NINGALKKU EE BLOG VAYIKKAN KAZHIYUNNILLEE PLEACE DOWNLOAD THIS FONTS

Font Banner

Saturday, August 20, 2011

മണ്ഡോവി

ഈ പുഴയെന്താണിങ്ങനെ എന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. എത്രയോ പേർ വ്യഭിചരിക്കുന്ന ഒരു വേശ്യയെപ്പോലെ  ദിവസവും എത്ര പേരെ ചുമക്കുന്നു.  എന്നിട്ടും   എന്തൊരു സുന്ദരിയാണു നീ മണ്ഡോവീ.നിന്നെ ഞാൻ ഏറെ സ്നേഹിക്കുന്നു.
           നാട്ടിൽ നിന്നും പോന്നേപ്പിന്നെ ഇന്നേവരെ തിരിച്ചു വിളിച്ചിട്ടില്ല  പാടവും, പുഴയും, പഴയ സൌഹൃദങ്ങളും ഒന്നും.  ഒഴുക്കിനൊപ്പം നീന്തിതുടങ്ങിയിരിക്കുന്നു.  ബാക്കി വന്ന കടല കൈയ്യിലേക്കു തട്ടിയെടുത്ത് പാത്രം കാലിയാക്കി രഘുവിനൊപ്പം ബാറുവിട്ടിറങ്ങുമ്പോഴായിരുന്നു അവൻ ലക്ഷ്മിയെ കുറിച്ച് ഓർമ്മിപ്പിച്ചത്.  ആർത്തിയോടെ അഭിരമിച്ചപ്പോൾ പാവം തളർച്ചയുടെ ആലസ്യത്തിൽ ഒരു താലിച്ചരടും, കെട്ടി മേളവും ഒക്കെ സ്വപ്നം കണ്ടിരിക്കാം. അവളേ കുറിച്ച് പറഞ്ഞ് രഘു നിർത്താതെ ചിരിക്കുന്നുണ്ടായിരുന്നു എനിക്കെന്തോ ചിരി വന്നില്ല. വഞ്ചനയാണോ ..? അതോ വേർതിരിച്ചറിയാനാകാ‍ത്ത  ഏതോ ഒരു തരം കുറ്റബോധമോ..?  എന്തോ ഒന്ന് എന്നെ വല്ലപ്പോഴും വേട്ടയാടിയിരുന്നു എന്നത് സത്യം .   വഞ്ചിക്കാൻ ഞാനവൾക്ക് വാക്കൊന്നും കൊടുത്തിട്ടുണ്ടായിരുന്നില്ലല്ലോ.  ഒക്കെ മറന്നതാണ് അവനാണ് വീണ്ടും ഓർമ്മിപ്പിച്ചത്.  മണ്ഡോവിയുടെ മാറിനു കുറുകെ  പണിത പാലത്തിലൂടെ  നടന്നപ്പോ  ഒരു ചെറിയ കാറ്റു വീശി.  താഴെ ബോട്ടിൽ രഘുവിന്റെ കാമുകി ഉണ്ട് .  കാമുകി എന്നൊന്നും പറയാൻ പറ്റില്ല കാശടിച്ചു മാറ്റാൻ വിരുതിയാണവൾ ഗ്ലോറി, കൊങ്ങിണി ചന്തത്തിൽ വിരിഞ്ഞ ഒരു ചെമ്പരത്തി.  അപ്പൻ ഗോൺസാൽ വസിന്റെയും, അമ്മ മാർഗി ഗോൺസാൽ വസിന്റെയും രാത്രി ഭക്ഷണത്തിന്നു ഗോവൻ ഫെനിയുടെ ലഹരി പതപ്പിക്കാൻ മാനം വിൽക്കുന്നവൾ . മുട്ടോളം ഇറുകിയ ഒരു കൊച്ചു പാവാടയും പൂക്കൾ വിതറിയ ചിത്രപ്പണികളുള്ള ഒരു കുർത്തയും  ആണവളുടെ വേഷം. ബോട്ടിന്റെ ബാൽക്കണിയിൽ നിന്നും അവളുടെ നീളമുള്ള ചെമ്പൻ മുടി മണ്ഡോവിയിലെ ഓളങ്ങൾ പോലെ കാറ്റിൽ ഇളകുന്നുണ്ടായിരുന്നു. രഘു എന്നും പറയാറുള്ള ആ ചെമ്പൻ മുടി.  നദിയുടെ  ഓളങ്ങളിൽ പൊങ്ങിയും താണും, അവർ ഒന്നാകുമ്പോൾ ഗ്ലോറിയുടെ മുടിയിഴകൾ വഹിക്കാറുള്ള പങ്ക്  “അതപാരം” എന്നാണ് രഘുവിന്റെ വാദം. ഞാൻ ഇന്നേവരെ ഒരു ഗോവൻ പെണ്ണിന്റെ രുചിയറിഞ്ഞിട്ടില്ല. അതു കൊണ്ടു  തന്നെ ഇത്തരം മണങ്ങളെ കുറിച്ച് വല്ല്യ പിടിയും ഇല്ല.   ഇതൊക്കെ  രഘു പറയുമ്പോൾ അവനോടു പലപ്പോഴും പുച്ഛം തോന്നാറുണ്ട്.

         രിക്കൽ ഡോണ പോളയിൽ വച്ച് ഒരു സുന്ദരിയെ പരിചയപ്പെട്ടിരുന്നു. അവൾ വിരുന്നിനും ക്ഷണിച്ചിരുന്നതുമാണ്.  പക്ഷേ ....!  ചങ്ങനാശ്ശേരിക്കാരൻ എൽദോച്ചായനു പണ്ടെങ്ങാണ്ട് പറ്റിയ അമളി  ഓർത്തപ്പോ ആ വിരുന്നു സ്നേഹ പൂർവ്വം നിരസിച്ചു. പിന്നൊരിക്കലാവാമെന്നും തിരക്കുണ്ട് എന്നും അഭിനയിച്ച് അവിടെ നിന്നും മുങ്ങുകയായിരുന്നു. എൽദോച്ചായൻ പണ്ട് വയനാ ബീച്ചിൽ മസാജ് ചെയ്യാൻ പോയപ്പോൾ  ഒരുവൾ അയാളേ  പാട്ടിലാക്കി വീട്ടിൽ കൊണ്ടു പോയി  വിരുന്നൊരുക്കി കാശടിച്ചെടുത്ത കഥ രഘു തന്നെയാണ് എന്നോടു പറഞ്ഞിട്ടുള്ളത്.  അതുപോലെങ്ങാനാണോ എന്നു ഒരു നിമിഷം ഭയന്നു പോയി. മാത്രമല്ല  ഡോണ എന്നായിരുന്നു അവളുടെ പേരും , ഒരു പോർച്ചുഗ്രീസുകാരനെ പ്രണയിച്ച് ഒടുക്കം കടലിൽ ചാടി ആത്മഹത്യ ചെയ്ത  ഡോണ പോള എന്ന അരയത്തിപ്പെണ്ണിന്റെ കഥ ഞാൻ വായിച്ചിരുന്നു. ഇനി അവളെങ്ങാൻ അവതാര രൂപം പൂണ്ട് എന്റെ അടുത്തു വന്നതാണെങ്കിലോ..?  മരണത്തെ കുറിച്ച് പലപ്പോഴായും ചിന്തിച്ചിരുന്നതാണ് പക്ഷെ ഒരു പെണ്ണിനോടൊപ്പം മരിക്കുന്നതിൽ എന്തോ ഒരു അഭിമാനക്കുറവു തോന്നി. ഒക്കെയും പൊള്ളയായ ദുരഭിമാനങ്ങൾ ആയിരിക്കാം   എങ്കിലും മനസ്സ് എവിടെയൊക്കെയോ  തൂങ്ങിക്കിടക്കുന്നു. നിർദ്ദോഷിയായ ഒരു പെൺകുട്ടി  എവിടെയോ നിന്ന് എനിക്കു വിരുന്നൊരുക്കി കാത്തിരിക്കുന്നു.
      ഴിയരികിൽ ഒരു കൊങ്ങിണി മദാമ്മ ഉപ്പിലിട്ട കുറേ പഴങ്ങൾ വിൽക്കുന്നു.  ഒരു കഷ്ണം പൈനാപ്പിൾ വാങ്ങി അകത്തു ചെന്ന ഫെനിയുടെ വൃത്തികെട്ട നാറ്റം തന്ന തികട്ടൽ ഒഴിവായിക്കിട്ടി.    രഘു പാലം കടന്ന് താഴെ ബോട്ടിനരികിലേക്കെത്തിയിരുന്നു.  മണ്ഡോവിയെ പൊന്നുടുപ്പിച്ച്  കവിളു തുടുപ്പിച്ച്  സൂര്യൻ അകലെ ചുമ്പിക്കാൻ ഒരുങ്ങുന്നു.  ബോട്ട് യാത്രയ്ക്കെത്തിയ സഞ്ചാരിക്കൂട്ടങ്ങൾ താഴെ ടിക്കറ്റെടുക്കാൻ ക്യൂ നിൽക്കുകയാണ്.  കൊങ്ങിണി ഗാനത്തിന്റെ  ഈരടികൾ ഓരോ ബോട്ടിൽ നിന്നും ഉയർന്നു കേൾക്കാൻ തുടങ്ങി. ഡിസ്ക്കോ ജോക്കികൾ  ബാൽക്കണിയിലെ ഡാൻസ് പ്ലാറ്റ്ഫോമിന്റെ  മുകളിലെ ഇരിപ്പിടത്തിൽ ഇരുപ്പുറപ്പിക്കുന്നു. പനാജി(panjim)  ഒരുങ്ങുകയായിരുന്നു  രാത്രിയെ വരവേൽക്കാൻ
പനാജിയുടെ സന്ധ്യാ മുഖം വളരെ സുന്ദരമാണ്.  ക്രോംറ്റാലക്സ് ബൾബുകളുടെ നിറമാറ്റങ്ങളിൽ വർണ്ണക്കുപ്പായം ചൂടുന്ന ബോട്ടുകളിൽ  നുരപതയുന്ന ടിൻ ബിയറിന്റെയും,ഹോട്ട് ഡ്രിങ്ക്സുകളുടെയും, ആലസ്യത്തിൽ ചടുല താളം ആസ്വദിക്കുന്ന ഒരു കൂട്ടം ആൾക്കാർ അവിടെ സങ്കടങ്ങളില്ല , സന്തോഷം മാത്രം, കണ്ണു നീരിന്റെ കലക്കങ്ങളില്ല  ഉത്സാഹത്തിന്റെ തെളിമ മാത്രം.    ഇവിടം വിട്ട് തൊട്ടകലെ  പനാജിയിലെ ബസ്റ്റാന്റാണ്. എല്ലാ സന്തോഷവും ഒരു നിമിഷത്തിന്റെ അരക്കെട്ടിൽ കെട്ടിയിട്ട്  മണ്ഡോവിയിൽ  എറിഞ്ഞ്  നദിയോടും പനാജിയോടും വിടപറയാൻ  വന്നവർ.  അവിടെ എന്തോ ഒരു മൂകതയാണ്,  വേദനിപ്പിക്കുന്ന മൂകത.

            ന്നും തരാറുള്ളതുപോലെ ഒരു കൂട് കടലയും തന്ന് 5 രൂപയും വാങ്ങി വില്യംസ് ആൾകൂട്ടത്തിനിടയിലേക്ക് മറഞ്ഞു.  അവനെ എന്നു മുതലാണു പരിചയപ്പെട്ടതെന്നോർക്കുന്നില്ല.  ഫയലുകലോടുള്ള ഗുസ്തി കഴിഞ്ഞ് 4 മണിക്കു ശേഷം ഓഫീസ് വിട്ടാൽ  ഈ നദിയും , പാലവും, ബസ്റ്റാന്റും ഒക്കെയുമാണെന്റെ നേരം പോക്കുകൾ. അതിനിടയിൽ എപ്പോഴോ വില്യംസിനേയും അവന്റെ കടലയെയും ഞാൻ ഏറെ ഇഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു.  രഘു വരുന്നതിനും മുന്നേ വില്യംസ് തന്നെയായിരുന്നു എന്റെ കൂട്ട്.  രാത്രിയാകുമ്പോ  അവൻ ഓരോ കഥകൾ പറയും  പനാജിയുടെ നിറം മങ്ങിയ കഥകൾ , ഇവിടെ വന്നിട്ട് ഞാൻ ആദ്യമായി ലക്ഷ്മിയെകുറിച്ച് പറഞ്ഞതും ഇവനോടാണ്.
“ ജീ ആജ് ഖുഷി നഹി ഹെ”  അവന്റ് കടലപ്പെട്ടിയുടെ അരികിൽ ഘടിപ്പിച്ച  കണ്ണാടി ചില്ലിലൂടെ ഞാൻ അകത്തേക്കു നോക്കി. ശരിയാണ്.  എന്നത്തെയും പോലെ സന്തോഷം ഇന്നില്ല . കടല പകുതിയും ബാക്കിയാണ്.   “ജീ ദീദീകാ   കോയി ഇൻഫോർമേഷൻ മിൽഗയാ…?  കുച്  പത്താ ചലേഗാ ഹെ  ക്യാ..?” ലക്ഷ്മിയെ കുറിച്ച് അവനോടു പറഞ്ഞ  അന്നു മുതൽ  അവൻ  എന്നും ചോദിക്കുന്ന ചോദ്യത്തിനു   ഇല്ലെന്നു  തലയാട്ടി .  അതേക്കുറിച്ച്  വളരെ കാലമായി അവൻ  ചോദിക്കാറേ ഉണ്ടായിരുന്നില്ല  ഇപ്പൊ രഘുവിനോടൊപ്പം അവനും ഒക്കെയും  ഓർത്തെടുപ്പിക്കുന്നു.

            തേനേട്ടന്റെ റേഷൻ കടയിൽ അരിയെടുത്തു കൊടുത്തിരുന്ന കാലത്ത് തുടങ്ങിയ പ്രണയം വളർന്നതും, പൂത്തതും തളിർത്തതും ഒക്കെ  പെട്ടന്നായിരുന്നു. വീട്ടിൽ പെങ്ങമ്മാരുടെ ബാധ്യതകൾ തീർക്കാൻ പെടാപ്പാടു പെട്ടുകൊണ്ടിരിക്കുമ്പോഴായിരുന്നു . അവൾ ആത്മഹത്യക്കു ശ്രമിച്ചത്.  മറ്റൊരു വിവാഹത്തിനു തലവച്ചു കൊടുക്കാനാകില്ലെന്ന് അവൾ തീർത്തു പറഞ്ഞിരുന്നു എങ്കിലും   എതിർപ്പിനെ വകവെയ്ക്കാതെ അവളുടെ കുടുബക്കാർ തീയ്യതി കുറിച്ചപ്പോൾ അവൾ തിരഞ്ഞെടുത്ത വഴിയായിരുന്നു മരണം.  ആശുപത്രി കിടക്കയിൽ നിന്നെഴുന്നേറ്റ അന്നു രാത്രി അവൾ എന്റെ അടുത്തു വന്നു. അവൾക്കെന്നെ വേണമായിരുന്നു  ഇരുട്ടിന്റെ മുറിക്കുള്ളിൽ  പുഴി മെത്തയിലെവിടെയോ  കിടന്ന് ഞങ്ങൾ ഒന്നായി.  എല്ലാം കഴിഞ്ഞിറങ്ങിയപ്പോൾ   ഒരു ടോർച്ചു വെളിച്ചം ഞങ്ങളെ കണ്ടു പിടിച്ചു.  സ്വയം ഇല്ലാതായ നിമിഷങ്ങൾ.  അവയെല്ലാം  കൊട്ടിഘോഷിച്ചു  നാട് മുഴുവൻ ആഘോഷിച്ചപ്പോൾ  അടുക്കളയിൽ ആറിയ കഞ്ഞിയിൽ വിഷവും ഇട്ട് പെങ്ങമാർക്കും വിളമ്പിവച്ച് അമ്മ ഭീഷണി മുഴക്കി.
“ കുലദ്രോഹീ…പ്രായം തികഞ്ഞ്   പടിയിറക്കിവിടാൻ കഴിയാത്ത  രണ്ടെണ്ണത്തിനെ ഈ അകത്തളത്തിൽ തളയ്ക്കുവല്ലോടാ നീ.. ഒന്നുകിൽ നീ ഈ പടിയിറങ്ങിക്കോ .. അല്ലെങ്കിൽ  ഞങ്ങളു പോക്കോളാം  ഈ  ലോകത്തിന്ന്”
 കഞ്ഞിപ്പാത്രം തട്ടിക്കളഞ്ഞ്  അന്നു പടിയിറങ്ങുമ്പോ. എവിടെയെത്തുമെന്നോ  എന്തു ചെയ്യണമെന്നോ ഒന്നും ഉണ്ടായിരുന്നില്ല . ഒടുക്കം എത്തിപ്പെട്ടത് ഈ പനാജിയിൽ.  പനിച്ചു വിറച്ച് തളർന്ന  എനിക്കൊരു കാപ്പി വാങ്ങിതന്ന കൈയ്യാണു വില്യംസിന്റെത് . അവനന്നു ഒരു കൊച്ചു പയ്യൻ . ആ സ്നേഹ മനസ്സായിരിക്കാം തനിക്കും വില്യംസിനും ഇടയിൽ  ആത്മബന്ധത്തിന്റെ ഒരു പാലം പണിത്.

            ഗ്ലോറിയെ യാത്രയാക്കി രഘു  മടങ്ങി, പനാജിയോട് വിടപറയുന്ന സഞ്ചാരികളുടെ ദുഖങ്ങൾക്കിടയിലൂടെ സന്തോഷവാനായി  രഘു എനിക്കരികിലെത്തി. ഇന്നത്തെ രാ‍ത്രി കഥകളിലും  ഗ്ലോറിയുടെ ചെമ്പൻ മുടിയും, വലിയ മുലകളും നിറയും. ഉറക്കത്തിൽ  കാശുപോയ ദു:ഖത്തിൽ  ആ മുടിയെയും , മുലയെയും, അവളുടെ അപ്പൻ  ഗോൺസാല് വസിനെയും, അമ്മ മാർഗ്ഗി ഗോൺസാല് വസിനെയും തെറിവിളിക്കും,
“ഇന്നവളെക്കുറിച്ചെങ്ങാൻ  മിണ്ടിയാൽ  ഞാൻ മുറിക്കു പുറത്താകി വാതിലടയ്ക്കും പറഞ്ഞേക്കം”
അവനോടുള്ള ദേഷ്യം ഇരച്ചു കയറി.  
“ നീ പോടാ നിന്റെ മുറിയില്ലേൽ  എനിക്കു എത്രയോ മുറികൾ കിട്ടും, ഈ ഗോവാ മഹാരാജ്യം നിന്റപ്പന്റെ തറവാട്ടു സ്വത്തൊന്നും അല്ലല്ലോ..  നീ പോടാ  പെണ്ണിനെക്കാണാത്ത നായേ.. വെറുതെ അല്ലെടാ  മറ്റവളെ  ആണുങ്ങളു കൊണ്ടു പോയെ.”
 മറ്റൊന്നും നോക്കിയില്ല അവന്റെ കോളറിനു പിടിച്ച്  കവിളത്ത് ഒന്നു പൊട്ടിച്ചു  .. ആൾക്കൂട്ടത്തിനിടയിൽ  എവിടെ നിന്നോ വില്യംസ് ഓടി വന്നു . എന്റെ  കൈകളെ  അവൻ അനക്കാൻ കഴിയാത്ത വിധം ബന്ധിച്ചു . അല്ലേൽ ഒന്നൂടെ കൊടുക്കണം എന്നുണ്ടായിരുന്നു.    അടിയും വാങ്ങി എന്നേം തെറിവിളിച്ചോണ്ട്  ഗ്ലോറിയെ  യാത്രയാക്കിയ വഴിയിലൂടെ അവൻ  അകന്നു.  “ ക്യാഹെ ജീ..? ക്യൂം  ചകടാ കർ രഹാ ഹെ ..? പാഗൽ ഹോഗയ  ഹെ ക്യാ..?  ആരാം കരോ  ആജാവോ  ആരാം കരോ.”  വില്യംസ് എന്നെ  ബസ്റ്റാന്റിന്റെ ഓരത്തേക്ക് വലിച്ചു കൊണ്ടു പോയി.  ആൾക്കൂട്ടത്തിനിടയിലൂടെ  അവന്റെ കൈകളിൽ മുറുകി  നടക്കുമ്പോഴായിരുന്നു  അവളെ കണ്ടത്.  ലക്ഷ്മിയെ  തുറിച്ച  കണ്ണുകളോടെ  അവൾ എന്നെ  തന്നെ നോക്കുന്നു.   കൈയ്യിലെ കൊച്ചിന്റെ കളിപ്പാട്ടം അവളുടെ മുഖം ഇടയ്ക്കിടയ്ക്ക് മറയ്ക്കുന്നു.   അവൾ…!!! . അവളെങ്ങിനെ ഇവിടെ.!! ?  വില്യംസിന്റെ കൈയ്യിൽ നിന്നും കുതറി മാറി  അവളുടെ അടുത്തേയ്ക്ക് നടന്നപ്പോ   കുറുകെ വന്ന ബസ്സ് അവളെ മറച്ചു കളഞ്ഞു .  “  ജീ  ആജാവോ  ക്യാ ദേഖ് രെ ..?”  വില്യംസ് എന്റെ   പിന്നാലെ കൂടി.   ഏറെ തിരഞ്ഞു  അവളെവിടെ ..  ?   ഒടുക്കം അകലുന്ന ഒരു ബസ്സിന്റെ  സൈഡ് സീറ്റിൽ നിറഞ്ഞു തുളുമ്പിയ കണ്ണുകളോടെ അവൾ അകലുന്നത്  ഞാൻ കണ്ടു.  കൊച്ചിന്റെ  മുഖത്തു മറഞ്ഞിരുന്ന കളിപ്പാടത്തിനിടയിലേക്ക് അവൾ തലപൂഴ്ത്തി.  ബസ്സ്  കൺ വെട്ടത്തു നിന്നും അകന്നപ്പോൾ  എന്തോ  ഒരു കൊടുംങ്കാറ്റസ്തമിച്ചപോലെ. തല പൊട്ടുന്ന വേദന തോന്നി.  എന്താ സംഭവിച്ചെന്നറിയാതെ വില്യംസ് എന്നെ തുറിച്ചു നോക്കി. അവന്റെ ചുമലിൽ പിടിച്ച് .. മെല്ലെ ബസ്റ്റാന്റിന്റെ അരികിലൂടെ  മണ്ഡോവിയുടെ തീരത്തേക്ക് നടന്നു.

        കലെ ..ആളൊഴിഞ്ഞ ബോട്ടുകളിലെ  വെട്ടം അണഞ്ഞു തുടങ്ങിയിരിക്കുന്നു.  അന്നത്തെ വ്യഭിചാരം കഴിഞ്ഞ്  മണ്ഡോവി അലസമായി  അവളുടെ  മുടിയുലർത്തി  തീരങ്ങളിൽ കൊച്ചോളം തീർക്കുന്നു.
 “മണ്ഡോവീ… ഇത്രയും നേരം നീ എന്നിൽ നിന്നും അവളെ മറച്ചു പിടിച്ചതെന്തിനായിരുന്നു.? നീ  എവിടെയായിരുന്നു അവളെ ഒളിപ്പിച്ചത് . ഇതിനായിരുന്നോ  ഈ  ബഹളങ്ങൽ ഒക്കെയും, നിനക്കറിയാമായിരുന്നു എല്ലാം.  രഘു വിനോടും, വില്യംസിനോടും ലക്ഷ്മിയെ കുറിച്ച് എന്നെ ഓർമ്മിപ്പിക്കൻ പറഞ്ഞത് നീ ആയിരുന്നില്ലേ ആൾക്കൂട്ടത്തിനിടയിൽ  ബഹളമുണ്ടാ‍ക്കിയ എന്നെ അവൾ കണ്ടു കാണുമോ..?  എത്രയോസ്നേഹം ഞാൻ അവൾക്കു നൽകിയിട്ടും  വീണ്ടും വീണ്ടും ഞാനവൾക്കു ദുഷ്ടനാകുന്നു.  ഇവിടെ വന്നപ്പോ തൊട്ട്  നീന്നെ ഞാൻ സ്നേഹിച്ചിരുന്നില്ലേ  എന്നിട്ടും നീ‍ എന്നോട് ചെയ്തത് ” ..?
 ഒരു വലിയ കല്ലെടുത്ത് വെള്ളത്തിലേക്കിട്ട്  അവളോടുള്ള ദേഷ്യം തീർത്തു തീരത്തു നിന്നും കയറുമ്പോൾ വില്യംസ് കഥയറിയാതെ തരിച്ചു നിൽക്കുന്നുണ്ടായിരുന്നു. “ ജീ  ലാസ്റ്റ് ബസ്സ്കേലിയെ  ദൊ മിനിറ്റ് ബാക്കി ഹെ. ജൽദി ആവോ..?” അവിചാരിതങ്ങളുടെ യാദൃശ്ചികതകളുടെ ആ സന്ധ്യയെ കൊന്ന  കറുപ്പിലേക്ക്  അവസാന ബസ്സും, ഞാനും, വില്യംസും യാത്രയാവുകയാണ്.  പിന്നിലേക്ക് മറഞ്ഞു പോകുന്ന തണൽമ്മരങ്ങളുടെ നിലഴുകളിൽ ഒക്കെയും ലക്ഷ്മിയുടെ രൂപമായിരുന്നു    .അപ്പൊഴും ഒരു ചോദ്യം മാത്രം ബാക്കി നിന്നു . എന്തിനായിരുന്നു ലക്ഷ്മി ഇവിടെ വന്നത്  ..? എന്തിനായിരുന്നു  മണ്ഡോവി എന്നിൽ നിന്നെല്ലാം മറച്ചത് ഒരു പക്ഷെ എന്നെ  നഷ്ടപ്പെടുത്താനാകാത്തവിധം,  ഞാൻ സ്നേഹിക്കുന്നതു പോലെ മണ്ഡോവി തിരിച്ച് എന്നെ സ്നേഹിച്ചു തുടങ്ങിയിരിക്കുമോ…?  

Tuesday, August 16, 2011

നിലയ്ക്കപ്പെടുന്ന ആത്മ ഗന്ധങ്ങള്‍

>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>

          ടിയിറങ്ങിപ്പോരുമ്പോൾ  ഒരു നിമിഷം ആലോചിച്ചു. യാത്ര പറയേണ്ടെ .  എന്തു പറയും..? പോട്ടെ, പോയ് വരട്ടെ, വീണ്ടും വരാം എന്നീ ഉപചാരവാക്കുകളിൽ ഏതു പറയും എന്നൊരു ശങ്കതോന്നി.  വീണ്ടും വരാം, പോയ് വരട്ടെ , എന്നതൊക്കെ തീർത്തും കള്ളമാണെന്നു തോന്നി. താൻ ഇനി ഒരിക്കിലും ഇവിടേക്ക് മടങ്ങി വരില്ലെന്ന് അയാൾക്കറിയാമായിരുന്നു. ഒടുക്കം "പോട്ടെ" എന്നു പറഞ്ഞു പടിയിറങ്ങി.  ശീ‍മകൊന്നക്കാടും കഴിഞ്ഞ് കുളക്കടവിന്റെ പിന്നാമ്പുറത്തെ അരമതിലിൽ കൈ താങ്ങി ഇടവഴിയിലേക്കിറങ്ങുമ്പോൾ അവർ അടുക്കളവാതിലിലൂടെ അയാളെ നോക്കുന്നുണ്ടായിരുന്നു.   ഇടവഴിയിലെ ചരലിൽ കാൽ പുതഞ്ഞപ്പോൾ ചെരുപ്പിന്റെ വള്ളി പൊട്ടി.  വള്ളിയിടാൻ തുനിഞ്ഞപ്പോഴാണു കക്ഷത്തിൽ വച്ചിരുന്ന  പൊതി  താഴെപ്പോയത് . “അയ്യോ മറന്നു പോയിരിക്കുന്നു.തിരിച്ചു പോയി കൊടുത്താലോ..?  അല്ലേൽ പോട്ടെ” ഈ പൊതി അവർക്ക് സന്തോഷത്തെക്കാളേറെ സങ്കടമായിരിക്കാം പ്രദാനം ചെയ്യുക എന്നു തോന്നി. നടന്നകലുമ്പോഴും  കോലായിലെ കുട്ടിതിണ്ണമേൽ ചുമരും ചാരിയിരുന്ന ചിത്രയുടെ മുഖമായിരുന്നു അയാളുടെ മനസ്സു മുഴുവൻ.

            ലക്ഷ്മിയോട്  പറഞ്ഞത് എന്തൊക്കെ കളവാണ് എന്നോർത്തപ്പോൾ തന്നോടു തന്നെ അൽ‌പ്പം ദേഷ്യം തോന്നി.  പുറത്തിറങ്ങുമ്പോൾ അവൾക്കു പരിഭവമാണ്.  “ ഇന്നേതു ബാറിലേക്കാണാവോ”.? ബാറിൽ പോകാനാണു വീട്ടീന്നു പുറത്തിറങ്ങുന്നത് എന്നവൾക്കറിയാം കൊച്ചു മക്കളൊക്കെ സ്കൂളിൽ പോയാൽ പിന്നെ നേരെ ബാറിലേക്ക് ഒരു രണ്ടെണ്ണം വീശി  ഉച്ചയൂണിനു വീട്ടിൽ തിരിച്ചെത്തും  ഊണും കഴിഞ്ഞൊരു മയക്കം. പിന്നെ വൈകിട്ട് കുട്ടികൾ വന്നാൽ അവരോടൊപ്പം അൽ‌പ്പം രാത്രിയിൽ ടി വി പെട്ടിക്കു മുഖം കൊടുത്ത് പത്തു മണിക്കു മുന്നേ വീണ്ടും ഉറക്കം. ഒരു ദിവസം ക്രമപ്പെടുത്തിയിരിക്കുന്നത് ഇങ്ങിനെയാണ്.  ദിവസങ്ങൾക്ക്  മണിക്കൂറുകളുടെ വിലപോലും ഇല്ലാതെ കൊഴിഞ്ഞു പോകുന്നു. ഉച്ചയൂണിനു വീട്ടിലെത്താത്തതു കണ്ട് ലക്ഷ്മി പരിഭവിക്കാൻ ഇടയുണ്ട്. വഴിയിലെങ്ങും ഒരോട്ടോ പോലും കിട്ടാനില്ല , മടക്കക്കാരനെ കിട്ടിയിരുന്നെങ്കിൽ  അൽ‌പ്പം കാശ് ലാഭിക്കാമായിരുന്നു. ചുട്ടുപൊള്ളിക്കുന്ന വെയിൽ.   മടക്കക്കാരൻ പോയിട്ട് ഒരു തുടക്കക്കാരനെ കിട്ടിയെങ്കിൽ എന്നാശിച്ചു പോകുന്നു . തൊണ്ട വരണ്ടു പോയിരിക്കുന്നു. ആകെ ഒരു തളർച്ച,   വെയിൽ തന്നെ ശിക്ഷിക്കുന്നതു പോലെ അയാൾക്കു തോന്നി.
നടത്തത്തിനിടയിലെപ്പോഴോ അയാൾക്ക്  ഒരു ഓട്ടോ കിട്ടി.  ഓട്ടോക്കാരന്റെ  പെട്ടിയിൽ നിന്നും ഒരു സ്ക്രൂ ഡ്രൈവർ വാങ്ങി  ചെരുപ്പിന്റെ വള്ളി ഇട്ടു.  ടൌണിലേക്കല്ല എന്നു പറഞ്ഞെങ്കിലും  ടൌണുവരെ പോകാൻ  അയാളുടേ ക്ഷീണം ഡ്രൈവറെ നിർബന്ധിച്ചു.
തിരികെയാത്രയ്ക്ക് ഇനിയും സമയമെടുക്കും ഒന്നു രണ്ടു ബസ്സ് ഇന്നു സർവ്വീസ് ഇല്ല  അതു കൊണ്ടു തന്നെ   ഉള്ളബസ്സ്  ഒരു മണിക്കൂർ ലേറ്റാണെന്നും   കൂടെയിരുന്നയാൾ പറഞ്ഞു. മനസിലെന്തൊക്കെയോ തോന്നിപ്പിക്കുന്ന കാറ്റ്  അതു  ശരീരമാകെ അരിച്ചു കയറുന്നു.  അതിനിടയിൽ  ജന നിബിഡമായ  ആ ബസ്റ്റാന്റിലെ ശബ്ദങ്ങൾ എല്ലാം നിശംബ്ദമാകുന്നു.
      
       എന്തായിരിക്കാം അവളുടെ മനസിൽ ഇപ്പോൾ .  കാട്ടിലെ കോടമഞ്ഞിന്റെ പുതപ്പിനകത്ത്  പറ്റിപ്പിടിച്ചുറങ്ങിയതോ.. അതോ  അട്ട കടിച്ച ചൊറിഞ്ഞു വീർത്തകാലും കൊണ്ട് കാടും മേടും കേറിയിറങ്ങി  പോലീസിന്റെ കണ്ണിൽ പെടാതെ ഒഴിഞ്ഞു പോയതോ.? ഓർത്തെടുക്കാൻ അവൾക്കെന്തൊക്കെയോ  ഉണ്ട് തനിക്കും.  1974ൽ ആണ്  ക്യാമ്പസ്സിൽ നിന്നും വിപ്ലവ പ്രസ്ഥാനങ്ങളിൽ ആകൃഷ്ടരായി   താനും ചിത്രയും മലകയറുന്നത് അന്നു നക്സൽ ബാരി പ്രക്ഷോഭത്തെ തുടർന്ന് തീവ്ര മാവോയിസം തലയ്ക്കു പിടിച്ച ക്യാമ്പസ്സുകളിൽ ഒന്ന് ഞങ്ങടെ ക്യാമ്പസ്സായിരുന്നു.  അന്ന് ഒരാവേശമായിരുന്നു. അടിസ്ഥാന വർഗ്ഗത്തിന്റെ മോചനം. അതൊന്നു മാത്രമായിരുന്നു  ചിന്ത.  വേരുറപ്പിക്കാൻ വിടാതെ ഇത്തരം തീവ്ര വാദ പ്രസ്ഥാനങ്ങളെ വേരോടെ പിഴുതെറിയുന്ന കാലത്തിന്റെ  കറുത്ത വള്ളിയിലൂടെ തന്നെ  ഊഞ്ഞാലാടി ഞങ്ങളും   കബനി കടന്നു. നടന്നു പോയ വഴികൾ ഏതാണെന്നോ എന്താ‍ണെന്നോ ഒന്നും അറിയില്ല്ല പക്ഷെ  ഒന്നു മാത്രമറിയാം  കാടിന്റെ കറുപ്പു പോലെ സത്യമായിരുന്നു  ഞങ്ങടെ ലക്ഷ്യവും. കൊടിയ തണുപ്പിലും മഴയിലും ഉടയാത്ത സമര വീര്യം. കണ്ണുകളിലെ തീഷ്ണത,  എല്ലാത്തിനും ഇടയിൽ അതേത്രീവ്രതയോടെ  അട്ടയെപ്പോലെ പറ്റിക്കൂടിയതായിരുന്നു ഞങ്ങടെ പ്രണയവും.  കാട്ടുവള്ളികളിൽ കെട്ടു പിണഞ്ഞു  ചിത്രയുടെ കാലു കുരുങ്ങിയപ്പോൾ താഴെപ്പോയ പാദസരം.  അതു പിന്നെ അവൾക്കു തിരികെ കൊടുത്തില്ല  പറയാതെ നെഞ്ചിനുള്ളിൽ സൂക്ഷിച്ചു. അതാണിപ്പോൾ തിരികെ കൊടുക്കാൻ കഴിയാതെ തന്റെ കൂടെ തന്നെ തിരിച്ചു പോന്നത്.

           ശങ്കരന്മാഷിന്റെ മോള്  ചിത്രയുടെ കദന കഥ  ടിവിയിൽ കണ്ടാണറിയുന്നത്.  സഹായത്തിനാരും ഇല്ലാതെ ഒറ്റയ്ക്ക് ഒരു ദുരിത ജീവിതം  .   കൈയ്യിലിരുന്ന ചായക്കോപ്പ  താഴെപ്പോയതും  കണ്ണു കലങ്ങിയതും ഒക്കെ അറിഞ്ഞത്  ലക്ഷ്മിയുടെ ശകാരം കേട്ടായിരുന്നു. അന്നു തുടങ്ങിയ അസ്വസ്ഥതയായിരുന്നു അവളെ ഒന്നു കാണണം എന്നത്.  കെട്ടു പിണഞ്ഞ കാട്ടുവള്ളികൾക്കിടയിൽ നിന്നും ചിത്രയെ വലിച്ചൂരിയെടുത്തത് രണ്ടു മനസ്സുകൾക്കും രണ്ട് ശരീരങ്ങൾക്കും കെട്ടുപിണയാനായിരുന്നു.  കൊടും തണുപ്പിൽ  അവളുടെ നെഞ്ചുപകർന്ന ചൂടിൽ. ചുണ്ടുകൾ പകർന്ന, കാട്ടു തേനിട്ടു വാറ്റിയ നാടൻ മദ്യത്തിന്റെ വീര്യത്തിനപ്പുറത്തെ ലഹരിയിൽ ഒന്നായ നിമിഷങ്ങൾ.    പോലീസിന്റെ വിസിലു കേട്ട് ഞെട്ടിയുണർന്ന ആ രാത്രിയുടെ അവസാന യാമങ്ങളിൽ  ഓട്ടത്തിനിടയിൽ  എപ്പോഴോ  നഷ്ടപ്പെട്ട തന്റെ കൈക്കുള്ളിൽ  ചേർത്തു വച്ച  അവളുടെ രണ്ടു വിരലുകൾ,  ആ മാർദ്ദവം ഇപ്പോഴും സിരകളെ  കുളിരണിയിക്കുന്നു. പിന്നീട് പത്രങ്ങൾ പറഞ്ഞു  ചിത്ര അറസ്റ്റിലാണെന്ന്.  ചിതറിപ്പോയ സംഘങ്ങൾക്ക് പിന്നെ ഒരുമിക്കാനായില്ല അങ്ങിനെ  താനും പിരിഞ്ഞു.  പിന്നെ ചിത്രയെ കുറിച്ച് യാതൊരു വിവരവും ഇല്ലായിരുന്നു. ഇപ്പോ ഈ അവസ്ഥയിൽ.

                  കലാവധിയാകാതെ  ബാങ്കിലെ ഫിക്സഡ് പിൻ വലിക്കുമ്പോൾ  മാനേജർ ചോദിച്ചു  “എന്തിനാ ഇപ്പോ  രാജേട്ടന്നു കാശ്”   എന്ന്. “ഒരത്യാവശ്യം”  എന്നു മാത്രം പറഞ്ഞു തടിയൂരി.  അവരെ പറഞ്ഞിട്ടൂം കാര്യമില്ല.  കേന്ദ്ര ഗവർമെന്റ്  ഉദ്യോഗാർത്ഥികളായ മകനും മകളും ഉള്ള ഒരു അച്ഛൻ,  ഫിക്സഡ് ഡപ്പോസിറ്റ് കാലമെത്താതെ പിൻ വലിക്കുന്നതിലെ സംശയം സ്വാഭാവികമായും ഉള്ള ചോദ്യത്തിനു വഴിവച്ചതാ‍കാം.  അതൊന്നും വകവയ്ക്കാതെ പിന്നീടുള്ള വഴികൾ എല്ലാം  ചിത്രയെ അന്വേഷിച്ചുള്ളതായിരുന്നു.
              കണ്ടപ്പോൾ  മനസിലായില്ല അത്രയ്ക്കു വികൃതമായിരിക്കുന്നു.  തനിക്കിപ്പോഴും ഒരു മാറ്റവും ഇല്ലെന്ന് അവൾ പറഞ്ഞു. പ്രായത്തേക്കാളേറേ ശരീരം തളർന്നിരിക്കുന്നു. “ഒറ്റയ്ക്കായി അല്ലെ..?” എന്ന എന്റെ ചോദ്യം തീർത്തത്  സാരിത്തുമ്പിലേക്ക്  കണ്ണീരുകൊണ്ട്  ഒരു മഴയായിരുന്നു . ആശ്വസിപ്പിക്കാനോ  ഒരു വാക്കുരിയാടാനോ  അയാളെക്കൊണ്ടു സാധിച്ചില്ല.  മനസു തണുത്തപ്പോൾ എപ്പോഴോ കാര്യങ്ങൾ സംസാരിച്ചു. കൈയ്യിലിരുന്ന കുറച്ചു കാശ് അവൾക്കു കൊടുത്തു  വാങ്ങാൻ വിസമ്മതിച്ചെങ്കിലും വാങ്ങാതിരിക്കാൻ അവൾക്കാവുമായിരുന്നില്ല.  “അന്ന് അച്ഛന്റെ  പരിചയത്തിലെ ഒരു പോലീസുദ്ദ്യോഗസ്ഥന്റെ കാരുണ്യത്താൽ  ജയിലിറങ്ങിയതും, പിന്നീട് അങ്ങോട്ട്   പെണ്ണെന്ന പരിമിതിയിലേക്കു  മലവെള്ളം പോലെ കുത്തിയിറങ്ങിയ നക്സലിസം എന്ന വാലെടുത്തു മാറ്റി ഒരു പൂമാല തരാൻ ആണൊരുത്തനും തയ്യാറായില്ലായിരുന്നു. പിന്നീടങ്ങോട്ട്  ഏകാന്ത വാസം, നരകം പോലെ ഒരു സന്യാസം.  പ്രായമായ അച്ഛന്റെ അസുഖത്തിനായി ഉള്ളതെല്ലാം വിറ്റു പെറുക്കി അച്ഛന്റെ മരണ ശേഷം, അമ്പറിലെ ചെറിയൊരു തൊഴിൽ, ശരീരം വയ്യാതായപ്പോൾ അതും നിന്നു.  തൊണ്ടയിൽ വാക്കുകൾ കുരുങ്ങിയപ്പോൾ  അവൾ അവസാനിപ്പിച്ചു.   മറുത്തൊന്നും പറയാൻ അയാൾക്കും കഴിഞ്ഞില്ല.  അവിടെനിന്നും ഇറങ്ങുമ്പോൾ . കുഴിയിൽ വീണ അവളുടെ കണ്ണുകൾക്കു പകരം തിളക്കമാർന്ന പഴയ സമരവീര്യത്തിന്റെ തേജസ്സാർന്നൊരു സൂര്യമുഖം അയാൾ കണ്ടു. ചുളിവു വീണ ദേഹങ്ങളെല്ലാം തന്നിൽ ചൂടു പകർന്ന മൃദുല ദേഹങ്ങളായി.  അയാൾ പൊട്ടിക്കരയുമെന്നുവന്നപ്പോൾ  യാത്ര പറഞ്ഞു   മറിച്ചൊന്നും നോക്കാതെ  പറിയിറങ്ങി.  കയ്യിലുള്ള കുറച്ചു കാശ്  അവളെ സഹായിച്ചിട്ടുണ്ട്  എന്നത് ഒരാശ്വാസമാകുമോ  ഇല്ലെന്നയാൾക്കു നന്നായറിയാം.

                 കണ്ടക്ടർ വന്നപ്പോ പെട്ടന്ന് അവൾക്കു കൊടുക്കാൻ കരുതിയ ആ പാദസരമായിരുന്നു എടുത്തു കൊടുത്തത്. “എന്താ മൂപ്പിലാനെ ഇവിടെ ഒന്നും അല്ലേ” എന്ന പരിഹാസ ചോദ്യത്തിൽ ബോധം വീണപ്പോൾ ടിക്ക്റ്റെടുത്തു. ഇതവൾക്കു കൊടുക്കണം  എന്നുണ്ടായിരുന്നു . ഓർമ്മകളുടെ ചെറിയ കുളിരെങ്കിലും അവളിൽ ആശ്വാസം പകർന്നെങ്കിൽ എന്നാശിച്ചു പോയിരുന്നു. പക്ഷെ…..എങ്ങിനെ ?  കാട്ടുവള്ളികൾ സമ്മാനിച്ച ആ രാത്രിയുടെ സുഖം കാലമിത്രവരെ താൻ ആസ്വദിച്ചു കഴിഞ്ഞിരിക്കുന്നു. അവളോ  ഇരുട്ടറയ്കുള്ളിൽ തനിയേ ഒരു ജീവിതം  മടുപ്പുകൾ തിന്നു തീർത്ത്.   അയാൾ ആ പാദസരം അരികിലെ ഓടയിലേക്ക്  കൈ നീട്ടി എറിഞ്ഞു. നേരം ഇരുട്ടിത്തുടങ്ങിയിരിക്കുന്നു.  ശൂന്യമായ മനസുമായി അയാൾ യാത്രയായി  അവിടെ ലക്ഷ്മി പരിഭവിക്കുന്നുണ്ടാകും,  കുട്ടികൾ  ടി വി കാണാൻ  മുത്തശ്ശനെ കിട്ടാതെ സങ്കടപ്പെടുന്നുണ്ടാകും.

Friday, August 12, 2011

എന്റെ നന്മയുടെ നെയ്ത്തുകാരന്.

നിലവിളികളൊന്നും അധികം ഉണ്ടായിരുന്നില്ല .. അമ്മാമ്മയൂടെ ചെറിയ തേങ്ങൽ മാത്രം. എല്ലാവർക്കും അതൊരാവശ്യമായിരുന്നു  അച്ഛാച്ചന്റെ .. മരണം . 

           ഒരു സന്ധ്യയ്ക്ക് ആയിരുന്നു കാലിൽ ഒരു മുള്ളു കൊണ്ടു എന്നൊ മറ്റോ പറയുന്നതു കേട്ടു ..  “ഒന്നു നോക്കിയേടാ”  ഞാൻ ചിമ്മിണീക്കൂടീന്റെ തിരി മെല്ലെ ഉയർത്തി.. അമ്മാമ്മയൂടെ ബ്ലൌസിൽ നിന്നും ഒരു സേഫ്റ്റി പിൻ . ഊരിയെടുത്തു.  വലതു കാലിന്റെ പെരുവിരലിന്റെ അറ്റം ചോന്നിരിക്കുന്നുണ്ട്  ..  പക്ഷെ  മുള്ളെവിടെയെന്നു  കണ്ടെത്തിയില്ല .. കാലിനിടയിലൂടെ അസ്വസ്ഥമായി അങ്ങോട്ടും ഇങ്ങോട്ടൂം വാലിട്ടടീച്ചു  ഓടിയ “അമ്മിണിയെ” അച്ഛാച്ചൻ ദേഷ്യത്തോടെ ശകാരിച്ചു. അവൾ  കരഞ്ഞു കൊണ്ട് ഉമ്മറപ്പടിയും കടന്ന് ..അകലേയ്ക്കു പോയി. 
          അമ്മിണി അച്ഛാച്ചന്റെ  പ്രിയപ്പെട്ട പൂച്ചയായിരുന്നു..  സന്ധ്യയായാൽ എമ്പ്രോൻ നാരാണേട്ടന്റെ വീട്ടിന്റെ താഴെന്ന്  ഒരു ചൂട്ടു വെട്ടം കാണുമ്പോ  അമ്മിണിക്കറിയാം,  അവൾ കുന്നിറങ്ങീ ഓടും പിന്നെ അച്ഛാച്ഛന്റെ കാലിനിടയിലൂടെ അങ്ങോട്ടും  ഇങ്ങോട്ടും നടന്ന്  ഒടൂക്കം വീടെത്തി  ..ചോറു തിന്നുമ്പോ ഒരുരുള കിട്ടീയാലേ അവൾക്ക് സമാധാനായിരുന്നുള്ളു.. അതും കഴിഞ്ഞാൽ ഉറക്കം എന്റെം അമ്മാമ്മേടെം കൂടെ കമ്പിളി പുതപ്പിനുള്ളിൾ ആയിരുന്നു.  അമ്മിണിയെ ആദ്യമായായിരിക്കാം അച്ഛാച്ഛൻ ശകാരിച്ചത്.. അത്രയ്ക്കും കാലു വേദനിക്കുന്നുണ്ടെന്നെനിക്കു തോന്നി.  പിറ്റേന്ന് കാലത്തു നോക്കിയപ്പോഴാണ്ണ്  പെരുവിരലിന്റെ അറ്റത്ത് ഇന്നലെ ചോന്നു കണ്ടിടത്ത് ഒരു മഞ്ഞ നിറം  ഒരു പൊട്ടിന്റെ വട്ടത്തിൽ പഴുത്തിരിക്കുന്നു.  വൈകിക്കാതെ കണ്ണോത്ത് ഗവർമെന്റ് ആസ്പത്രീൽ പോയി  പഴുപ്പ് കുത്തിയെടുത്ത് മരുന്നും വച്ചു.  ആഴ്ചകൾക്കും മാസങ്ങൾക്കും ഉണക്കാൻ പറ്റാതെ പുണ്ണ് അവിടെ തന്നെ ബാക്കിയായി  വളർന്നു കൊണ്ടേ ഇരുന്നു. “ആ നായീന്റെ മോന്റെ ഒടുക്കത്തെ കുത്താ കുത്തിയെ “എന്ന് ഇടയ്ക്കിടെ  പഴുപ്പെടുത്ത  ക്മ്പോണ്ടറെ ശകാരിച്ചുകൊണ്ടേ ഇരുന്നു..

ചെറുപ്പം മുതലേ  ഞാൻ അച്ഛാച്ചന്റെയും അമ്മാമ്മയുടെയും കൂടെ നിന്നായിരുന്നു വളർന്നതും പഠിച്ചതും എല്ലാം,. , കുന്നിൻ പുറത്തുള്ള ഞങ്ങടെ വീട്ടിലേക്ക് താഴെ നിന്നു വേണം കുടിക്കാനും കുളിക്കാനും ഒക്കെ വെള്ളം കൊണ്ടു വരാൻ.  അമ്മയ്ക്ക് നടുവേദയായതു കാരണം ഇതിനൊന്നും വയ്യാതായപ്പോ  അമ്മ അമ്മേടേ വീട്ടിൽ പോയി നിന്നു. അച്ഛൻ  ആരോ കൊടുത്ത ഒരു വിസയിൽ  ഗൾഫിലേക്കു  പറന്നു. .അനിയൻ അന്നു അമ്മയ്ക്കൊപ്പം അമ്മയുടെ വീട്ടീലും ആയിരുന്നു.  അങ്ങീനെ എന്റെ ജീവിതം അച്ഛച്ചന്റെയും അമ്മമ്മയുടെയും , പഴമയോടൊപ്പം വളർന്നു.  അച്ഛച്ചനു കാര്യമായ പണിയൊന്നും ഉണ്ടായിരുന്നില്ല  വല്ല്ലേടത്തും പറമ്പിൽ കെളയ്ക്കാനോ , വരമ്പു കൊത്താനോ ഒക്കെ പോകും  അങ്ങിനെ കിട്ടുന്നതു കൊണ്ട് വൈകിട്ടത്തെ രണ്ടു ഗ്ലാസ് കള്ളും, പിന്നെ 100ഗ്രാം വെണ്ടക്ക, 100 തക്കാളി, 50 പച്ചപ്പറങ്കി, ഒരു വലിയ ഉരുളക്കിഴങ്ങ്, ഇങ്ങിനെ ഒക്കെയായി വൈകിട്ടാകുമ്പോ വരും, പിന്നെ അമ്മിണിക്ക് വല്ല ഉണക്കിൻ കഷ്ണമോ , അല്ലെങ്കിൽ  അരച്ചട്ടി മമ്മതിനെ കണ്ടാൽ ഒരു മത്തിയോ  പൂച്ചയ്ക്ക് കൊടുക്കാൻ മേടിക്കും, .
.രണ്ടുഗ്ലാസു കള്ളിൽ  മത്താവുന്ന  കൊട്ടിലനാട്ടിലെ ഏക കുടിയൻ  പൊക്കേട്ടനാ എന്നു  ആളുകൾ കളിയാക്കാറൂണ്ട് .. ഒരു പക്ഷേ  വെണ്ടക്കയുടെയും, തക്കാളിയുടെയും, ഒക്കെ  ഗ്രാം  ഇനിയും താഴ്താൻ പറ്റില്ല എന്നതു കൊണ്ടായിരിക്കാം, രണ്ടു ഗ്ലാസിൽ മത്തായതു പോലെ അഭിനയിക്കുന്നത് .. അറിയില്ല എന്തായാലും   ആ രണ്ടുഗ്ലാസ് കള്ള് .. താഴെ കല്ലേരി വയലിൽനിന്നും മുഴങ്ങുന്ന  പൂരക്കളിപ്പാട്ടൊ.. ശ്ലോകങ്ങളോ ആകാൻ സന്ധ്യകൾ കാത്തിരുന്നു. 

            എന്റെ കുഞ്ഞ്യോട്ത്തൂ ....എന്ന് വന്നപാടേ എന്നെ അന്വേഷിക്കും,  കണ്ടില്ലെങ്കിൽ  “ഏടപ്പോയി ആ നായിന്റെ മോൻ” എന്നു ഭാഷ മാറും.  എപ്പോഴും, തെരുവൻതോർത്തിന്റെ കോത്തലയിലോ   ലുങ്കിട്രൌസറിന്റെ പോക്കറ്റിലോ  ഒരു നാരങ്ങ മുട്ടായി ഉണ്ടാകും , പത്തു പൈസേടെ നാരങ്ങ മുട്ടായി.  അതൊരു വല്ല്യ അശ്വാസമായിരുന്നു.    അക്കാലത്ത് വല്ല മധുരവും കിട്ടണമെങ്കിൽ ,മാട്ടൂലിൽ നിന്ന് വല്ല്യച്ചനോ  അമ്മാമ്മേടെ ഒരു ചേച്ചിയുണ്ടായിരുന്നു  അവരോ  ഒക്കെ വരണം, മാട്ടൂലെ വല്ല്യച്ചനു .ബേക്കറിയിലായിരുന്നു ജോലി അവരാരെങ്കിലും വിരുന്നു വന്നാൽ  ജിലേബി, ലഡു, കടലാസിൽ പൊതിഞ്ഞ കേക്ക്.. ഇവയൊക്കെ കൊണ്ടു വരും, വന്നാലും അധികമൊന്നും കിട്ടീല്ല ,അമ്മാമ്മ എല്ലാം റേഷൻ ആക്കി വയ്ക്കും, പക്ഷെ  അതൊക്കെ  എന്റെ കൈകൾ തന്നെ  എപ്പോഴെങ്കിലും കട്ടു തിന്നും. അതല്ലെങ്കിൽ അമ്മാമ്മ നാട്ടിപ്പണിയ്ക്കു പോണം.  ഞാറു നടാനോ .. കറ്റതല്ലാനോ  ഒക്കെ പോയാൽ  വൈകിട്ടൂ  കിട്ടൂന്ന ചായേടെ പലഹാരം, അമ്മാമ്മ ആരും കാണാതെ കോന്തലയിൽ തിരുകും,  “ ഓ കുഞ്ഞാതി  കോന്തലയ്ക്കകത്താക്കി .. പുന്നാരമോനു കൊടുക്കാൻ” എന്നു  കൂടെ പണിയുന്നവർ കളിയാക്കും,

അച്ഛാച്ഛനും, അമ്മാമ്മയും, അവരുടേ സ്നേഹം എന്നെ അമ്പരപ്പിച്ചിട്ടുണ്ട്...എത്രയൊക്കെ വഴക്കുകൂടൂമ്പോഴും ഉള്ളിൽ ഒരു നിഷ്കളങ്കമായ സ്നേഹം ഒളിഞ്ഞു കിടന്ന് അവരെ  ഒരു കൌമാരക്കാരാക്കിയിരുന്നതായി എനിക്കു തോന്നിയിട്ടൂണ്ട് . അച്ഛാച്ഛനെ ഊട്ടുമ്പോഴും, ശകാരിക്കുമ്പോഴും ,തമാശപറയുമ്പോഴും, ഒക്കെയും പ്രണയം തന്നെ ആയിരുന്നു അവർക്കിടയിൽ ,
ദേഷ്യം വന്നാൽ ചിലപ്പോൾ അച്ഛാച്ചൻ അമ്മാമ്മയെ അടിക്കാറൂണ്ട് ,,അതു  മുറ്റത്ത് കീടിയിട്ട ഓലമെടലും,  മരക്കുട്ടയും ഒക്കെ ഉണ്ടെങ്കിലും  ഓലക്കിറൂ കൊണ്ട്  ആയിരിക്കും അടി..  ഓലക്കിറു കൊണ്ട്  വേദനിക്കില്ലാ എന്നതു കൊണ്ടു തന്നെ . .. എന്റെ ബാല്ല്യം കണ്ടതും വളർന്നതും  ഇവരുടെ സ്നേഹത്തിനിടയിലാണു. സന്ധ്യാസമയത്തു കുറ്റ്യാരത്തിന്റെ മോളിലിരുന്ന് നാട്ടു വർത്താനവും, പഴമ്പുരാണവും കേട്ടായിരിക്കാം  ഞാനും ഒരു പഴഞ്ചനാണോ  എന്നു പലപ്പോഴും എനിക്കു തോന്നിയിട്ടൂണ്ട്. എനിക്കത് ഇഷ്ടവുമായിരുന്നു.

 അച്ഛൻ വളരെ പെട്ടെന്നു തന്നെ  രണ്ടൂ തലമുറയ്ക്ക് കഴിയാനുള്ളത് സമ്പാതിച്ചതിനാൽ  മൂന്നു കൊല്ലം കൊണ്ട്  ഗൾഫു മതിയാക്കി നാട്ടിൽ വന്നു.  അച്ഛന്റെ ഗൾഫ് വരവും  പ്രതീക്ഷിച്ചിരുന്ന എനിക്കാകെ  കിട്ടിയത് അച്ഛൻ ഇട്ടൂ പഴകിയ .. ഒരു ബനിയൻ ആയിരുന്നു. പിന്നെ അച്ഛൻ അനുഭവിച്ച കുറേ ദുരിത കഥകളും. നാട്ടിലെ കൽ‌പ്പണിയായിരുന്നു ഭേതം എന്നു പറഞ്ഞ്  വന്നതിന്റെ പിറ്റേന്നു തന്നെ അച്ഛൻ കല്ലുവെയ്ക്കാൻ പോയി.     
 അച്ഛാച്ചന്റെ  കാലിലെ പുണ്ണ് വളർന്നു വളർന്നു അതു പെരുവിരലിനെ ആകെ വിഴുങ്ങിക്കളഞ്ഞിരുന്നു. പെരുവിരലിന്റെ സ്ഥാനത്ത് ഒരു കറൂത്ത  നിഴൽ പോലെ മാത്രം.  ഒരു വൈകുന്നേരമാണെന്ന് തോന്നുന്നു അച്ഛൻ അച്ഛാച്ഛനെയും കൂട്ടി ആസ്പത്രീല്‍ പോയത്  .. പിറ്റേന്ന് വന്നപ്പോ  കാലു മുഴുവൻ ബാന്റേജ് ഇട്ടിരുന്നു.  പഴുപ്പ് മുകളിലേക്ക് കയറുന്നുണ്ടെന്നും , വിരലു മുറിച്ചെന്നും ,അച്ഛൻ പറഞ്ഞപ്പോ..മനസ്സ് ഒരു വിങ്ങലായിരുന്നു.  പിന്നെ പുറത്തിറങ്ങാതെ ആയി അച്ഛാച്ഛൻ.   ആ സമയത്ത് അച്ചനും അമ്മയും ഞാനും ഒക്കെ ഒരു ചെറീയ വീടു കെട്ടി  താഴ്വാരത്ത് കല്ലേരി വയലിന്റെ അരികിലായി  താമസം മാറിയിരുന്നു.  വൈകിട്ട് എന്നും അച്ഛൻ അച്ഛാച്ചനെ കാണാൻ പോകും,  കാലിലെ  മുറിവിൽ മരുന്നു വച്ചു കെട്ടൂം.  “പൂച്ചയ്ക്കെന്തെങ്കിലും വാങ്ങണേടാ”“ എന്ന്  കൂടെ കൂടേ അച്ഛനെ ഓർമ്മിപ്പിക്കും. 

പിന്നെ എപ്പോഴെന്നറീയില്ല പഴുപ്പുകൾ പകപോലെ പടർന്നു. പെരുവിരലിനെ കൊന്നിട്ടൂം കലിയടങ്ങാതെ അവർ കാൽ മുട്ടൂവരെ പടർന്നു കയറി.  കാൽ ഞരമ്പുകളിൽ രക്തയോട്ടം നിലച്ചു.    മുറുക്കാൻ ചവയ്ക്കുമായിരുന്നു  അച്ഛാച്ചൻ  വലിയ കഷ്ണം  പുകയില മോണയ്ക്കിടയിൽ തിരുകിക്കയറ്റി. ഇടിച്ചു പൊടിച്ച അടക്കേം  വെറ്റിലേം കുട്ടി ചവയ്ക്കുന്നതു കാണാൻ ഒരു പ്രത്യേക രസമാണ്. ഒരു  ദിവസം,  നല്ല  മൂത്ത പുകയില വച്ച്  ബോധം കെട്ടു വീണു പോയിട്ടൂം ഉണ്ട് അച്ഛാച്ചാൻ അതു പറഞ്ഞ് കളിയാക്കി അമ്മാമ്മ ചിരിക്കും. പുകയിലയുടെ പ്രശ്നനാന്നാ ഡോകടർമ്മാരു പറഞ്ഞേ. പെരുവിരലു പോലെ  ഒടുക്കം  ഒരു കാൽ മൂട്ട് മുറിക്കേണ്ടി വന്നു . കണ്ണൂർ ഗവർമ്മെന്റ് ഹോസ്പിറ്റലിലെ  ഓപ്പറേഷൻ തീയ്യേറ്ററിലേക്ക് പോകുമ്പോ അച്ഛാച്ചനോട് ഒന്നും പറഞ്ഞിട്ടൂണ്ടായിരുന്നില്ല.  പെർമിഷൻ പേപ്പറിലെല്ലാം ഒപ്പിട്ടപ്പോൾ അച്ഛന്റെ കണ്ണു ചെറൂതായൊന്നു നനഞ്ഞത് ഞാൻ കണ്ടു.  ബോധം വീണു  തന്റെ വലതു കാൽ പോയെന്നറിഞ്ഞപ്പോ പൊട്ടി പൊട്ടിക്കരഞ്ഞു പോയി പാവം.  ഒരു കൊച്ചു കുഞ്ഞിനെപ്പോലെ  എളേമ്മ  അച്ഛച്ചനെ ചേർത്തു പിടീച്ചു. മുറിക്കു പുറത്തെ ജനലഴിക്കപ്പുറത്ത് തേങ്ങലടക്കാനാവാതെ  ഞാൻ ദൂരത്തേക്ക് നോക്കി.


നീണ്ട നാലു വർഷം അച്ഛനും  അച്ഛച്ചനും നരകയാതനായിരുന്നു എന്നു  പറയാതിരിക്കാൻ വയ്യാ.  എഴുന്നേറ്റ് നടക്കാൻ കഴിയില്ലായിരുന്നു അച്ഛാച്ചന്ന്   ഒരു കാൽ ബാക്കിയുണ്ടായിരുന്നെങ്കിലും അതും  നിവർത്താൻ  പറ്റാത്ത വിധം മടങ്ങിപ്പോയിരുന്നു കിടന്ന കിടപ്പിലെ നാലു വർഷം  അത് അച്ഛാച്ചന്റെ പുറമെല്ലാം പൊട്ടിച്ച് പുണ്ണു നിറച്ചു  . ഒരു കറിക്കോപ്പ വലുപ്പത്തിൽ പുണ്ണായിരുന്നു പുറത്ത്. അച്ഛനായിരുന്നു എന്നും  അതെല്ലാം കഴുകി വൃത്തിയാക്കിയിരുന്നത്. ഒരു തരം ദുഗ്ഗന്ധം വമിച്ചു തുടങ്ങിയിരുന്നു  പുണ്ണിൽ നിന്ന്.  അമ്മാമ്മാ എല്ലാ ദുഖങ്ങൾക്കിടയിലും  തമാശകളൂം മറ്റും പറഞ്ഞ് അച്ഛാച്ചനെ ചിരിപ്പിക്കും, അമ്മിണി എല്ലാത്തിനും സാക്ഷിയായി  കാൽക്കൽ മുട്ടി ഉരുമ്മും,  ഒരിക്കൽ  മറ്റേക്കാലിലും ഒരു ചെറിയ കുമിള വന്നു. അമ്മിണി മുട്ടിയുരുമ്മുമ്പോഴായിരുന്നു അച്ഛാച്ചനു അവിടം വേദനിച്ചത്.  അച്ഛനെ വിളിച്ചു  ആശുപത്രിയിൽ എത്തിച്ചപ്പോള്‍. മടങ്ങിപ്പോയ  ഇടതു കാലും മരിച്ചു കഴിഞ്ഞിരുന്നു.  രക്ത ഓട്ടമില്ലാതെ തരിച്ചു പോയിരുന്നു. ആശുപത്രിയിലെ ഒരാഴ്ചയ്ക്കുശേഷം രണ്ടാമത്തെ കാലും മുറിക്കേണ്ടി വന്നു.  “ ഒരു ഉറുമ്പിനെ പോലും നോവിക്കാത്തെ പൊക്കേട്ടനീ ഗതി വന്നല്ലോ” എന്ന് നാട്ടൂകാർ സങ്കടപ്പെട്ടു .. പിന്നെ അധിക കാലം നിന്നില്ല .

 അന്ന്  ആഗസ്ത് 7 പുലർച്ചെ രണ്ടുമണിയായിക്കാണും അപ്പുറത്തെ വീട്ടിലെ മനോഹരേട്ടൻ വന്നു വാതിലിൽ മുട്ടി  .. അച്ഛനെ വിളിച്ചു .    
 “ബാലേട്ടാ.. പൊക്കേട്ടൻ പോയി. വിഷമിച്ചിട്ടൊന്നും ഇനി കാര്യമില്ല അയാളൂ രക്ഷപെട്ടെന്നു കരുത്യാമതി"    എന്നു പറഞ്ഞ് ആശ്വസിപ്പിച്ചു.  വീടും പൂട്ടീകുന്നിന്മേലേക്ക് കയറുമ്പോൾ എന്റെ കാലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു  ..അച്ഛാച്ചൻ നടന്ന വഴികൾ  കുത്തിക്കെടൂത്തിയ ചൂട്ടിന്റെ ചാരം, അമ്മിണി എന്റെ കാലിൽ ഉരയുന്നതുപോലൊരു തോന്നൽ, “ കുഞ്ഞ്യേ  എന്നുള്ള വിളി.  നാരങ്ങ മിട്ടായി ഒകെയും  മനസിലൂടെ ഒരു നിമിഷം മിന്നി മറഞ്ഞു  .  വെള്ള പുതപ്പിനടിയിൽ ഉറങ്ങൂമ്പോഴും, ഒരു കൊച്ചു കുഞ്ഞിന്റെ പുഞ്ചിരിയായിരുന്നു .. മുഖത്ത് .കെട്ടിപ്പിടിച്ചൊരു ഉമ്മ നൽകി  ഞാൻ അവിടെ ഒന്നിച്ചിരുന്നു കുറേ നേരം. അമ്മിണി  കരഞ്ഞു കൊണ്ട്  അതിലേം ഇതിലേം ഒക്കെ ഓടുന്നുണ്ട്. ആ പൂച്ചയുടെ വെപ്രാളം കണ്ടു നിന്നവരെ ഒക്കെ ഒരു നിമിഷം ശ്വാസം പിടിച്ചു നിരിത്തിയിരിക്കാം,  അമ്മിണിയും അച്ഛാച്ചനും തമ്മിലുള്ള ആത്മ ബന്ധം അതു നാട്ടിലെല്ലാവർക്കും അറിയാമായിരുന്നു.

             അങ്ങിനെ അച്ഛാച്ഛൻ എന്റെ ഓർമകൾക്കുള്ളിൽ പുതിയ വീടു പണിതു . ഒരു പാപവും ചെയ്യാതെ ആരേയും ദ്രോഹിക്കാതെ ..ഒരുപാടൂ നരക ജീവിതം അനുഭവിച്ച്  അമ്മാമ്മയെ തനിച്ചാക്കി അച്ഛാച്ചൻ  പോയി.  അന്നു തന്നെയാണു  അമ്മിണിയും  വീടിന്റെ പടിയിറങ്ങിയത്. പിന്നെ വീട്ടിൽ പോയപ്പോൾ അമ്മിണിയെ കണ്ടില്ല, ഒരു ദിവസം എമ്പ്രോൻ നാരായണേട്ടന്റെ  വീടിന്റെ വഴിയിൽ അമ്മാമ്മ അമ്മിണിയെ കണ്ടു  വീട്ടിലേക്കു വിളിച്ചു  പക്ഷെ അവൾ വന്നില്ല , പിന്നെ വണ്ണാൻ  ചന്ദ്രേട്ടന്റെ വീട്ടിലായി പൊറുതി  ഞാൻ നാട്ടിൽ നിന്നും വരുന്നതു വരെ അമ്മിണി  ജീവനോടെ ഉണ്ടായിരുന്നു ഇപ്പൊ അറീയില്ല.  അവൾ എവിടേയാണെന്നോ  ജീവിച്ചിരിപ്പുണ്ടോ എന്നൊന്നും.  ഒരു പക്ഷെ  അച്ഛാച്ചൻ വരുന്ന ഇടവഴി നോക്കി  ആ ചൂട്ടുവെട്ടത്തിന്റെ നേർത്ത വെളിച്ചത്തിന്റെ ഒരു മിന്നലിനു വേണ്ടീ, പൂരക്കളിപ്പാട്ടീന്റെ ഒരു ഇണത്തിനു വേണ്ടീ കാതോർത്ത് അവളെവിടെയെങ്കിലും ഉണ്ടാകുമായിരിക്കാം.  ഈ ഓർമ്മ ദിനത്തിൽ  എന്റെ ഉള്ളിലെ നന്മയുടെ നെയ്ത്തുകാരാ അങ്ങേയ്ക്കു  വിങ്ങുന്ന  മനസിൽ നിന്നും ഇറ്റു വീണ കുറച്ചു കണ്ണൂനീർ തുള്ളികൾ മാത്രം,

Friday, July 29, 2011

കണ്ണൂർ മീറ്റ് ഒഫിഷ്യൽ ട്രൈലർ

    കാണ്ണൂർ സൈബർ മീറ്റിന്റെ .. ഒഫീഷ്യൽ  ട്രൈലർ വീഡിയോ..                     
ലോഗോ : ബിജു കൊട്ടില
ആനിമേഷൻ:  ഷമിത്ത് ടി, പി 

Tuesday, July 5, 2011

തൊപ്പി പ്പാള

**************************************************************ഭൂമി കുലുങ്ങുന്നപോലുള്ള  ശബ്ദം കേട്ടായിരുന്നു അപ്പൂട്ടിയേട്ടൻ കോണിപ്പടിയിറങ്ങി താഴെ വന്നത് . ലക്ഷ്മീന്റെ എളേ മോന്റെ റൂമ്മീന്നാ ശബ്ദം എന്നറിഞ്ഞ തോടെ അപ്പൂട്ടീയേട്ടന്റെ ആവലാതി ഒന്നൂടെ കൂടി. പാതി ചാരിയ വാതിൽ തുറന്ന് അയാൾ  അകത്ത് കയറി അപ്പോൾ കണ്ട കാഴ്ച അതി ഭീകരമായിരുന്നുകൂറ്റൻ കേട്ടിടങ്ങൾ  തകർന്നടിയുന്നു. ചിതറിയോടുന്ന കാറുകൾമനുഷ്യർ, മൃഗങ്ങൾ ,പക്ഷികൾവിണ്ടു കീറുന്ന ഭൂമിവിറകു കഷ്ണങ്ങൾ  പോലെ ഒഴിഞ്ഞു പോകുന്ന റോഡുകളൂം പാലങ്ങളുംഎങ്ങും നിലവിളികൾ , കടൽ ആർത്തു വരുന്നു തിരമാലകൾ ഒരു നഗരത്തെ ആകെ വിഴുങ്ങുന്നുഒരു കൊച്ചു കുഞ്ഞിന്റെ കരച്ചിൽ എവിടെ നിന്നോ ഉയർന്നു കേൾക്കുന്നു.
ടി  വി ഓഫാക്കെടാ നായിന്റെ മോനെ
അതൊരലർച്ചയായിരുന്നു, അശ്വിന്റെ കൈയ്യിലെ റിമോർട്ടിൽ റിയാതെ വിരലമർന്നു, അപ്പൂട്ടിയേട്ടൻ  വിളറി  വെളൂത്തിരിക്കുന്നു, ശരീരമാകെ വിയർപ്പു പൊടിഞ്ഞിരിക്കുന്നു, മേശപ്പുറത്തിരുന്ന ജാറിൽ നിന്നും ,വെള്ളം കുടിച്ചു, ദാഹം  തീരാത്ത പോലെ വീണ്ടും ,വീണ്ടും കുടിച്ചു കൊണ്ടേ ഇരുന്നു. അശ്വിൻ റിമോർട്ടും വലിച്ചെറിഞ്ഞ്  അടുക്കളയിലേക്കോടി.
അമ്മേ  അച്ഛാച്ചന് പിരാന്താ.. എന്നെ ടി വി കാണാൻ വിടുന്നില്ല
ലക്ഷ്മി അടുക്കള തിരക്കിനിടയിൽ സാരിയിൽ കൈ തോർത്തി, പിന്നെ അശ്വിന്റെ കണ്ണീരൊപ്പി,
അച്ഛാച്ചനു  പ്രായമായില്ലേടാ, നിനക്ക് ടി വീന്റെ ഒച്ച ഒന്നു കുറച്ചു വെച്ചാലെന്താ..?”
സിനിമ ഒച്ചയുണ്ടെങ്കിലേ  കാണാൻ ഒരു സുഖമുള്ളൂപിന്നെന്തിനാ ഇവിടെ ഹോം തീയേറ്റർ വാങ്ങി വച്ചെ..?” 
അപ്പു വിന്റെ ചോദ്യത്തിനു മറുപടി പറയാൻ കഴിയാതെ വന്നപ്പോ ലക്ഷ്മി അവനെ പറഞ്ഞയച്ചു,
നീ വാതിലടച്ച് കുറ്റിയിട്ടോ
                     
                വിറ തീരാതെ  ഉമ്മറത്തെ ചാരു കസേരയിൽ അപ്പൂട്ടിയേട്ടൻ തരിച്ചിരുന്നു. അയാളൂടെ മനസിലൂടെ പാലങ്ങളും , റോഡുകളും , തല കീഴായി മറിഞ്ഞുകൊണ്ടേ  ഇരുന്നു. എങ്ങും മരണത്തിന്റെ നിലവിളികൾകടലിരമ്പത്തിന്റെ  ഗാംഭീര്യത , ഇതൊക്കെ കണ്ട് ചിരിക്കുന്ന കൊച്ചുമോൻ, എല്ലാം അയാളെ വല്ലാതെ അസ്വസ്ഥനാക്കി.
അതീ അടുത്തിടെ ഇറങ്ങിയ  “ ലോകാവസാനംഎന്ന സിനിമയാ അച്ഛാ, അച്ഛനെന്തിനാ പിള്ളേരുടെ ടുത്ത്  പോകുന്നേ  അച്ഛനിവിടെയെങ്ങാൻ ഇരുന്നാൽ പോരെ
ലക്ഷ്മിയോട് മറുപടി ഒന്നും പറഞ്ഞില്ല ദേഷ്യത്തോടെ അവളെ ഒന്നു നോക്കുക മാത്രം ചെയ്തു . അവൾ പോയപ്പോഴും അയാളുടെ ഉള്ളിലെ ഭീതി വിട്ടൊഴിയാതെ നിന്നു.
അതീ അടുത്തിടെ ഇറങ്ങിയ  “ ലോകാവസാനംഎന്ന സിനിമയാ അച്ഛാ
ലക്ഷ്മിയുടെ വാക്കുകൾ പിന്നെയും പിന്നെയും  അസ്വസ്ഥമാക്കുന്നു.
              
                     ലോകാവസാനം.   മണ്ണും മനുഷ്യനും, ജീവജാലങ്ങളും, എലാം കീഴ്മേൽ മറിയുന്ന പ്രതിഭാസം, പണ്ട്  കലികാലത്തെ കുറിച്ച് പറഞ്ഞപ്പോ  കുമാരൻ മാഷ് പറഞ്ഞത് അയാൾ ഓർത്തു. അടുത്തു വരുന്ന മരണത്തെ ഓർത്ത് ആശങ്കപ്പെടാതെ ആസ്വദിച്ചിരിക്കുന്ന കൊച്ചുമോൻ . അവന്റെ മുഖം  വരാനിരിക്കുന്ന ഏതോ  കൊടും ദുരന്തത്തിന്റെ പുഞ്ചിരിക്കുന്ന കപട മുഖം പോലെ തിളങ്ങുന്നുജനലഴികൾ ഭേതിച്ച് അവന്റെ  മുറിയിൽ നിന്നും, ഇപ്പോഴും ആ ശബ്ദം  നേർത്തു കേൾക്കാംഅപ്പൂട്ടിയേട്ടൻ അസഹ്യതയോടെ പറമ്പിലേക്കിറങ്ങി. കിളച്ചിട്ട പറമ്പിലെ മൺകട്ടകൾക്കു മീതെ മണ്ണട്ടയെയും, പാറ്റകളെയും,പുഴുക്കളെയും കാണാതെ കോഴികൾ പരക്കം പാഞ്ഞു.   ഒരു മണ്ണൻ വാഴയുടെ ഒടിഞ്ഞ കൈതണ്ട് നേരെയാക്കുമ്പോഴാണ് ശേഖരന്റെ പറമ്പിലെ  കയ്യാല ഒരു മണ്ണുമാന്തി യന്ത്രത്തെ കൊണ്ടിടിപ്പിക്കുന്നത്  കണ്ടത് . വാഹനത്തിന്റെ  ശബ്ദം കേട്ട് കുളക്കോഴികൾ മുളം കാട്ടിലേക്ക്  പറന്നു.അതിരിൽ വച്ച മുള്ളു വേലി എടുത്തു മാറ്റി അപ്പൂട്ടിയേട്ടൻ അവിടേക്ക് ചെന്നു. എന്തെങ്കിലും കിട്ടാതിരിക്കില്ലഒരു സൂപ്പർ വൈറ്റിന്റെ ചക്ര വണ്ടിയും, പിന്നെ ഒരു തൊപ്പിപ്പാളേം  അന്നത്തേക്ക് അപ്പൂട്ട്യേട്ടന് അതു മതിയായിരുന്നു. എന്നെത്തേക്കും.

                 മുറ്റത്തെ പൈപ്പിൻ ചോട്ടിലിരുന്ന് മണ്ണെല്ലാം കഴുകി വൃത്തിയാക്കി ലക്ഷ്മി കാണാതെ അയാൾ കോണിപ്പടി കയറി തന്റെ തട്ടിൻ പുറത്തെ മാന്ത്രിക ലോകത്തിൽ തന്റെ ശേഖര വസ്തുവിനു രണ്ടിനും, ഇരിപ്പിടം ഒരുക്കി.   ഉരുളൂന്ന രണ്ട് റബ്ബർ ടയറുളും , നീല സൂപ്പർ വൈറ്റ് പാട്ടയും, അതിൽ കുത്തി വച്ച സ്റ്റിയറിംങ്ങും, അയാളെ ഗ്രാമത്തിന്റെ മുക്കിലും മൂലയിലും ഓടിപ്പിച്ചു. തൊപ്പിപ്പാളയുടെ പകുതി ദ്രവിച്ച് നാശമായിരിക്കുന്നു.  പിന്നീട്  ചാക്ക് നൂൽ സൂചിയിൽ കോർത്ത്  തൊടിയിലെ കവുംങ്ങും തോപ്പിൽ നിന്നൊരു പാളയെടുത്ത് അയാൾ അതു പോലൊന്ന് പുതുതായി നിർമ്മിച്ചുപാള കോത്തു കെട്ടി, രണ്ടറ്റത്തും, പൂവു പോലെ ഞൊറിഞ്ഞുവച്ച്, പുറം തോലു കളഞ്ഞ് ചിത്രപ്പണികൾ നടത്തി മനോഹരമായ ഒരു തൊപ്പി.

                    അപ്പൂട്ടിയേട്ടന്റെ അട്ടം (മച്ച്) നിറയെ പുരാവസ്തുക്കളൂടെ ഒരു നഗരമാണ്പഴയ ചെമ്പോലയും, തകിടും, താളിയോലകളും, വാർപ്പ് , ഉലക്ക, ഉരുളി, വിളക്ക്, കിണ്ടിഎന്നിവയല്ല ഇനി പഴയ കാലത്തെ ഒന്നു മടക്കി വിളിക്കണമെന്ന് ആർക്കെങ്കിലും തോന്നിയാൽ അപ്പൂട്ടിയേട്ടനോട് ഒന്നു പറഞ്ഞാൽ മതി. ഇതൊന്നും അയാൾക്കൊരു ഹോബിയോ  ലക്ഷ്മീന്റെ പുര്വൻ പറഞ്ഞ പോലെ  തിന്നിറ്റ് എല്ലിന്റെടേൽ കേറിയ സൂക്കേടോ ഒന്നും അല്ലഅയാളുടെ ഓർമ്മകളായിരുന്നു. കാറ്റത്ത് പൂണം പോലെ പരന്ന ഓർമ്മകൾ. തന്റെ ജീവിതത്തിന്റെ  ലയ താളങ്ങൾക്ക് ചുക്കാൻ പിടിച്ചവ
           അയാൾ തൊപ്പിപ്പാളയെടുത്ത് തലയിൽ വച്ചു. നോക്കെത്താ ദൂരത്ത് പരന്നു കിടക്കുന്ന  കല്ലേരി വയൽ. വയല്ലിന്റെ ഒരറ്റത്തു നിന്നും ചോക്കേനേം, വെള്ളേനേം, പൂട്ടിയ കാലം, കാളപൂട്ടൂമ്പം പിള്ളേർ അടുത്തു കൂടും
അപ്പൂട്ടിയേട്ടാ  ഒരു കൊച്ചേന പിടിച്ച് തെര്വാ..?”
കലപ്പയ്ക്കരികിൽ വരുന്ന കൊച്ചകളെ തഞ്ചത്തിൽ ചൂരൽ കൊണ്ടടിച്ച് പിടിക്കാൻ അപ്പൂട്ട്യേട്ടനു നല്ല നേക്കാണ്. അതിങ്ങളേ  ഒന്നു മുട്ടീയാൽ മതി  നിലത്തു വീഴും, വല്ലപ്പോളും കുട്ടികളൂടെ ശല്ല്യം സഹിക്കവയ്യാതാകുമ്പോ ഒന്നിനെ പിടിച്ചു കൊടുക്കും
കൊണ്ടു പോയി കളിക്കാനാണെങ്കിൽ ഇനി മേലാൽ ഇങ്ങോട്ട് വന്നേക്കരുത് , പോയി അമ്മേനോട് വറുത്ത് തരാൻ പറ”  
നിരുപദ്രവകാരികളായ  ജീവികളെ കൊല്ലുന്നതിനോട് അയാൾക്ക് വല്ല്യ താല്പര്യമില്ല, പക്ഷെ കൊന്നാൽ പാപം തിന്നാൽ തീരും എന്നാണല്ലോ..? മനുഷ്യന് ഭൂമിയിൽ ആഹാരത്തിനു വേണ്ട്  പക്ഷികളെയും മൃഗങ്ങളെയും സൃഷ്ടിച്ചു എന്ന അലിഖിത ദൈവ നിയമത്തിന്റെ ലൂപ്പ് ഹോളിൽ കയറി പിടിച്ച് രക്ഷപെടാമെന്നു കരുതിക്കാണുംവെയിലു മൂക്കുമ്പം തൊപ്പിപ്പാ‍ളയിൽ തിരുകിയ മുറുക്കാനെടുത്തു ചവയ്ക്കും, വായ വറ്റാതെ ഉമിനീർ നിറയ്ക്കും, ച്ച  മൂക്കുമ്പം, സരസു  കഞ്ഞീം,  കാലികൾക്കുള്ള വെള്ളവും കൊണ്ടു വരും

                 മച്ചുമ്മലെ കോളാമ്പീൽ അയാൾ ഒരു പഴയ നാടക ഗാനം വച്ചു. മൂർന്നു കിടക്കുന്ന കല്ലേരി വയലിൽ പന്തലു കെട്ടി, സ്റ്റേജൊരുക്കി പായേം തുണീം എടുത്ത് നാടകം കാണാൻ പോയപ്പോഴായിരുന്നു.സരസൂനെ  ആദ്യം കണ്ടത് . നാടകം കഴിഞ്ഞു  വീട്ടിൽ പോകുമ്പോ ചെമ്മരേട്ടന്റെ തെക്കേ പറമ്പിൽ കൂടെ ഒറ്റയ്ക്ക്  പോകാൻ മടിച്ച സരസൂനെ .
ടാ  അപ്പൂട്ട്യേ  പെണ്ണിനെ ഒന്നാ ചെമ്മരന്റെ പറമ്പിന്റപ്പറമാക്കിയേ”    എന്ന് ഓമനേടത്തി പറഞ്ഞപ്പോ ആദ്യം പേടിയായിരുന്നു മനസ്സിൽ തോന്നിയത് , ചെമ്മരേട്ടന്റെ കയ്യാല കഴിഞ്ഞപ്പോ തന്നേ  ചൂട്ട് കെട്ടുസരസൂനെക്കാൾ പേടി അപ്പോൾ അപ്പൂട്ടിക്കായിരുന്നു. ആഞ്ഞു വീശി ചൂട്ടിനു തീ വരുത്തി
          “വേണമെങ്കിൽ കടല കൊറിച്ചോ”  ഇതായിരുന്നു അപ്പൂട്ടിയുടെ ആദ്യത്തെ പ്രണയ സമ്മാനം

                   താഴെ ആരൊക്കെയോ തെറി പറയുന്ന കേട്ടാണ്  അപ്പൂട്ടിയേട്ടൻ താഴെ ഇറങ്ങിയത് . തൊപ്പിപ്പാളയൂരി അയാൾ അതാഴെ ചെന്നു. നോക്കുമ്പോ റേഡിയോയിലാണ്ണ്  എന്താണ് പറയുന്നതെന്ന് തീർത്തും മനസിലാകുന്നില്ല
ലക്ഷ്മ്യേ”   അയാൾ നീട്ടി വിളിച്ചു.   “എന്താണേ.. റേഡ്യം പറയ്ന്നേ..?”
അത്   എഫ് എം സ്റ്റേഷനാ അച്ഛാ അച്ഛനു മനസിലാവൂല്ല
എന്നാ അതിന്റെ ശബ്ദം ഒന്ന് കുറച്ചൂടെ  നിനക്ക്.   മന്ച്ചന്റെ  ചെവി പൊട്ട്വാന്ന്
അയാ അസഹ്യത പ്രകടിപ്പിച്ചു. ദേഷ്യം കൊണ്ട് ലക്ഷ്മി പിറു പിറുത്തു.
സാധാരണ വയസ്സായാൽ മന്ച്ചനു ചെവി കേൾക്കാണ്ടാവലാണ്  പതിവ് ഇതിപ്പം നേരെ തലതിരിച്ചാമനുഷ്യനു ഒരു സ്വൈര്യം തരില്ലാന്ന് ച്ചാ‍ എന്താ ചെയ്ക”
                  
                താഴെ ഇറങ്ങുമ്പോൾ ശബ്ദങ്ങളാണ്  എങ്ങും.   കേൾക്കാൻ സുഖമുള്ള ഒരു ശബ്ദവും  അയാൾക്ക് ലഭിച്ചില്ല. എല്ല്ലാം കർണ്ണം തുളച്ചു കയറൂന്ന  വികൃത ശബ്ദങ്ങൾപ്രാവിന്റെ കുറുകൽ പോലും പേടിപ്പെടുത്തുന്നവ .   അയാൾ വീണ്ടും  തട്ടിൻ പുറത്തേക്കു കയറിഅവിടെ തന്റെ ഓർമ്മകളിലേക്കു പറക്കാൻ അയാൾ തൊപ്പിപ്പാള തലയിൽ വച്ചു ..  ഇപ്പൊ പരന്നു കിടക്കുന്ന ലോകം അയാൾക്കു കാണാം  എല്ലായിടത്തും പാകപ്പെടുത്തിയെടുത്ത മനസ്സുകൾ , കൃഷിയിടങ്ങൾ , അധ്വാനിക്കുന്നവന്റെ വിയർപ്പുതുള്ളികൾ ഒഴുകി ഒഴുകി ചെറു തോടുകളായി പിന്നെ അതു പുഴകളായി ഒഴുകുന്നു. പച്ചവിരിച്ചു നിൽകുന്ന കല്ലേരിപ്പാടത്ത് കുത്തി നിർത്തിയ ചെങ്കൊടികൾ  പാടത്തിനപ്പുറത്തെ ഏറുമാടത്തിനപ്പുറത്തെ കശുമാവിൻ ചോട്ടിൽ കരിയില വകഞ്ഞു മാറ്റിയതിന്റെ അടയാളങ്ങൾ അതു പോലെ കിടക്കുന്നുജന്മിയുടെ നെല്ലും വണ്ടീം പിടിച്ചെടുക്കാൻ അന്ന് കർഷക സംഘത്തിന്റെ രഹസ്യ യോഗം ചേർന്നത് അവിടെയാ. തിളയ്ക്കുന്ന യൌവ്വനങ്ങളുടെ ചോരയുടെ മണം, തല്ലുകൊണ്ടാലും  ചുരലു പൊട്ടുന്ന സമര വീര്യം, സിരകളിലൂടെ  ഒരു തരിപ്പ് കേറി അപ്പൂട്ട്യേട്ടന്

                ചോറും കറിയും വിളമ്പി വെച്ച് ലക്ഷ്മി വിളിച്ചുവിശപ്പ് തീരെ ഇല്ലാതായിരിക്കുന്നു
ലക്ഷ്മീടെ ശകാരം പേടിച്ചാണു വല്ലതും  കഴിച്ചൂന്ന് വരുത്തുന്നതു തന്നെ , താഴെ ഇറങ്ങാൻ ഇപ്പൊ മടിയായിരിക്കുന്നു, അടുത്തിടെയായി ലക്ഷ്മീന്റെ മൂത്ത മോൾടെ ഡാൻസ് പഠിത്തമാ, താഴെ ഇറങ്ങിയാൽ തല പെരുക്കുംഓരോ  പാട്ടും  ഓരോ  കളികളും,
അരേം മൊലേം  കുലുക്കി പ്രായം തികഞ്ഞ പിള്ളേര ഇങ്ങനെ  കൂത്താടാൻ വിടുന്നതിലും നല്ലത്  കണ്ടോനു   കൊണ്ടുപ്പോയി  കൂട്ടികൊടുക്കുന്നതല്ലെ  നായ്ക്കളേ”   എന്നൊരിക്കൽ ലക്ഷ്മിയോട് പ്രതികരിച്ചതാ..  അന്ന് ലക്ഷ്മീടെ പുര്വന്റെ കയ്യീന്ന് നല്ലോണം കിട്ടി
കെളവന്  നട്ടപ്പിരാന്താ”  എന്നും പറഞ്ഞ്  മരുമകൻ  ശകാരം അവസാനിപ്പിച്ചുഅയാൾക്ക് അപ്പൂട്ടിയെ കാണുന്നതെ ചതുർത്ഥിയാ.. മറ്റൊന്നും അല്ല  ഇൻഷൂറൻസ് കമ്പനിയിലെ ജോലിക്കാരനാ അയാളൂടെ ക്ലൈന്റ്സും, ഫ്രൻസും, വീട്ടീൽ വരുമ്പോഴാകുംവല്ല പാട്ടയോ , കുപ്പിയോ ഒക്കെ പെറുക്കിക്കൊണ്ടുള്ള അപ്പൂട്ടിയേട്ടന്റെ  വരവ്. ഇതൊക്കെ അയാളെ മനപൂർവ്വം ഇൻസൽട്ട് ചെയ്യാണാണെന്നാ  അയാളൂടെ  ധാരണ.  പലപോഴായി അയാൾ ലക്ഷ്മിയോടു പറഞ്ഞതാ. വല്ല സ്നേഹ സദനത്തിലോ മറ്റോ അക്കാം എന്ന്.
മസാമാസം ഒരു തുക നൽകിയാൽ മാത്രം മതിയല്ലോ . എന്നാലും വല്ല്യ നഷ്ടം വരില്ല , മനുഷ്യനു മാനം ഭാക്കിയുണ്ടാവൂല്ലോ”.   ഇതായിരുന്നു അയാൾടെ നിലപാട്  ഇതു കേൾക്കുമ്പോ ലക്ഷിമി കരയുംപിന്നെ അയാൾ പറഞ്ഞതൊക്കെ പിൻ വലിക്കും .
എന്തൊക്കെയായാലും എന്റെ അച്ഛനായിപ്പോയില്ലെ  അങ്ങിനെ കളയാൻ പറ്റ്വോ.?” എന്ന് ലക്ഷ്മി . അതോടെ ചർച്ച അവിടെ അവസാനിക്കും,

                           കണ്ണുതുറന്നപ്പോ  നല്ല മഴജനാലയ്ക്കിടയിലൂടെ ചെറു തുള്ളികളായി വന്ന് മഴ അപ്പൂട്ട്യേട്ടന്റെ ഉറക്കമുണർത്തി എന്നു പറയുന്നതാവും ഉചിതം. അയാൾ തന്റെ തൊപ്പിപ്പാളയെടുത്ത് പടവുകൾ ഇറങ്ങി. ഉമ്മറത്ത് ആരും ഇല്ല, തോരാതെ പെയ്യുന്ന മഴയത്ത് അയാൾ മുറ്റത്തേക്കിറങ്ങി തൊടിയും കടന്ന്. നാരായണേട്ടന്റെ  പറമ്പിലൂടേ പരന്നു കിടക്കുന്ന കല്ലേരി വയലിലേക്ക് അയാൾ  നടന്നു. ടില്ലറുഴുതു മറിച്ചിട്ട വയലിൽ മഴ വീണപ്പോൾ കലങ്ങി മറിഞ്ഞു. അയാൾ പാടത്തേയ്ക്കിറങ്ങി  ചെളിയിൽ കാൽ പുതച്ചു, നിലം ചവിട്ടിക്കൊഴുപ്പിച്ചുഉറക്കെ ഞാറ്റു പാട്ട് പാടി, എല്ല്ലാം മഴയിലലിഞ്ഞു. താറാക്കൂട്ടങ്ങൾ  നിരനിരയായി തോട്ടു വക്കിലൂടെ നീങ്ങി, കാക്കകളും കൊച്ചകളും മരകൊമ്പിലെ ഇലക്കുടകൾക്കുള്ളിൽ അഭയം തേടിഇണയെത്തേടി ഒരു ഇറ്റിറ്റി പുള്ള്  പാടാത്തൂടെ ഒച്ചയിട്ട് അലഞ്ഞു നടന്നു.   അയാൾ തിരിച്ചു പോവുകയായിരുന്നു, മഴയുടെ ചിറകിലേറി .

        സരസു ലക്ഷ്മീനെ പെറ്റ ദിവസം, ചളിക്കണ്ടത്തിൽ കമ്മാരനാ ആദ്യം വന്ന് വിവരം പറഞ്ഞെ . കലപ്പേം താഴെ ഇട്ട് , “ചോക്കേനേം വെള്ളേനേം നോക്കണെ  കമ്മാരാ”  എന്നും പറഞ്ഞ്  ഓടുകയായിരുന്നു. ചെളീം കാലോണ്ട് നടൂലകത്ത് വരെ കേറിയപ്പോ  കണ്ട് നിന്ന പെണ്ണ്ങ്ങള്  കളിയാക്കി ചിരിച്ചു.  “എന്താ അപ്പൂട്ട്യേ  പെണ്ണ് പെറ്റൂന്ന് കേട്ടപ്പോ വീടേതാ കണ്ടേതാന്ന്  മറന്ന് പോയാ”.?  എല്ലാരും കൂടി ഓരോന്ന്  അടക്കം പറഞ്ഞുഅപ്പൂട്ടി മറ്റൊരു ലോകത്തായിരുന്നു.  “ചെളിക്കയ്യിലേക്ക് ഇട്ടുതന്നു  സരസു എന്റെ ലക്ഷ്മീനെ”  കയ്യിലെ കുളുപ്പും , നെറ്റിയിലെ വിയർപ്പും, തലയിൽ നിന്നും  വീണ മഴത്തുള്ളികളുംനനഞ്ഞപ്പോ ലക്ഷ്മി കരഞ്ഞുപിന്നെ അച്ഛന്റെ കൈയീന്ന് താഴെ ഇറങ്ങാത്ത മോളായിരുന്നു.

            ഉമ്മറത്ത് ആരൊക്കെയോ ഉണ്ടായിരുന്നു പോലും, ഒന്നും അപ്പൂട്ടി കണ്ടില്ല , താഴെ ലക്ഷ്മീന്റെ പുര്വൻ ഒച്ചയിടുന്നതു മാത്രം കേൾക്കാംകേട്ടാലറയ്ക്കുന്ന വാക്കുകളിൽ അസഭ്യം പറയുന്നതും ലക്ഷ്മി പരിഭവം പറയുന്നതും  ഉയർന്നു കേൾക്കാം.   കോണിപ്പടി  കയറി ആരോ വരുന്നുണ്ട് ..  ലക്ഷ്മിയാണ്.  
അച്ഛന് എന്റെ കുടുബം നശിപ്പിച്ചേ അടങ്ങൂ എന്ന വാശിയാന്നോ..? എന്തിനാ ഞങ്ങളോടിങ്ങനെ മഹേഷേട്ടനെ എത്ര ളുളുടെ മുന്നിൽ വച്ചാഅപമാനിച്ചേന്ന് അച്ഛനറിയോ.. ? എന്താ അച്ചനൊന്നും മിണ്ടാത്തെ  അച്ഛനു സമനില തെറ്റിയോ ..?  ചെളീം കാലോണ്ട് കേറി വരാൻഒക്കെ മന:പൂർവ്വം ചെയ്യുന്നതല്ലെ ഞങ്ങളെ ദ്രോഹിക്കാൻ  ഇതിനും മാത്രം എന്തു തെറ്റാ ഞങ്ങൾ അച്ഛനോട് ചെയ്തേ..?” അവൾ കരഞ്ഞും കൊണ്ട് ഇറങ്ങിപ്പോയി.
                 തനിക്കെന്താണ് സംഭവിക്കുന്നതെന്നോർത്ത്  ആശങ്കപ്പെട്ടുകിടക്കുകയാണയാൾ , തലയിൽ ഉറച്ചു പോയ തൊപ്പിപ്പാള വളരെ പണിപ്പെട്ട് അയാൾ എടുത്തു മാറ്റി. താനെന്തൊക്കെയാണ്  ചെയ്തു കൂട്ടിയത്..?  ഉമ്മറത്ത് മഹേഷിന്റെ കൂട്ടുകാർ ആരൊക്കെയോ ഉണ്ടായിരുന്നു പോലും, അവരുടെ മുന്നിലൂടെയാണ് ചെളിയും കാലും കൊണ്ട്  താൻ നടന്നു വന്നത്. ഒക്കെ അറിഞ്ഞു കൊണ്ടാണോ അല്ലയോ എന്ന് ഓർത്തെടുക്കാൻ അയാൾ നന്നെ പണിപ്പെട്ടു.  

                    ഉച്ചയൂണും കഴിഞ്ഞു ചെറുമയക്കത്തിലായിരുന്നു അപ്പൂട്ടി.കോളാമ്പിയിൽ
തലയ്ക്കു മീതെ ശൂന്യാകാശം താഴെ മരുഭൂമിഎന്ന സുപ്രസിദ്ധ നാടക ഗാനത്തിന്റെ ഈരടികൾ മൂളുന്നു. ലക്ഷ്മി പടി കയറി വന്നത് അയാൾ അറിഞ്ഞിട്ടേ ഇല്ല , അവൾ മെല്ലെ കോളാമ്പിയുടെ പാട്ടു നിർത്തിഅച്ഛന്റെ ടുത്തു വന്നിരുന്നു.
അച്ഛാ.. അച്ഛനോടൊരു കര്യം പറയാനാ ഞാൻ വന്നത്. അച്ഛനീട ഒറ്റയ്ക്കിരികുമ്പം മടുപ്പ് വെര്ന്നില്ലെ.. ? അതോണ്ടല്ലെ  ഇന്നലെത്തെപ്പോലെ ഓരോന്ന് മനസില്  കേറി വരുന്നേ.
അവിടെ അച്ഛനെപ്പോലെ കുറേ പേരുണ്ടാകും, അവിടെയാകുമ്പോ അവരോടൊപ്പം സൊറേം പറഞ്ഞിരിക്കാം , ഇങ്ങിനെ പ്രാന്തും കേറി വരൂല്ല.  മഹേഷേട്ടൻ എല്ലാം റെഡിയാക്കീറ്റ്ണ്ട്ന്ന് പറഞ്ഞിറ്റ്  ഇപ്പൊ ഫോൺ വിളിച്ചിരുന്നു. നാളെ കാലത്ത് പോണ്ടി വരും, അധികം ദൂരെ ഒന്നും അല്ലല്ലോ  ആഴ്ചയ്ക്ക് ഞാൻ വന്നു കണ്ടോളാം” 
അയാൾ ഒന്നും പറഞ്ഞില്ല, മെല്ലെ അയാൾ അവളൂടെ കൈ ചേർച്ചു പിടിച്ചു. തന്നെ വീട്ടിൽ നിന്നും എവിടേക്കോ മാറ്റാൻ പോവുകയാണെന്ന് അയാൾക്കു മനസിലായി, പിന്നെ ലക്ഷ്മിയുടെ കൈയ്യിൽ മൃദുവായി ഒന്നു ചുമ്പിച്ചു.
പണ്ട്  സരസു  ചേറും കൈയ്യിലേക്കിട്ടു തന്ന മോളാ നീ . അന്നു തൊട്ട് ഇന്നേവരെ ചേറെന്താ ചെളിയെന്താന്ന് അറിയിക്കാണ്ട് ഞാൻ വളർത്തിയ മോള്.    മോക്ക് ഇപ്പൊ അച്ഛനൊരു ശല്ല്യമായല്ലെ . അച്ച്ഛനു പിരാന്താ മോളേ  നിന്റെ എളേ മോനും, നിന്റെ പുര്വനും, പറഞ്ഞ പോലെ , എനക്ക് പിരാന്താ, ഏട്യാന്ന് വച്ചാ ഞാൻ പോയ്ക്കോളാം, ഇതെല്ലും, പൊറ്ക്കിക്കെട്ടി അങ്ങോട്ട് കൊടൂത്തയച്ചാല് മതി”   അപ്പോഴാണ് ലക്ഷ്മി പുരാതന നഗരം ശരിക്കൊന്ന് കാണുന്നതു തന്നെ . തട്ടിൽ പുറത്ത് ഒരെലിക്കു പോലും നടക്കാൻ സ്ഥലമില്ലാത്ത വിധം സാധനങ്ങൾ ,
അയ്യോ ഇതൊന്നും അങ്ങോട്ടു കൊണ്ടു പോകാൻ പറ്റില്ലച്ഛാമഹേഷേട്ടൻ ഏതോ ഹോട്ടലു കാരോട് ഇതിനെ കുറിച്ച് പറഞ്ഞിട്ടൂണ്ട്  അവർ പുതുതായി തുടങ്ങുന്ന ഹോട്ടലിലേക്ക് കുറച്ചു സാധനങ്ങൾ വേണമെത്രേ. അലങ്കാരത്തിനേ.. ഒത്താൽ നല്ല വിലകിട്ടും.” 
എന്തോ പറയാൻ തുടങ്ങിയപ്പോ അയാളുടെ തൊണ്ടയിൽ ശ്വാസം ഉടക്കി, തട്ടിൻ പുറത്തെ കുറുകുന്ന പ്രാവുകൾ പറന്നകന്നു, മൂലയോടിനുള്ളിൽ കൂടൊരുക്കിയ രണ്ട് അണ്ണാരക്കണ്ണന്മാർ ചിലച്ചുകൊണ്ട് ഇറങ്ങിപ്പോയി, അയാൾ മെല്ലെ പടിയിറങ്ങി, ഉമ്മറത്തെ ചാരു കസേരയിൽ പോയി ഇരുന്നു. മുറ്റത്ത് മഴവന്നതും, പോയതും അയാൾ അറിഞ്ഞതേ ഇല്ല, ഏതോ വാഹനത്തിന്റെ  ഒച്ച കേട്ടാണ് അയാൾ ഉണർന്നത്. കുറേ ആൾക്കാർ മച്ചിന്റെ മുകളിലേക്ക് കയറിപ്പോകുന്നു  തിരിച്ചു വരുന്നവരുടെ കൈകളിൽ  തന്റെ മനസ്സും ഓർമ്മകളും, .പലതും, ഒറ്റയ്ക്കു ചുമക്കാൻ കഴിയാത്തതിനാൽ രണ്ടു പേർ ചേർന്ന് കൊണ്ടു വന്നു, ഓരോ സാധനങ്ങളും തന്റെ കൺ മുന്നിൽ കൂടെ മുറ്റത്തെ ലോറിയിൽ നിറയുമ്പോഴും അയാൾ ഒന്നും മിണ്ടിയില്ല  ഏതോ ഒരു അദൃശ്യ ശക്തി, തന്നെ പിന്നിൽ നിന്നും വിലക്കിടുന്ന പോലെ ,
             
                 പെട്ടെന്നയാൾ തട്ടിൻ പുറത്തേക്കോടിഎല്ലായിടത്തും തിരഞ്ഞു, പക്ഷെ കിട്ടിയില്ല , എവിടെയായിരുന്നു താൻ  ഊരിവച്ചത് അയാൾ ചിന്തിച്ചു. എല്ലായിടത്തും, തപ്പി എന്താണെന്ന് ലക്ഷ്മി പലവട്ടം ചോദിച്ചിട്ടും ഒന്നും പറഞ്ഞില്ല,
തൊപ്പിപ്പാള അതു നഷ്ടമായിരിക്കുന്നു. തിരിച്ച് ഉമ്മറത്തേക്കു വന്ന് കസേരയിൽ ഇരുന്നു ചെവിക്കിടയിൽ തിരുകിയ ബീഡിക്കു തീക്കൊളുത്തി അയാൾ ഞ്ഞാഞ്ഞു വലിച്ചുപുക തൊണ്ടയിൽ കുരുങ്ങി അയാൾ കുരച്ചു തുപ്പി. പിന്നേം പിന്നേം ആഞ്ഞു വലിച്ചു.
തന്റെ ഓർമ്മകളെയും പേറി ഒരു ശകടം കണ്മുന്നിൽ നിന്നും മെല്ലെ അകലുകയാണ്. അയാളൂടെ കൈയ്യിലെ പാതി എരിഞ്ഞ ബീഡീ നിലത്തു വീണു. ഉമ്മറപ്പടിയിലിരുന്ന ലക്ഷ്മി പെട്ടെന്നമ്പരന്നു.അകലുന്ന ലോറിയിൽ  തൊപ്പിപ്പാളയും വച്ച് തന്നെ അച്ഛനിരിക്കുന്നുഇവിടെ ഉമ്മറത്തെ ചാരുകസേരയിൽ  അയാൾ ഉറങ്ങുന്നുഅവൾ അച്ഛനെ  തൊട്ടുവിളിച്ചുഅപ്പോഴേക്കും അയാൾ വണ്ടിക്കൊപ്പം അകലേക്ക് മറഞ്ഞിരുന്നുലക്ഷ്മി ഉറക്കെ കരഞ്ഞു.   അപ്പൂട്ടിയുടെ കൈയ്യിലെ തഴെ വീണ ബീഡിക്കുറ്റിയിലെ തീയ്യഞ്ഞുഅതിൽ നിന്നും  ഉയർന്ന പുകച്ചുരുളൂകൾ രൂപാന്തരം പ്രാപിച്ച്  വാനിലേക്കുയർന്ന്  ദീപങ്ങളായി മാറി. അപ്പൂട്ടീയുടെ  തലയ്ക്കലും കാൽക്കലും  വച്ച മുറിതേങ്ങകളിലെ നെയ്യിൽ എരിഞ്ഞു കത്തുന്ന നാലു ദീപങ്ങൾ.
****************************************************************************************************        
                                                                            ബിജു കൊട്ടില.