരു അനുഭവം പോലെ തോന്നി .ഉള്ളില്‍ തൊടുന്ന എഴുത്ത്‌
  ആശംസകള്‍

  ReplyDelete
 22. ബിജൂ,
  ഞാൻ ഇന്നാണു വായിച്ചത്‌. ഓല കൊണ്ട്‌ പാമ്പ്‌ ഉണ്ടാക്കുന്നത്‌ വരെ എനിയ്ക്കു ചെറുപ്പത്തിൽ അറിയുമായിരുന്നു. ബോളും, തത്തമ്മയും കുറച്ച്‌ ബുദ്ധിമുട്ടായിരിയ്ക്കും.
  " പിറന്നാളിന്റന്ന് ഒരു ഓല ബാഗും , അതിൽ നിറയെ നാരങ്ങ മിഠായിയും!" ഇപ്പോൾ അന്യം നിന്നു പോകുന്ന ഒരു birthday concept.
  നന്നായി എഴുതി, ബിജു! സീതേച്ചി എവിടെയോ ഒരു വിങ്ങലായി തങ്ങി നിൽക്കുന്നു..

  ReplyDelete