NINGALKKU EE BLOG VAYIKKAN KAZHIYUNNILLEE PLEACE DOWNLOAD THIS FONTS

Font Banner

Saturday, May 28, 2011

തേജസ്വിനി പറഞ്ഞ കഥ.

    പാറക്കല്ലിന്മേലിൽ കാലു വച്ചപ്പോ  ആരോ വലിക്കുന്നതു പോലൊരു തോന്നൽ തേജസ്വിനിയുടെ തെളിനീരിൽ ലയിച്ചു പോയ  വെളുത്ത കൈകൾ .  അതെ,  വ്യക്തമായിക്കാണാം  വെള്ളാരം കല്ലുകൾക്കിടയിൽ നിന്നും ചിത്രങ്ങളെഴുതിയ  പൂഴിപ്പരപ്പിൽ നിന്നും, ഒരു വെളുത്ത കൈ ഉയർന്നു വരുന്നതു പോലെ .   പാതി നനച്ച കാൽ പിന്നോട്ടെടുത്ത് ദിനേശൻ കരയ്ക്കു കയറി.  തേജസ്വിനി പുഴയ്ക്ക് ഇത്തിരി കൂടെ ഒഴുക്കുവച്ചു. കല്ലിൽ തട്ടിയും തടഞ്ഞും ചെറിയ തിരകളുണ്ടാക്കി , പെട്ടെന്നു വന്ന ഒഴുക്കിൽ കൊറ്റികൾ പേടിച്ച് പറന്നു, ആകാശത്തൊരു ഇടി വെട്ട്.  മഴചാറുമ്പോൾ  കുടയെടുക്കാത്തവരെപ്പോലെ എവിടെനിന്നൊക്കെയോ മേഘങ്ങൾ ഓടിവന്ന് ദിനേശന്റെ  തലയ്ക്കു മീതെ കൂട്ടം കൂടി. പിന്നെ ഒന്നു പതിയെ പെയ്തു , പെയ്തിറങ്ങിയ മഴയിൽ പറയിയുടെ  കണ്ണീരിന്റെ ഉപ്പുരസം പുരണ്ട പോലെ തോന്നി.          

            നീട്ടികൂവിയിട്ടും കേളപ്പേട്ടൻ തോണിയിറക്കിയില്ല.  മറ്റ്  ഏത്  കൊടുങ്കാറ്റിലും വിളികേട്ടാൽ തോണിയിറക്കുന്ന ആളാ കേളപ്പേട്ടൻ  ഇന്നെന്തു പറ്റി..?  
എല്ലാവരും എന്തോ പറഞ്ഞുറപ്പിച്ച പോലെ പെരുമാറുന്നു. ആർക്കൊക്കെയോ വേണ്ടി കെണിയൊരുക്കി കാത്തിരിക്കുന്ന പോലെ.  എവിടെ നിന്നോ ഒരു നിലവിളി ഉയർന്നു . അതു തേജസ്വിനിയിലെ ചില്ലോളങ്ങളിൽ തട്ടി കാതുകളിലേക്ക് പേടി നിറച്ചു. ദൈവത്തിലും പ്രേതത്തിലും ഒന്നും വിശ്വാസമില്ലെങ്കിൽ കൂടിയും ഇതൊക്കെ എവിടെ നിന്നുണ്ടാകുന്നു എന്ന് ദിനേശൻ ചിന്തിച്ചിരിക്കാം . പറയിയുടെ നിലവിളി പോലെ പിന്നെം  ഒരു ശബ്ദം നേർത്തു നേർത്തു പുഴയിലും മഴയിലും അലിഞ്ഞു.
  
             പണ്ട്  പറയി ചത്തത് ഈ കല്പടവിലായിരുന്നു. വല്യശ്മ്മാന്റെ  എളേ മോനും കൂട്ടാളികളും കൂടീയാ പറയിയെ പെഴപ്പിച്ചു കൊന്നത് . തോണിയിലൂടെ പോകുമ്പോ  കേളപ്പേട്ടൻ പറയും.

“ അന്ന് നീയൊക്കെ  ചെറിയ കുട്ട്യാ..  ട്രൌസറും ഇട്ട്  മൂക്കട്ടേം ഒലിപ്പിച്ചു നട്ക്കുന്ന ചെറിയചെക്കൻ
അന്നെന്തോ  ഞാൻ തോണിയെറക്കീറ്റ്ല്ല കൂനിക്കൂടിയ കാർമേഘവും ,ഇടിയും, മിന്നലും, ഉണ്ടായിട്ടും പറയിയുടെ നിലവിളി എല്ലാരും കേട്ടു.  പക്ഷെ ആർക്കും പോകാൻ തോന്നീല്ല .ഒക്കെ ഒരു   തോന്നൽ പോലെ മാത്രം.  പിന്നെ കുത്തിക്കെട്ടി നിന്ന മഴ അന്ന് കുമിഞ്ഞു പെയ്തു. ആ മഴയിൽ പുഴ ഇളകി മറീഞ്ഞു  .  ഇടത്താറ്റ നാണൂന്റെ വീടും, വല്ല്യശ്മാന്റെ തറവാടും അന്ന് ഒഴുക്കിൽ തകർന്നു.  വീട് വീണപ്പോ കീഞ്ഞോടിയ വല്ല്യശ്മാന്റെ മൂത്ത മോന്റെ കെട്ട്യോൾടെ കെർപ്പം അലസിയതും അന്നു തന്നെ .  പിറ്റേന്നാ പറയീന്റെ തുണിയില്ലാത്ത ദേഹം  ആ അലക്കു കല്ലിൽ കിടന്നേ.  പറയി ആണെന്ന്  ആരും കണ്ടാൽ പറയില്ല.  തെക്ക്ന്ന് വന്ന ഏതോ മാപ്ലയ്ക്ക്ണ്ടായതാന്നാ നാട്ടുകാരുടെ ചൊല്ല് .  അത്രയ്ക്ക് നെറാര്ന്ന്  ഓക്ക്.”
   
പറയിയെ കുറിച്ചു പറയുമ്പം  കേളപ്പേട്ടന്റെ കണ്ണിൽ ഒരു പ്രത്യേക തിളക്കം തളം കെട്ടി കിടന്നിരുന്നു . 
“  ഓളെ ചന്തം തന്നെയാ  ഓളെ കൊന്നേ” 
“ഓളെ ചന്തീം മൊലേം കണ്ടാൽ അന്ന് ഒറങ്ങാൻ കഴിയൂല്ല ആണായിപ്പിറന്ന ഒരുത്തനും” 
പുഴയിലെ വെള്ളാരം കല്ലുകളെ നോക്കി കേളപ്പേട്ടൻ പറയും . 
“ ഈ കല്ലുകളെല്ലാം പറയീന്റെ മൊലകളെപ്പോലെയാ . നാട്ടിലെ നങ്ങ്യാരത്തികൾക്കും, നമ്പൂരിച്ചികൾക്കും  കൂടി ഇണ്ടാവൂല്ല  ഓളെ ഒരു  എടുപ്പ്” 
കേളപ്പേട്ടന്റെ കണ്ണുകളിലെ തെളിച്ചം മാത്രം മതി അക്കാലത്ത് പറയി  പുരുഷ മനസ്സുകളിൽ എത്രത്തോളം ഉത്തേജനമായിരുന്നെന്ന് മനസിലാക്കാൻ. 
  
പുഴയിലെ വെള്ളാരം കല്ലുകൾ പറയീന്റെ മൊലകളുടെ ഭംഗിയുണ്ടോ.. ദിനേശൻ മെല്ലെ പുഴയിലേക്കു നോക്കി. കുഞ്ഞോളങ്ങൾ മെല്ലെ കാഴ്ച മങ്ങിച്ചു. പിന്നെ കുത്തിപ്പെയ്തൊരു  മഴയായിരുന്നു ..  പൂട്ടിക്കെട്ടിയ തീപ്പെട്ടി കമ്പനിയുടെ ചായ്പ്പിലോട്ടു ഓടിക്കയറി . തകർത്തു പെയ്യുന്ന മഴ , ഒരു മനുഷ്യ ജീവിപോലും പോകുന്നതും കാണാനില്ല , കേളപ്പേട്ടന്റെ തോണിയും ഇല്ല . ആ രാത്രി മുഴുവൻ പുഴക്കരയിലെ തീപ്പെട്ടികമ്പനിയുടെ ചായ്പ്പിലിരിക്കുമ്പോ  പറയി ചത്തു മലച്ചു കിടന്ന അലക്കു കല്ലും , വെള്ളാരം കല്ലു തോൽക്കുന്ന മുലയും, തുടയും പേടിപ്പെടുത്തി . പറയിയുടെ സൌന്ദര്യം പേടിപ്പെടുത്തുന്ന   പുരുഷമനസിൽ  ആദ്യത്തേത്  ഒരു പക്ഷെ ദിനേശന്റെതാകാം. പണ്ട് പറയിയുടെ ശവം കാണാൻ വന്നവർ പോലും  അവളൂടെ മുലകാണാൻ വന്നവരായിരുന്നു എന്നാ കേട്ടൂ കേൾവി.  

           നിറഞ്ഞു കവിഞ്ഞ പുഴയിലൂടെ ഒഴുക്കിൽ തോണിത്തല നേരെയാക്കാൻ കേളപ്പേട്ടൻ നന്നേ പണിപ്പെട്ടു . കുത്തിയൊഴുകുന്ന പുഴയിലൂടെ ചത്ത പശുക്കളും കോഴികളും ഒഴുകിവന്നു.  ഇന്നലെ വരെ തെളി നീരൊഴുക്കിയ തേജസ്വിനി  ഒരു ശവ ഘോഷയാത്ര  നടത്തുന്നതു പോലെ തോന്നി കരുണേട്ടന്റെ ചായ പീടികയിൽ നിന്നൊരു ചായ കുടിച്ചിരിക്കുമ്പോഴാ രാജു വന്ന് വിളിച്ചത് . 
എന്താന്നു ചോദിച്ചപ്പോ അവൻ ഒന്നും പറഞ്ഞില്ല  എല്ലാരിലും വിഷാദം തളം കെട്ടി നിൽക്കുന്നത് ദിനേശനിൽ ഭീതി ഉണർത്തി ,  “രാജൂ നീ പറയുന്നുണ്ടെങ്കിൽ പറ അല്ലെങ്കിൽ എനിക്കു വേറെ പണിയുള്ളതാ  ,, എന്താ കാര്യം ..?”   
        “ അത്  ..അത് .. സന്ധ്യ ഇന്നലെ കോളേജിൽ പോയി  തിരിച്ചു വന്നില്ല” 
“ കാറ്റും മഴയും ആയതു കൊണ്ട് അക്കരേ ചങ്ങായിമാരെ വീട്ടിലേട്യെങ്കിലും തങ്ങീറ്റ്ണ്ടാവൂന്ന് വിചാരിച്ച്  രാത്രി തെരയാനൊന്നും   പോയില്ല”   
പെട്ടെന്നെന്തോ  ഒരു  മരവിപ്പ് ശരീരമാകെ കയറിയതു പോലെ ദിനേശനു തോന്നി  കയ്യിലിരുന്ന ഗ്ലാസ് പതിയെതാഴെ വച്ച്  ചായക്കടയിലേ  കൽ തൂണിൽ  മുറുകെ പിടിച്ചു. 

അക്കരേന്നു വന്ന കേളപ്പേട്ടന്റെ തോണി വിവരം പറഞ്ഞപ്പോ വടക്കേക്കര ഒന്നാകെ ഞെട്ടി. 
“പറയിക്കടവിന്റെ പടിഞ്ഞാറെ കാട്ടില് സന്ധ്യേന ആരൊക്കെയോ ചേർന്ന്”..!!! 
തലേന്നു പെയ്ത ഇടിയുടെയും മഴയുടെയും തനിയാവർത്തനമായിരുന്നു ദിനേശന്റെ നെഞ്ചിലപ്പോൾ.  സകല നാഡീ ഞരമ്പുകളും പൊട്ടി ചോര വാർന്നൊഴുകുന്ന പോലെ തോന്നി.   ശരീരം  താങ്ങവയ്യാതെ വന്നപ്പോൾ അയാൾ കൊടിമരചോട്ടിൽ  ഇരുന്നു 
 “ ഇന്നലെ നീ അലറിക്കരഞ്ഞപ്പോ ഒന്നും ചെയ്യാൻ കഴിയാണ്ട്  കുഞ്ഞേട്ടൻ തൊട്ടപ്പുറത്തുണ്ടായിരുന്നല്ലോ മോളേ.”  എന്നു പറഞ്ഞു  പൊട്ടിക്കരഞ്ഞൂ ദിനേശൻ . 

          പനമ്പായയിൽ പൊതിഞ്ഞ്  പടിയിറക്കുമ്പോ ഒന്നേ  നോക്കിയുള്ളൂ.. അവളുടെ നീല കണ്ണുകൾ ഒന്നു തുറന്നടഞ്ഞതു പോലെ തോന്നി ദിനേശന്.. “ എന്റെ മോളേ” എന്നും വിളിച്ച് ഒരുതരം അലർച്ചയായിരുന്നു  അയാൾ . കണ്ടു നിന്നവർക്കു പോലും ഹൃദയം പിടഞ്ഞു  ശ്വാസം കിട്ടാതെ പലരും നെഞ്ചു തടവി..  
“ അമ്മച്ചി  നാട്ടിപ്പണിക്കു പോകുമ്പം കുഞ്ഞേട്ടൻ നോക്കിവളർത്തിയ മോളല്ലെ ...ദണ്ണം കാണൂല്ലെ ഓന്” ...കൂടി നിന്ന പെണ്ണുങ്ങൾ അടക്കം പറഞ്ഞു.  പടിയിറങ്ങിപ്പോകുമ്പോഴും അവൾ ഒരു കുസൃതി കാണിച്ചപോലെ ..

അന്നു രാത്രി തേജസ്വിനിപ്പുഴ കരഞ്ഞു  .. ആ കണ്ണീർ ഒരു പ്രളയ പ്രവാഹം പോലെ അലയടിച്ചു പലപ്പോഴും കരയെ മർദ്ദിച്ചു  നിറഞ്ഞൊഴുകി . തേജസ്വിനി രൌദ്രഭാവം പൂണ്ട് ആരെയൊക്കെയോ  പിഴുതു. അക്കൂട്ടത്തിൽ കേളപ്പേട്ടന്റെ ദേഹവും പിറ്റേന്ന്  പടിഞ്ഞാറെ അഴി മുഖത്ത് നാട്ടുകാർ കണ്ടെടൂത്തു. 
ഇനി പോണോർക്കും വർണോർക്കും പറയീന്റെ മുലകളെയും ചന്തിയെയും  കുറീച്ചു വിവരിക്കാൻ ഇനി പുതിയൊരു തോണിക്കാരൻ വരേണ്ടിയിരിക്കുന്നു. വെള്ളാരം കല്ലുകൾ കാണൂമ്പോൾ തെക്കേക്കരക്കാരും വടക്കേക്കരക്കാരും , വർണ്ണിച്ചിരുന്ന പറയിയുടെ മുലകൾക്ക് ശാപമോഷം ലഭിക്കുമോ..? ലഭിക്കണം , ലഭിച്ചേ  തീരൂ. 
പിറ്റേന്ന് അഴിമുഖത്ത് തകർന്നടിഞ്ഞ കേളപ്പേട്ടന്റെ തോണി വിച്ചോർമ്മൻ ആശാരിയെ കൊണ്ട് നന്നാക്കിച്ചു താറടിച്ച് ലീക്കടച്ച് കുട്ടപ്പനാക്കി .ഒരു പുതിയ തോണിക്കാരനായി ദിനേശൻ മുള കുത്തി . 
രാത്രി ഏറെ വൈകും വരെ അയാൾ  നിലവിളികൾക്ക് കാതോർത്ത് ഉറങ്ങാതെ കിടന്നു. തേജസ്വിനിയിലൂടെ പോകുമ്പോൾ മുളങ്കോലിട്ട് അയാൾ തെളി നീർ കലക്കി മറിക്കും, യാത്രക്കാർ ആരും ഇനി വെള്ളാരം കല്ലുകളിൽ പറയിയുടെയും തന്റെ പെങ്ങളൂടെയും, മുലകൾ കാണരുത് . 

തേജസ്വിനി പറയുന്ന പുതിയ കഥകളിൽ  പറയിയും സന്ധ്യയും ഇല്ലാതിരിക്കട്ടെ . 

************************************************************************************************************************************************************************************************************************
നാട്ടിപ്പണി:   വയലിൽ പണി. 

37 comments:

 1. ഉള്‍നാടന്‍ കഥ,
  അരികിലുണ്ടായിട്ടും സമൂഹം വരുത്തിത്തീര്‍ത്ത പേടിയില്‍ രക്ഷിക്കനാവാതെ പോയ ഉടയവരുടെ മരണം. അതില്‍ നിന്ന് ഉടലെടുത്ത ആത്മ സങ്കര്‍ഷം...
  നന്നായി പറഞ്ഞിരിക്കുന്നു

  ഉള്‍നാടന്‍ ഗ്രാമീണത ഫീല്‍ ചെയ്തു

  ReplyDelete
 2. കൊട്ടിലയുടെ ഈ കഥ ഇഷ്ടമായി...പക്ഷെ
  പറയിക്ക് ഒരു പേരു നൽകാമായിരുന്നു. ഓരോയിടത്തും
  പറയി ആവർത്തിക്കുമ്പോൾ ഒരു വല്ലാത്ത അസ്വാസ്ഥ്യം തോന്നുന്നു. ആഖ്യാനത്തിലെ കയ്യടക്കം അഭിനന്ദിക്കാതെ വയ്യ. തേജസ്വിനി എന്നത് കാസർഗോഡ് അതായത് കർണ്ണാടക അതിർത്തിയിൽ ഒഴുകുന്ന നദിയല്ലെ...?
  അവിടത്തെ വായ്മൊഴി വഴക്കം ഈ കഥയിൽ കൊട്ടില
  ഉപയോഗിച്ചത് തന്നെയാണോ...? അറിയില്ല അതുകൊണ്ട് ചോദിച്ചതാണ്‌.

  'താറടിച്ച് ലീക്കടച്ച് കുട്ടപ്പനാക്കി' ഇതിലെ കുട്ടപ്പനാക്കി എന്നപ്രയോഗം വേണ്ടായിരുന്നു. കഥയുടെ വായനയിൽ അതുവരെ തുടർന്ന് വന്ന ഗൗരവം ആ ഒറ്റവാക്കിൽ എനിക്ക് നഷ്ടമായി[എന്റെമാത്രം കര്യം]

  എഴുത്ത് തുടരുക
  തേജസ്വിനിയിലെ പുതിയ തോണിക്കാരനെ നെഞ്ചേറ്റുന്നു.

  ReplyDelete
 3. തേജസ്വിനി പറയുന്ന പുതിയ കഥകളിൽ പറയിയും സന്ധ്യയും ഇല്ലാതിരിക്കട്ടെ .


  നന്നായിരിക്കുന്നു കൂട്ടുകാരാ... :)

  ReplyDelete
 4. 'താറടിച്ച് ലീക്കടച്ച് കുട്ടപ്പനാക്കി' ഇതിലെ കുട്ടപ്പനാക്കി എന്നപ്രയോഗം വേണ്ടായിരുന്നു. കഥയുടെ വായനയിൽ അതുവരെ തുടർന്ന് വന്ന ഗൗരവം ആ ഒറ്റവാക്കിൽ എനിക്ക് നഷ്ടമായി" വായന്യുടേ അന്ത്യം എന്റെയും മൻസ്സിൽ തങ്ങി തടഞതു ഇതു വേൺടായിരുന്നു എന്നതാ.. എനിക്കിഷ്റ്റായ്യി...നല്ലഒരു കഥ നാളുകൾക്കു ശേഷം വായിച്ചു...കഥാഭൂമിക നിർമ്മിക്കാൻ കഥാഖ്യാനത്തിനു സാധ്യമായിരിക്കുന്ന്നു....

  ReplyDelete
 5. തേജസ്വിനി ഇനിയും കഥകൾ പറയട്ടെ.... നാടകക്കാരന്റെ നാട്യങ്ങളില്ലാത്ത, നാടകീയതകളില്ലാത്ത കഥ നന്നായി ആസ്വദിച്ചു

  ReplyDelete
 6. തേജസ്വിനി നീ സാക്ഷി ...!!
  നന്നായിരിക്കുന്നു

  ReplyDelete
 7. "തേജസ്വിനിയിലൂടെ പോകുമ്പോൾ മുളങ്കോലിട്ട് അയാൾ തെളി നീർ കലക്കി മറിക്കും..." ആ ഏട്ടന്റെ മനസ്സ് കലങ്ങുന്നത് അനുഭവവേദ്യമാകുന്നു. നല്ല കഥ.

  ReplyDelete
 8. തേജസ്വിനി ഇനിയും കഥകള്‍ പറയാതിരിക്കട്ടെ....
  ഇനിയൊരു പറയിയും സന്ധ്യയും ആ കുത്തൊഴുക്കില്‍ ഒഴുകിപ്പോകാതിരിക്കാന്‍ തേജസ്വിനിയിലെ പുതിയ തോണിക്കാരന്‍ കാവലായിരിക്കട്ടെ.
  കുഞ്ഞേട്ടന്റെ വേദന വായനക്കാരിലേക്കും പകരാന്‍ കഴിഞ്ഞു....നന്നായിരിക്കുന്നു

  ReplyDelete
 9. നാടൻ പ്രയോഗങ്ങൾ.. തെളിമ.. നന്നായിട്ടുണ്ട് കഥ.

  ReplyDelete
 10. കരൾ പിളരും കാലം...
  വിഹ്വലതകളുടെ കാലം...

  നന്നായെഴുതി.
  അഭിനന്ദനങ്ങൾ!

  ReplyDelete
 11. നെഞ്ചു പൊട്ടുന്ന തേജസ്വിനി......
  നന്നായി എഴുതി. അഭിനന്ദനങ്ങൾ.

  ReplyDelete
 12. മുകളിലെ അഭിപ്രായങ്ങളെല്ലാം കോര്‍ത്ത്‌ ഒരു മാലയാക്കി ബിജുവിണ്റ്റെ കഴുത്തിലിടാം. കൂടെ അഭിനന്ദനങ്ങളും.

  ReplyDelete
 13. സ്പർശിക്കുന്നു ഈ കഥയും കഥ പറച്ചിലും. പറയിയ്ക്കൊരു പേര് തന്നെ വേണമായിരുന്നു. ഇനി സെന്റിമെന്റ്സ് കഥ വേണ്ടാട്ടോ. കുറെയായി.

  ReplyDelete
 14. എല്ലാവർക്കും സ്നേഹം മാത്രം . ഈ പ്രോത്സാഹനത്തിനും ഇഷ്ടത്തിനും

  ReplyDelete
 15. കഥ വളരെ അധികം ഇഷ്ടപ്പെട്ടു. നാട്ടുഭാഷാ പ്രയോഗങ്ങളും, ഗ്രാമീണതയും മാറ്റ് കൂട്ടുന്നു...

  ReplyDelete
 16. വളരെ നല്ല കഥ...ഒരിക്കല്‍ പോലും ഒരിടത്തും ഒരു അശ്ലീലത തോന്നിയില്ല....അത്രയ്ക്ക് മികവുണ്ടായിരുന്നു ഓരോ വാക്കുകള്‍ക്കും...

  ReplyDelete
 17. നാടന്‍ പ്രയോഗങ്ങള്‍ വളരെ മികവു പുലര്‍ത്തി. മുകളില്‍ സുനിലൻ കളീയ്ക്കൽ സൂചിപ്പിച്ച പോലെ പറയി ഒരു ബിംബമല്ല എങ്കില്‍ പറയിക്ക് ഒരു നാമമാവാമായിരുന്നു. ഒപ്പം ബിജു ഒന്ന് കൂടെ പറയട്ടെ.. നിന്റെ ഭാഷയും പ്രയോഗങ്ങളും മനോഹരങ്ങളാവുമ്പോഴും വിഷയങ്ങള്‍ പഴയത് തന്നെയാവുന്നു. വിഷയങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ അതല്ലെങ്കില്‍ പഴയ വിഷയമാണെങ്കില്‍ കൂടെ അതില്‍ ഒരു പുതുമ കൊണ്ടുവരാന്‍ കൂടെ നോക്കിയാല്‍ നിനക്ക് ശോഭിക്കാന്‍ കഴിയും. കാരണം ചില നല്ല പ്രയോഗങ്ങള്‍ നിന്റെ പല കഥകളിലും കാണാറുണ്ട്.

  ReplyDelete
 18. നാടൻ ഭാഷാപ്രയോഗങ്ങളെല്ലാം വളരെ നന്നായിരിക്കുന്നു, ഓരോ നാട്ടിനും ഇത്തരം കഥകൾ ഉണ്ടാവും; ആധുനിക തലമുറകൾക്ക് കൈമോശം വന്ന, അവരറിയാത്ത കഥ.

  ReplyDelete
 19. നാട്ടിപ്പണി

  nannayi ee katha.

  ReplyDelete
 20. ഇഷ്ടപ്പെട്ടു നാടകക്കാരാ,
  നാട്ടുഭാഷയും ഉള്‍നാടന്‍ ഗ്രാമവും തീര്‍ത്ത ഒരു കൊച്ചു കഥ...
  രഞ്ജിത്-ന്റെ 'പലേരി മാണിക്യം' സിനിമ പെട്ടന്ന് മനസ്സില്‍ തെളിഞ്ഞു....
  ആശംസകള്‍...എഴുത്ത് തുടരുക...

  ReplyDelete
 21. നന്നായിട്ടെഴുതി ...കൊള്ളാം ...ഒരുപാട് ഇഷ്ടായി ...
  അഭിനന്ദനങള്‍ ....ഇനിയും ...ഒരുപാട് എഴുതുക ...:))

  ReplyDelete
 22. This comment has been removed by the author.

  ReplyDelete
 23. അതീവ ഹൃദ്യം ആയി പറഞ്ഞ ഒരു നാടന്‍ കഥ. നന്നായി ആസ്വദിച്ചു. ആശംസകള്‍ .

  ReplyDelete
 24. ചെരിച്ചും ആടിയും പറഞ്ഞ കഥ ആ പുഴയിലൊഴികുന്ന ഓളങ്ങളെപോലെ വായിക്കാന്‍ നല്ല അനുഭവമുണ്ടാക്കി നിങ്ങളുടെ എഴുത്ത്
  ഭാവുകങ്ങള്‍

  ReplyDelete
 25. ഇഷ്ട്ടായി .
  കഥ പറച്ചില്‍ വളരെ നന്നായി.

  ReplyDelete
 26. മുഖങ്ങള്‍ മാത്രം മാറും ! ഒരിക്കലും നിലക്കാത്ത രോദനങ്ങള്‍ എന്നും അവശേഷിക്കും

  ReplyDelete
 27. തേജസ്വിനി ഇനിയും കരയും..
  നന്നായിരിക്കുന്നു മാഷേ ...കേളപ്പേട്ടനും,പറയിയും..ദിനേശനും എല്ലാം മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു..സന്ധ്യയുടെ തുറന്നടഞ്ഞ നീലക്കണ്ണുകളും

  ReplyDelete
 28. സത്യം പറഞ്ഞാൽ എനിയ്ക്ക്‌ 'സീതേടത്തി'യുടെ ഒരു പെർഫെക്ഷൻ മീരയിലും തേജസ്വിനി പറഞ്ഞ കഥയിലും കാണാനായില്ല ബിജു. എങ്കിലും എഴുത്തിന്റെ വശ്യത അംഗീകരിയ്ക്കാതെ വയ്യ! പുതിയ പ്രമേയങ്ങൾ പ്രതീക്ഷിയ്ക്കുന്നു..

  ReplyDelete
 29. വായിച്ചു..‘മീര’പോലെതന്നെ നന്നായിഷ്ടപ്പെട്ടു..
  ജീവന്‍തുടിക്കുന്ന കഥാവസാനം തേജസ്വിനിയുടെ കുഞ്ഞോളങ്ങളില്‍ നീങ്ങിമറയന്ന തോണിയുംതോണിക്കാരനും മനസ്സില്‍ മായാതെ നില്‍ക്കുന്നു.
  .....‘നന്നാക്കിച്ചു താറടിച്ച് ലീക്കടച്ച് കുട്ടപ്പനാക്കി‘ ഇതില്‍ “കുട്ടപ്പനാക്കി”എന്നപ്രയോഗം മാത്രംഈരചനാശൈലിക്കു യോജിക്കാത്തതായി എനിക്കുതോന്നുന്നു...
  തേജസ്വിനിയിലെ നീരൊഴുക്കു
  പോലെ...നിലക്കാത്തപ്രവാഹമാകട്ടെ താങ്കളുടെ സ്യഷ്ടികളും.
  ഒത്തിരിയാശംസകള്‍...!!!

  ReplyDelete
 30. ഒരു ഗ്രാമാന്തരീക്ഷം വായനക്കാരുടെ ഹൃദയത്തില്‍ സൃഷ്ടിക്കാനായി താങ്കള്‍ക്ക്. നാടന്‍ പ്രയോഗങ്ങളിലൂടെയും കഥ മനസ്സിലേക്ക് ആഴത്തില്‍ ഇറങ്ങി. കഥ വളരേയധികം ഇഷ്ടപ്പെട്ടു. ആശംസകള്‍.

  ReplyDelete
 31. വളരെ ഇഷ്ടമായി തേജസ്വിനിയുടെ ഈ കണ്ണീര്‍ക്കഥ

  ReplyDelete
 32. വളരെ മനോഹരമായി പറഞ്ഞ് .ചിലസ്ഥലങ്ങളുടെ ഭൂമിശാസ്ത്രം അങ്ങനെയാണ് കാലങ്ങളായി ചരിത്രം ആവാർത്തിച്ചുകൊണ്ടിരിക്കും.കഴുകകണ്ണൂകൾ അവിടെ എപ്പോഴും കൊരുത്തിട്ടിരിക്കും.

  ReplyDelete
 33. വായിച്ചു .. ഒരിക്കലല്ല പലവട്ടം.. മനസ്സില്‍ വല്ലാത്ത നീറ്റലുണ്ടാക്കും വിധം എഴുതിയ കഥ.
  സുനിലൻ കളീയ്ക്കൽ:-.. പണ്ട് ഒക്കെ ആളുകളെ സംബോധന ചെയ്തിരുന്നത് കേളന്‍പറയാ, കുട്ടിച്ചോവാ, കേശവന്‍നായരേ,കാളിപെലയി,ബീവാത്തുമ്മ, തൊമ്മന്‍മാപ്പിള..ഈ വിധമായിരുന്നു, ജാതിപ്പേരില്ലതെ വിളിച്ചാല്‍ അവര്‍ കോപിച്ചിരുന്നു.ഏട്ടാ, ചേച്ചി ഒന്നും ചേര്‍ത്ത് അന്ന് അന്യരെ വിളിപ്പേരാക്കിയിരുന്നില്ല.....
  കഥയിലെ കേളപ്പേട്ടനെ പഴയ തലമുറയുടെ പ്രതിനിധി ആയി കണ്ടാല്‍ "പറയി" എന്ന് അവരെ അനുസ്മരിക്കുന്നത് യാദൃശ്ചികം.നാടകക്കാരന്‍ ഈ ഒറ്റവാക്കിലൂടെ കാലത്തെ നന്നായി വരച്ചിട്ടു.
  'പറയിക്കടവില്'കൂടി ഇനിയുള്ള കാലത്ത് എങ്കിലും പറയിയും സന്ധ്യയും സുരക്ഷിതരായി യാത്ര തുടരട്ടെ,ചരിത്രം ആവര്‍ത്തിക്കാതിരിക്കട്ടെ.
  നാടകക്കാരന്റെ നല്ല രചനകളുടെ കൂട്ടത്തിലേയ്ക്ക് ഇതാ"തേജസ്വിനി പറഞ്ഞ കഥ"

  ReplyDelete
 34. നീയൊരു ഒടുക്കത്തെ കഥാകാരനാണു..
  നീ വന്ന നാള്‍ മുതല്‍ ഞാന്‍ നോട്ടമിട്ടിരിക്കുന്നതാണു നിന്നെ..
  കൂതറതിരുമേനിക്കു പേരു ചാര്‍ത്തിക്കൊടുത്തു..
  പിന്നെ..പിന്നെ..
  ഒന്നും പറയേണ്ടല്ലോ അല്ലേ..
  ആകാംക്ഷാ വിസ്മയഭരിതനായി വായിച്ചു ചേര്‍ത്തു..
  ആശംസകള്‍..

  (ഇനിയെന്റെ പുറകേ നടക്കരുത് കെട്ടോ..ഹിഹിഹി)

  ReplyDelete
 35. വളരെ ഇഷ്ടായി

  ReplyDelete
 36. nadan reethi athu nannyirikkunnu,,pakshey ithilum kuduthal sadhikkum bijuvinu ennirikkey all the very best

  ReplyDelete
 37. കഥ വായിച്ചു തുടങ്ങിയപ്പോള്‍ ഒരു ഒഴുക്കില്‍ അങ്ങ് വായിച്ചു പക്ഷെ അവസാനം ആയപ്പോയെക്കും വേണ്ട യിരുന്നു എന്ന് തോന്നി ഒരു വല്ലാത്ത അവസ്ഥ കണ്ണുകളെ നനയിച്ചു

  ReplyDelete