NINGALKKU EE BLOG VAYIKKAN KAZHIYUNNILLEE PLEACE DOWNLOAD THIS FONTS

Font Banner

Thursday, May 6, 2010

ഒന്നും വേണ്ടായിരുന്നു അല്ലേ.?

            വറ്റകള്‍ ഇന്നുറങ്ങാന്‍  സമ്മതിക്കുമെന്ന് തോന്നുന്നില്ല. കരിഞ്ഞുണങ്ങിയ മണലില്‍ ഒരു തുള്ളിമഴ പെയ്തപ്പൊഴേക്കും തുടങ്ങിയില്ലെ മൂളിപ്പാട്ടും പാടി ഈ അഹങ്കാരം. ഹരി തിരിഞ്ഞും മറിഞ്ഞും കിടന്നു.മഴയെ ഒരാവര്‍ത്തി ശപിച്ചു. “നാശം ഒന്ന് കനത്തു പെയ്തൂടെ  ഒന്നു വന്ന് ആളെ പറ്റിച്ചു കടന്നു കളഞ്ഞിരിക്കുവാ, സ്വതവേ ഉള്ള ചൂടിന്റെ കൂടെ ഇരട്ടി ചൂടും തന്നു. ഇന്നത്തെ ഉറക്കം പോക്കുതന്നെ, നാളെ പഞ്ചായത്തില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തെ കുറിച്ച് സെമിനാറുള്ളതാ ഇന്നുറങ്ങിയില്ലെങ്കില്‍ പിന്നെ നാളത്തെ കാര്യം ഗോവിന്ദ.” തലങ്ങും വിലങ്ങും കൈഇട്ടടിച്ചു  എവിടെ കിട്ടാന്‍  പിന്നെയും മൂളല്‍ ബാക്കി കൊതുകു നിവാരണത്തിനു ചിലവഴിച്ച കാശുപൊടിച്ചതു നഷ്ടം എന്നല്ലാതെ ഇവറ്റകള്‍ക്ക്  ഒരു കുറവും ഇല്ല ഒരു മഴചാറ്റല്‍  മതി എവിടെന്നില്ലാതെ എത്തിക്കോളും ഉറങ്ങാന്‍ സമ്മതിക്കില്ലെന്നെ.” ഹരിക്ക് കൊതുകിനെ വല്ലാത്ത അലര്‍ജ്ജിയാണ്. കൊതുകു കടിച്ചേടത്ത് ഉണ്ണിയപ്പത്തിന്റെയത്ര വണ്ണത്തി മുഴച്ചു വരും ഒരിക്കല്‍ ഈ മുഴ ഹരീടെ കുറേ കാശ് കളഞ്ഞതാ കെട്ടോ. ഒരു ദിവസം കാലത്തെഴുന്നേറ്റപ്പൊ കഴുത്തിനു താഴെ ഒരു മുഴ വീട്ടുകാരെല്ലാവരും ഭയന്നു അന്നു സുലുവിനെ കല്ല്യാണം കഴിച്ചിട്ടുണ്ടായിരുന്നില്ല ക്ഷയരോഗത്തിന്റെ ലക്ഷണമാണെന്നു കരുതി മെഡിക്കല്‍ കോളേജില്‍ പോയി സകല ടെസ്റ്റും എടുക്കേണ്ടി വന്നു ഒടുവിലാ കളി ഗായകന്റെതാണെന്നു (മൂളിപ്പാട്ടുകാരന്റെ)മനസ്സിലായത്.


                      “റോഡിലൂടെ കുതിച്ചു പായുന്ന പാണ്ടി ലോറിയുടെ  ശബ്ദം പോലും ഹരിയുടെ ഉറക്കം കെടുത്തിയിട്ടില്ല പക്ഷെ ഈ നാശങ്ങള്‍ അവയുടെ മൂളല്‍ ഒരു വല്ലാത്ത ഇറിറ്റേഷന്‍ തന്നെ“  ഹരി മെല്ലെ വാതിലു തുറന്ന് പുറത്തേക്കിറങ്ങി നാഷണന്ല്‍ ഹൈവേയുടെ അടുത്താണ് ഹരിയുടെ വീട്. മുരണ്ടു കൊണ്ടു ചീറിപ്പായുന്ന വാഹനങ്ങള്‍ ജനല്‍ ചില്ലുകളില്‍ മിന്നിമറയുന്ന ഹെഡ്ലൈറ്റിന്റെ കൊള്ളിയാന്‍, ഒക്കെയുമായും ഹരി പൊരുത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു . ഹരിക്ക് ആരോഗ്യ വകുപ്പില്‍ ഉയര്‍ന്ന ഉദ്ദ്യോഗം കിട്ടിയപ്പോഴേ സുലോചനയ്ക്ക് ഒറ്റ നിര്‍ബന്ധം ഹൈവേക്കടുത്ത് ഒരു വീടു വാങ്ങണം . ‘കളിപ്പാട്ടേക്ക്’ ഓത്തിരി ദൂരമൊന്നും ഇല്ലല്ലോ അവിടുന്ന് അച്ഛനെയും അമ്മയെയും എപ്പൊ വേണേലും കാണാന്‍ വരാല്ലോ. തോന്നുമ്പൊ ഒന്നു വിളിച്ചാല്‍ മതീല്ലെ. എന്റെ കാറും ഉണ്ട്  ദിഡീന്ന് ഇങ്ങെത്തില്ലെ അമ്മേ” വീടൂ വിട്ടിറങ്ങുമ്പോള്‍ കരഞ്ഞു കലങ്ങിയ കണ്ണുമായി വാതില്‍ പടിമേല്‍ നില്‍ക്കുന്ന അമ്മയോട് സുലു പറഞ്ഞു. പടിയിറങ്ങുമ്പോഴും അച്ഛന്‍ ഒന്നും മിണ്ടിയില്ല ചാരുകസേരയിലിരുന്നു  മൌനാനുവാദമോ ദേഷ്യമോ എന്തോ വായിച്ചെടുക്കാനാവത്ത ഒരിരുത്തം. കാല്‍ തൊട്ടു വന്ദിച്ച് അവിടിന്ന് വിട്ടു പോരുമ്പോള്‍ വല്ലാത്ത ഒരു നൊമ്പരം മനസില്‍  പിടഞ്ഞു.

                           അമ്മയെയും അച്ഛനെയും വിട്ടിട്ടു വരാന്‍ മനസ്സുണ്ടായിട്ടല്ല സുലുവിനു  കോടതിയില്‍ പോകാന്‍ എളുപ്പം ഇവിടെയാണ്  പിന്നെ കസ്റ്റമേഴ്സിന് എത്തിച്ചേരാന്‍ എളുപ്പവും.
പിന്നെ ‘കളിപ്പാട്ടാകുമ്പോള്‍ ’ കാറ് വീടുവരെ പോകില്ല കോണ്ട്രാക്ടര്‍ കൃഷ്ണേട്ടന്റെ വീടുവരെയേ റോഡുള്ളൂ.വണ്ടി അവരുടെ വീട്ടിലാണ് വെയ്ക്കാറ്. ഒരു ദിവസം ടയര്‍ നിറയെ ചെളിയുമായി സുലു ഇന്റര്‍ ലോക് ചെയ്തിട്ട മുറ്റത്ത് കാറ് കേറ്റിയിട്ടതിന് കൃഷ്ണേട്ടന്റെ ഭാര്യ ശാരദേടത്തിയുടെ നാവില്‍ നിന്ന് ഒരു പാട് കേട്ടതുമാണ് . അന്നായിരിക്കും സുലു ആദ്യമായി എന്റെ അടുത്ത് കരഞ്ഞത്. വല്ല്യ വക്കീലാണെന്നു പറഞ്ഞിട്ടെന്താ കാര്യം നാണം കെട്ടാല്‍ എല്ലാ പെണ്ണും ഒരു പോലെ തന്നെ. അന്നു രാത്രി വാശിയോടെ പറഞ്ഞതാ അവള് ഹൈവേയ്ക്കടുത്ത് ഒരു വീടു വാങ്ങണമെന്ന് .
                           
                          വീട്ടു പറമ്പില്‍ കൃഷിയുണ്ട് അച്ഛനെ സഹായിക്കാന്‍ ....,ക്ലബ്ബിന്റെ പ്രസിഡന്റ് സ്ഥാനം , ക്ഷേത്ര കമ്മറ്റി, പാര്‍ട്ടി ബ്രാഞ്ച്,  ഒക്കെ പ്രശ്നങ്ങളാണ് ഒക്കത്തിനും പരിഹാരവും സുലു തന്നെ നിര്‍ദ്ദേശിച്ചു..“എന്നെ ഓഫീസില്‍ വിട്ട് നിങ്ങള്‍ കാറെടുത്തോളൂ. അപ്പൊ പിന്നെ എവിടെ വേണേലും പോകാല്ലോ. പിന്നെ അച്ഛനെ സഹായിക്കാന്‍ ഞാന്‍ ഒരു പണിക്കാരനെ വച്ചോളാം
കൂലി എന്റെ ശമ്പളത്തില്‍നിന്നു  ഞാന്‍ കൊടുത്തോളാം“. വീടൊന്നു മാറിയതേ ഉള്ളൂ അപ്പൊഴേക്കും നിന്റെത്  എന്റെത് എന്നുള്ള വാക്കുകളൊകെ പുറത്തിറങ്ങാന്‍ തുടങ്ങിയിരിക്കുന്നു. പെട്ടെന്ന് മുറ്റത്തേയ്ക്ക് എന്തോ കിതച്ചു കൊണ്ട് ഓടി വന്നു രണ്ട് പട്ടികളായിരുന്നു അവ മുറ്റത്തുകിടന്ന് കടി പിടി കൂടി ബഹളമുണ്ടാക്കി ..താഴെ സ്റ്റെപ്പിനടുത്തു കിടന്ന സുലുവിന്റെ പഴയ ഒരു ജോഡി ചെരുപ്പെടുത്ത് ഹരി അവറ്റകളെ എറിഞ്ഞോടിച്ചു.ഈ ശബ്ദ്ദകോലാഹലങ്ങളൊന്നും സുലുവിന്റെ ഉറക്കം കെടുത്തിയില്ല. അവളൊന്നുമറിയാതെ സുഖനിദ്രയിലാണ്  ചൂടു കൂടിയതു കാരണം ഒന്നിച്ചു കിടക്കാറില്ല  കല്ല്യാണം കഴിഞ്ഞു രണ്ടു വര്‍ഷമായി ഒരു വര്‍ഷം കൂടി കഴിഞ്ഞിട്ടു മതിയെന്നാണ് സുലു പറഞ്ഞത്  ഇപ്പൊ ഉദ്ദ്യോഗം കിട്ടിയതല്ലെ ഉള്ളൂ ഒന്ന് സെറ്റിലാകട്ടെ പെട്ടൊന്നൊരു കുഞ്ഞുണ്ടായാല്‍ ഹരിക്ക് ചിലപ്പോള്‍ അത് വല്ല്യ സാമ്പത്തിക ബാദ്ധ്യത സൃഷ്ടിക്കും. ചിലപ്പോള്‍ സുലുവിന്റെ വര്‍ത്താനം കേട്ടാല്‍ തോന്നും കേരളത്തിലെ ധനമന്ത്രി പോലും ഇത്ര അഡ്വാന്‍സ്ഡായി ചിന്തിക്കില്ലെന്ന്  ഇവള്‍ എല്‍ എല്‍ ബിക്ക് പോയതിനു പകരം ഇക്കണോമിക്സായിരുന്നെങ്കില്‍ എവിടെയെങ്കിലുമൊക്കെ എത്തിയേനെ.

                    പുറത്ത് മുറ്റത്തൂടെ നടക്കാന്‍ ഇപ്പൊ ഒരു സുഖം തോന്നുന്നു എവിടെയോ നല്ല മഴ പെയ്യുന്നുണ്ട് അതാ ഇളം കാറ്റ് വീശുന്നേ. ഏതായാലും ഉറങ്ങാന്‍ കഴിയുമെന്നു തോന്നുന്നില്ല കുറച്ച് നേരം ഇങ്ങിനെ നടക്കാം. ഇപ്പൊ വന്ന കാറ്റിനു  ‘കളിപ്പാട്ടെ‘ വാഴത്തോപ്പിന്റെ മണം. തൊടിയിലെ അരിമുല്ലയുടെയും, പിച്ചകത്തിന്റെയും, ഇലഞ്ഞിയുടെയും ഒക്കെ മണം ആക്കാറ്റില്‍ ഹരി മണത്തെടുത്തു “മിറ്റത്തേക്കിറങ്ങിയാല്‍ മതി നല്ല കാറ്റ് കിട്ടും പടിഞ്ഞാറ് നിന്നുള്ള കാറ്റാ നല്ല തണുപ്പുണ്ടാകും” വീടിന്റെ താക്കോല്‍ തരുമ്പൊ ഉമ്മര്‍ ഹാജി പറഞ്ഞത് ഹരി ഓര്‍ത്തു.
                     അയ്യപ്പന്മാരണെന്നു തോന്നുന്നു വിഷുവിളക്കു തൊഴാന്‍ പോയവരായിരിക്കും റോഡരികില്‍ ഒരു ചുവന്ന വാന്‍നിര്‍ത്തിയിട്ടിരിക്കുന്നു എതിരെ വരുന്ന വാഹനങ്ങളുടെ  വെളിച്ചത്തില്‍ മാലയിട്ട ഫ്രൈമില്‍ മുന്നില്‍ തൂക്കിയിട്ട അയ്യപ്പന്റെ ഫോട്ടോ കാണുന്നുണ്ട് ശബരി മലയില്‍ ഈ സീസണില്‍ റെക്കോര്‍ഡ് വരവാന്നാണല്ലോ പത്രങ്ങള്‍ മുഴുവന്‍ റിപ്പോര്‍ട്ട്ചെയ്തത്. ദൈവകണം കണ്ടെത്താന്‍ ശാസ്ത്രലോകം ഒരു വശത്ത് മറു ഭാഗത്ത് ദൈവങ്ങളോടുള്ള ആരാധന അച്ഛമ്മയുടെ ബി പി പോലെ കുത്തനെ മേലോട്ട്.  മനുഷ്യന്മാര്‍ക്കൊക്കെ പേടി കൂടി വരികയാണ്. പേടികൂടുമ്പോഴാള്‍ ഭക്തി കൂടുക എന്ന് ആരോ പറഞ്ഞു കേട്ടത് ഓര്‍ക്കുന്നു. സുലുവും എന്നും കോടതിയില്‍ പോകുന്നതിനു മുന്‍പ് പ്രാര്‍ത്ഥിക്കുന്നതു കാണാം .കേസ് ജയിച്ചാല്‍ അത് ദൈവത്തിന്റെ കഴിവും , കേസ് തോറ്റാല്‍ അത് സുലുവിന്റെ ഭാഗ്യക്കേടും ഇതെന്തൊരു   ന്യായമാണല്ലെ.


            തൊടിയിലെ അരിമുല്ലയുടെ മണവുമായി വന്ന കാറ്റിനു എന്തോ പിശകു പറ്റിയിരിക്കുന്നു കാറ്റിന്റെ ഗന്ധം പതിയെ മാറിത്തുടങ്ങിയിരിക്കുന്നു  റോഡരികിനോടു ചേര്‍ത്തുവച്ച ബോഗണ്‍ വില്ലയുടെ ചോട്ടില്‍ ഒരാള്‍ പെരുമാറ്റം  “ആരാ അത്” ഹരി ഉറക്കെ ചോദിച്ചു ..ആരോ ഒരാള്‍ ട്രൌസറും വലിച്ചു കേറ്റി അയ്യപ്പന്മാരുടെ വണ്ടിക്കരികിലേക്ക് ഓടി “പാവം കാര്യ സാധനയ്ക്കായി വന്നതാണ് വെറുതെയല്ല അരിമുല്ലയുടെ ഗന്ധം മാറിയത് . ഇത്തരം ശല്ല്യങ്ങള്‍ പതിവാണ് . ഇന്നാളൊരിക്കല്‍ സെക്കന്റ് ഷോയും കഴിഞ്ഞു വരുന്ന ആരോ ആണെന്നു തോന്നും സുലുവിന്റെ കാറിന്റെ ചില്ലെറിഞ്ഞു തകര്‍ത്തു   ഒക്കെ ചെയ്തത് മദ്യമാണല്ലോ എന്നോര്‍ത്തു ഒന്നും പറയാന്‍ പോയില്ല കേസു കൊടുക്കാന്‍ സുലുവിനു തെളിവൊന്നും കിട്ടിയുമില്ല.  പട്ടികള്‍ പിന്നെയും വരുമോ ആവോ.അവറ്റകളുടെ കുര മാറി ഇപ്പൊ ഒരു തരം പേടിപ്പിക്കുന്ന ഓരിയിടലായി മാറിയിരിക്കുന്നു എവിടെനിന്നെല്ലാമോ കിതപ്പിന്റെ ശബ്ദങ്ങള്‍ പോലെ അയ്യപ്പന്മാര്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്തു പട്ടികളുടെ ഓരിയിടല്‍ തുരുതുരെ അലമുറകള്‍ പോലെ ആയി ഹരിക്ക് ആകെ ഒരു പേടി തോന്നി ഏതായാലും ഇനി പുറത്ത് നില്‍ക്കുന്നത് അത്ര പന്തിയല്ല  മൂടിക്കെട്ടിയ കാര്‍മ്മേഘങ്ങള്‍ കരയാന്‍ തുടങ്ങിയിരിക്കുന്നു അയ്യപ്പന്മാരുടെ വണ്ടി മെല്ലെ നീങ്ങി ഹരി അകത്തു കയറി വാതില്‍ കുറ്റിയിടാനൊരുങ്ങവെ  പെട്ടെന്നായിരുന്നു അത് സംഭവിച്ചത്.

                   ശക്തമായ ഒരു ശബ്ദം നിലവിളികള്‍ , അലര്‍ച്ചകള്‍ , ഞരക്കങ്ങള്‍ ,പിന്നാലെ വന്ന വാഹനങ്ങള്‍ ബ്രേക്ക് ചവിട്ടി ടയറുകള്‍ റോഡില്‍ പുളയുന്ന ശബ്ദങ്ങള്‍ .ഹോണടികള്‍ ,  ബഹളങ്ങള്‍ . അടുത്തുള്ള വീടുകളില്‍  വിളക്കുകള്‍ തെളിഞ്ഞു ശബ്ദം കേട്ടെന്നോണം സുലുവും എഴുന്നേറ്റു. എന്താ  എന്താ   സംഭവിച്ചേ...? ഹരി ആകെ തരിച്ചിരിക്കുകയാണ് സുലു ചെന്ന് ഇറയത്തെ ലൈറ്റിട്ടു .ഉമ്മറത്തേക്കിറങ്ങിയ ഹരി അലറി വിളിച്ചു പിന്നിലേക്ക് തിരിഞ്ഞൂ പിന്നാലെ സുലുവിന്റെ അലര്‍ച്ചയും കേള്‍ക്കാമായിരുന്നു . വീട്ടുമുറ്റത്ത് കാറിന്റെ തെറിച്ചു പോയ ഡോറിനൊപ്പം ഒരു പിഞ്ചു കുഞ്ഞിന്റെ ചേതനയറ്റ ശിരസ്സും.ഒന്നും മിണ്ടാനാവാതെ ഹരിയേയും കൊണ്ട് സുലു അകത്തു കയറി വാതിലടച്ചു. ഇഡിമിന്നലോടു കൂടീയ മഴ തകര്‍ക്കുകയാണ് .ജനാലയ്ക്കപ്പുറത്ത് മിന്നിമറയുന്ന വെള്ളി വെളിച്ചങ്ങള്‍ ഉയര്‍ന്നു കേള്‍ക്കുന്ന ബഹളങ്ങള്‍ ഹോണടി ശബ്ദങ്ങള്‍ .  ഹരീ ഹരീ..വാതിലില്‍ ആരോ മുട്ടുന്നു ..ഹരീ.ഹരീ...അപ്പുറത്തെ ഗോപാലേട്ടനാണ് ഹരി മെല്ലെ വതില്‍ തുറന്നു . ഹരീ വണ്ടിയൊന്നു വേണം വേഗം .ഹരി ഒരു നിമിഷം ശങ്കിച്ചു. ഗോപാലേട്ടന്‍ ഹരിയെ തുറിച്ചു നോക്കി  പന്തികേടു മനസിലാക്കിയ ഹരി വേഗം സുലുവിനോട് ചാവി വാങ്ങി  ഗോപാലേട്ടാ സുലു ഇവിടെ ഒറ്റയ്ക്കാണ് അവളാകെ പേടിച്ചിരിക്കുകയാ മുറ്റത്തേക്കിറങ്ങിയപ്പൊ തന്നെ കണ്ടത് ആ കുഞ്ഞിന്റെ....പേടിക്കെണ്ട അതു തുണികൊണ്ടു മൂടിയിട്ടുണ്ട് പിന്നെ സുലു അടുക്കള  വശത്തൂടെ നേരെ എന്റെ വീട്ടിലേക്കു പൊക്കോളൂ അവിടെ സരോജിനിയും ഒറ്റയ്ക്കാ ഹരീ നീ വേഗം ഷര്‍ട്ടിട്


                    ആരൊക്കെയോ ചേര്‍ന്ന് ചോരയൊലിക്കുന്ന ഒരു രൂപത്തെ കാറിലേക്ക് വലിച്ചു കയറ്റി ആദ്യം ഒരറപ്പു തോന്നിയെങ്കിലും പിന്നീട് ഒരാവേശമായിരുന്നു ഏതോ ഒരു ധൈര്യം വീണുകിട്ടിയ പോലെ ഒരു പക്ഷെ മരണം കാത്ത് കഴിയുന്ന അയാളുടേ ജീവന്‍  തന്റെ ഉള്ളില്‍ സന്നിവേശിച്ചിരിക്കാം ഹരി മെല്ലെ കാറിന്റെ സ്പീഡ് മീറ്ററില്‍ ഒന്നു നോക്കി 120 നും മുകളിലാണ് സൂചിക.സാധാരണ 40 നു മുകളില്‍ പോയാല്‍ തന്നെ ഇരു വശത്തേക്കും പോകുന്ന വണ്ടിയാണ് ഇതിപ്പൊ 120 ല്‍ പോയിട്ടും അസാധ്യ കണ്ട്രോള്‍ .മെഡിക്കല്‍ കോളേജില്‍ അയാളേ വിട്ട് തിരികെ വരുമ്പോഴാണ് ഹരി ഹരിയായത് ..തിരിച്ചു പോരുമ്പോല്‍ ഗോപാലേട്ട്നായിരുന്നു വണ്ടി ഓടിച്ചത് "രണ്ടു പേര്‍ അവിടെ തന്നെ പോയി വേറെ രണ്ടൂ പേരെ ഗവണ്മെന്റ് ഹോസ്പിറ്റലിലേക്കാ കൊണ്ടു പോയത് നമ്മള്‍ കൊണ്ടുപ്പോയ മൂപ്പരും ബാക്കിയാവുന്ന കാര്യം കഷ്ടമാണ് പുള്ളിക്കാരന്റെ ഭാര്യയും കുഞ്ഞുമാ പോയത്" . പാവം അയാള്‍ ബാക്കിയാവുന്നതിലും നല്ലത് മരിക്കുന്നതാണ് .

തിരിച്ച് വീട്ടിലെത്തുമ്പൊഴേക്കും ബന്ധുക്കളാണെന്നു തോന്നുന്നു തുണികൊണ്ട് മറവു ചെയ്ത ശവങ്ങള്‍ക്കരികെ അലമുറയിട്ടു കരയുന്ന കുറെ പെണുങ്ങളും കാണാം മൂകാംബികയില്‍ കുഞ്ഞിനു ചോറു കൊടുക്കാന്‍ പോയതായിരുന്നു എല്ലാവരും മുന്നേ പോയ വണ്ടിയിലുണ്ടായിരുന്നവരാണ് ഇവര്‍ എന്ന്  തോന്നുന്നു പിന്നില്‍ വന്നവര്‍ക്കാണ് അപകടം സംഭവിച്ചിരിക്കുന്നത് ഗോപാലേട്ടന്‍  ഒരു പോലിസുകാരന്റെ അടുത്തു ചെന്ന് എന്തൊക്കെയോ സംസാരിക്കുന്നുണ്ട് ..അകലെ അപകടത്തില്‍ പെട്ട കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു കിടക്കുന്നു  കുറച്ചു ദൂരെയായി കാറിലിടിച്ച പാണ്ടി ലോറിയും കാണാം ..പിന്നെ അയ്യപ്പന്മാര്‍ എവിടെ പോയി ഹരി ആലോചിച്ചു ...ഒരു പക്ഷെ അയ്യപ്പന്മാരുടെ വണ്ടി കുറുകെ ചാടിയതു കാരണം എതിരെ വരുന്ന കാറി കാണാതെ പോയതാകാം ഡ്രൈവര്‍ . അയാളെ പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. ഹരി മെല്ലെ നേരത്തെ കുഞ്ഞിന്റെ തല കിടന്നു പിടഞ്ഞേടത്ത് തിരഞ്ഞു അവിടെയെങ്ങും ഒന്നും കാണാന്‍ കഴിഞ്ഞില്ല  കാറിന്റെ ഡോര്‍ ഒരരുകില്‍ ആരോ ചാരി വെച്ചിരിക്കുന്നു.


                        കണ്ണടയ്ക്കുമ്പോള്‍ ആ കുഞ്ഞിന്റെ ചോരയില്‍ കുളിച്ച മുഖമാണ് മനസ്സില്‍ അവന്റെ അല്ലെങ്കില്‍ അവളുടെ പൊട്ടിച്ചിരികള്‍ കാതില്‍ മുഴങ്ങുന്നതു പോലെ സുലു ഹരിയെ പറ്റിചേര്‍ന്ന് കിടക്കുകയാണ് അവര്‍ ആ ഷോക്കില്‍ നിന്നും ഇനിയും പരി പൂര്‍ണ്ണമായി മുക്തയായിട്ടില്ല “ഹരീ നമുക്ക് കളിപ്പാട്ടേക്ക് പോകാം ഇവിടെ എനിക്കെന്തോ...” ഹരി അവളേ ചേര്‍ത്തു പിടിച്ചു പോകാം നാളെയാകട്ടെ...ഉറങ്ങാതെ രണ്ടു പേരും എങ്ങിനെയോ നേരം വെളുപ്പിച്ചു.
                        തകര്‍ത്തു പെയ്ത മഴയില്‍ മുറ്റത്തെ ചോരത്തുളികള്‍ ഒഴുകി പോയിരിക്കുന്നു റോഡില്‍ ചിതറിത്തെറിച്ച തലച്ചോറുകള്‍ക്കായി കാക്കകള്‍ ബഹളം കൂട്ടുന്നു ..സ്റ്റെപ്പിനു താഴെ ചാരിവെച്ച കാറിന്റെ ഡോറില്‍ അങ്ങിങ്ങായി കുറച്ചു ചോരതുള്ളികള്‍ കാണാം. ആ ഡോറിന്റെ അരികിലായ് ഞാന്നു കിടക്കുന്ന ഒരു പാവകുട്ടിയും. മഴ തോര്‍ന്നിരിക്കുന്നു വിട്ടൊഴിയാതെ മേഘങ്ങള്‍ ദുഖം ഘനീഭവിപ്പിച്ച് മൂടിക്കെട്ടി നില്‍ക്കുന്നു .നേര്‍ത്ത കാറ്റ് വീശുന്നുണ്ട്. ഹരി പൈപ്പെടുത്തു കാറിന്റെ പിന്‍ സീറ്റില്‍ പറ്റിപ്പിടിച്ച ചോര കറകള്‍ കഴുകിക്കളഞ്ഞു


                 “ഇനി തിരിച്ച് പോകുന്നില്ലമ്മേ” അപ്പൊഴാണ് ഹരിയുടെ അമ്മയുടെ കണ്ണൂകളില്‍ വിഷാദം മാറി പ്രസന്നമായത് . ചാരുകസേരയിലിരുന്നു അച്ഛന്‍പറഞ്ഞൂ “അല്ലേലും മുറ്റത്തെ മുല്ലയ്ക്ക് മണമില്ലല്ലോ അല്ലേ”
വിചാരിച്ചതിലും 2 ലക്ഷം കുറവിലാണ് വീടു വിറ്റു പോയത് ഏതോ ഒരു തമിഴന്‍ അണ്ണാച്ചി പുള്ളിക്കാരന് മാന്‍ പവര്‍ സപ്ലൈ ഉണ്ടെത്രെ. കിട്ടിയ വിലയില്‍ പകുതിയും കോണ്ട്രാക്ടര്‍ കൃഷ്ണേട്ട്നു തന്നെ കൊടുത്തു .ഇപ്പൊ കൃഷ്ണേട്ടന്റെ അടുക്കളപ്പുറത്തൂടെ ഉള്ള നാല് സെന്റു ഭൂമിയിലൂടെ കാറ് വീട്ടു മുറ്റത്തോളമെത്തും .


                       മഴ വീണ്ടും തകര്‍ത്തു പെയ്യുകയാണ്  ചൂടു മാറി തണുത്തിരിക്കുന്നു മണ്ണും മനസ്സും
ഹരിയുടെ നെഞ്ചി ചാര്‍ത്തുന്നു കിടന്ന് സുലു പറഞ്ഞൂ “ഒന്നും വേണ്ടായിരുന്നു അല്ലെ“? ഹരി ഒരു ചെറു ചിരിയോടെ ഒന്നു മൂളീ........  ഉം....... ഹരി ആ കുഞ്ഞ് അവനിപ്പൊ സ്വര്‍ഗ്ഗത്തിലായിരിക്കുമോ അതോ..? അവന്റെ മുഖം ഇപ്പോഴും എന്നെ  വല്ലാതെ അസ്വസ്ഥയാക്കുന്നു ചിലപ്പൊ തോന്നും ആ കുഞ്ഞിന് ഹരിയുടെ അതേ മൂക്കാണെന്ന് ചിലപ്പൊ തോന്നും എന്റെ അതെ ചുണ്ടാണെന്ന് ഹരീ പ്ലീസ് എനിക്കവനെ വേണം എനിക്കെന്തോ ഒരു പേടി പോലെ എനിക്കവനെ വേണം ഹരീ..പ്ലീസ്.  രണ്ടു പേര്‍ക്കും മീതെ വെളിച്ചം കണ്ണുകള്‍ ചിമ്മി ഇരുട്ടിന്റെ മറകീറി മിന്നല്‍ വെട്ടങ്ങള്‍ ഒളിഞ്ഞു നോക്കി  ജനലുകള്‍ക്കപ്പുറത്ത് വെള്ളി മണി വിതറി മഴ തകര്‍ത്തു പെയ്യുന്നു,  ഏതോ ഒരു താരാട്ടു പാട്ടിന്റെ ഈണം ഒഴുകിയെത്തുന്ന പോലെ ,മേഘക്കീറുകള്‍ക്കിടയിലൂടെ ചന്ദ്രന്‍ മെല്ലെ തലയുയര്‍ത്തി. ജനലരികിലെ വെളിച്ചം നോക്കി പുതപ്പിനടിയില്‍ പറ്റിച്ചേര്‍ന്ന് സുലുവും ഹരിയും പതുക്കെ ചിരിച്ചു  ഹരി മെല്ലെ പറഞ്ഞൂ ഒന്നും
വേണ്ടായിരുന്നു അല്ലെ.?

18 comments:

 1. നന്നായിട്ടുണ്ട്.. പക്ഷെ നാട്ടിലേക്ക് തിരിച്ചു പോരാൻ ചേതനയറ്റു കിടന്ന ആ പിഞ്ചു കുഞ്ഞിന്റെ ശിരസ്സ് തന്നെ കാരണമാവേണ്ടി വന്നു അല്ലേ...

  ReplyDelete
 2. ബിജു, കഥയുടെ വിഷയം മനസ്സിൽ ഒത്തിരി നീറ്റലുളവാക്കി.. കഴിഞ്ഞ ദിവസം വേളാങ്കണ്ണീയാത്രക്കിടെ മരിച്ച കുടുംബത്തിന് ഈ കഥ ഞാൻ സമരിപ്പിച്ചോട്ടേ.. പിന്നെ, കഥയിൽ പാരഗ്രാഫുകൾ തിരിക്കുന്നതിൽ അല്പം കൂടി ശ്രദ്ധിക്കുക.. ഒപ്പം inverted comma ഉചിമായ സ്ഥലങ്ങളിൽ ഇടുവാന്ം ശ്രദ്ധിക്കുക്ക. എന്തായാലും നാട്ടിൽ ഒന്ന് പോയി വന്നതിന്റെ എല്ലാ നല്ല ഗുണങ്ങളുമുള്ള മനോഹരമായ രചന.. തുടരൂ.. ഭാവുകങ്ങൾ

  ReplyDelete
 3. അമ്പട വില്ലാ ....നീയിങനെ ഒക്കെ എഴുതുമോ

  ReplyDelete
 4. സംഭവബഹുലമായ വളരെ വലിയ പോസ്റ്റ്.കൊതുകുകടിയും സുലുവും ഹരിയും അപകടത്തില് പെട്ടവരെ രക്ഷിക്കലും.

  എല്ലാം കൊള്ളാം.
  ഇനിയും കൂടുതലെഴുതുക.

  മനോജ് രാജ് പറഞ്ഞ പോലെ കഴിഞ്ഞ ദിവസം വേളാങ്കണിയാത്രികരുടെ അപകടം മനസ്സില് തീ വിതച്ചു.
  നമ്മുടെ പോസ്റ്റ് കൊണ്ട് മറ്റുള്ളവര്ക്ക് എന്തെങ്കിലും ഗുണം പകരാന് ഈ സന്ദേശം കൊടുക്കുക.

  “രാത്രികാലങ്ങളില് കുടുംബവുമായി ദീര്ഘയാത്ര പാടില്ല. പ്രത്യേകിച്ച് പുലര്ച്ചെയുള്ള സമയങ്ങളില്. 2 മുതല് 5.30 വരെയുള്ള സമയം വളരെ അപകടം.”

  മിക്ക അപകടങ്ങളും ഈ സമയത്താണ്. വാഹനത്തിലെ യാത്രികരെല്ലാം സുഖമായി ഉറങ്ങും. ഡ്രൈവര്ക്ക് കമ്പനികൊടുക്കാനോ വര്ത്തമാനം പറയാനോ ആരും ഇല്ല.

  ഇടക്കിടക്ക് വണ്ടി നിര്ത്തി ഡ്രൈവര്ക്ക് തട്ടുകടയില് നിന്ന് ഒരു കാപ്പി വാങ്ങിക്കൊടുക്കുകയൊ അദ്ദെഹമായി എന്തെങ്കിലും സംസാരിക്കുകയോ എല്ലാം ആകാം. appOL ഡ്രൈവര് ഒരിക്കലും ഉറങ്ങുകയോ അപകടം വരാനുള്ള ചുറ്റുപാട് വരികയോ ഉണ്ടാവില്ല.

  ഇനി ഡ്രൈവര്‍ക്ക് യാത്രാക്ഷീണം ഉണ്ടെങ്കില് അല്പം വിശ്രമിക്കാനവസരം കൊടുക്കുകയും ആകാമല്ലോ>

  +ബിജു പത്രമെടുത്ത് നോക്കൂ…. അപകടമരണമില്ലാത്ത ദിവസങ്ങളില്ല. എല്ലാ അപകടവും രാത്രിയില് അതില് പലതും പാതിരാക്ക്……………………
  \
  എന്നാണ് ഇതിനൊരു പരിഹാരം…………..

  ReplyDelete
 5. നന്നായി ഇഷ്ട്ടായി.. :)
  ആക്സിഡെന്റും ബ്ലോഗിന്റെ ഈ ചുകപ്പ് നിറവും എന്നെ ഒത്തിരി പേടിപ്പെടുത്തുന്നു..!!

  ReplyDelete
 6. ബി സ്റ്റുഡിയോ , കുമാരൻ, മനോരാജ്, ഏറക്കാടൻ, പ്രകാശേട്ടാ, കൂതറ
  ഹാഷിം ഒരുപാട് നന്ദി

  ReplyDelete
 7. സ്വന്തം നാട്ടിൽ വരുന്നതും സ്വന്തം നാട്ടിൽ ജീവിക്കുന്നതും നല്ലതാണെന്ന് തിരിച്ചറിഞ്ഞല്ലൊ,,,

  ReplyDelete
 8. ദൈവമിരിക്കുന്നത് മലമുകളിലോ കൊടുംകാട്ടിലോ ആണോ എന്തോ എല്ലാവരും ദൈവത്തെ കാണാനായി എവിടെയൊക്കയോ പോകുന്നു .നിത്യവും ആ വക യാത്രയില്‍ ഇത്തരം അപകടങ്ങളും കൂടെയുണ്ട് .അപ്പോ ഇത് ദൈവ വിധി !!

  സ്വന്തം നാട് എന്നും സ്വന്തം തന്നെ .അവിടെ തന്നെ ജീവിക്കുവാന്‍ കഴിയുക എന്നത് ഒരു വല്ലാത്ത സുഖം തന്നെ .പലതും തിരിച്ചറിയുവാന്‍ എന്തെങ്കിലും സംഭവിക്കുകയോ നഷ്ടപ്പെടുകയോ ഒക്കെ വേണമെന്നായിരിക്കുന്നു .
  ബാക് കളര്‍ എന്തോ അസ്വസ്ഥത ഉണ്ടാക്കുന്നതു പോലെ .

  ReplyDelete
 9. മിനിടീച്ചറെ ജീവി വിലയേറിയ അഭിപ്രായങ്ങൾക്ക് നന്ദി

  ReplyDelete
 10. സുഹൃത്തേ,
  ഇവിടെ ആദ്യം... മനോരാജിന്റെ മെയിലില്‍ തൂങ്ങിയാണ് ഇവിടെ വന്നത്.. വെറുതേയായില്ല..
  എന്തെല്ലാം പരിഷ്കാരങ്ങള്‍ വന്നാലും നേരെയാവാത്ത നമ്മുടെ ഗതാഗതം. ആരെ കുറ്റം പറയാന്‍, എന്തിനു പറയാന്‍, പറഞ്ഞിട്ടെന്താ?
  ജീവന്‍ നഷ്ടപെട്ടവന്റെ കുടുംബത്തിന് പോയി...

  മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.. ആശംസകള്‍...

  ReplyDelete
 11. ഹൃദയസ്പര്‍ശിയായ രചന. വായിച്ചു കഴിഞ്ഞപ്പോള്‍ എന്തോ ഒരു നഷ്ടബോധം. ചേതനയറ്റ ആ കുഞ്ഞു ശിരസ്സ്‌ മനോവേദനയുണര്‍ത്തുന്നു. നമ്മുടെ റോഡുകള്‍ ശ്മശാനഭൂമികളായി തീര്‍ന്നിരിക്കുന്നു....
  രചന തുടരുക. എല്ലാവിധ ഭാവുകങ്ങളും!!

  ReplyDelete
 12. സുമേഷ് , യാത്രികൻ , ഒരു പാടു നന്ദി

  ReplyDelete
 13. ..'പടിയിറങ്ങുമ്പോഴും അച്ഛന്‍ ഒന്നും മിണ്ടിയില്ല ചാരുകസേരയിലിരുന്നു മൌനാനുവാദമോ ദേഷ്യമോ എന്തോ വായിച്ചെടുക്കാനാവത്ത ഒരിരുത്തം...'
  ഒന്നും പറയണ്ട ആ സമയം അച്ഛന്റെ മനസ്സില്‍ കൂടിജനിച്ചു വീണപ്പോള്‍ മുതല്‍ ഉള്ള മകന്റെ വളര്‍ച്ച് ഒറ്റ നിമിഷം കൊണ്ട് മിന്നി മറഞ്ഞിട്ടുണ്ട്..മകന്റെ വളര്‍ച്ചയില്‍ അഭിമാനവും അകല്‍ച്ചയിലെ നൊമ്പരവും....

  ...'ഒന്ന് സെറ്റിലാകട്ടെ പെട്ടൊന്നൊരു കുഞ്ഞുണ്ടായാല്‍ ഹരിക്ക് ചിലപ്പോള്‍ അത് വല്ല്യ സാമ്പത്തിക ബാദ്ധ്യത സൃഷ്ടിക്കും...' മക്കളെപോലും ഒരു ബിസിനസ് മനോഭാവത്തോടെ നോക്കി കാണുന്ന ഇന്നത്തെ തലമുറയെ ഈ ഒരൊറ്റവാചകത്തില്‍ വരച്ചിട്ടു..

  ജീവിതത്തില്‍ പെട്ടന്ന് മനസ്സിനെ ഉലയ്ക്കുന്ന എന്തുണ്ടായാലും ആദ്യം മാതാപിതാക്കളുടെ അരുകില്‍ അഭയം തേടാന്‍ ആണു തോന്നുക. അത്രത്തോളം സുരക്ഷിതത്വവും സമാധാനവും മറ്റെങ്ങും കിട്ടില്ല.

  എത്ര വലിയ പ്രശ്നം ചെന്ന് പറയുമ്പോഴും "ങാഃ! അതു സാരമില്ല നമുക്ക് വഴിയുണ്ടാക്കാം" എന്നു പറയുന്ന എന്റെ അച്ഛനെ ഓര്‍ത്തു..

  സൂക്ഷ്മതയില്ലാതെ അസമയത്തുള്ള യാത്ര മനുഷ്യര്‍ ഒഴിവാക്കിയെങ്കില്‍ എത്ര ജീവന്‍ രക്ഷപെട്ടേനേ!
  നന്നായി പറഞ്ഞ കഥ നല്ലൊരു സന്ദേശവും ..
  ആശംസകള്‍

  ReplyDelete
 14. ജോമാ .....ഒരു പാടു നന്ദി ഈ അഭിപ്രായത്തിനു .

  ReplyDelete
 15. ഈയടുത്തായിട്ട് എന്നും പത്രമെടുത്താല്‍ അപകടമരണങ്ങളാണ്. അതും അഞ്ചും എട്ടുമൊക്കെ. മിക്കവാറുമൊക്കെ രാത്രിയാത്രയിലും.

  ReplyDelete
 16. എഴുത്തുകാരി ചേച്ചി വാക്കുകൾ അറം പറ്റിയപോലെ ആയോ ...എന്തു ചെയ്യാനാ ദു:ഖത്തിൽ പങ്കുചേരാൻ മാത്രമേ ഇപ്പൊ കഴിയൂ

  ReplyDelete
 17. ദൈവകണം കണ്ടെത്താന്‍ ശാസ്ത്രലോകം ഒരു വശത്ത് മറു ഭാഗത്ത് ദൈവങ്ങളോടുള്ള ആരാധന അച്ഛമ്മയുടെ ബി പി പോലെ കുത്തനെ മേലോട്ട്..idayilulla akshepahsyavum valare nannu!! hha . nannayirikkunnu ......kottilaane! nalla ozhukkulla rechana!!

  ReplyDelete